Monthly Archives: May 2018

രണ്ട് പൊലീസ് അനുഭവങ്ങൾ


HG

പൊലീസ് കഥകൾക്ക് നല്ല ഡിമാന്റുള്ള കാലമായതുകൊണ്ട് രണ്ട് പൊലീസ് അനുഭവങ്ങൾ പറയാം.

അനുഭവം 1:- മൂന്ന് വർഷം മുൻപ് ഒരു സ്ഥാപനത്തിന്റെ ലൈസൻസിന് വേണ്ടി PCC (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്) വാങ്ങാൻ മുനമ്പം പൊലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നു. എണ്ണപ്പാടത്ത് ജോലിചെയ്തിരുന്ന സമയത്ത് ONGC, BG മുതലായ ജോലിസ്ഥലങ്ങളിൽ പോകാൻ PCC ആവശ്യമായിരുന്നതുകൊണ്ട് മിക്കവാറും ആറ് മാസത്തിലൊരിക്കൽ ഇതേ ആവശ്യത്തിനായി പൊലീസ് സ്റ്റേഷൻ സന്ദർശനം പതിവായിരുന്നു. സ്വന്തം പേരിൽ കേസുകളൊന്നുമില്ല; മര്യാദക്കാരനാണ് എന്നൊരു സർട്ടിഫിക്കറ്റാണ് PCC. അത് കിട്ടാതെ എണ്ണപ്പാടത്തെ പണിക്കാർക്ക് ജോലിയുമായി മുന്നോട്ട് പോകാനാവില്ല.

ആറ് മാസത്തെ ഇടവേളയിൽ പലപ്പോഴും വേറെ വേറേ സബ് ഇൻസ്പെൿടർമാരെ കാണേണ്ടി വന്നിട്ടുണ്ട് മുനമ്പം സ്റ്റേഷനിൽ . ചുരുക്കമായിട്ടാണ് രണ്ട് പ്രാവശ്യം ഒരേ എസ്.ഐ. യുടെ കൈയ്യിൽ നിന്ന് തന്നെ PCC കിട്ടിയിട്ടുള്ളത്. മേൽ‌പ്പറഞ്ഞ സന്ദർശന സമയത്ത്, പുതിയ സബ് ഇൻസ്പെൿടർ (തുടർന്നങ്ങോട്ട് ഓഫീസർ എന്ന് മാത്രം പരാമർശിക്കുന്നതായിരിക്കും) ആണ് സീറ്റിൽ. കഷ്ടി 32 വയസ്സ് പ്രായം.

ഓഫീസറുടെ മുറിക്ക് പുറത്ത് കാത്തുനിന്നു. അകത്തുനിന്ന് ആക്രോശവും അലർച്ചയുമൊക്കെ കേൾക്കാം. അതിനിടയ്ക്ക് ഒരു കോൺസ്റ്റബിൾ അകത്തേക്ക് കടന്ന സമയത്ത് ഹാഫ് ഡോറിന്റെ വിടവിലൂടെ ഞാനാ കാഴ്ച്ച കണ്ടു. മുട്ടുകുത്തി ഇരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഴുത്തിലൂടെ കാല് പിണച്ച് ശരീരഭാരം മുഴുവൻ അവന്റെ മേൽ അമത്തിവെച്ച് നിൽക്കുകയാണ് ഓഫീസർ.

അകത്തുള്ള ചെറുപ്പക്കാരന്റെ കൂടെയുള്ളവനാണെന്ന് തോന്നുന്നു മറ്റൊരു ചെറുപ്പക്കാരനെ ഇടനാഴിയിൽ മറ്റ് രണ്ട് ഓഫീസർമാർ ചോദ്യം ചെയ്യുന്നുണ്ട്. ഞാൻ വീണ്ടും കാത്തുനിന്നു.

അൽ‌പ്പനേരം കഴിഞ്ഞപ്പോൾ അകത്തുള്ള ചെറുപ്പക്കാരൻ വിയർത്തൊലിച്ച് വിവശനായി പുറത്തുവന്നു. എനിക്ക് അകത്തേക്ക് പോകാമെന്നായി. മുറിയിലേക്ക് കടന്ന് ഓഫീസർക്ക് മുൻപിൽ രേഖകൾ സമർപ്പിച്ചു. രേഖകൾ മറിച്ച് നോക്കിയ ശേഷം ഓഫീസറുടെ ചോദ്യം ഇങ്ങനെ.

” നിന്റെ പേരെന്താടാ? ”

ഞാനൊന്ന് അന്ധാളിച്ചു. ‘എടാ‘ എന്ന് ശരിക്കും വിളിച്ചത് തന്നെയാണോ അതോ എനിക്ക് തോന്നിയതോ ?

“ മനോജ്.”

ഓഫീസർ വീണ്ടും രേഖകൾ മറിച്ച് നോക്കുന്നു. പിന്നാലെ അടുത്ത ചോദ്യം.

“ സ്ഥാപനത്തിൽ എത്ര മുറികളുണ്ടെടാ? “

ഇപ്രാവശ്യം എനിക്ക് സംശയമൊന്നുമില്ല. വാചകത്തിന് പിന്നിൽ എടാ എന്നുള്ള സംബോധന കൃത്യമായിത്തന്നെ ഉണ്ട്. പ്രതികരിക്കാനുള്ള സമയം ആയിക്കഴിഞ്ഞിരിക്കുന്നു.

“ സർ…. സ്ഥാപനത്തിന്റെ മുഴുവൻ വിവരങ്ങൾ, ലൊക്കേഷൻ മാപ്പ്, നികുതിച്ചീട്ട്, അപേക്ഷ എന്നിങ്ങനെ ആവശ്യമുള്ള രേഖകൾ എല്ലാം ആ ഫയലിലുണ്ട്. അതിൽ ഇല്ലാത്ത രേഖകൾ എന്തെങ്കിലും ഈ വിഷയത്തിലേക്ക് ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി. ഹാജരാക്കാം. എന്റെ പേരും അഡ്രസ്സും ആ ഫയലിൽ ഉണ്ട്. ദയവുചെയ്ത് ആ പേര് വിളിക്കണം. എടാ പോടാ എന്നൊന്നും വിളിക്കാൻ പാടില്ല.”

ഓഫീസറുടെ മുഖം ക്രുദ്ധമാകുന്നു. എന്നിലേക്ക് നടന്നടുക്കുന്നു. ഒരടി ഏത് നിമിഷവും പൊട്ടിയേക്കാമെന്ന അവസ്ഥ. അടിച്ചാൽ കൊള്ളുക എന്നല്ലാതെ മറ്റ് നിവൃത്തിയൊന്നുമില്ല. അദ്ദേഹം എന്റെ ഒരടി മുന്നിൽ വന്ന് നിലയുറപ്പിച്ചു.

“ ഓ അങ്ങനെയാണോ ? എന്നാൽ‌പ്പിന്നെ നീ ഇവിടന്ന് PCC കൊണ്ടുപോകണമെങ്കിൽ പഞ്ചായത്ത് മെമ്പറുടെ സാക്ഷ്യസർട്ടിഫിക്കറ്റ് കൂടെ ഹാജരാക്കണം.”

“ ഞാൻ ഏത് തരക്കാരനാണെന്ന് അന്വേഷിക്കേണ്ടത് പഞ്ചായത്ത് മെമ്പറുടെ ജോലിയല്ലല്ലോ സാറേ ? പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റാണ് തരുന്നതെങ്കിൽ അന്വേഷിക്കേണ്ടത് പൊലീസല്ലേ ? പഞ്ചായത്ത് ക്ലിയറൻസ് സർട്ടിഫിക്കറ്റിനല്ലല്ലോ ഞാൻ അപേക്ഷിച്ചിരിക്കുന്നത് ? 10 വർഷത്തിൽ ഒരിക്കൽപ്പോലും പഞ്ചായത്ത് മെമ്പറുടെ സർട്ടിഫിക്കറ്റ് PCC ക്ക് വേണ്ടി ഞാൻ ഹാജരാക്കിയിട്ടില്ലല്ലോ ? ”

“ എന്നെ നിയമം പഠിപ്പിക്കാനൊന്നും നിൽക്കണ്ട. നിനക്ക് PCC വേണമെങ്കിൽ ഇതൊക്കെ കൊണ്ടുവരേണ്ടിവരും. ചെല്ല്.”

ഇപ്രാവശ്യം എന്തായാലും ഓഫീസറുടെ ശബ്ദത്തിന് ഒരു മയം വന്നിട്ടുണ്ട്. ഫയലുമായി ഞാൻ പുറത്തേക്ക്.

സ്റ്റേഷന് വെളിയിൽ കടന്ന്, പരിചയക്കാരനായ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ നമ്പറിലേക്ക് വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയൊക്കെയാണോ സാ‍ർ, സ്റ്റേഷനിൽ വരുന്നവരോട് ചെറുപ്പക്കാരനായ ഒരു ഓഫീസർ പെരുമാറേണ്ടത് ? പോലീസ് സ്റ്റേഷനിൽ ചെല്ലുന്നവർ എല്ലാവരും പരാതിക്കാരും ക്രിമിനലുകളുമാണെന്നാണോ പൊലീസുകാരുടെ വിചാരം ?

താങ്കൾ ഇപ്പോൾ എവിടെ നിൽക്കുന്നോ അവിടന്ന് മാറരുത്. അരമണിക്കൂർ അവിടെ നിൽക്കുക. അതിന് ശേഷം വീണ്ടും സ്റ്റേഷനിലേക്ക് ചെല്ലുക. PCC അവിടെ റെഡിയാക്കി വെച്ചിട്ടുണ്ടാകും എന്നുപറഞ്ഞുകൊണ്ട്, ഉന്നത ഉദ്യോഗസ്ഥൻ തുടർനടപടികൾ പറവൂർ സർക്കിൾ ഇൻസ്പെൿടറുമായി ലാൻഡ് ഫോണിൽ സംസാരിക്കുന്നതും എന്റെ പേരും അഡ്രസ്സുമൊക്കെ നൽകുന്നതും എനിക്ക് കേൾക്കാം.

അരമണിക്കൂറിനകം വീണ്ടും സ്റ്റേഷനിലേക്ക്. ദൂരെ നിന്ന് കണ്ടപ്പോൾത്തന്നെ ഒരു കോൺസ്റ്റബിൾ എന്നെ തിരിച്ചറിഞ്ഞു. സ്റ്റേഷന്റെ പടി കയറുന്നതിന് മുൻപ് തന്നെ PCC എടുത്ത് നീട്ടി. ‘എടാ‘ സംബോധന നടത്തി കാര്യങ്ങൾ അതുവരെ എത്തിച്ച ഓഫീസറെ ആ ഭാഗത്തെങ്ങും കണ്ടതുമില്ല. അതെന്റെ വിഷയമല്ലാത്തതുകൊണ്ട് PCC വാങ്ങി നന്ദി രേഖപ്പെടുത്തി സ്ഥലം വിട്ടു.

കഥാസാരം 1:- പൊലീസ് സ്റ്റേഷനുകൾ മറ്റേതൊരു സർക്കാർ ഓഫീസുകളെപ്പോലെയുമുള്ള ഒരു സർക്കാർ ഓഫീസ് മാത്രമാണ്. വില്ലേജ് ഓഫീസിലോ കോർപ്പറേഷൻ ഓഫീസിലോ സബ് രജിസ്ട്രാർ ഓഫീസിലോ സാമൂഹ്യക്ഷേമ വകുപ്പ് ഓഫീസിലോ ചെല്ലുമ്പോൾ അവിടെയുള്ള ഉദ്യോഗസ്ഥർ നമ്മളെ എടാ പോടാ എന്ന് സംബോധന ചെയ്താൽ നമുക്കെന്ത് തോന്നും ? അവരങ്ങനെ വിളിക്കാൻ പാടുണ്ടോ ? അതുപോലെ തന്നെയാണ് പൊലീസ് സ്റ്റേഷനിലേയും കാര്യം. അവർ കൈകാര്യം ചെയ്യുന്നത് നീതിനിർവ്വഹണവും നിയമപാലനവും ആകുമ്പോൾ അത്തരം മോശം പെരുമാറ്റങ്ങൾ പൊലീസ് ഓഫീസേർസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ല. അവർക്കത് കുറേയൊക്കെ ആകാം എന്ന് നമ്മുടെ ശരീരഭാഷയിലും സംസാരത്തിലും കടന്ന് വരുന്നതും ഇത്തരം പ്രവണതകൾക്ക് വളക്കൂറാണ്.

അനുഭവം 2:- വർഷങ്ങൾക്ക് മുൻപ് അബുദാബിൽ ജോലിക്ക് പ്രവേശിച്ച കാലത്ത് ഒരു ടാക്സി യാത്ര. ടാക്സി ഓടിക്കുന്ന പാക്കിസ്ഥാനി ഒരു വളവ് തിരിക്കുമ്പോൾ പൂർണ്ണമായും റോങ്ങ് സൈഡിലേക്ക് പോകുകയും, കൃത്യമായ വശത്തുകൂടെ എതിർ ഭാഗത്തുനിന്ന് മോട്ടോർ ബൈക്കിൽ വന്ന ഒരു പൊലീസ് ഓഫീസറെ ഇടിച്ചിടുകയും ചെയ്തു. രണ്ടുപേർക്കും വേഗത കുറവായതുകൊണ്ട് അപകടം ഗുരുതരമായില്ല. പക്ഷേ, ഞാൻ ശരിക്കും ഭയന്നു. ഡ്രൈവറെ ഇപ്പോൾ പൊലീസുകാരൻ കുനിച്ചുനിർത്തി കൂമ്പ് വെള്ളമാക്കും. ചിലപ്പോൾ പാസഞ്ചറായ എനിക്കും രണ്ടെണ്ണം കിട്ടിയെന്ന് വരും. ഡ്രൈവർ തരിച്ചിരിക്കുകയാണ്, ഞാൻ മരവിച്ചും. പൊലീസുകാരൻ മെല്ലെ എഴുന്നേറ്റ് കാറിനടുത്തേക്ക് വന്നു; ചില്ല് താഴ്ത്താൻ പറഞ്ഞു. അദ്ദേഹത്തിന്റെ കൈ പിന്നിലേക്ക് പോകുന്നു. തോക്കെടുക്കാനായിരിക്കും. ഇപ്പോൾ വെടിപൊട്ടും. എല്ലാം തീർന്നു.

“ ക്യാ ഹെ ഭായ്…… മൂക്ക് മാഫി ? “ അങ്ങനെയെന്തോ സൌമ്യനായി ചോദിച്ചുകൊണ്ട് പിന്നിലെ പോക്കറ്റിൽ നിന്ന് നോട്ട് പാഡ് എടുത്ത് പൊലീസുകാരൻ എഴുതാൻ തുടങ്ങി. കൂട്ടത്തിൽ റേഡിയോയിൽ വിളിച്ച് അപകടം റിപ്പോർട്ട് ചെയ്തു. അഞ്ച് മിനിറ്റിനകം മറ്റൊരു പോലീസുകാരൻ ബൈക്കിൽ വന്നു; കേസാക്കി. ചീട്ട് കൊടുത്തു. ടാക്സി വീണ്ടും മുന്നോട്ട്.

കഥാസാരം 2:- സമ്പൂർണ്ണ സാക്ഷരരായ മലയാളികൾ കണ്ടുപഠിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ഒരുപാട് കാര്യങ്ങളുണ്ട് ഈ ലോകത്ത്. സർക്കാർ ജോലിയിൽ കയറിപ്പറ്റാൻ വേണ്ടി മാത്രം സാക്ഷരരാകുന്നത് നാഗരിക സമൂഹത്തിന് ചേർന്ന ഏർപ്പാടല്ല.