Monthly Archives: June 2018

വാർത്തേം കമന്റും – (പരമ്പര 56)


56

വാർത്ത 1:- മലയാളികൾ മാംസം കഴിക്കേണ്ട, മത്സ്യം കഴിച്ചാൽ മതിയെന്ന് വി.എച്ച്.പി. അന്താരാഷ്ട്ര വർക്കിങ്ങ് പ്രസിഡന്റ് അലോക് കുമാർ.
കമന്റ് 1:- മലയാളി മാത്രമല്ല, ഓരോ ഇന്ത്യൻ പൌരനും എന്തുണ്ണണമെന്നും എന്തുടുക്കണമെന്നും അവർ തീരുമാനിക്കും.

വാർത്ത 2:- സ്ത്രീധനത്തിന് കാരണം സ്ത്രീകളുടെ വൈരൂപ്യമെന്ന് മഹാരാഷ്ട്രയിലെ പാഠപുസ്തകം.
കമന്റ് 2:- പാഠപുസ്തകം തയ്യാറാക്കിയവന്റെ മനസ്സിനാണ് വൈരൂപ്യം.

വാർത്ത 3:- ക്ഷേത്രക്കുളത്തിൽ ശുചിമുറി മാലിന്യം തള്ളിയതിൽ പ്രതിഷേധിച്ച് ഹരിപ്പാട് നഗരസഭയിൽ ഹർത്താൽ.
കമന്റ് 3:‌- മാലിന്യത്തിനെതിരെയും ഹർത്താലിനെതിരെയും ഒന്നും ചെയ്യാൻ പറ്റാത്ത ജനങ്ങളും ദൈവങ്ങളും.

വാർത്ത 4:- സരിതാ നായര്‍ രാഷ് ട്രീയത്തിലേക്ക്: തമിഴ്‌നാട് മുന്‍ മന്ത്രിയുമായി രഹസ്യചര്‍ച്ച.
കമന്റ് 4:- തുടക്കം അതീവ രഹസ്യമായിട്ടായിരിക്കും, പിന്നീടത് പരസ്യമായി പടരും. അതാണ് പതിവ്.

വാർത്ത 5:- കബീര്‍ദാസിന്റെ ശവകുടീരത്തില്‍ തൊപ്പി ധരിച്ചില്ല; ആദിത്യനാഥിനെതിരെ വിമര്‍ശനം.
കമന്റ് 5:- മുൻപൊരിക്കൽ നിലവിളക്ക് കൊളുത്താൻ പറ്റില്ലെന്ന് പറഞ്ഞ മറ്റൊരു മന്ത്രിയുടെ മറുവശം.

വാർത്ത 6 :- ബി.ജെ.പി. നേതാവിന്റെ ശല്യം; നിയമസഭയിൽ പൊട്ടിക്കരഞ്ഞ്‌ വനിതാ എം.എൽ.എ.
കമന്റ് 6:- വനിതാ എം.എൽ.എ.യ്ക്ക് പൊട്ടിക്കരയാൻ നിയമസഭയെങ്കിലുമുണ്ട്. അന്നാട്ടിലെ മറ്റ് സ്ത്രീകളുടെ കാര്യമൊന്ന് ആലോചിച്ച് നോക്കൂ.

വാർത്ത 7:- സ്ത്രീകൾക്ക്‌ ജീവിക്കാൻ ഏറ്റവും അപകടകരം ഇന്ത്യയെന്ന് തോംസൺ റോയിറ്റേർസ് സർവ്വേ.
കമന്റ് 7:- ഈ വാർത്തയ്ക്കുള്ള കമന്റാണ് ആറാമത്തെ വാർത്ത.

വാർത്ത 8:- വാങ്ങിയത് ഹെഡ്‌ഫോണ്‍, കിട്ടിയത് എണ്ണക്കുപ്പി; ഫ്ലിപ്കാര്‍ട്ടില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വം.
കമന്റ് 8:- ഫ്ലിപ്പ്കാട്ട് വഴി കേന്ദ്രമന്ത്രിസ്ഥാനം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്; അയച്ചുതന്ന എണ്ണയിട്ട് തയ്യാറായി നിന്നോളൂ.

വാർത്ത 9:- ടീഷർട്ടും ജീൻസും മാന്യമായ വസ്ത്രങ്ങളല്ലെന്നും ജോലിക്കുവരുമ്പോൾ അത് ധരിക്കരുതെന്നും രാജസ്ഥാൻ തൊഴിൽവകുപ്പ്.
കമന്റ് 9:- വേറെ ഒരു തൊഴിലുമില്ലാത്ത കുറേ വകുപ്പുകൾ.

വാർത്ത 10:- രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍.
കമന്റ് 10:- എന്നാലുമെന്താ 7000 കോടി രൂപ സ്വിസ്സ് ബാങ്കിൽ നിക്ഷേപമായി ചെന്നിട്ടുണ്ടല്ലോ.