ബാര ഹബ്ബിൽ ഷേർഗഡ് എന്ന കോട്ട മാത്രമാണ് ബാക്കിയുള്ളത് എന്നാണല്ലോ ഇന്നലെ ഞാൻ പറഞ്ഞത്. സത്യത്തിൽ ഷഹ്ബാദ് എന്നൊരു കോട്ട കൂടെ പട്ടികയിൽ ഉണ്ട്. പക്ഷേ, ഗൂഗിളിൽ പരതുമ്പോൾ അതിലേക്ക് വഴിയില്ല എന്നാണ് കാണിക്കുന്നത്. ആദ്യമായിട്ടാണ് ഗൂഗിൾ അങ്ങനെ ഒരു സ്ഥലത്തിന്റേയോ കോട്ടയുടേയോ ഫലം തരുന്നത്.
ഇന്നലെ രാത്രി സുമൻ ധാബയുടെ ഉടമ ഗണേഷ്, ഷഹ്ബാദ് കോട്ടയിലേക്കുള്ള വഴി പറഞ്ഞ് തന്നു. കോട്ടയുടെ രണ്ടര കിലോമീറ്റർ അടുത്ത് മുണ്ടിയാർ എന്ന ടോൾ പ്ലാസ ഉണ്ട്. അവിടെ ചെന്ന് ആരോട് ചോദിച്ചാലും കോട്ടയിലേക്കുള്ള വഴി പറഞ്ഞുതരും. 3 കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് പോകേണ്ടത്. അതുകൊണ്ടാണ് ഗൂഗിളിന് വഴി കിട്ടാത്തത്.
ടോൾ പ്ലാസയിൽ എത്തിയ ശേഷം ഷഹ്ബാദ് കോട്ടയിലേക്കുള്ള വഴി ഞാൻ കണ്ടുപിടിച്ചു. ഇന്നലത്തേതു പോലെ തന്നെ, കാടിനുള്ളിലൂടെയുള്ള വെട്ടുവഴിയാണ്. കാട് എന്ന് പറയുമ്പോൾ രൺധംബോറിൽ ഉള്ളതിനേക്കാൾ നിബിഡ വനം. കാട്ടിലേക്ക് കയറുന്നതിന് മുൻപ് തന്നെ എനിക്ക് വഴി തെറ്റി. ഗ്രാമത്തിലേക്ക്, പാടത്തിന് നടുവിലൂടെ പുതുതായി വെട്ടിയിരിക്കുന്ന വഴിയിൽ ചെന്ന് കയറി. വഴിതെറ്റി എന്ന് മനസ്സിലായപ്പോൾ ഭാഗിയെ തിരിക്കാൻ പോലും ഇടമില്ല. ഒരുപാട് ദൂരം ഗ്രാമത്തിലൂടെ സഞ്ചരിച്ച ശേഷം ഭാഗിയെ തിരിച്ചെടുത്ത് കാട്ടിലേക്ക് കയറി.
ഒരു വാഹനമോ മനുഷ്യനോ ആ ഭാഗത്ത് എങ്ങുമില്ല. കാടിനുള്ളിൽ വഴികൾ പലയിടത്തേക്ക് തിരിയുന്നുണ്ട്. വീണ്ടും വഴി തെറ്റാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്. ചുമ്മാതല്ല ഗൂഗിളിന് വഴി കിട്ടാത്തത്. മുന്നോട്ട് പോയിപ്പോയി അവസാനം കോട്ടയുടെ ഒരു കൽക്കെട്ട് കാണാനായപ്പോൾ ഉണ്ടായ ആശ്വാസം തെല്ലൊന്നുമല്ല.
വളരെ വലിയ കോട്ടയാണ് ഷഹ്ബാദ്. ഒരുപാട് പോരാട്ടങ്ങൾ നടന്നിട്ടുള്ള ഒരുപാട് ചരിത്രം പഴയാനുള്ള കോട്ട.
* 1520ൽ ചൗഹാൻ രാജാവ് മുകുട്മണി ആണ് ഷഹ്ബാദ് കോട്ട ഉണ്ടാക്കിയത്.
* കൊത്തളങ്ങളിൽ വലിയ പീരങ്കി സ്ഥാപിച്ചിട്ടുള്ള കോട്ടയാണ് ഇത്.
* കൊട്ടാരങ്ങൾ, കോടതി, നായാട്ടുപുര, ആയുധപ്പുര, സ്മൃതി മണ്ഡപങ്ങൾ എന്നിങ്ങനെ ധാരാളം കെട്ടിടങ്ങൾ കോട്ടക്കകത്ത് ഉണ്ട്. പക്ഷേ മിക്കവാറും എല്ലാം നശിക്കപ്പെട്ട അവസ്ഥയിലാണ്.
* ഒന്നും രണ്ടും മൂന്നും കവാടങ്ങളിലൂടെ സഞ്ചാരികളുടെ വാഹനങ്ങൾ കോട്ടയ്ക്ക് അകത്തേക്ക് ഓടിച്ച് കയറ്റാം. മാത്രമല്ല വിശാലമായ കോട്ടയ്ക്കകത്ത് വാഹനം ഓടിച്ച് നടക്കാനുള്ള പാതകളും സജ്ജമാക്കിയിട്ടുണ്ട്.
* കോട്ട മുഗളന്മാരുടെ കൈവശവും ഇരുന്നിട്ടുണ്ട്.
* ഔറംഗസീബിന് ശേഷം കോട്ട മറാഠകളുടെ കൈവശമായി. ഖണ്ടേറാവു ആണ് അന്ന് കോട്ട പിടിച്ചെടുത്തത്.
* പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, കോട്ട പ്രവിശ്യയിലെ രാജാവായ മഹാറാവു ഭീം സിംഗ് ഈ കോട്ട പിടിച്ചടക്കി.
* പക്ഷേ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് ഖണ്ടേറാവുവിൻ്റ മകൻ മേഗ് സിംഗ്, കോട്ട വീണ്ടും മറാഠകളുടെ കൈവശം എത്തിച്ചു.
* 1836ൽ സാലിം സിങ്ങ് ഷഹ്ബാദ് കോട്ട പിടിച്ചെടുത്ത് കോട്ട പ്രവിശ്യയിലേക്ക് ചേർത്തു.
* കോട്ടയുടെ വെളിയിൽ എന്നപോലെ കോട്ടയ്ക്ക് അകത്തും നിബിഡമായ വനമാണ്.
* പീരങ്കി സ്ഥാപിച്ചിട്ടുള്ള കൊത്തളങ്ങളിൽ നിന്ന് നോക്കിയാൽ കോട്ടയുടെ അഗാധമായ മുനമ്പ് കാണാം. അവിടന്ന് അങ്ങോട്ട് ആരവല്ലി മലനിരകളുടെ തുടർച്ചയാണ്. ആ മലനിരകൾ കടന്നല്ലാതെ ശത്രുക്കൾക്ക് കോട്ടയിൽ പ്രവേശിക്കാൻ ആവില്ല.
ഞാൻ ഒരുപാട് സമയം കോട്ടയുടെ വഴികളിലൂടെ ഭാഗിയുമായി ചുറ്റിയടിച്ച് നടന്നു. ഒരിടത്ത് കോട്ടയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നിടത്ത് മാത്രമാണ് ആരെയെങ്കിലും കണ്ടത്. അതുവരെ ഞാൻ കരുതിയിരുന്നത് വിജനമായ ആ കോട്ടയിലും കാട്ടിലും ഞാൻ മാത്രമാണ് ഉള്ളത് എന്നാണ്.
എന്തായാലും ധാബയുടെ ഉടമ ഗണേഷ് സഹായിച്ചത് കൊണ്ട് മാത്രം ഷഹ്ബാദ് കോട്ട കാണാൻ പറ്റി. കണ്ടില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്ന കോട്ടയാണ് ഇത്.
രാംഗഡ് എന്ന ഒരു കുന്നിനെപ്പറ്റിയും ഗണേഷ് പറഞ്ഞിരുന്നു. ധാബയിലേക്കുള്ള മടക്കവഴിയിൽ ആണ് അതുള്ളത്. ഒരു രാമക്ഷേത്രമാണത്. ഇരുട്ടു വീഴാൻ ഒരുപാട് സമയം ബാക്കിയുള്ളതുകൊണ്ട് ഭാഗിയെ രാംഗഡിലേക്ക് നയിച്ചു.
800ൽപ്പരം പടികൾ കയറിയാൽ ആ കുന്നിൻ്റെ മുകളിലെ ക്ഷേത്രത്തിൽ എത്താം. കുന്നിന് താഴെ പൂജാ ദ്രവ്യങ്ങൾ വിൽക്കുന്ന കടകളും കച്ചവടവും ആണ്. ഒന്നുമില്ലെങ്കിലും ഒരു ഗഡ് അല്ലേ. ഞാനതങ്ങ് കയറി.
ഞാൻ സത്യത്തിൽ പശ്ചിമഘട്ടം കയറി ഇറങ്ങിയിട്ടുള്ളതിനേക്കാൾ കൂടുതലായി ആരവല്ലി മലനിരകളെ പലയിടത്തായി മുറിച്ച് കടക്കുകയും നടന്ന് കയറുകയും ചെയ്തിട്ടുണ്ട് ഇതിനകം.
എന്തായാലും കോട്ടകളിലേക്കുള്ള യാത്ര നിശ്ചയിച്ചത് കൊണ്ട് ഒരുകാലത്തും പോകാൻ സാദ്ധ്യതയില്ലായിരുന്ന ഒരുപാട് രാജസ്ഥാൻ ഗ്രാമങ്ങൾ കാണാനായി. ഒരുപാട് ഓഫ്റോഡ് ഡ്രൈവുകൾ സാദ്ധ്യമായി.
നാളെ ഷേർഗഡ് കോട്ട കൂടെ കണ്ട് കഴിഞ്ഞാൽ ബാര ഹബ്ബ് പൂർത്തിയാവുകയാണ്.
ശുഭരാത്രി.