ഇന്ന് ലോകസഞ്ചാരദിനം പ്രമാണിച്ച്, രാജസ്ഥാനിലെ സർക്കാർ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം പ്രവേശനം സൗജന്യമാണ്. ഭാഗിയുടെ എ.സി. ശരിയാക്കേണ്ടതുണ്ട്. പക്ഷേ ലോക സഞ്ചാരദിനം പ്രമാണിച്ച് സഞ്ചരിക്കാതിരിക്കുന്നത് എങ്ങനെ? അങ്ങനെ പല കാരണങ്ങളാൽ ഭാഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് നാളത്തേക്ക് മാറ്റി.
അമർ കോട്ടയിലേക്കുള്ള വഴിയിൽ, ഏകദേശം ഒന്നര കിലോമീറ്റർ മുന്നേ ഇടത്തേക്ക് തിരിഞ്ഞ് നാല് കിലോമീറ്ററോളം സഞ്ചരിച്ചാൽ, ജയ്ഗഡ് കോട്ടയിലെത്താം. അങ്ങോട്ട് എത്തുന്നതിന് തൊട്ടുമുമ്പ് വഴിയിൽ രണ്ട് ഗൈഡുകൾ കൈ കാണിച്ചു. അതിൽ ഒരാളെ ഞാൻ കൂടെ കൂട്ടി. കാലുറാം ഗുജാർ, അതാണ് അദ്ദേഹത്തിന്റെ പേര്. 200 രൂപയാണ് ഒന്നരമണിക്കൂർ സേവനത്തിന് അദ്ദേഹത്തിന്റെ നിരക്ക്.
അമർ കോട്ടയെ പോലെ തന്നെ വലിയ കോട്ട ആയതുകൊണ്ട് ഒരുപാട് ചരിത്രവും കഥകളുമുണ്ട് ജയ്ഗഡ് കോട്ടയ്ക്കും.
* മിർസ രാജാ ജയ് സിങ്ങ് ആണ് 1726ൽ ജയ്ഗഡ് കോട്ട ഉണ്ടാക്കിയത്.
* വിക്റ്ററി ഫോർട്ട് എന്നും ഇതിന് പേരുണ്ട്.
* അമർ കോട്ടയിൽ നിന്ന് 2 കിലോമീറ്റർ മുകളിലേക്ക് അരാവല്ലി മലനിരയിലൂടെ നടന്നാൽ ജയ്ഗഡ് കോട്ടയിൽ എത്താം.
* അമർ കോട്ടയിൽ നിന്നും 400 മീറ്റർ ഉയരത്തിലാണ് ജയ്ഗഡ് കോട്ട.
* അമർ കോട്ട രാജകുടുംബങ്ങൾക്ക് താമസിക്കാൻ വേണ്ടിയുള്ള കൊട്ടാരത്തോടുകൂടി ആയിരുന്നെങ്കിൽ ജയ്ഗഡ് കോട്ട, പട്ടാള ആവശ്യങ്ങൾക്ക് വേണ്ടി ഉള്ളതായിരുന്നു.
* അരാവല്ലി മലനിരകളിലെ മഴവെള്ളം ശേഖരിച്ച് ശുദ്ധീകരിച്ച് സംഭരിക്കാനുള്ള 40 അടിയോളം ആഴമുള്ള വലിയ ജലസംഭരണികളാണ് ജയ്ഗഡ് കോട്ടയുടെ ഒരു വലിയ പ്രത്യേകത.
* മൂന്ന് കിലോമീറ്റർ നീളത്തിലും ഒരു കിലോമീറ്റർ വീതിയിലും കോട്ട പരന്ന് കിടക്കുന്നു.
* ലോകത്തിലെ ഏറ്റവും വലിയ പീരങ്കി എന്ന് കരുതപ്പെടുന്ന ‘ജയ് വാണ’ ഈ കോട്ടയുടെ മുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
* ജയ്ഗഡ് കോട്ടയിലെ കൊടിമരത്തിലുള്ള രണ്ട് പതാകകളിൽ മുകളിലത്തെ പതാക കാണുന്നില്ലെങ്കിൽ അതിനർത്ഥം ജയ്പൂർ രാജാവ്, ജയ്പൂർ നഗരത്തിൽ ഇല്ല എന്നാണ്.
* ഒരു അത്യാവശ്യ സമയത്ത് സുരക്ഷയുടെ ഭാഗമായി അമർ കോട്ടയിൽ നിന്നും രാജകുടുംബാംഗങ്ങൾക്ക് മാറി നിൽക്കേണ്ടി വന്നാൽ അതിനുള്ള കൊട്ടാര സൗകര്യങ്ങളെല്ലാം ജയ്ഗഡ് കോട്ടയിലും ഉണ്ട്.
* അമര്‍ കോട്ട ഇപ്പോൾ സർക്കാരിന്റെ കൈവശമാണെങ്കിൽ, ജയ്ഗഡ് കോട്ട ഇപ്പോഴും രാജ കുടുംബത്തിന്റെ ട്രസ്റ്റിന്റെ അതീനതയിലാണ്. അതുകൊണ്ടുതന്നെ ലോക സഞ്ചാരദിനം ആയിട്ടും ജയ്ഗഡ് കോട്ടയിലെ പ്രവേശനം സൗജന്യമായിരുന്നില്ല.
കോട്ടയിൽ എന്നെ അമ്പരപ്പിച്ചത്, ‘ജയ് വാണ’ എന്ന കൂറ്റൻ പീരങ്കി തന്നെയാണ്. നിർമ്മിച്ചതിനുശേഷം പരീക്ഷിച്ച് നോക്കാൻ വേണ്ടി ഒരേയൊരു പ്രാവശ്യമാണ് അത് നിറയൊഴിച്ചിട്ടുള്ളത്. 50 കിലോഗ്രാം ആണ് അതിലെ പീരങ്കി ഉണ്ടയുടെ ഭാരം. 100 കിലോഗ്രാം വെടിമരുന്ന് നിറക്കുകയും ചെയ്യും. പരീക്ഷണാർത്ഥം അത് പൊട്ടിച്ചപ്പോൾ, വെടിമരുന്ന് തിരിക്ക് തീകൊളുത്തിയത്, മുപ്പതോളം അടി താഴ്ച്ചയിലുള്ള ജലാശയത്തിൻ്റെ ഭാഗത്ത് നിന്നാണ്. തിരിക്ക് തീ കൊളുത്തിയവർ രണ്ട് പേർ, അതിനുശേഷം വെള്ളത്തിലേക്ക് ഊളിയിട്ടു. പീരങ്കി പൊട്ടുന്ന ശബ്ദം അത്ര ഭയാനകമാണെന്ന് ഉറപ്പായിരുന്നു. അങ്ങനെ ചെയ്തിട്ട് പോലും, പീരങ്കിക്ക് തിരി കൊളുത്തിയ രണ്ടുപേരും അബോധാവസ്ഥയിലാണ് ജലാശയത്തിൽ നിന്നും പൊങ്ങിവന്നത്.
150 രൂപയാണ് പ്രവേശന ടിക്കറ്റ് നിരക്ക്. 200 രൂപയുടെ ടിക്കറ്റ് എടുത്താൽ വാഹനം അകത്തേക്ക് ഓടിച്ച് കോട്ടയ്ക്കുള്ളിൽ കറങ്ങാം. ആ സൗകര്യം ഭാഗി വേണ്ടെന്ന് വെച്ചില്ല.
ഉച്ചഭക്ഷണം ഞാൻ കോട്ടയ്ക്കുള്ളിലെ റസ്റ്റോറന്റിൽ നിന്ന് കഴിച്ചു. കോട്ടയ്ക്കുള്ളിലുള്ള ഒരു വലിയ സോവനീർ കടയിൽ, സ്വസ്ഥമായി സാധനങ്ങൾ കാണാൻ സമ്മതിക്കാതെ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണുള്ളത്. ഞാൻ പെട്ടെന്ന് തന്നെ അവിടുന്ന് സ്ഥലം വിട്ടു. അത്രയും പണം ലാഭം.
പിന്നെയുള്ളത് ആയുധ ശേഖരണങ്ങളുടെ പ്രദർശനവും കോട്ടയുടെ ചരിത്രം പ്രദർശിപ്പിക്കുന്ന ഗാലറിയും കൊട്ടാരത്തിന്റെ ഭാഗങ്ങളുമാണ്.
ആ ഭാഗം കഴിഞ്ഞാൽ അമർ കോട്ടയിലേക്ക് നടക്കാനുള്ള വഴിയിലേക്ക് ചെന്നെത്തും. രണ്ട് കിലോമീറ്റർ ദൂരമുണ്ട് അമർ കോട്ടയിലേക്ക്. അതൊരു നല്ല നടത്തമാണ്, അഥവാ ട്രെക്കിങ്ങ് ആണ്. ഞാൻ ആ വഴി നടന്ന് അമർ കോട്ട വരെ ചെന്ന് തിരികെ വീണ്ടും ജയ്ഗഡ് കോട്ടയിൽ എത്തി. ലോക സഞ്ചാരദിനം പ്രമാണിച്ച് ഒരു കോട്ടയിൽ നിന്ന് മറ്റൊരു കോട്ടയിലേക്ക് ഒരു നടത്തം. ഇനി അങ്ങനെയൊരു ദിനം അല്ലെങ്കിൽ കൂടെ, ഒരു കോട്ടയിൽ നിന്ന് മറ്റൊരു കോട്ടയിലേക്ക് നടന്ന് പോകാൻ മാത്രം അകലത്തിൽ രണ്ട് കോട്ടകൾ ഉള്ളതും അത് സന്ദർശിക്കുന്നതും ആദ്യമായിട്ടാണ്. ലോക സഞ്ചാരദിനം അർത്ഥവത്തായി എന്ന് തന്നെ പറയാം.
അത്താഴം നേരത്തെ കഴിച്ച് ആറര മണിയോടെ ഞാൻ മഞ്ജുവിന്റെ കോർട്ടേഴ്സിൽ തിരികെ എത്തി. ജയ്പൂർ നഗരത്തിൽ വാഹനമോടിക്കുന്നത് വലിയ കഷ്ടം തന്നെയാണ്. മറ്റേതെങ്കിലും രാജസ്ഥാൻ പട്ടണങ്ങളിൽ എനിക്ക് ഇത്രയും ബുദ്ധിമുട്ട് തോന്നിയിട്ടില്ല. പുഴുക്കളെ പോലെയാണ് തലങ്ങും വിലങ്ങും വാഹനങ്ങൾ പായുന്നത്. റൗണ്ട് എബൗട്ടിൽ എതിർ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങളെ പോലും കാണാൻ കഴിഞ്ഞു. ഓട്ടോറിക്ഷയുടെ പകുതി വീതിയുള്ള എട്ടുപേർക്ക് വരെ വേണമെങ്കിൽ സഞ്ചരിക്കാവുന്ന ഇലക്ട്രിക് ഓട്ടോ ഒരെണ്ണം നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. അത്രയും അപകടം പിടിച്ചതും വകതിരിവില്ലാത്തതുമായ മറ്റൊരു വാഹനം ഇന്ത്യൻ നിരത്തിൽ ഇനി വരാനില്ലെന്ന് തോന്നുന്നു. മടക്കയാത്രയിൽ അത്തരത്തിൽ ഒരു ഓട്ടോ, ഭാഗിയുടെ മൂട്ടിൽ കൊണ്ടുവന്ന് ഇടിച്ചു. ഭാഗിയുടെ ശരീരം നല്ല ഉറപ്പുള്ളത് ആയതുകൊണ്ട് ചളുങ്ങിയത് മേൽപ്പടി ഓട്ടോ തന്നെ.
നാളെ എനിക്ക് അവധി ദിനമാണ്. ഭാഗിയെ ആശുപത്രിയിൽ കൊണ്ട് പോവുകയും വേണം. മറ്റന്നാൾ നഗർഗഡ് കോട്ടയിലേക്കാണ് യാത്ര.
ശുഭരാത്രി കൂട്ടുകാരെ…