‘Say No To Harthal‘ വിമർശകനുള്ള മറുപടി


3ക്കഴിഞ്ഞ മാർച്ച് 14ന്റെ കേരള ഹർത്താലിന് ശേഷം Say No To Harthal പ്രവർത്തകർക്ക് എതിരെ ഓൺലൈനിൽ കാണാനിടയായ നിശിതമായ ചില വിമർശനങ്ങൾക്ക് മറുപടി കൊടുക്കാതെ വയ്യെന്നായിരിക്കുന്നു. വിമർശിക്കുന്ന വ്യക്തിയുടെ പ്രായം, പക്വമല്ലാത്ത വീക്ഷണം, കാര്യങ്ങൾ നിക്ഷ്പക്ഷമായി നോക്കിക്കാണാനുള്ള കഴിവില്ലായ്മ എന്നതെല്ലാം ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും, മറ്റാർക്കെങ്കിലും ഇതേ നിലയ്ക്കുള്ള സംശയങ്ങൾ ഉണ്ടെങ്കിൽ അതിനുള്ള മറുപടി കൂടെയാണ് ഇത്.

വിമർശനങ്ങൾ അക്കമിട്ട് നിരത്തി മറുപടിയും കീഴെത്തന്നെ കൊടുക്കുന്നു.

വിമർശനം 1:- ഇതിന്റെ (Say No To Harthal) പുറകിൽ ഉള്ള ആൾക്കാരെപ്പറ്റി ശരിക്കൊന്ന് അന്വേഷിച്ച് നോക്കൂ. ഇതിന്റെ പിന്നിൽ ടൂറിസം ഏജന്റ്സ് ആണ്. എയർപ്പോർട്ടിൽ മാത്രമേ പരിപാടി ഉള്ളൂ.

മറുപടി 1:- ഞങ്ങളുടെ കൂട്ടത്തിൽ ടൂർ ഓപ്പറേറ്റർമാർ, ഡോൿടർമാർ, വ്യവസായികൾ, ഐ.ടി.പ്രൊഫഷണൽ‌സ്, വിവിധ പാർട്ടിക്കാർ, എഞ്ചീയർ‌മാർ, മാദ്ധ്യമപ്രവർത്തകർ, സിനിമാക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ തുറയിലും ഉള്ളവരുണ്ട്. ഇപ്പറഞ്ഞതിൽ ഏതെങ്കിലും ഒന്ന് മോശമായ ജോലിയാണോ ?  ടൂർ ഓപ്പറേറ്റർമാർ ഉണ്ടെങ്കിൽത്തന്നെ അതൊരു മോശം പ്രൊഫഷനായി കേട്ടറിവില്ല. ഇനി അഥവാ ഒരു ടൂർ ഓപ്പറേറ്റർ അവന്റെ ജീവിതമാർഗ്ഗം മുട്ടുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നുണ്ടെങ്കിൽ അതിൽ എന്ത് തെറ്റാണുള്ളത് ? ഇന്നാട്ടിൽ നടന്നതും നടക്കുന്നതുമായ എല്ലാ സമരങ്ങളും പ്രതികരണങ്ങളും പ്രക്ഷോഭങ്ങളും അവനവന്റെ ജീവിതം വഴിമുട്ടുമ്പോൾ ഉണ്ടാകുന്നതല്ലേ ? ടൂർ ഓപ്പറേറ്റർക്ക് മാത്രം പ്രതികരിക്കാൻ പാടില്ലെന്നുണ്ടോ ? ഞങ്ങൾ തുടങ്ങിയത് എറണാകുളം ജില്ലയിലാണ്. ഇപ്പോളത് തൃശൂരിലേക്കും കോട്ടയത്തേക്കും കടന്നിട്ടുണ്ട്. ഇവരെല്ലാം ടൂർ ഓപ്പറേറ്റർ‌മാരാണെന്ന കണ്ടുപിടുത്തം ബഹുകേമം തന്നെ. എയർപ്പോർട്ടുകളിൽ ഞങ്ങൾ ഈ സർവ്വീസ് നടത്തുന്നതേയില്ല. മുഴുവൻ പ്രവർത്തനങ്ങളും ബസ്സ് സ്റ്റാൻഡുകളും റെയിൽ വേ സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ്. കോഴിക്കോട് ഞങ്ങളുടെ സംഘടനയുടെ യൂണിറ്റൊന്നും നിലവിൽ ഇല്ല. അവിടെ എയർപ്പോർട്ടിൽ നിങ്ങൾ കണ്ടത് മറ്റാരെയെങ്കിലും ആയിരിക്കും. അവർ എന്തൊക്കെ ചെയ്തു, ചെയ്തില്ല എന്ന് ഞങ്ങൾക്കറിയില്ല. എന്തായാലും അവർ ആരെയും ഉപദ്രവിച്ചിട്ടില്ലല്ലോ ? സഹായിക്കുകയല്ലേ ചെയ്തുള്ളൂ.

വിമർശനം 2:- ഹോണ്ട സിറ്റിയൊക്കെ എടുത്ത് കുറച്ച് നിരക്ഷരർ പാവങ്ങളെ സഹായിക്കാൻ ഹർത്താൽ ദിനത്തിൽ ഇറങ്ങിയിട്ടുണ്ട്.

മറുപടി 2:- ഹോണ്ട സിറ്റി വില കൂടിയ വാഹനമായി കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെങ്കിൽ, അതിനേക്കാൾ വില കൂടിയതും വൈവിദ്ധ്യമുള്ളതുമായ വാഹനങ്ങളാണ് Say No To Harthal പ്രവർത്തകർ ഉപയോഗിക്കുന്നത്. അതിന് കാരണങ്ങൾ പലതാണ്. എത്ര വലിയ വിലയുള്ള വാഹനവും ഹർത്താൽ ദിനത്തിൽ റോഡിൽ ഇറക്കണം എന്ന ധൈര്യം ജനത്തിന് പകർന്ന് നൽകുക എന്നതാണ് അതിലെ പ്രധാന ലക്ഷ്യം. സഹായിക്കാൻ മുന്നോട്ട് വരുന്നത് നിരക്ഷരർ ആണോ സാക്ഷരർ ആണോ എന്നതിൽ കാര്യമില്ലല്ലോ ? പാവങ്ങൾ, പണക്കാർ അന്യസംസ്ഥാന തൊഴിലാളികൾ, വിദേശികൾ, രോഗികൾ, പ്രായമായവർ, കുട്ടികൾ എന്നിങ്ങനെ മുന്നിൽ വന്ന് പെടുന്ന ആരേയും ഞങ്ങൾ വാഹനങ്ങളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാറുണ്ട്.

വിമർശനം 3:- ഞാൻ ഹർത്താലിനെ അനുകൂലിക്കുന്നില്ല. സ്വന്തം ബിസിനസ്സ് നടത്താൻ സോഷ്യൽ cause നെ കൂട്ടുപിടിക്കുന്ന കള്ളന്മാരെ തിരിച്ചറിയണം. കേരളത്തിൽ വേറെ എന്ത് സംഭവിച്ചാലും അവർക്ക് കുഴപ്പമില്ല. ഹർത്താൽ നടക്കാൻ മാത്രം പാടില്ല.

മറുപടി 3:- ഈ കൂട്ടായ്മയിൽ ഉള്ളവരുടെ ലിസ്റ്റ് അങ്ങോട്ട് തരാം. കേരളത്തിലെ മറ്റ് പല പ്രശ്നങ്ങൾക്കും പൊതുനിരത്തിൽ ഇറങ്ങി ഇടപെട്ടിട്ടുള്ളവരെ അക്കൂട്ടത്തിൽ കാണാനാവും. അതോടൊപ്പം ഈ വിമർശനങ്ങൾ ഉന്നയിക്കുന്നവർ കേരളത്തിന്റെ എന്തൊക്കെ സാമൂഹ്യവിഷയങ്ങളിൽ ഇടപെട്ടിട്ടുണ്ട് എന്ന് മറുപടി തരേണ്ടതായും വരും. ഹർത്താലിനെ അനുകൂലിക്കാത്ത വ്യക്തി എന്ന നിലയ്ക്ക് ഹർത്താലുകൾക്ക് എതിരെ നിങ്ങൾ എന്തൊക്കെ ചെയ്തു എന്ന് പറയാനും ബാദ്ധ്യസ്ഥരാണ്.

വിമർശനം 4:- Greenpeace ഓർഗനൈസേഷൻ പോലെയുള്ള ഫ്രോഡ് കുറേ ഉണ്ട് ഇവിടെ. അതിൽ ഒന്നാണ് ഇവർ.

മറുപടി 4:- ഫ്രോഡ് എന്നൊക്കെ പറയാൻ വളരെ എളുപ്പമാണ്. അതിനെ സാധൂകരിക്കുന്ന ഒരു തെളിവെങ്കിലും Say No To Harthal പ്രവർത്തകർക്ക് എതിരെ ഹാജരാക്കാൻ ആകുമെങ്കിൽ അതിനുള്ള ആർജ്ജവം കാണിക്കണം. വിടുവായത്തരം പറയാൻ ആർക്കുമാവും.

വിമർശനം 5:- ഇതുപോലത്തെ കുറേ ടീമിനെ കണ്ട എൿസ്പീരിയൻസ് ഉണ്ട്. കോമൺ പീപ്പിൾ ഉപയോഗിക്കുന്ന സെൻസിൽ നോക്കിയാൽ അത് കാണാൻ പറ്റില്ല. 

മറുപടി 5:- ചെറുപ്പക്കാരനായ താങ്കളുടെ എൿപീരിയൻസ് വിശദമായി ഷെയർ ചെയ്താൽ അത് ഞങ്ങൾക്ക് കൂടെ ഉപകരിക്കും. കോമൺ പീപ്പിൾ ഉപയോഗിക്കുന്നതിനപ്പുറമുള്ള സിക്സ്ത്ത് സെൻസ് വല്ലതും ഉണ്ടെങ്കിൽ അത് കുറച്ച് പകർന്ന് തന്നാൽ ഉപകാരമായിരുന്നു.

വിമർശനം 6 :- തിരുവോണത്തിനും വിഷുവിനും വാഹനം കിട്ടാതെ അലയുന്നവരെ SAY NO TO ONAM പറഞ്ഞ് സഹായിക്കാറുണ്ടോ ? രാത്രി സമയങ്ങളിൽ ടൌണിൽ പെട്ടുപോകുന്നവരെ സഹായിക്കാറുണ്ടോ? ഇവരെ കുറെ മാസങ്ങള്‍ മുൻപ്, മുന്നേ പ്ലാൻ ചെയ്ത ഒരു ഹർത്താലിന് കോഴിക്കോട് എയർപോർട്ടിൽ വെച്ചാണ് ആദ്യമായി കാണുന്നത്. ഹർത്താൽ അറിയാതെ പെട്ടുപോയ സായിപ്പന്മാരെ പൊക്കി കൊണ്ടുപോകുമ്പോൾ എന്തുകൊണ്ട് ഇവരുടെ വാഹനങ്ങൾ മാത്രം ഹർത്താൽ അനുകൂലികൾ എന്തുകൊണ്ട് ആക്രമിക്കുന്നില്ല എന്ന എന്റെ സംശയത്തിനു ഉത്തരം ആയിരുന്നു NO HARTHAL എന്ന വലിയ ബോർഡ്… വിശാല ഹൃദയരായ ഹർത്താൽ അനുകൂലികൾ!!! ….. അല്ലെ??

മറുപടി 6 :-  നിലവിൽ ഇതുവരെ ഞങ്ങൾക്ക് കോഴിക്കോട് ഒരു Say No To Harthal ഔദ്യോഗിക യൂണിറ്റ് ഇല്ല. കോഴിക്കോട് എയർപ്പോർട്ടിൽ ആരെങ്കിലും വിദേശികൾക്ക് ഞങ്ങളുടെ സംഘടനയുടെ പേരിൽ യാത്രാസൌകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെങ്കിൽത്തന്നെ അതിലെന്താണ് തെറ്റ് ? ഞങ്ങളുടെ കൂട്ടായ്മയുടെ പേര് ഉപയോഗിച്ചാൽ ആരും വാഹനം തടയില്ലെന്നും ഉപദ്രവിക്കില്ലെന്നും അവർ കണക്കുകൂട്ടിയിട്ടുണ്ടാകാം. അത് ഞങ്ങൾക്കുള്ള ഒരു ബഹുമതിയല്ലേ ?

വേറൊരു എയർപ്പോർട്ട് ഉള്ളത് കൊച്ചിയിലാണ്. കൊച്ചിയിൽ ഇതുവരെ ഞങ്ങൾ എയർപ്പോർട്ട് സർവ്വീസ് നടത്തിയിട്ടില്ല.ബസ്സ് സ്റ്റാന്റ് റെയിൽ വേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് എറണാകുളം തൃശൂർ കോട്ടയം ജില്ലകളിൽ ഞങ്ങൾ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളത്. അതിന്റെ തെളിവുകളൊക്കെ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ ഈ  വിമർശനം അടിസ്ഥാനരഹിതവും കാലണയ്ക്ക് വിലയില്ലാത്തതുമാണ്.

ഹർത്താലിനെ അനുകൂലിക്കാത്ത അന്നേ ദിവസം നിരത്തിൽ പെട്ടുപോകുന്ന മനുഷ്യജീവികളെ, ദേശം, ഭാഷ, നിറം, സാമ്പത്തികം, എന്നിങ്ങനെയുള്ള ഘടകങ്ങൾ ആസ്പദമാക്കി വേർ‌തിരിക്കാതെ അവരവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ സൌജന്യമായി എത്തിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഞങ്ങളുടേത്. ഹർത്താലിനെ പ്രതിരോധിക്കുകയും അന്നേ ദിവസം ജനസേവനം ചെയ്യുകയും ചെയ്യുന്നവർ, എല്ലാ ദിവസവും റോഡിൽ പെട്ട് പോകുന്നവരെ സഹായിക്കാൻ ഇറങ്ങണമെന്ന് താങ്കൾ ശഠിക്കുന്നത് ബാലിശമാണ്. ഞങ്ങളുടെ ദൌത്യം ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം മറ്റുള്ളവർ നിയന്ത്രണത്തിലാക്കുന്ന ഹർത്താൽ ദിവസങ്ങളിലേക്ക് മാത്രം ഒതുങ്ങുന്നതാണ്. അതിനപ്പുറം ഒന്നും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല. ഓണം വിഷു ഈദ് കൃസ്തുമസ്സ് ദിവങ്ങളിൽ മാത്രമല്ലല്ലോ, എല്ലാ ദിവസവും മിക്കവാറും എല്ലാ ബസ്സ് സ്റ്റാന്റിലും റെയിൽ വേ സ്റ്റേഷനിലും ഒക്കെ പല പല കാരണങ്ങളാൽ പണമുള്ളവനും ഇല്ലാത്തവനും ഒക്കെ കുടുങ്ങിപ്പോകാറുണ്ട്. ലോകത്തുള്ള അത്തരം എല്ലാ കേസുകളും ഏറ്റെടുത്ത് കൊണ്ടുപോകാൻ ഞങ്ങൾക്ക് ദൈവീകമായ കഴിവുകൾ ഒന്നുമില്ല. ഹർത്താൽ ദിവസം മറ്റ് ബഹുഭൂരിപക്ഷത്തേയും പോലെ ഓഫീസിൽ പോകാതെ വീട്ടിലിരിക്കുന്നതിന് പകരം ഞങ്ങൾക്ക് ചെയ്യാനാവുന്ന ഏറ്റവും ചെറിയ സാമൂഹ്യസേവനം മാത്രമാണിത്. ബസ്സും തീവണ്ടിയുമൊക്കെ ഓടുന്ന മറ്റ് ദിവസങ്ങളിൽ അവനവന്റെ കാര്യങ്ങൾ അവനവൻ നോക്കുന്നതല്ലേ ഭംഗി ? മറ്റുള്ള ദിവസങ്ങളിൽ ഒരു സേവനവും ഞങ്ങൾ ഏറ്റിട്ടില്ല.  ആ ദിവങ്ങളിൽ ഞങ്ങൾക്കും ജോലി ചെയ്യണ്ടേ, ജീവിക്കണ്ടേ ? ഹർത്താൽ ദിവസങ്ങളിൽ 1000 – 1500 രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ഇന്ധനത്തിനായി ചിലവാക്കുന്നത് പോലെ എല്ലാ ദിവസവും എടുത്ത് ചിലവാക്കാൻ ഞങ്ങൾ റ്റാറ്റ, ബിർല്ല, അംബാനിമാരുടെ കുടുംബത്തിൽ നിന്നുള്ളവരല്ല. മറ്റ് ദിവസങ്ങളിൽ ജോലിയും കുടുംബവും പ്രാരാബ്ദ്ധങ്ങളുമൊക്കെ ഞങ്ങൾക്കുമുണ്ട്. വലിയ വായിൽ വിഡ്ഢിത്തങ്ങൾ വിളിച്ച് പറയുന്നതിന് മുന്നേ ഒരു വട്ടം കൂടെ ആലോചിച്ചാൽ സമൂഹത്തിന് മുന്നിൽ സ്വയം അപഹാസ്യനാകാതെയിരിക്കാം.

ഹർത്താൽ ഇല്ലാത്ത ദിവസങ്ങളിൽ യാത്രക്കാരെ സഹായിക്കാൻ ഞങ്ങളെന്നല്ല മറ്റാര് ചെന്നാലും, ടാക്സി ഓട്ടോ തൊഴിലാളികളുടെ എതിർപ്പ് നേരിടേണ്ടി വരും. ഹർത്താൽ ദിനങ്ങളിൽ വൈകീട്ട് 3-4 മണി ആകുമ്പോൾ സ്റ്റേഷനിൽ ചില ഓട്ടോക്കാർ വന്ന്, ഞങ്ങൾ കാരണം അവർക്ക് ഓട്ടം കിട്ടുന്നില്ല എന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കിയിട്ടുണ്ട്. പൊലീസ് ഇടപെട്ടാണ് അത് ഒതുക്കിയിട്ടുള്ളത്. നിങ്ങൾ രാവിലെ 9 മണി മുതൽ ഹർത്താൽ ദിവങ്ങളിൽ ഓടുന്നു എങ്കിൽ മാത്രം ഈ ആരോപണവുമായി വന്നാൽ മതി എന്നാണ് പൊലീസ് അവരോട് പറയാറുള്ളത്. അപ്പോൾപ്പിന്നെ ഹർത്താൽ ഇല്ലാത്ത ദിവസം ജനങ്ങളെ സഹായിക്കാൻ ഇറങ്ങിയാൽ ഉണ്ടാകുന്നത് എന്താണെന്ന് അറിയാമല്ലോ ? ആൾക്കാരെ സഹായിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അല്ലാതെ ഒരു കൂട്ടം തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കുകയല്ല.
1

22Say No To Harthal വളരുകയാണ്. എറണാകുളത്ത് രാജു പി നായർ ഒറ്റയാൾ പ്രസ്ഥാനമായി മുന്നോട്ട് കൊണ്ടുപോയിരുന്നത് ഇപ്പോൾ തൃശൂരിലേക്കും കോട്ടയത്തേക്കും വ്യാപിച്ചിരിക്കുന്നു. ഞങ്ങളുടെ വളർച്ച പലർക്കും പ്രശ്നമുണ്ടാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് നന്നായറിയാം. അതുകൊണ്ടുതന്നെ ഇനി വരുന്ന ഹർത്താൽ ദിനങ്ങളിൽ വെല്ലുവിളി കൂടുതലാണെന്നുമറിയാം. എന്തായാലും ഈ മുന്നേറ്റം ലക്ഷ്യത്തിലേക്ക് അടുക്കുന്നു എന്നതിന്റെ സൂചനയാണ് ഈ കാണുന്ന കഴമ്പില്ലാത്ത വിമർശനങ്ങളും, നേരിട്ടും ഓൺലൈനിലൂടെയും ഞങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സഹകരണവും.

ഒരു ഹർത്താൽ ദിനത്തിലെങ്കിലും വെളിയിലിറങ്ങി റോഡിൽ‌പ്പെട്ടുപോകുന്നവരെ സഹായിക്കാനും അവർക്കൊപ്പം കൂടാനും അവരുടെ കഥ കേൾക്കാനും സന്മനസ്സ് കാണിച്ചാൽ അൽ‌പ്പമെങ്കിലും മനുഷ്യത്ത്വമുള്ളവർ പിന്നെ ഹർത്താലിനെ അനുകൂലിക്കില്ല, ഇത്തരത്തിൽ സംസാരിക്കുകയുമില്ല. സ്വന്തം വാഹനവുമായി ഇറങ്ങാൻ പേടിയുള്ളവർക്ക് വാഹനം ഞങ്ങൾ കൊടുക്കാം. അയാൾ അതോടിച്ച് ജനങ്ങളെ സഹായിക്കാൻ മാത്രം കൂടിയാൽ മതി. അപ്പോൾ കൃത്യമായി മനസ്സിലാകും ഞങ്ങൾ എന്തൊക്കെ ചെയ്യുന്നു, ചെയ്യുന്നില്ല, എത്രത്തോളം ടൂറിസം പ്രമോഷൻ നടത്തുന്നു, എത്രത്തോളം പണം പോക്കറ്റിൽ നിന്ന് ചിലവാക്കുന്നു, എത്ര പാവപ്പെട്ടവരെ സഹായിക്കുന്നു എത്ര പണക്കാരെ സഹായിക്കുന്നു, ഏതൊക്കെത്തരം വാഹനങ്ങൾ ഇതിനായി ഉപയോഗിക്കുന്നു എന്ന്. എന്തായാലും ഞങ്ങൾക്ക് പെട്ടെന്ന് തന്നെ വളർന്ന് വരാനുള്ള വെള്ളവും വളവുമാണ് ഈ വിമർശനങ്ങൾ. അത് ഞങ്ങൾ നല്ല രീതിയിൽത്തന്നെ സ്വീകരിച്ചിരിക്കുന്നു. വളരെ നന്ദി.

വാൽക്കഷണം:- വിമർശകൻ ചില റഷ്യൻ പ്രയോഗങ്ങളൊക്കെ കലക്കി കുടിച്ചിട്ടുള്ള ആളാണ്. പക്ഷെ ഇന്നാട്ടിൽ എന്ത് നടക്കുന്നു എന്ന് ഒരു പിടിപാടുമില്ല. കക്ഷിയുടെ ചില വാചകങ്ങൾ ഇങ്ങനെ പോകുന്നു.

“ ട്രൂത്ത് ഈസ് ആന്‍ ഐലന്റ് വിസിറ്റഡ് ബൈ ലെസ്സര്‍ ആന്റ് ലെസ്സര്‍ പീപ്പിള്‍ “. അതായത് ശരിക്കുള്ള സത്യാവസ്ഥ എന്താണെന്ന് ജനങ്ങള്‍ അറിയുന്നില്ല. ന്യൂസ് ഹാസ് നോ ട്രൂത്ത് ആന്റ് ട്രൂത്ത് ഹാസ് നോ ന്യൂസ്. പഴയ റഷ്യന്‍ പ്രയോഗമാണ്.

ഇപ്പറഞ്ഞത് ആ‍ മാന്യദേഹത്തിന്റെ കാര്യത്തിൽ 100 % ശരിയാണ്. സത്യാവസ്ഥ എന്താണെന്ന് ഒരു തരിപോലും വിമർശകൻ മനസ്സിലാക്കിയിട്ടില്ല. അങ്ങനൊരു ദ്വീപ് സന്ദർശിക്കുന്നത് പോയിട്ട് അതേപ്പറ്റി നേരാംവണ്ണം കേട്ടിട്ടുപോലുമില്ല. എന്നാലും കിടക്കുകയല്ലേ ഓൺലൈനിൽ ഇങ്ങനെ ഒരുപാട് സ്ഥലം. വായിൽത്തോന്നിയതൊക്കെ പടച്ച് വിടാൻ പിന്നെന്തിന് അമാന്തിക്കണം ?!

——————————————————————-
മറ്റ് ഹർത്താൽ ലേഖനങ്ങൾ.
1.  പ്രതിഷേധമെന്നാൽ ഹർത്താൽ മാത്രമാണോ ?
2. രണ്ട് ഹർത്താൽ അനുഭവങ്ങൾ.
3.  ഒരു ഹർത്താൽ കുറിപ്പും അഭ്യർത്ഥനയും.
4.  ഹർത്താലിന് ബദൽ ?!
5.  ചില ഹർത്താൽ വിശേഷങ്ങൾ.

Comments

comments

7 thoughts on “ ‘Say No To Harthal‘ വിമർശകനുള്ള മറുപടി

  1. സംഘടനാപ്രവര്‍ത്തനത്തിന്റെ സമയത്ത് ഹര്‍ത്താലുകളില്‍ പങ്കെടുത്തിട്ടുണ്ട്. ഹര്‍ത്താല്‍ ഒരു പ്രതികരണമാര്‍ഗമാണെന്നും കരുതിയിരുന്നു.

    ഇന്ന് ആ നിലപാടുകള്‍ക്ക് (ഹര്‍ത്താലിനെക്കുറിച്ചുള്ള) സമ്പൂര്‍ണമായ മാറ്റം വന്നിരിക്കുന്നു. ഹര്‍ത്താല്‍ സംഘടിതശക്തിയുടെ ബലത്തില്‍ മറ്റുള്ളവന്റെ മേല്‍ കയ്യൂക്ക് കൊണ്ട് അധികാരം സ്ഥാപിച്ചെടുക്കാനുള്ള, തികഞ്ഞ അശ്ലീലമായ ഒരു മാര്‍ഗമാണു. പാര്‍ട്ടികള്‍ക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍(എല്ലാ പ്രസ്ഥാനങ്ങളും ജനങ്ങള്‍ക്ക് വേണ്ടിയെന്നാണല്ലോ – പരസ്പരം സമ്മതിക്കില്ലെങ്കിലും ) തങ്ങളുടേതായ രീതിയില്‍ അടിച്ചേല്പ്പിക്കാനിറങ്ങുക ഒരു സിവിലൈസ്ഡ് സമൂഹത്തിനു യോജിക്കുന്നതാണെന്ന് തോന്നുന്നില്ല.

    അടുത്ത ഒരു ആരോപണമുണ്ട്, അരാഷ്ട്രീയവാദികളാണെന്ന് . ഹര്‍ത്താലിലൂടെ ജനജീവിതം സ്തംഭിപ്പിച്ചും പൊതുമുതല്‍ തല്ലിത്തകര്‍ത്തും ഭീഷണികള്‍ മുഴക്കിയും ഉള്ള അഴിഞ്ഞാട്ടങ്ങള്‍ എന്തോ മികച്ച ജനാധിപത്യ-രാഷ്ട്രീയപ്രവര്‍ത്തനം ആണു എന്ന തെറ്റിദ്ധാരണ തലയില്‍ കയറിയത് കൊണ്ടായിരിക്കണം ഈ അരാഷ്ട്രീയവാദ ആരോപണം.

    രാഷ്ട്രീയബോധമുള്ള, പ്രതികരണശേഷിയുള്ള, ഭരണകൂടങ്ങള്‍ക്കെതിരെ, അവരുടെ തെറ്റായ നിലപാടുകള്‍ക്കെതിരെ ശബ്ദിക്കുന്ന സമൂഹം തന്നെയാണു നമുക്ക് വേണ്ടത്. എന്നാല്‍ പ്രതികരണങ്ങള്‍ക്ക് ഒരു മനുഷ്യമുഖമുണ്ടാവണം, പ്രതികരണങ്ങള്‍ മനുഷ്യപക്ഷത്തുനിന്ന് കൊണ്ടാവണം. ഹര്‍ത്താല്‍ അപ്രകാരം എങ്ങനെയാണൊരു പ്രതിഷേധമാര്‍ഗമാവുന്നതെന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല ( പ്രായം കൂടിത്തുടങ്ങിയതിന്റെയാവാം )

    എനിക്ക് വ്യക്തമായ സംഘടനാരാഷ്ട്രീയമുണ്ട് (അന്നും ഇന്നും). ഞാന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഹര്‍ത്താലിനോടും എനിക്ക് ഇതേ നിലപാട് തന്നെയാണു. ജനങ്ങളെക്കൂടി, അവരുടെ ദൈനംദിന ജീവിതത്തെക്കൂടി പരിഗണിക്കുന്നതരത്തിലുള്ള പ്രതിഷേധമാര്‍ഗങ്ങള്‍ ഉരുത്തുരിഞ്ഞ് വരട്ടെ എന്ന് ആശിക്കാം

  2. ഈ വിശദീകരണം എന്തായാലും നന്നായി. സംഘടിതശക്തിയുപയോഗിച്ച് വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കാതെ ഹർത്താലുകൾ നടത്തുന്നവർ ജനങ്ങളെ ബന്ദികളാക്കുകയാണ് ചെയ്യുന്നത്.

  3. “തിരുവോണത്തിനും വിഷുവിനും വാഹനം കിട്ടാതെ അലയുന്നവരെ SAY NO TO ONAM പറഞ്ഞ് സഹായിക്കാറുണ്ടോ ? ”

    ഹഹഹ.. റഷ്യാക്കാരന്റെ ബോധമില്ലായ്മ മനസ്സിലാക്കാൻ ഈയൊരു ഒറ്റ വാചകം മതി !
    എന്തായാലും നേതാക്കന്മാർക്ക് പേടി വേണ്ട .. ഇത് പോലെ തലതിരിഞ്ഞവന്മാര് വളർന്നു വരുന്നുണ്ടല്ലോ..

  4. Dear Manoj,

    Thanks for the time and effort you are putting in for the group, hats off.

    I’d read sometime back a write up on how to conduct a model Harthal. Missed to save it to refer latter.

    Please see if you, or anyone in the group, could inbox me the link for the same.

    It seems I’m the only member in Wayanad in the SNH group. Trying to get more people on board and form and unit when we have enough members in the district.

    That write up was really good one.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>