കൊച്ചിയിലെ ഒരു ‘പ്രമുഖ’ ആശുപത്രിയുടെ രജിസ്ട്രേഷൻ ഫോം കാണുക. ഇതിൽ എന്തിനാണ് Religion എന്ന ഒരു കോളം ? മരുന്ന് കൊടുക്കുമ്പോൾ ജാതി മതം തിരിച്ച് കൊടുക്കാനാണോ ? അതോ വെവ്വേറെ ജാതിമതക്കാർക്ക് ഇൻജക്ഷനുകളും ശസ്ത്രക്രിയാ ഉപകരണങ്ങളും വെവ്വേറെയാണോ ? അതുമല്ലെങ്കിൽ ഒരു മതവിഭാഗക്കാരനെ ചികിത്സിക്കാൻ അതേ മതക്കാരായ ഡോൿടർമാരേയും നഴ്സുമാരേയും ഏർപ്പാടാക്കാനാണോ ?
ജാതിയുടേയും മതത്തിന്റേയും പേരിൽ തൊട്ടുകൂടായ്മയും തീങ്ങിക്കൂടായ്മയും ഉണ്ടായിരുന്ന കാലത്തേക്കാളും കൂടുതൽ മനുഷ്യത്വരഹിതമായ സംഭവങ്ങൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന കാലമാണിത്. മറുവശത്ത് ഇതിനൊക്കെ എതിരെ സ്ക്കൂൾ അപേക്ഷാ ഫോമിൽ പോലും ജാതിയും മതവും ഒഴിവാക്കണമെന്ന് നല്ല ശബ്ദങ്ങൾ ഉയരുന്നുമുണ്ട്. സ്ക്കൂളിൽ എന്തെങ്കിലും വിദ്യാഭ്യാസ ഇളവുകളെങ്കിലും കിട്ടുന്നവർക്ക് വേണ്ടിയാണ് ആ കോളമെന്ന് ആശ്വസിക്കാം. അങ്ങനെയല്ലല്ലോ ആതുരാലയങ്ങൾ.
ഹിന്ദുവിന്റെ കിഡ്ണി ക്രിസ്ത്യാനിക്ക് വെച്ചെന്നും മുസ്ലീമിന്റെ കരൾ ഹിന്ദുവിന് വെച്ചെന്നും പരസ്യ ബോർഡുകൾ തൂക്കി നിങ്ങളുടെ കച്ചവടം ഉഷാറാക്കാനല്ലാതെ ഈ കോളം കൊണ്ട് മനുഷ്യരാശിക്ക് വേറെന്തെങ്കിലും ഗുണമുണ്ടെന്ന് തോന്നുന്നില്ല.
അതുകൊണ്ട് അടുത്ത പ്രാവശ്യമെങ്കിലും അപേക്ഷാഫോം അച്ചടിക്കുമ്പോൾ റിലീജിയൻ എന്ന ആ അശ്ലീലം അതിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡോ:വി.പി.ഗംഗാധരനെപ്പോലുള്ള ഒരാൾ ജോലി ചെയ്യുന്ന ലേയ്ക്ക്ഷോർ ആശുപത്രിക്ക് ഇത്തരത്തിലൊരു കോളം തെല്ലും ഭൂഷണമല്ല.
————————————————————-
മേൽക്കാണുന്ന ഒരു കുറിപ്പ് 2017 മെയ് 31ന് ഫേസ്ബുക്കിലാണ് ഞാൻ എഴുതിയിട്ടത്. അതിനെ കീഴെ വന്ന ചില അഭിപ്രായങ്ങളുടെ അടുസ്ഥാനത്തിൽ താഴെക്കാണുന്നത് പ്രകാരമുള്ള കൂട്ടിച്ചേർക്കൽ നടത്തി ഇവിടെയും പബ്ലിഷ് ചെയ്യുന്നു. ഇന്നേക്ക് 730 അധികം പേർ ഫേസ്ബുക്കിൽ ആ പോസ്റ്റ് ഷെയർ ചെയ്തതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്തൊക്കെ കാരണങ്ങൾ ഉണ്ടെങ്കിലും അത്രയും പേരെങ്കിലും ആശുപത്രിയിൽ മതം വെളുപ്പെടുത്തേണ്ടതില്ല എന്ന പക്ഷക്കാരാണ് എന്നാണ്.
————————————————————-
ഫേസ്ബുക്ക് പോസ്റ്റിന് കീഴെ വന്ന ചില കമന്റുകളിൽ നിന്ന് മനസ്സിലാക്കാനായത് ഇപ്രകാരമാണ്. രോഗി പെട്ടെന്ന് മരണമടഞ്ഞാൽ അയാൾക്ക് അതിന് മുന്നേ പ്രാർത്ഥന കൊടുക്കാനുള്ള സൌകര്യമുണ്ടായില്ലെങ്കിൽ ബന്ധുക്കൾ പ്രശ്നമുണ്ടാക്കാറുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആശുപത്രിക്കാർ കണക്ക് കൊടുക്കേണ്ട ആവശ്യത്തിലേക്കും മതം അറിയണമത്രേ. ചില സർവ്വേകൾക്ക് (എന്തൊക്കെ സർവ്വേ എന്ന് പിടികിട്ടിയിട്ടില്ല) വേണ്ടി മതം അറിയേണ്ടത് ആവശ്യമാണ് പോലും. സർക്കാരിന്റെ മറ്റ് കണക്കുകൾക്ക് വേണ്ടിയും മതം ആവശ്യമായി വന്നേക്കാം എന്നും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് മതം എന്ന കോളം വെച്ചിരിക്കുന്നതത്രേ. ലേയ്ക്ക് ഷോറിൽ മാത്രമല്ല മറ്റ് ആശുപത്രികളിലും ഇതേ സമ്പ്രദായം ഉള്ളതായി മനസ്സിലാക്കാനായി.
ജാതിയും മതവും ഒന്നും ചോദിക്കരുത് പറയരുത് എന്ന നവോത്ഥാന മുദ്രാവാക്യങ്ങളുടെ പേരിൽ ഊറ്റം കൊള്ളുന്ന ഒരു സംസ്ഥാനത്തെ ജനങ്ങൾക്ക് ഇങ്ങനൊരു അവസ്ഥയുണ്ടെങ്കിൽ അത് വേദനയുളവാക്കുന്നതും പരിതാപകരവുമാണ്. അപേക്ഷാ ഫോമിൽ മതം പൂരിപ്പിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഏവർക്കുമുണ്ട്. മതം എഴുതിയില്ല എന്നുവെച്ച് ചികിത്സ നിഷേധിക്കപ്പെടുകയില്ല. എല്ലാവരും മതം എഴുതാതെ ആകുമ്പോൾ സ്വാഭാവികമായും ഇല്ലാതായിപ്പോകാനുള്ളതേയുള്ളൂ ഈ അശ്ലീലം.
വാൽക്കഷണം :- കാൽമുട്ടിന് സ്ഥിരമായുണ്ടാകുന്ന വേദന കണ്ടുപിടിക്കാൻ ലേയ്ക്ക്ഷോർ ആശുപത്രിയിൽ ചെന്നപ്പോളാണ് എനിക്കീ അപേക്ഷാഫോം കിട്ടിയത്. മതം എന്ന കോളത്തിൽ ‘എന്നാത്തിനാ പുംഗവന്മാരേ’ എന്ന് പൂരിപ്പിക്കണമെന്നാണ് ആഗ്രഹമുണ്ടായിരുന്നതെങ്കിലും കോൺവെന്റിൽ പഠിക്കുന്ന കാലത്ത് കന്യാസ്ത്രിയമ്മ പഠിപ്പിച്ചുതന്ന ആശയടക്കൽ എന്ന മാർഗ്ഗം ഉപയോഗിച്ച് അങ്ങനെ പൂരിപ്പിക്കുന്നതിന് പകരം രണ്ട് ചോദ്യച്ചിഹ്നമാണ് ഞാൻ വരച്ചുവെച്ചത്. മതം എഴുതാത്തതിന്റെ പേരിൽ ചികിത്സ നിഷേധിച്ചാൽ മുട്ടുവേദന ഞാനങ്ങ് സഹിക്കും.