പ്രധാനമന്ത്രിക്ക് ‘രാജ്യദ്രോഹികളു‘ടെ നിവേദനം


താഴെക്കാണുന്ന നിവേദനം കത്ത് രൂപത്തിൽ പ്രധാനമന്ത്രിക്ക് എഴുതിയവർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റത്തിന് കേസ് ചാർജ്ജ് ചെയ്തിരിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ മുതൽ മണിരത്നം വരെയും സുമിത് സർക്കാർ മുതൽ പ്രിയ ചക്രബോർത്തി വരെയുമുള്ള 49 സെലിബ്രിറ്റികൾക്കെതിരെ മാത്രമുള്ള ഒരു കേസായി ഇത് ഒതുങ്ങാൻ പാടില്ല.

222a

സാധാരണക്കാരായ നമ്മൾ ഓരോരുത്തരും ഇങ്ങനെയൊരു കത്ത് തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ പ്രധാനമന്ത്രിക്ക് എഴുതാൻ അവകാശമുള്ളവരാണ്. ജനാധിപത്യത്തിൽ രാജാവിന്റെ സ്ഥാനം നമ്മൾ ജനങ്ങൾക്കാണ് എന്നതുതന്നെ കാരണം. നമ്മൾ രാജാവും ബാക്കിയുള്ളവരൊക്കെ പ്രധാനമന്ത്രി, മുഖ്യമന്ത്രി, സഹമന്ത്രിമാർ എന്നിങ്ങനെ നമുക്ക് താഴെയുള്ള പദവികൾ കൈയ്യാളാനായി നമ്മൾ തിരഞ്ഞെടുത്തവരും മാത്രമാണ്.

ആയതിനാൽ മേൽ‌പ്പറഞ്ഞ സെലിബ്രിറ്റികൾ നമ്മുടെ പ്രധാനമന്ത്രിക്ക് എഴുതിയ ആ നിവേദനം ഈ ഓൺലൈൻ സ്പേസിലൂടെ ഞാനും എടുത്തെഴുതുന്നു. രാജ്യദ്രോഹക്കുറ്റം ചാർത്തി തുറുങ്കിലടക്കുകയോ ഗളച്ചേദം നടത്തുകയോ ആവാം. രാജ്യത്തിന്റെ ഗതിയിൽ ആശങ്കപ്പെട്ട് ഒരു കത്ത് നമ്മുടെ പ്രധാനമന്ത്രിക്ക് എഴുതിയാൽ, രാജ്യദ്രോഹിയാകുന്നതിലും എത്രയോ ഭേദമാണത്.
———————————————————
To,

ശ്രീ നരേന്ദ്രദാമോദർ മോഡി
ഇന്ത്യൻ പ്രധാനമന്ത്രി

പ്രിയ പ്രധാനമന്ത്രിക്ക്….

സമാധാന പ്രിയരും ഇന്ത്യക്കാരെന്ന നിലയിൽ അഭിമാനിക്കുന്നവരുമായ ഞങ്ങൾ അടുത്ത കാലത്തായി നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന ദാരുണ സംഭവങ്ങളിൽ അത്യന്തം ആശങ്കാകുലരാണ്.

ഇന്ത്യയെ ഒരു മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപ്പബ്ലിക്ക് എന്ന രീതിയിലാണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത്. മത-വംശം-ജാതി-ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാരും ഇവിടെ തുല്യരുമാണ്. ആയതിനാൽ ഒരോ ഇന്ത്യക്കാരനും ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങൾ ലഭ്യമാകുന്നതിന് വേണ്ടിയാണ് ഞങ്ങളുടെ ഈ നിവേദനം:

(1). ആൾക്കൂട്ട ആക്രമണങ്ങളിൽ പെട്ട് ഇന്ത്യയിലെ മുസ്ലീം-ദളിത് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട ആളുകൾ കൊലചെയ്യപ്പെടുന്ന സ്ഥിതിവിശേഷം എത്രയും പെട്ടന്ന് അവസാനിപ്പിക്കപ്പെടേണ്ടതാണ്. NCRB (National Crime Records Bureau) യുടെ 2016 വർഷത്തെ കണക്കുകൾ പ്രകാരം 840തിൽ കുറയാത്ത അതിക്രമങ്ങൾ ദളിതർക്കു നേരെ നടന്നിട്ടുണ്ട്. എന്നാൽ അതേ വർഷം തന്നെ ആ വിഷയത്തിൽ കുറ്റം ചുമത്തപ്പെട്ടവരുടെ എണ്ണം തുലോം കുറവാണുതാനും! കൂടാതെ മതപരമായ വെറിയുടെ പേരിൽ മാത്രം 2009 ജനവരി ഒന്നിനും 2018 ഒക്റ്റോബർ 29 നും ഇടയിൽ 254 കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. അതിൽ 91 പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുകയും 579 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിരിക്കുന്നു. (Fact Checker.in database (Oct.30, 2018) The citizens religious hate Crime watch രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയുടെ ജനസംഖ്യയിൽ 14% വരുന്ന മുസ്ലിങ്ങളായിരുന്നു 62% ത്തോളം വരുന്ന കേസുകളിലും ഇരയാക്കപ്പെട്ടവർ എന്നും ജനസംഖ്യയിലെ 2% വരുന്ന ക്രിസ്ത്യൻ മതവിഭാഗത്തിൽപ്പെട്ടവരായിരുന്നു 14% ത്തോളം കേസുകളിലേയും ഇരകൾ എന്നുമാണ്.

താങ്കളുടെ സർക്കാർ ദേശീയ തലത്തിൽ അധികാരമേറ്റ് 2014 മേയ് 14 ന് ശേഷമാണ് ഈ ആക്രമണങ്ങളിൽ 90% നടന്നത് എന്നതാണ് വസ്തുത. ജനങ്ങളുടെ പരമാധികാര സഭയിൽ (Parliament) ഇന്ത്യൻ പ്രധാനമന്ത്രിയെന്ന രീതിയിൽ താങ്കൾ ഇത്തരം അതിക്രമങ്ങളെ അപലപിച്ചിട്ടുണ്ട്, എന്നാൽ അത് മാത്രം മതിയാവില്ല! ഇത്തരം അതിക്രമങ്ങൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെ ഇതേവരെയും എന്തു നടപടിയുണ്ടായി?

ഇത്തരം നിയമലംഘകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പുറപ്പെടുവിക്കുകയും മാതൃകാപരമായ ശിക്ഷാ നടപടികൾ വേഗത്തിലും നിർബന്ധിതമായും നടപ്പാക്കേണ്ടതാണെന്നും ഞങ്ങൾ നിശ്ചയമായും കരുതുന്നു. കൊലപാതകങ്ങൾക്ക് പരോളില്ലാത്ത ജീവപര്യന്തം ഇവിടെ ശിക്ഷാവിധിയാണെന്നിരിക്കേ, അതിലും പൈശാചികമായ ആൾക്കൂട്ട ആക്രമണകൾക്ക് അത് എന്തുകൊണ്ട നൽകിക്കൂടാ? ഖേദകരമെന്നു പറയട്ടെ “ജയ് ശ്രീറാം” എന്നത് പ്രകോപനപരമായ ഒരു യുദ്ധകാഹളമാകുകയും നിരവധി ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന ഒന്നായി അത് മാറുകയും അതിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുന്നു. മതത്തിന്റെ പേരിൽ ഇത്രയും ആക്രമണങ്ങൾ നടക്കുന്നു എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്!

ഇത് മധ്യകാലഘട്ടമല്ല! “റാം” എന്നത് ഇന്ത്യയിലെ ഭൂരിപക്ഷ സമുദായങ്ങളിൽ പെട്ട പലർക്കും ഒരു പരിശുദ്ധ നാമമാണ്. ഈ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണത്തലവൻ എന്ന രീതിയിൽ, രാമനാമം ഇത്രയും മലിനമാക്കപ്പെടുന്നത് താങ്കൾ ഇടപെട്ട് അവസാനിപ്പിക്കണം.

(2). വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യ മില്ല. സർക്കാരിനെ വിമർശിക്കുന്നവരെ ‘ദേശദ്രോഹികളായും’ ‘നാഗരിഗ നക്സ് ലൈറ്റുകളാ’യും മുദ്രകുത്തി തടവിലിടേണ്ടതില്ല. ഇന്ത്യൻ ഭരണഘടനയുടെ Article 19 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള അഭിപ്രായ/ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ‘വിയോജിപ്പുകൾ’എന്നത് നിശ്ചയമായും ഒരു അവിഭാജ്യ ഘടകമാണ്. ഭരിക്കുന്ന പാർട്ടിയെ വിമർശിക്കുക എന്നത് രാജ്യത്തെ വിമർശിക്കുന്നതാവില്ല. അധികാരത്തിലിരിക്കുന്ന ഒരു പാർട്ടിയും രാജ്യമെന്നതിന് സമാനപദമാവുകയുമില്ല. മറിച്ച് അത് ആ രാജ്യത്തെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ ഒന്നു മാത്രമേ ആവുകയുള്ളൂ.

അതിനാൽ തന്നെ ഭരിക്കുന്ന സർക്കാരിനെതിരെയുള്ള വിമർശനങ്ങളെ ദേശവിരുദ്ധ വികാരങ്ങളുമായി കൂട്ടിയിണക്കാവുന്നതുമല്ല. നമ്മുടെ രാജ്യത്തിന്റെ ഭാവി ഭാഗധേയത്തിൽ ആശങ്കാകുലരും ആകാംക്ഷയുള്ളവരുമായ യഥാർത്ഥ ഇന്ത്യക്കാർ എന്ന അർത്ഥത്തിൽ മാത്രം ഞങ്ങളുടെ നിർദേശങ്ങൾ പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

സൗഖ്യം നേർന്നുകൊണ്ട്,
വിശ്വസ്തതയോടെ

മനോജ് രവീന്ദ്രൻ നിരക്ഷരൻ
ഒപ്പ്
കുത്ത്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>