വീണ്ടും വടക്കേ ഇന്ത്യയിലേക്ക്…. (ദിവസം #1 – പകൽ 09:27)


11
ത്തരേന്ത്യയിൽ ചൂട് കുറയാൻ കാത്തിരിക്കുകയായിരുന്നു. പകൽ എത്ര ചൂടുണ്ടായാലും രാത്രി ഫാനിടാതെ, മോട്ടോർ ഹോമിൽ (ഭാഗി) കിടന്നുറങ്ങാൻ പറ്റുന്ന അവസ്ഥയിലേക്ക് അന്നാടുകളിലെ കാലാവസ്ഥ എത്തിയിട്ടുണ്ടാകുമെന്ന് കരുതുന്നു.

സെപ്റ്റബറിൽ 10ന് Great Indian Expedition പുനഃരാരംഭിക്കണമെന്നായിരുന്നു പദ്ധതി. പക്ഷേ, നടന്നില്ല. കഴിഞ്ഞ രാജസ്ഥാൻ യാത്രയിൽ, എനിക്കും ഭാഗിക്കും സുരക്ഷിതമായി കിടക്കാനും, പ്രഭാതകൃത്യങ്ങൾ ചെയ്യാനും വസ്ത്രങ്ങൾ അലക്കാനും സൗകര്യങ്ങൾ തരമാക്കിത്തന്ന RTDCയുടെ ജനറൽ മാനേജർ സുനിൽ മാത്തുറും സുഹൃത്തും സെപ്റ്റംബർ 7,8,9,10 ദിവസങ്ങളിൽ കേരളം കാണാൻ വന്നു. അവരെ മുസിരീസും കൊച്ചിയും കാണിച്ച് കൊടുത്ത് പ്രത്യുപകാരം ചെയ്യേണ്ടത് എൻ്റെ കടമ ആയതുകൊണ്ട്, നാലഞ്ച് ദിവസത്തേക്ക് GIE നീട്ടിവെക്കേണ്ടി വന്നു.

രാജസ്ഥാനിൽ നിന്ന് വന്നവരെ പാലിയം കൊട്ടാരവും പള്ളിപ്പുറം കോട്ടയും കാണിച്ച് നാണം കെട്ടു. എജ്ജാതി കൊട്ടാരങ്ങളും കോട്ടകളും കണ്ടിട്ടുള്ളവരാണ് അവരെന്ന് ആലോചിക്കണം! എന്നാലും കടലും നദികളും പച്ചപ്പും ചീനവലകളും കപ്പലുകളും മത്സ്യബന്ധന ബോട്ടുകളും ഭക്ഷണവും വൈപ്പിൻ-കൊച്ചി ജങ്കാറുമൊക്കെ അവർ നന്നായി ആസ്വദിച്ചു. മുക്കിനും മൂലയിലും ലോട്ടറി വിൽക്കുന്നവരെയാണ് അവർക്ക് തീരെ ഇഷ്ടപ്പെടാതെ പോയത്.

വിഷയം മാറിപ്പോയി. അതിലേക്ക് തിരിച്ച് വരാം.

സാധനസാമഗ്രികളും ഉടുതുണികളും ഭാഗിയുടെ കമ്പാർട്ട്മെൻ്റിലേക്ക് കയറ്റിവെച്ച്, ഭാഗിയും ഞാനും വീണ്ടും രാജസ്ഥാനിലേക്ക് യാത്രയായിക്കഴിഞ്ഞു. വാളയാർ ചെക്ക് പോസ്റ്റ് കടന്നതിന് ശേഷം തമിഴ്നാട്ടിൽ നിന്നാണ് രാവിലെ 09:27ന് ഇത് പോസ്റ്റ് ചെയ്യുന്നത്.

രാജസ്ഥാനിലെ 133 കോട്ടകളിൽ 22 എണ്ണം മാത്രമാണ്, 54 ദിവസം നീണ്ട് നിന്ന കഴിഞ്ഞ പര്യടനത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞത്. രാജസ്ഥാനിൽ ബാക്കിയുള്ളത് 111 കോട്ടകളാണ്. ഫെബ്രുവരി 2025 വരെയുള്ള 5 മാസത്തിലധികം നീളുന്ന ഈ യാത്രയിൽ 111 കോട്ടകൾ കണ്ട് തീർക്കാൻ ആകുമോ എന്നുറപ്പില്ല. കോട്ടകൾ മാത്രമല്ല, പതിവ് പോലെ മറ്റ് മുക്കും മൂലകളും സന്ദർശിക്കുന്നുണ്ട് എന്നത് തന്നെ കാരണം.

അതെന്തായാലും, ആരോഗ്യം അനുവദിക്കുകയും ഭാഗിക്ക് കാര്യമായ അസുഖങ്ങൾ ഒന്നും വരാതിരിക്കുകയും ചെയ്താൽ, ഇതെൻ്റെ റെക്കോർഡ് ദൈർഘ്യമുള്ള യാത്ര ആയിരിക്കും. ഈ യാത്രയിൽ 100 കോട്ടകൾ എന്ന ആദ്യ കടമ്പ ഞാൻ കടക്കുമെന്നും പ്രതീക്ഷിക്കുന്നു. നിലവിൽ കണ്ടിട്ടുള്ളത് ഇന്ത്യയിലെ 65 കോട്ടകൾ മാത്രം. 735ൽപ്പരം കോട്ടകളാണ് വെല്ലുവിളി ഉയർത്തി ബാക്കി നിൽക്കുന്നത്.

ഇപ്രാവശ്യം 2025 ജനുവരിയോടെ, റൺ ഓഫ് കച്ച് ഉത്സവത്തിൽ പങ്കെടുക്കാൻ രാജസ്ഥാനിൽ നിന്ന് ഗുജറാത്തിലേക്ക് പോകുന്നുണ്ട്. മാത്രമല്ല, മഹാരാഷ്ട്രയിലെ അലങ്ങ്, മദൻ, കുലങ്ങ് എന്നീ കോട്ടകൾ കാണുന്നതിനായി ശ്രേയ മോഹൻ Shreya Mohan സംഘടിപ്പിക്കുന്ന ട്രക്കിങ്ങ് ഗ്രൂപ്പിൻ്റെ കൂടെ ഒക്ടോബർ മാസത്തിൽ 4 ദിവസം മഹാരാഷ്ട്രയിലും സഞ്ചരിക്കുന്നുണ്ട്. മേൽപ്പടി മൂന്ന് കോട്ടകൾ കാണാൻ ഒറ്റയ്ക്ക് പോകുന്നത് കഠിനമാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഈ മൂന്ന് കോട്ടകൾ, ശ്രേയയുടെ ട്രക്കിങ്ങ് സംഘത്തിനൊപ്പം സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ തന്നെ ഏറെ ദുർഘടം പിടിച്ച ട്രക്കാണത് എന്നാണ് മനസ്സിലാക്കുന്നത്.

അങ്ങനെ നോക്കിയാൽ ഇപ്രാവശ്യം രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ കടന്ന് പോകുന്നുണ്ട്.

പ്രായം ഒരു വർഷം കൂടെ മുന്നോട്ട് കടന്നിരിക്കുന്നു. ചിതയിലേക്കുള്ള ദൂരം അത്ര തന്നെ കുറഞ്ഞിട്ടുമുണ്ട്. തെരുവിലെ ഉറക്കവും ഒറ്റയ്ക്കുള്ള യാത്രയും അപരിചിതമായ ഇടങ്ങളിൽ നിന്നുള്ള ഭക്ഷണവുമൊക്കെ ആകുമ്പോൾ, യാത്ര പൂർത്തിയാക്കി 2025 ഫെബ്രുവരിയിൽ തിരികെ വരുമോ എന്ന് യാതൊരു ഉറപ്പുമില്ലാത്ത ഒരു സഞ്ചാരമാണ് ഇപ്രാവശ്യത്തെ Great Indian Expedition.

2022 നവംബർ 27ന് വിൽപ്പത്രം തയ്യാറാക്കി കുഴുപ്പിള്ളി രജിസ്റ്റ്രാഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരണപത്രം ഓൺലൈനിൽ പരസ്യമായി ഇട്ടിട്ടുണ്ട്. ജീവിതത്തിൽ ആദ്യമായി സ്വന്തം ചിലവിൽ ആരോഗ്യ ഇൻഷൂറൻസും എടുത്തു. ഡ്രൈവിങ്ങിനിടയിൽ ഒന്നുറങ്ങിപ്പോയാൽ, അലക്ഷ്യമായി വരുന്ന മറ്റൊരു വാഹനത്തിൻ്റെ മുന്നിൽ പെട്ടാൽ, കൊള്ളയടിക്കാൻ വരുന്നവൻ്റെ പിച്ചാത്തി കാര്യമായൊന്ന് മേദസ്സിൽ അമർന്നാൽ, കഴിക്കുന്ന ഭക്ഷണത്തിൽ വിഷബാധ ഉണ്ടായാൽ, മണ്ണോ മലയോ ഒന്നിടിഞ്ഞാൽ, ഒരു ഉരുൾ പൊട്ടിയാൽ…. അവസാനിക്കാൻ പോന്ന പോള മാത്രമാണിതെന്ന് നല്ല ബോദ്ധ്യമുണ്ട്.

അങ്ങനെ എന്ത് സംഭവിച്ചാലും വിഷമമില്ല. യാത്രയ്ക്കിടയിൽ തട്ടിപ്പോകുന്നതിൽപ്പരം സന്തോഷം മറ്റെന്താണ് പരമ തെണ്ടിയായ ഒരുത്തന് വേണ്ടത്?

പറഞ്ഞ് കാട് കയറുന്നത് ശീലമായിരിക്കുന്നു. ക്ഷമിക്കുക. പറയാൻ ശ്രമിച്ചത് ഇത്രമാത്രം. യാത്ര തുടങ്ങിക്കഴിഞ്ഞാൽ, പടങ്ങൾക്കും റീലുകൾക്കും പുറമേ, കഴിഞ്ഞ പ്രാവശ്യത്തേത് പോലെ നിത്യേന യാത്രാവിവരണങ്ങളും ഉണ്ടാകും. കഴിഞ്ഞ യാത്രയിൽ ഒപ്പം നിന്നത് പോലെ, നിങ്ങളും കൂടെ ഉണ്ടായാൽ ഒറ്റയ്ക്കാണെന്ന തോന്നൽ എനിക്കുണ്ടാകില്ല. കട്ടയ്ക്ക് കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ….

വെറുപ്പിക്കൽ സഹിക്കാൻ പറ്റാത്തവർക്ക് രക്ഷപ്പെടാനുള്ള സുവർണ്ണാവസരം കൂടെയാണ് ഇത്.

സസ്നേഹം….

വാളയാർ അതിർത്തിക്കപ്പുറത്ത് നിന്ന് നിങ്ങളുടെ സ്വന്തം, അക്ഷരമറിയാത്ത തെണ്ടി…

- നിരക്ഷരൻ
(അന്നും ഇന്നും എപ്പോഴും)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>