കായികം

HMT ഹിൽ റേസ് & കൊച്ചി – കന്യാകുമാരി BRM 600


മെട്രോ കൂടെ യാഥാർത്ഥ്യമായതോടെ കൊച്ചി പഴയ കൊച്ചിയല്ലെന്ന് എല്ലാവർക്കും ബോദ്ധ്യപ്പെട്ടിരിക്കുകയാണല്ലോ. പക്ഷേ, പഴയ കൊച്ചിയും പുതിയ കൊച്ചിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നറിയണമെങ്കിൽ പുതിയ കൊച്ചിയിൽ നടക്കുന്ന പുതിയ പുതിയ കാര്യങ്ങൾ കൂടെ മനസ്സിലാക്കേണ്ടതുണ്ട്.

സൈക്കിളിങ്ങ് എന്ന കായികാഭ്യാസത്തെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. കൊച്ചിയുടെ തെരുവുകളിൽ  കൃത്യമായ സൈക്കിളിങ്ങ് വസ്ത്രവും ഹെൽ‌മെറ്റുമൊക്കെ ധരിച്ച സൈക്കിളിസ്റ്റുകളെ ധാരാളമായി കാണാൻ തുടങ്ങിയിരിക്കുന്നു എന്നത് മാറിയ കൊച്ചിയുടെ ഒരു പുതിയ മുഖം തന്നെയാണ്. പ്രായഭേദമെന്യേ, ലിംഗഭേദമെന്യേ ഒരുപാട് പേർ സൈക്കിളിങ്ങ് ഒരു കായിക വിനോദമായി സ്വീകരിച്ചുകഴിഞ്ഞു. സൈക്കിളിങ്ങിന് പറ്റിയ റോഡുകളും സൌകര്യങ്ങളും നമുക്കുണ്ടോ എന്ന ആശങ്ക നിലനിൽക്കെത്തന്നെ, ഉള്ള സൌകര്യത്തിൽ ഇതെല്ലാം ചെയ്യണമെന്ന ഇച്ഛാശക്തി തന്നെയാണ് സൈക്കിളിസ്റ്റുകൾ കാണിക്കുന്നത്.

44

ഈ കഴിഞ്ഞ 8 ദിവസത്തിനുള്ളിൽ ഞാൻ കൂടെ അംഗമായ കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ് കൊച്ചിയിൽ സംഘടിപ്പിച്ച വ്യത്യസ്തമായ രണ്ട് സൈക്കിളിങ്ങ് പരിപാടികളെപ്പറ്റി പറയാനാണ് ഇത്രയും വളച്ചുകെട്ടേണ്ടി വന്നത്. ഇനി വിഷയത്തിലേക്ക് കടക്കുന്നു.

HMT ഹിൽ റേസ് – 2 ജൂലായ് 2017
—————————————————
നാഷണൻ ഹിൽ ക്ലൈംബ് ചാമ്പ്യൻഷിപ്പ് എന്ന പേരിൽ ജൂലായ് 2ന് കളമശ്ശേരി HMT റോഡിൽ കൊച്ചിൻ ബൈക്കേർസ് ക്ലബ്ബ് സംഘടിപ്പിച്ച HMT ഹിൽ റേസ് മത്സരമാണ് ആദ്യത്തെ പരിപാടി.

1

750 മീറ്റർ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുകളിലേക്ക് ചവിട്ടിക്കയറ്റുക എന്നതാ‍യിരുന്നു മത്സരം. 5000, 3000, 2000 രൂപ വീതം ആദ്യത്തെ 3 സ്ഥാനങ്ങളിലെത്തുന്നവർക്ക് സമ്മാനം നൽകി. മാത്രമല്ല ഇതിൽ നിന്ന് കിട്ടുന്ന പോയന്റുകൾ ഇനി വരുന്ന ഹിൽ ക്ലൈംബ് ഇനങ്ങളിലേക്ക് മുതൽക്കൂട്ടാകുകയും ചെയ്യും. 16 മുതൽ 30 വയസ്സ് വരെയുള്ള ഒരു വിഭാഗവും 31 വയസ്സിന് മുകളിൽ മറ്റൊരു വിഭാഗവും പങ്കെടുത്തു. മത്സരാർത്ഥികളുടെ ഓരോരുത്തരുടെയും വ്യക്തിഗതമായ സമയം രേഖപ്പെടുത്തിയാണ് വിജയികളെ തീരുമാനിച്ചത്.

12

             വിജയികളും അവരുടെടുത്ത സമയവും

National University of Advanced Legal Studies (NUALS) ന്റെ ക്യാമ്പസാണ് വേദിയായി പ്രയോജനപ്പെടുത്തിയത്. KOEL പ്രധാന സ്പോൺസറായിരുന്നു. 30 വയസ്സിന് താഴെയുള്ള വിഭാഗത്തിൽ കാർത്തിൿ കണ്ണൻ, ഫൈസൽ പി.ജെ. രഞ്ജിത്ത് എന്നിവർ യഥാക്രമം 1,2,3 സമ്മാനങ്ങൾ നേടിയപ്പോൾ, 31 വയസ്സിന് മുകളിലുള്ള വിഭാഗത്തിൽ സോൾവിൻ ടോം, നിക്സൺ ജോസഫ്, കെ.ഡി.ലെജു എന്നിവർ യഥാക്രമം 1, 2, 3 സമ്മാനങ്ങൾ നേടി. NUALS വൈസ് ചാൻസലർ ഡോ:റോസ് വർഗ്ഗീസ് എല്ലാവർക്കും സമ്മാനങ്ങളും മെഡലുകളും വിതരണം ചെയ്തു. ഒന്നാം സമ്മാനം നേടിയ വ്യക്തി 1 മിനിറ്റ് 26 സെക്കന്റ് സമയം കൊണ്ടാണ് 750 ,മീറ്റർ ചവിട്ടിക്കയറിയത്.

2ചില റേസ് ഒഫീഷ്യൽ‌സും വളണ്ടിയേർസും സൈക്കിളോട്ടക്കാരും

BRM 600 – കൊച്ചി –  കന്യാകുമാരി – കൊച്ചി 600 കി.മീ. റൈഡ് 
————————————————————————————————-
BRM അഥവാ ബ്രിവേ എന്താണെന്ന് ഒരിക്കൽ ഈ ലിങ്കിലുള്ള പോസ്റ്റിൽ വിശദമായി എഴുതിയിട്ടുണ്ട്. 600 കിലോമീറ്റർ ബ്രിവേ ചെയ്ത് തീർക്കേണ്ടത് 40 മണിക്കൂർ സമയം കൊണ്ടാണ്. ഒരു സീസണിൽ 200, 300, 400, 600 കിലോമീറ്റർ ബ്രിവേകൾ ചെയ്തുതീർക്കുന്നവർക്ക് SR (Super Randonneur) എന്ന പദവി ലഭിക്കും.

ജൂലായ് 8ന് രാവിലെ 05:30 ന് കലൂര് നിന്ന് ആരംഭിച്ച BRM 600, കലൂർ – കളമശ്ശേരി – കന്യാകുമാരി – കലൂർ എന്ന റൂട്ടിലാണ് പോകുന്നത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി 60 പേർ പങ്കെടുക്കുന്ന ഈ ബ്രിവേ ഇന്ന് രാത്രി 09:30 ന് കലൂർ ബൈക്ക് സ്റ്റോറിൽ സമാപിക്കും.

60 പേർ പങ്കെടുക്കുന്ന 600 കിലോമീറ്റർ റൈഡ് ദേശീയ തലത്തിൽത്തന്നെ വലിയ ഒരു ഇവന്റ് ആണ്. ഈ റൈഡ് കഴിയുന്നതോടെ 20 ൽ‌പ്പരം പേർ SR പദവി കൈവരിക്കുന്നു എന്നതും ചെറിയ കാര്യമല്ല.

എടുത്തുപറയാനുള്ള മറ്റൊരു പ്രത്യേകത, Tandem സൈക്കിളിൽ രണ്ടുപേർ ഈ ബ്രിവേ ചെയ്യുന്നു എന്നതാണ്. ബാഗ്ലൂർ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രക്കാരി മീര വേലാങ്കറും, ബാംഗ്ലൂരുകാരനായ മുഹമ്മദ് റാഫിയുമാണ് ടാൻഡം സൈക്കിളിൽ ഈ ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  രണ്ടാൾക്ക് ഇരിക്കാൻ പാകത്തിന് ഡിസൈൻ ചെയ്ത രണ്ട് ചക്രവും നാല് പെഡലുകളും 2 ഹാൻഡിലുകളും ഉള്ള സൈക്കിളാണ് ടാൻഡം സൈക്കിൾ. ഒറ്റയ്ക്ക് സൈക്കിൾ ചവിട്ടുന്നത് പോലെ അത്ര എളുപ്പമുള്ള കാര്യമല്ല ടാൻഡം സൈക്കിൾ ചവിട്ടുന്നത്. കയറുന്നതും ഇറങ്ങുന്നതും വളക്കുന്നതും തിരിക്കുന്നതുമൊക്കെ വളരെ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടിയിരിക്കുന്നു, ടാൻഡം സൈക്കിളിൽ.

34മീരയും റാഫിയും BRM 600 റൈഡിൽ

റാഫി 4 പ്രാവശ്യവും മീര 2 പ്രാവശ്യവും SR പദവി നേടിയിട്ടുണ്ട്. 2015 Half Iron Man/Lady എന്ന നേട്ടവും ലൈഫ് സയൻസിൽ ഡോൿടറേറ്റുള്ള മീര  സമ്പാദിച്ചിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ 1.9 കിലോമീറ്റർ നീന്തൽ, 90 കിലോമീറ്റർ സൈക്കിളിങ്ങ്,  21.1 കിലോമീറ്റർ (ഹാഫ് മാരത്തോൺ) ഓട്ടം എന്നിവ ചെയ്ത് നേടുന്നതാണ് ഹാഫ് അയേൺ മാൻ/ലേഡി എന്ന പട്ടം.

77മീരയും റാഫിയും കളമശ്ശേരി ചെക്ക് പോയന്റിൽ

ഞാൻ അംഗമായ Soles of Cochin എന്ന ഓട്ടക്കാരുടെ ക്ലബ്ബിൽ നിന്ന് അജു ചിറക്കൽ, അജിത് ശശിധരൻ, സത്യ ശ്രാവൺ, ശ്രീഗണേഷ് എന്നീ 4 പേർ ഈ BRM പൂർത്തിയാക്കിയാൽ SR പദവി കൈവരിക്കുകയാണ്. അവരടക്കം SR പദവി കൈവരിക്കാൻ പോകുന്നതും അല്ലാത്തതുമായ എല്ലാ റൈഡേർസിനും ആശംസകൾ.

വാൽക്കഷണം :- പത്ര-ദൃശ്യ മാദ്ധ്യമങ്ങളിൽ വരാൻ ബുദ്ധിമുട്ടുള്ള സ്പോർട്ട്സ് വിശേഷങ്ങളാണിത്. ഇതിനേക്കാൾ വാർത്താപ്രാധാന്യമുള്ള വിശേഷങ്ങളുള്ളപ്പോൾ ഇതാർക്ക് വേണം ?!