
സത്യത്തിൽ ഇന്ന് നേരം വെളുക്കുന്നത് വരെ അടുത്ത ലക്ഷ്യസ്ഥാനം ഏതാണെന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നില്ല. എങ്കിലും അധികം വൈകാതെ KFDC ചെയർ പേർസൺ ശ്രീമതി ലതികാ സുഭാഷുമായി Lathika Subhash സംസാരിച്ച് സ്ഥലത്തിന്റെ കാര്യത്തിൽ തീർപ്പ് ഉണ്ടാക്കി. വാഗമണിലേക്കാണ് പോകേണ്ടത്.
വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഉച്ചയ്ക്ക് 12 മണി കഴിഞ്ഞു. വഴിയിൽ എവിടെയോ നിർത്തി ഉച്ചഭക്ഷണം കഴിച്ച് വാഗമണിലേക്കുള്ള കയറ്റം തുടങ്ങിയപ്പോൾ 10 അടി മുന്നിലുള്ളത് കാണാൻ പറ്റാത്ത തരത്തിലുള്ള കോട. ഹെഡ് ലൈറ്റും ഹസാർഡ് ലൈറ്റും ഓൺ ചെയ്തതാണ് ഒരുവിധം മുകളിലെത്തിയത്.
വാഗമണില്‍ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. ഇവിടുള്ളവർ പറയുന്നത് മോശം കാലാവസ്ഥ ആണെന്നാണ്. കോടയും മഴയും തണുത്ത കാറ്റും അത്യാവശ്യം നല്ല തണുപ്പും എല്ലാം ചേർന്ന് എനിക്ക് ഇതൊരു ഗംഭീര കാലാവസ്ഥയാണ്. പ്രവർത്തി ദിവസം ആയതിനാലും കാലാവസ്ഥ മോശമായതിനാലും സന്ദർശകർ തീരെ കുറവ്. തിക്കും തിരക്കും ഇല്ലാതെ വാഗമൺ ഒഴിഞ്ഞ് കിട്ടുന്നത് ഒരു വലിയ കാര്യം തന്നെയാണ്.
പൈൻ താഴ്വരയുടെ തൊട്ടടുത്ത് തന്നെയാണ് വാഗമൺ KFDCയുടെ ഹിൽ ഗാർഡൻ. ചെന്ന ഉടനെ അസിസ്റ്റന്റ് മാനേജർ ശ്രീ.സിറിലിനെ കണ്ടു. അദ്ദേഹം സുരേഷ് ബാബു എന്ന തൊഴിലാളിയെ എനിക്ക് ഗാർഡൻ കാണിച്ചു തരാൻ ഏർപ്പാട് ചെയ്തു.
16 ഹെക്ടറാണ് വാഗമൺ ഹിൽ ഗാർഡൻ. ഇവിടെ കാപ്പി, തേയില, ഏലം ഇത്യാദി കൃഷികൾ ഒന്നുമില്ല. പകരം ഓർക്കിഡ്, ആന്തൂറിയം, കള്ളിച്ചെടികൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ആണ് നടക്കുന്നത്. പോരാത്തതിന് ‘വനോപഹാർ’ ഉൽപ്പന്നങ്ങളായ കാപ്പി തേയില സുഗന്ധദ്രവ്യങ്ങൾ എന്നിവയുടെ വില്പനയും ഉണ്ട്.
ഒരു ചെറിയ കെട്ടിടം ഉള്ളതിൽ റസ്റ്റോറന്റും റസ്റ്റ് റൂമുകളും ഉണ്ട്. അതിന് പുറകിൽ അല്പം താഴെയായി ഒരു ചെക്ക് ഡാം ആണ്. അതിൽ നാല് പെഡൽ ബോട്ടുകൾക്കുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. വർഷത്തിൽ പലപ്പോഴായി പുഷ്പ ഫലപ്രദർശനങ്ങൾ നടക്കാറുണ്ട്. ഓണ സമയത്ത് നടത്താൻ ഉദ്ദേശിക്കുന്ന പ്രദർശനത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
പിന്നെയുള്ളത് ഒരു വെർച്വൽ റിയാലിറ്റി ഷോ ആണ്. സ്പിറ്റി താഴ്വര മുതൽ പിച്ചാവരം കണ്ടൽക്കാടുകളും രാജ്യത്തിന് പുറത്തുള്ള പല സ്ഥലങ്ങളും മ്യൂസിയങ്ങളും ഈ ഷോയിലൂടെ കാണാം.
ശ്രീ.സുരേഷ് ബാബു ഇതെല്ലാം എന്നെ കൊണ്ട് നടന്ന് കാണിച്ചു തന്നു. ശേഷം റസ്റ്റോറന്റിന്റെ വരാന്തയിൽ ടെൻ്റ് അടിക്കാനുള്ള സ്ഥലം ഞാൻ കണ്ടെത്തി. ഇവിടെ താമസ സൗകര്യമില്ല. പക്ഷേ, ഈ യാത്രയിൽ KFDC യുടെ ഇടങ്ങളിൽ ചെല്ലുമ്പോൾ ഹോട്ടൽ മുറികളിൽ താമസിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. വടക്കേ ഇന്ത്യയിൽ മാസങ്ങളോളം പെരുവഴിയിൽ ഉറങ്ങുന്ന എനിക്ക്, നമ്മുടെ സ്വന്തം കേരളത്തിൽ ഒരു ഹോട്ടലിന്റെ വരാന്ത, ഫൈവ് സ്റ്റാർ റൂം പോലെ സന്തോഷം തരുന്ന ഒന്നാണ്.
ശ്രീ സുരേഷ് ബാബു എനിക്കൊപ്പം പൈൻ വാലിയിലും വന്നു. അപ്പോഴേക്കും മഴ പെയ്തതു കൊണ്ട് കോട കുറഞ്ഞിട്ടുണ്ടായിരുന്നു. ₹30 ആണ് ഇപ്പോൾ പൈൻ താഴ്വരയിലേക്കുള്ള പ്രവേശന ഫീസ്. താഴ്വരയിലേക്കുള്ള വഴിയുടെ ഒരു വശത്ത് നിറയെ വഴിവാണിഭക്കാർ ഉണ്ട് ഇപ്പോൾ. കച്ചവടക്കാർ ഇല്ലാത്ത പ്രവേശന ഫീസ് ഇല്ലാത്ത പഴയ ഒരു പൈൻ താഴ്വര ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്.
പിന്നീട് വാഗമൺ പട്ടണത്തിൽ ഒരു മണിക്കൂറോളം ഭാഗിയും ഞാനും ചുറ്റിക്കറങ്ങി നടന്നു. ഇരുട്ട് വീണതോടെ കോട വീണ്ടും കനത്തു. ഇത്രയും കോടയുള്ള ഒരു ഹിൽ സ്റ്റേഷനിൽ മുൻപൊരിക്കലും ഇതുപോലെ ഞാൻ ഡ്രൈവ് ചെയ്ത് ചുറ്റിയടിച്ചിട്ടില്ല. മഴക്കാലത്ത് ഇനിയും വാഗമണിലേക്ക് വരണമെന്ന് ഞാൻ ഉറപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ഏതൊരു വിനോദസഞ്ചാര കേന്ദ്രത്തിനും മഴക്കാലത്ത് ഉള്ള അത്ര സൗന്ദര്യം മറ്റൊരു സമയത്തും ഇല്ല എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്.
വാഗമൺ ഹിൽ ഗാർഡനിൽ കാരവൻ പാർക്ക് പോലുള്ള സൗകര്യങ്ങളും വേണമെന്ന് എനിക്ക് നിർദ്ദേശമുണ്ട്. ഇക്കാര്യം ചെയർപേഴ്സനെ അറിയിച്ചിട്ടുണ്ട്. അതെല്ലാം പരിഗണനയിലുണ്ട് എന്ന മറുപടിയാണ് കിട്ടിയത്. അത് അങ്ങനെ തന്നെ നടക്കുമാറാകട്ടെ. അത്തരത്തിൽ വിനോദസഞ്ചാര മേഖല മറ്റൊരു മാനം കൈവരിക്കാൻ ഇട വരട്ടെ.
വാഗമൺ എന്ന ചെറിയ പട്ടണത്തിലെ ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് ഞാൻ ഹിൽ ഗാർഡനിൽ തിരികെയെത്തി. നൈറ്റ് ഗാർഡ് ശ്രീ അരവിന്ദ് ഗേറ്റ് തുറന്ന് തന്നു. കെട്ടിടത്തിന് പുറകിലെ ഒരു ചെറിയ മുറിയിലാണ് അരവിന്ദ് വിശ്രമിക്കുന്നത്.
പുറത്ത് കാറ്റും മഴയും തകർക്കുകയാണ്. ടെന്റ് ചെറുതായി ആടി ഉലയുന്നുണ്ട്. അതൊന്നും എനിക്ക് പ്രശ്നമേയല്ല. സുഖസുന്ദരമായ കാലാവസ്ഥയാണ്. തണുപ്പ് സഹിക്കാതെ വന്നാൽ മാത്രം ഞാൻ ചിലപ്പോൾ സ്ലീപ്പിങ് ബാഗിന് അകത്തേക്ക് കയറിയെന്നിരിക്കും.
പതിവുപോലെ നാളത്തെ യാത്ര എങ്ങോട്ടേക്കാണ് എന്നത് ഉദ്വേഗജനകമാക്കി നിർത്തുന്നു. ശുഭരാത്രി.
വാൽക്കഷണം:- അതിനിടയ്ക്ക് ഉദ്യാനത്തിലൂടെ നടക്കുമ്പോൾ ഒരു അട്ട കടിച്ചിരുന്നു. ഇന്നലെ അട്ടകൾ കടിച്ച ഭാഗങ്ങളിൽ ചെറുതായി ചൊറിച്ചിലും ഉണ്ട്. സുകുമാരൻ സാറിനെ വീണ്ടും സ്മരിക്കുന്നു.
(തുടരും)





