ശ്രീമാൻ വെള്ളാപ്പള്ളി നടേശനോടാണ് പറയുന്നത്….
പറയാനുള്ള കാരണം, മലപ്പുറം ജില്ലയെപ്പറ്റിയുള്ള താങ്കളുടെ മോശം പരാമർശം തന്നെ.
അത് കേട്ടപ്പോൾ മലപ്പുറത്തെപ്പറ്റി എൻ്റെ അനുഭവങ്ങൾ ഒന്ന് കണക്കെടുത്ത് നോക്കി.
* ഞാൻ ജനിച്ചു വളർന്ന എറണാകുളം ജില്ല കഴിഞ്ഞാൽ, എനിക്ക് ഏറ്റവും കൂടുതൽ സുഹൃത്തുക്കൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്.
* കേരളത്തിൽ എനിക്ക് ഏറ്റവും കൂടുതൽ സഹപ്രവർത്തകർ ഉള്ളത് മലപ്പുറം ജില്ലയിലാണ്.
* പല ജില്ലകളിലും സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ, കുറച്ചധികം ദിവസം മലപ്പുറത്ത് ഒരു സഞ്ചാരം നടത്തിയപ്പോൾ, അവിടെ, സ്വന്തം ചിലവിൽ ഹോട്ടൽ മുറി ബുക്ക് ചെയ്ത്, സൗകര്യങ്ങൾ ഒരുക്കി തന്നിട്ടുണ്ട് ഒരു സുഹൃത്ത്. അദ്ദേഹം ആ സമയത്ത് ജോലി സംബന്ധമായി ജില്ലയ്ക്ക് പുറത്ത് ആയിരുന്നു എന്നതാണ് ശ്രദ്ധേയം. മറ്റൊരു ജില്ലയിലും യാത്രയ്ക്കിടയിൽ ഇങ്ങനെ ഒരു അനുഭവം എനിക്കുണ്ടായിട്ടില്ല.
* “ഇങ്ങോട്ട് വരൂ, ഇവിടെ നിങ്ങൾ കാണാത്ത ഒരുപാട് സ്ഥലങ്ങളിൽ നമുക്കൊരുമിച്ച് പോകാം.” എന്ന് പറഞ്ഞ് മാസത്തിൽ ഒരിക്കലെങ്കിലും എന്നെ വിളിക്കുന്ന യൂസുഫ്പ മലപ്പുറംകാരനാണ്. വേറെ ഒരു ജില്ലയിൽ നിന്നും നിരന്തരം അങ്ങനെ ആരും വിളിക്കാറില്ല.
* മലപ്പുറം ജില്ല വഴി കടന്ന് പോകുമ്പോൾ, എനിക്ക് തരാനായി, വീട്ടിലുണ്ടാക്കിയ പലഹാരവുമായി വഴിവക്കിൽ കാത്തുനിൽക്കുന്ന ഒരു സുഹൃത്തുണ്ട് എനിക്ക്. അദ്ദേഹത്തിന്റെ പേര് ഉമർ ഫാറൂക്ക് എന്നാണ്.
* സ്വന്തം ജോലികളെല്ലാം മാറ്റിവെച്ച്, മലപ്പുറത്തെ നിലമ്പൂർ മുഴുവൻ എന്നെ കൊണ്ടുനടന്ന് കാണിച്ചത് നസീറും സാബുവും ആണ്. സാബുവും നസീറും സാലിയുമാണ് നിലമ്പൂരിലെ എൻ്റെ ഏറ്റവും വലിയ സുഹൃത്തുക്കൾ.
* എറണാകുളം ജില്ലയിൽ മുസിരീസിന്റെ ഉൾവഴികളിലൂടെ സഞ്ചരിച്ചതുപോലെ തന്നെ, ഉൾപ്രദേശങ്ങളിലൂടെ ഞാൻ സഞ്ചരിച്ചിട്ടുള്ള ഒരേയൊരു ജില്ല മലപ്പുറമാണ്. തുഞ്ചൻപറമ്പ് മുതൽ കുഞ്ചൻ നമ്പ്യാരുടെ ഇല്ലം (പാലക്കാട്) വരെ ഒരാഴ്ച്ചയോളം നീണ്ട യാത്രയായിരുന്നു അത്. ഇപ്പറയുന്ന സമയത്തൊന്നും ശ്രീ വെള്ളാപ്പള്ളി നടേശൻ പറയുന്നത് പോലുള്ള ഒരു അസ്വാഭാവികതയും മലപ്പുറത്ത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല.
ഓരോരുത്തരും വെക്കുന്ന കണ്ണടയുടെ കൂടെ പ്രശ്നമാണ് അത്. ശ്രീമാൻ നടേശൻ, നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മഞ്ഞക്കണ്ണടയും കാവിക്കണ്ണടയും ഊരി മാറ്റിയാൽ ഇക്കാര്യത്തിൽ കുറെക്കൂടെ വ്യക്തത കൈവരും. മറ്റ് നിറങ്ങളുടെ തെളിമയും ഭംഗിയും ആഴവും പരപ്പും കൂടെ മനസ്സിലാക്കാൻ ഒന്ന് ശ്രമിച്ചു കൂടെ?
താങ്കളുടെ അത്രയും പ്രായം എനിക്കില്ല. എന്ന് മാത്രമല്ല എന്നെക്കാൾ 32 ഓണം കൂടുതൽ താങ്കൾ ഉണ്ടിട്ടുണ്ട്. ആ കണക്ക് വെച്ച് നോക്കിയാലും, SNDPയുടെ തലപ്പത്തിരിക്കുന്ന വ്യക്തി എന്ന നിലയ്ക്കും കേരളത്തിൽ അങ്ങോളമിങ്ങോളം എന്നെക്കാൾ കൂടുതൽ സഞ്ചരിച്ചിട്ടുള്ളത് താങ്കൾ തന്നെ ആകാനാണ് സാദ്ധ്യത. ഈ യാത്രകൾക്കിടയിൽ മലപ്പുറത്ത് താങ്കൾക്ക് എന്തെങ്കിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടോ? ഉണ്ടെങ്കിൽ അക്കമിട്ട് നിരത്തുക. ഉണ്ടാകാൻ സാദ്ധ്യതയില്ല എന്നാണ് എൻ്റെ നിഗമനം. ഉണ്ടായിട്ടുണ്ടെങ്കിൽ അപ്പോൾത്തന്നെ അതൊക്കെ വാർത്തയാകും. നിങ്ങളെപ്പോലുള്ളവർ വാ തുറന്നാൽ പുറത്തേക്ക് വരുന്ന വൃത്തികേട് മുഴുവൻ കോരിയെടുത്ത് പ്രചരിപ്പിക്കാൻ മാദ്ധ്യമങ്ങൾ എപ്പോഴും കൂടെയുണ്ടല്ലോ? എന്നിട്ടും അങ്ങനെയൊന്ന് ഞങ്ങളാരും കണ്ടിട്ടില്ല, കേട്ടിട്ടില്ല.
പിന്നെ ചുമ്മാതെ കയ്യടി വാങ്ങാനും വോട്ട് ബാങ്ക് വലുതാക്കാനും വേണ്ടി, കേരളത്തിൽ ഇല്ലാത്ത സമുദായിക സ്പർദ്ധ വളർത്തിയെടുക്കാനായി ഏവിയേഷൻ സ്പിരിറ്റ് ഒഴിക്കരുത്. ഒഴിച്ചിട്ടും കാര്യമില്ല. അത്തരം എണ്ണകൾ കത്താനുള്ള വളക്കൂറ് കേരള മണ്ണിനില്ല. 87 വയസ്സിനുള്ളിൽ അത്രയെങ്കിലും മനസ്സിലാക്കി കാണുമെന്ന് കരുതുന്നു.
കുമാരനാശാനെപ്പോലുള്ള ഒരു വലിയ മനുഷ്യൻ ഇരുന്നിരുന്ന കസേരയിലാണ് ഇപ്പോൾ താങ്കൾ ഇരിക്കുന്നത് എന്ന കുറഞ്ഞ ബോദ്ധ്യമെങ്കിലും വേണം. നാടിന് നന്മ മാത്രം ഓതിക്കൊടുത്ത ഗുരുവിന്റെ കൂട്ടക്കാരനാണെന്ന ചിന്ത വല്ലപ്പോഴെങ്കിലും വേണം.
അതിന് പറ്റുന്നില്ലെങ്കിൽ, കേരള മണ്ണിൽ ജാതിമതസ്പർദ്ധയും കൊള്ളിവെപ്പും കുത്തിത്തിരുപ്പും നടത്തിയ വെറുമൊരു മദ്യവ്യവസായി എന്ന് മാത്രമേ ചരിത്രത്തിൽ താങ്കൾക്ക് സ്ഥാനമുണ്ടാകൂ.
നല്ലവരും മോശക്കാരും എല്ലാ ജാതിയിലും മതത്തിലും പാർട്ടിയിലും ആൾക്കൂട്ടത്തിലുമൊക്കെ ഉണ്ട്. അവരെ തിരിച്ചറിയാനുള്ള സാമാന്യബോധം കേരളത്തിലുള്ളവർക്ക് ധാരാളമായി ഉണ്ട്. അതിന്റെ പേരിൽ ഏതെങ്കിലും ഒരു ജില്ലയ്ക്ക് സ്വഭാവ സർട്ടിഫിക്കറ്റ് നൽകാനും മാത്രമുള്ള യോഗ്യത ശ്രീമാൻ വെള്ളാപ്പള്ളി നടേശന് ഉണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ ആ ചിന്ത ആസ്ഥാനത്താണ്. അത് തലയിൽ നിന്ന് എടുത്തു കളയുക. കൂടുതലൊന്നും പറയുന്നില്ല.
വാൽക്കഷണം:- രാജസ്ഥാനിലെ അജ്മീറിലേക്ക് യാത്ര പോയി അവിടത്തെ ദർഗ്ഗ സന്ദർശിച്ചപ്പോൾ വാങ്ങിയ തൊപ്പിയും ദസ്ബിയയും ഞാൻ അയച്ച് കൊടുത്തത് മലപ്പുറത്തുകാരനായ എന്റെ പ്രിയ സുഹൃത്ത് ജബ്ബാർ ആലങ്കോടിന് ആണ്. അതണിഞ്ഞു കൊണ്ട് ‘ഈ പ്രാർത്ഥന നിങ്ങൾക്ക് വേണ്ടിയാണ് ‘ എന്നുപറഞ്ഞ് ശ്രീ.ജബ്ബാർ എനിക്ക് അയച്ചു തന്ന ചിത്രമാണ് ഇതിനൊപ്പമുള്ളത്. ഇതൊക്കെ മനസ്സിലാകണമെങ്കിൽ ശ്രീമാൻ നടേശൻ പല ജന്മം ഇനിയും പിറക്കേണ്ടി വരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും ഞാനിപ്പോൾ ആഗ്രഹിക്കുന്നുണ്ട്.
#ilovemalappuram