school-2Bdiary-2B1

സ്ക്കൂൾ ഡയറി


ഡീയോൻ, ഏയോൻ എന്നൊക്കെ കേട്ടാൽ ഇതെന്ത് കുന്തമാണെന്ന് വാ പൊളിക്കേണ്ടതില്ല. അൿബർ കക്കട്ടിൽ തന്റെ ‘സ്ക്കൂൾ ഡയറി‘ എന്ന പുസ്തകത്തിൽ വിദ്യാഭ്യാസ വകുപ്പിലെ AEO, DEO  എന്നീ മേലുദ്യോഗസ്ഥരെ പരാമർശിക്കുന്നത് അങ്ങനെയാണ്.  ‘വാർപ്പിന്റെ പണിക്കാർ‘ എന്ന് വിശേഷിപ്പിക്കുന്നത് താനടക്കമുള്ള അദ്ധ്യാപകരെയാണ്. പുതുതലമുറയെ വാർത്തെടുക്കലാണല്ലോ അദ്ധ്യാപകരുടെ ജോലി.

അൿബർ കക്കട്ടിലിന്റെ ‘കക്കട്ടിൽ യാത്രയിലാണ് ‘ വായിച്ച് തീർന്ന ഉടനെ തന്നെ, മാതൃഭൂമി പബ്ലിക്കേഷൻ പുറത്തിറക്കിയ ‘സ്ക്കൂൾ ഡയറി‘ വാങ്ങി വെച്ചിരുന്നെങ്കിലും വായിക്കാൻ അൽ‌പ്പം വൈകി. ഒന്നാന്തരം ഒരു ചിരിയ്ക്കുള്ള വകയാണ് സ്ക്കൂൾ ഡയറി നൽകുന്നത്. പത്താം തരം പരീക്ഷ കഴിയുമ്പോൾ, മാസികകളിലെ  ഫലിതബിന്ദുക്കളെ വെല്ലുന്ന തരത്തിലുള്ള ചില ഉത്തരങ്ങൾ പത്രമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അൿബർ മാഷ് ഇതിപ്പോ പരീക്ഷക്കടലാസിലെ മാത്രമല്ല, വിദ്യാലയങ്ങളിലെ മൊത്തം നർമ്മങ്ങൾ വാരിക്കൂട്ടി സ്ക്കൂൾ ഡയറിയിൽ നിറച്ചിരിക്കുകയാണ്.

കുട്ടികൾക്കിടയിലെ ലൌ ലെറ്റർ ഒരദ്ധ്യാപകൻ പിടികൂടി. അതിലെ വരികൾ ഇങ്ങനെ.

‘സൊപ്‌നങ്ങളെല്ലാം പങ്കുവയ്‌ക്കാം.
ദൊക്കബാരങ്ങളും പങ്കുവെക്കാം.
നൊമ്മളെ നൊമ്മൾക്കായ് പങ്കുവെക്കാം.‘

അവതാരിക എഴുതിയ സുകുമാർ അഴീക്കോടിന് ഈ വരികൾ അതേ പടി അക്ഷരത്തെറ്റോടെ പകർത്തി എഴുതാൻ പെടാപ്പാടായി എന്നത് ചിരിക്ക് മുകളിൽ ചിരി പടർത്തി.

‘ആരെയും ബാവകായകനാക്കും
ആൽമ സൌന്തര്യമാണു നീ.‘

എന്നിങ്ങനെ പ്രേമലേഖനം അല്ലാതെയുള്ള സിനിമാപ്പാട്ടുകളുമുണ്ട് ഡയറിയിൽ.

കോപ്പിയടിയുടെ സാങ്കേതിക വിദ്യകളൊക്കെ വളരെ പുരോഗമിച്ചിരിക്കുന്നു. 12 – MSJSTTG-S എന്നു കണ്ടാൽ ഉറപ്പിക്കാം അത് ശാർദ്ദൂലവിക്രീഡിതമാണ്. പന്ത്രണ്ടാൽ മസജം സതംതഗുരുവും ശാർദ്ദൂല വിക്രീഡിതം എന്നത് ഇങ്ങനൊരു കോഡാക്കി മാറ്റിയവനെപ്പറ്റി മാഷിന് പറയാനുള്ളത്, പന്ത്രണ്ടാം മാസത്തിൽ ജനിച്ചവനും (പന്ത്രണ്ടാൽ മസജം) അവന്റെ തന്തയും (സതംത) മാഷും (ഗുരു) കൂടി പുലികളി (ശാർദ്ദൂലവിക്രീഡിതം) എന്നാണ്. നന്ദിനിക്കുട്ടിയുടെ നേർത്ത പാവാടക്കടിയിൽ നിന്ന് കോപ്പിക്കടലാസ് കൈയ്യിട്ടെടുത്താൽ വകുപ്പ് IPC 354. ഇതേ വകുപ്പ് പ്രകാരം 2 കൊല്ലം വരെ ജയിലിൽ കിടന്ന് ഉണ്ട തിന്നാൻ താൽ‌പ്പര്യമില്ലാത്തതുകൊണ്ടാണ് മറ്റൊരു മാഷ് സുമതിയുടെ ബ്രേസിയറിനുള്ളിൽ കൈയ്യിടാതിരുന്നത്.

‘ഈശ്വരാ ഒന്ന് വേഗം കഴിഞ്ഞ് കിട്ടണേ‘ എന്ന അദ്ധ്യായം പ്രസംഗങ്ങളെപ്പറ്റിയുള്ളതാണ്. പ്രസംഗത്തിനും പ്രസവത്തിനും തമ്മിലുള്ള സാദൃശ്യത്തെപ്പറ്റിയുള്ള പരാമർശം  ഇങ്ങനെ പോകുന്നു. പ്രസവത്തിൽ കുഞ്ഞുങ്ങൾ ജനിക്കുന്നു, പ്രസംഗത്തിൽ വാക്കുകളും. ഓരോ പ്രസവം കഴിയുമ്പോളും അടുത്ത പ്രസവം എളുപ്പമായിത്തീരുന്നു; പ്രസംഗത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. നമ്മുടെ പ്രിയപ്പെട്ട ബന്ധു പ്രസവമുറിയിൽ കിടക്കുമ്പോൾ ‘ഈശ്വരാ ബുദ്ധിമുട്ടില്ലാതെ ഇതൊന്ന് വേഗം കഴിഞ്ഞ് കിട്ടണേ‘ എന്ന് നാം പ്രാർത്ഥിക്കുന്നു; പ്രസംഗം കേൾക്കുന്നവരുടേയും പ്രാർത്ഥന ഇതുതന്നെ.

കണക്കിലെ ഫലിതങ്ങളാണ് ഏറെ രസകരം. ഒരു പശുവിന് 750 രൂപയെങ്കിൽ 10 പശുവിന് എന്തുവില ? എന്ന ചോദ്യത്തിന് ‘എല്ലാ പശുക്കളേയും കാണാതെ വില പറയാനാവില്ല‘ എന്ന് ഉത്തരം. ഇനിയുമുണ്ട് പശുക്കണക്കുകൾ. മകന്റെ പുസ്തകത്തിൽ രാമൻ മാഷ് നൽകിയിരിക്കുന്ന ഹോം വർക്ക് വായിച്ച് ശങ്കരേട്ടൻ രോഷാകുലനായി. ‘ഞാൻ 500 രൂപാ നിരക്കിൽ 5 പശുവിനെ വാങ്ങിയാൽ ഉടമസ്ഥന് മൊത്തം എത്ര രൂപ കൊടുക്കണം?’ 500 രൂപയ്ക്ക് പശുവിനെ എവിടന്ന് കിട്ടാനാ എന്ന മട്ടിൽ മകൻ ചിരിക്കുമ്പോൾ, തന്റെ ചായപ്പീടികയിൽ നിന്ന് ചായ കുടിച്ച വകയിൽ 46 രൂപ 80 പൈസ തരാതെ അഞ്ച് പശുവിന്റെ മാഷ് വാങ്ങിയതിലാണ് ശങ്കരേട്ടന് അമർഷം.

കുട്ടികളുടെ പേരുകളെപ്പറ്റിയുള്ള തമാശകൾ നിറഞ്ഞതാണ് ‘പൊന്നുമോനെ നിന്നെ എങ്ങനെ കാട്ടാളൻ എന്ന് വിളിക്കും?’ എന്ന അദ്ധ്യായം. പുതിയ അഡ്‌മിഷൻ കാലമാണ് ; നല്ല ഓമനത്തമുള്ള മുഖവുമായി ചെന്നിരിക്കുന്ന കുട്ടിയുടെ പേര് നിഷാദൻ. കുട്ടിയുടെ അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥനാണ്. നിഷാദന്റെ അച്ഛനാണെന്നുള്ള അഭിമാനവും അദ്ദേഹത്തിന്റെ മുഖത്തുണ്ടത്രേ! ഈ പേരിന്റെ അർത്ഥം പക്ഷേ അങ്ങേർക്കറിയില്ല. ഇവന്റെ ചേട്ടന്റെ പേര് വിഷാദൻ എന്നാണ്. അതുകൊണ്ട് ഇവന് നിഷാദൻ എന്ന് പേരിട്ടു എന്ന് ന്യായീകരണം. ‘പൊന്നുമോനെ നിന്റെ മുഖത്ത് നോക്കി എങ്ങനെയാടാ കാട്ടാളൻ എന്ന് വിളിക്കുക?’ എന്നതാണ് മാഷിന്റെ സങ്കടം. സജ്‌ന എന്ന പേരിന്റെ അർത്ഥം സ്ത്രീത്തടവുകാരി എന്നാണെന്ന് മാതാപിതാക്കൾക്ക് അറിയാത്തതുകൊണ്ട് സ്വന്തം ക്ലാസ്സിൽ മാഷിന്, ഒന്നിലധികം പെൺകുട്ടികളെ ‘മോളേ ജയിൽ‌പ്പുള്ളീ’ എന്ന് വിളിക്കേണ്ടി വരുന്നുണ്ട്. മാതാപിതാക്കളുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് കുട്ടികൾക്ക് പേരിടുന്നതിലെ അപകടം, ലേഖകന്റെ ഭാവനയെ കാടുകയറ്റുമ്പോൾ വായനക്കാരന് ഒന്നൊന്നര ചിരിക്കുള്ള വകയുണ്ടാകുന്നു. കൃഷ്ണന്റേയും മിനിയുടേയും കുട്ടി ‘കൃമി’. വേലായുധന്റേയും ശ്യാമളയുടേയും കുട്ടിയാണ് വേശ്യ. നാരായണന്റേയും റീനയുടെയും കുട്ടി നാറി ആയെന്നും വരും. ഇങ്ങനെയുള്ള ഒരു പേരുകാരനേയോ പേരുകാരിയേയോ വായനക്കാർക്ക് ഓരോരുത്തർക്കും നേരിട്ട് പരിചയമുണ്ടാകും. ആദ്യാക്ഷര സമ്മേളനമല്ലെങ്കിലും എന്നെ ഞെട്ടിച്ചുകളഞ്ഞിട്ടുള്ള ഒരു പേരാണ് ‘മദാലസ’. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ആദ്യമായി ആ പേര് വിളിച്ചവന്റേയും, പിന്നീട് വിളിച്ചവരുടേയും, സ്കൂൾ രജിസ്റ്ററിൽ അത് എഴുതിച്ചേർത്ത് ഔദ്യോഗിക നാമമാക്കിയ അദ്ധ്യാപകന്റേയുമൊക്കെ മനഃശാസ്ത്രം എനിക്കിതുവരെ പിടികിട്ടിയിട്ടില്ല.

‘ഉച്ചക്കളി നീലക്കഷണം’ എന്ന അദ്ധ്യായം ക്ലാസ്സ് കട്ട് ചെയ്ത് ഉച്ചപ്പടം കാണാൻ പോകുന്ന കുട്ടികളേയും, കുട്ടിക്കമിതാക്കളേയും പറ്റിയുള്ളതാണ്. നഷ്ടപ്പെടാനുള്ളത് ബോറൻ ക്ലാസ്സുകളാണെങ്കിൽ കിട്ടാനുള്ളത് സ്വർഗ്ഗരാജ്യമാണെന്ന് പറയുമ്പോൾ ഉച്ചപ്പടപ്രേക്ഷകർക്കിട്ട് താങ്ങുകയാണ് ലേഖകൻ.

ഗുരുവായൂർ ഡാഡി, കൊടുങ്ങലൂർ മമ്മി, പറശ്ശിനിക്കടവ് ഗ്രാൻഡ് ഫാദർ എന്നിങ്ങനെ ലേഖകന്റേതായ നാമ സംഭാവനകൾ ഒരുപാടുണ്ട് ഡയറിയിൽ. ‘ബെഡ്ഡ് കോഴ്സ് കഴിഞ്ഞ് ഒരു കുട്ടിയുമായി‘ എന്ന് അദ്ദേഹം പറയുമ്പോൾ മോശം രീതിയിൽ ചിന്തിക്കരുത്. അദ്ദേഹം B-ed കോഴ്‌സിനെപ്പറ്റിയാണ് പറഞ്ഞത്.

ഉച്ചക്കഞ്ഞി പരിപാടി നോക്കി നടത്തുന്ന അദ്ധ്യാപകൻ അതിൽ നിന്ന് കിട്ടുന്ന എൿട്രാ വരുമാനം നഷ്ടപ്പെടാതിരിക്കാനായി പ്രമോഷൻ പോലും വേണ്ടാന്ന് വെക്കുന്നതിന്റെ കണക്കുകളും ഡയറിയിൽ കാണാം.
21 അദ്ധ്യായമുള്ള ഡയറിയുടെ പിന്നിൽ ഉപപാഠമായി 10 കുറിപ്പുകൾ വേറെയുമുണ്ട്. ഒരു ഉണങ്ങിയ പൂവായി എന്നേയും ഓർക്കുക എന്ന ഉപപാഠം ഓട്ടോഗ്രാഫ് വരികളിലെ ഫലിതങ്ങൾ നിറഞ്ഞതാണ്.

ഒരുവേള സ്കൂൾ അദ്ധ്യയനകാലത്തെ മറക്കാനാവാത്ത ഏതെങ്കിലും ഒരു സന്ദർഭത്തിലേക്ക്, ഒരു നർമ്മ മുഹൂർത്തത്തിലേക്ക്, അതുമല്ലെങ്കിൽ ആരുടെയെങ്കിലും ഓട്ടോഗ്രാഫിൽ കുറിച്ചിട്ടതോ വായിച്ചതോ ആയ ഏതെങ്കിലും വരികളിലേക്ക്, വായനക്കാരനും നേരിട്ട് ചെന്നെത്തുന്നു, സ്ക്കൂൾ ഡയറിയുടെ താളുകൾ മറിയുമ്പോൾ.

Comments

comments

18 thoughts on “ സ്ക്കൂൾ ഡയറി

 1. അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്ന കാരണം ഓരോ വേനലവധിക്കും ചായപ്പൊടി പഞ്ചസാര തുടങ്ങിയ കൈക്കൂലികള്‍ക്കൊപ്പം ഇതുപോലെ കുറെ തമാശകളും വീട്ടിലെത്തുമായിരുന്നു ഇവാലുവേഷന്‍ കഴിയുമ്പോള്‍ ……… കുറെ ചിരിച്ചിട്ടുണ്ട്.

 2. ഈ ഡയറി ഞാന്‍ പതിനെട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പേ വായിച്ചിരുന്നു. ഇനിയും കിട്ടിയാല്‍ വായിക്കും. ഓര്‍മ്മപ്പെടുതിയത്തിനു നീരുവിന് റൊമ്പ നന്ദ്രി.

 3. നല്ലപോലെ രസിച്ചു വായിച്ചു, കേട്ടോ.

  ‘പൊന്നുമോനെ നിന്റെ മുഖത്ത് നോക്കി എങ്ങനെയാടാ കാട്ടാളൻ എന്ന് വിളിക്കുക?’. അങ്ങനെയൊന്നും തോന്നേണ്ട കാര്യമില്ല. ഗോപാലന്‍ എന്നു പേരുള്ളവരെ വിളിക്കുമ്പോള്‍ ‘എടാ കന്നാലിച്ചെക്കാ’ എന്നു വിളിക്കുന്നതായി ആര്‍ക്കും തോന്നുന്നില്ലല്ലോ. വാല്‍മീകിയെ മനസ്സിലുള്ളവന് നിഷാദാ എന്നുവിളിക്കാന്‍ വിഷമമുണ്ടാകില്ല. “…‘മദാലസ’. ഒരു കൊച്ചുകുഞ്ഞിന്റെ മുഖത്ത് നോക്കി ആദ്യമായി ആ പേര് വിളിച്ചവന്റേയും….ഔദ്യോഗിക നാമമാക്കിയ അദ്ധ്യാപകന്റേയുമൊക്കെ മനഃശാസ്ത്രം എനിക്കിതുവരെ പിടികിട്ടിയിട്ടില്ല”. അതിലും പ്രശ്നമൊന്നുമില്ല. ‘ലീലാവതി’ എന്നാണ് എന്റെ അമ്മയുടെ പേര്. എന്റെ വലിയച്ഛന്റെ മകളുടെ പേര് ‘രതി’ എന്നാണ്. അമ്മയും രതിച്ചേച്ചിയും ഇതുവരെ വലിയ കുഴപ്പമില്ലാതെ തന്നെ കഴിയുന്നു. കുറച്ചു വ്യത്യാസമുള്ള പേരുകളും ഇരിക്കട്ടെ, ഒരു കൌതുകത്തിനെങ്കിലും.

  ആശംസകള്‍.

 4. @ കൊച്ചു കൊച്ചീച്ചി – കാട്ടാളാ എന്ന് വിളിക്കുന്നതിലെ വിഷമം എനിക്കല്ല ലേഖകനാണ് :) :) പക്ഷെ മദാലസയുടെ കാര്യത്തിലുള്ള ബുദ്ധിമുട്ട് എനിക്ക് തന്നെയാണ്. എന്തോ, അതിന്റെ അർത്ഥം ഒഴിവാക്കി കൊച്ചീച്ചി പറയുന്നത് പോലെ അതൊരു പേര് മാത്രമായി കാണാൻ എനിക്കാവുന്നില്ല. :(

 5. എന്തായാലും ഈ പുസ്തക പരിചയം കലക്കി എന്ന് പറയാം..കക്കട്ടിലിനെ അധികം വായിച്ചിട്ടില്ല…ഇനി എന്തായാലും വായിക്കും..ആശംസകള്‍..

 6. പരിജയ പെടുതലിനു നന്ദി,
  കക്കട്ടിലിന്റെ പല കഥകളും പണ്ട് ചന്ദ്രികയില്‍ വരുമായിരുന്നു, അതൊക്കെ വേണ്ടും വീണ്ടും വായിക്കാറുണ്ടായിരുന്നു

 7. കക്കട്ടലിന്റെ മറ്റു ചില പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍ ഡയറി വായിച്ചിട്ടില്ല. ഇതിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

  പിന്നെ പുസ്തകത്തിലും പോസ്റ്റിലും പറഞ്ഞ ചില വരികള്‍ ഓര്‍ക്കുമ്പോള്‍ മുന്‍പ് വീട്ടില്‍ മാതാശ്രീ സ്കൂള്‍ പരീക്ഷയുടെ പേപ്പര്‍ നോക്കുമ്പോള്‍ ഉണ്ടാകുന്ന ചില രസകരമായ സംഭവങ്ങള്‍ ഒക്കെ ഓര്‍ത്തുപോയി. ഹിന്ദിയായിരുന്നു അമ്മയുടെ സബ്‌ജെക്റ്റ്. ഗാന്ധിജിയെ പറ്റിയുള്ള ഏതോ ഒരു ചോദ്യത്തിന്റെ ഉത്തരമായി തത്വംസ് ആന്റ് അഹിംസാസ് എന്ന് മലയാളത്തില്‍ എഴുതിയിട്ട് മുകളില്‍ വരയിട്ട് ഹിന്ദിയാക്കിയ വില്ലന്മാരെ കുറിച്ച് ഓര്‍മ്മ വരുന്നു. പിന്നെയും അത്തരം ചില നുറുങ്ങുകള്‍ ഉണ്ട്. എന്തിനെയോ കുറിച്ച് 5 വാക്ക് എഴുതുവാന്‍ ഉള്ളതില്‍ പറഞ്ഞതിനെ പറ്റി ഒരു വാക്കെഴുതി അവിടെ നിന്നും വിരുതന് /വിരുതിക്ക് അറിയാവുന്ന വിഷയത്തിലേക്ക് അതിനെ വലിച്ചിഴച്ച് അതിനെ പറ്റി ബാക്കി നാല് വാക്കെഴുതിയതും മറ്റും.:)

 8. @ Manoraj – സാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ച കാര്യമൊന്നും ഈ പുസ്തകത്തിന്റെ ആദ്യ താളുകളിലൊന്നും പരാമർശിക്കുന്നില്ല. 1989ലും 2007ലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. എന്റെ കോപ്പി 2010 എഡിഷനാണ്.

 9. Hey, thx for introducing this book. Unlike the other posts of yours, am not reading this completely, ‘coz i dont want to miss the fun while reading it. :)

 10. സ്കൂള്‍ ഡയറി അവലോകനം നന്നായി
  മാഷന്മാരും ടീച്ചര്‍മാരും അവരുടെ ലോകവും ആദരവുള്ള ഫലിത സന്ദര്‍ഭങ്ങള്‍ ഒരുക്കും
  അത് അക്ബര്‍ കണ്ടെത്തുന്നു
  എല്ലാവരും കാണുന്ന പോലെ അല്ലല്ലോ അക്ബര്‍ കാണുന്നത്

 11. പണ്ട് എസ്.എസ് .എല്‍ .സി ക്ക് അമീബ ഇര പിടിക്കുന്നതെങ്ങിനെ എന്ന ചോദ്യത്തിനു രാത്രി തലയിലൂടെ മുണ്ടിട്ടു പമ്മി പമ്മി ഇര പിടിക്കാന്‍ പോവുന്ന അമീബയെ കുറിച്ച് ഒരു വിദ്യാര്‍ഥി എഴുതിയ ഉപന്യാസം മനോരമ ദിനപത്രത്തില്‍ വന്നത് വായിച്ചു ചിരിച്ചത് ഓര്‍മിപ്പിച്ചു.ഈ പുസ്തകം ഇപ്പോള്‍ കിട്ടാന്‍ മാര്‍ഗ്ഗമില്ല എന്നാലും മനസ്സില്‍ സേവ് ചെയ്തിട്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തി .പരിചയപ്പെടുത്തിയതിനു നന്ദി .

 12. ആദ്യാക്ഷരങ്ങള്‍ എടുത്തു പേരിട്ടാല്‍ ഇങ്ങനൊക്കെ ആയിത്തീരും..ലവന്‍ പറഞ്ഞതാ ശെരി ,പശുവിനെ കാണാതെങ്ങനാ വില പറയുന്നേ..?

 13. അങ്ങനെയാണെങ്കില്‍ നിരക്ഷരന്‍ എന്ന പേരും അര്‍ത്ഥവത്തല്ലെന്നു തോന്നുന്നു.:)

 14. പണ്ട് ഒരിക്കല്‍ പത്രത്തില്‍ വന്നതാണ്.ഒരു കുട്ടിയുടെ exam paper.

  Qn: Expand (x+y)(x-y) ?

  Ans: ( x + y ) ( x – y )

  ( x + y ) ( x – y )

  ( x + y ) ( x – y )

 15. സ്ക്കൂൾ ഡയറി വായിച്ച് പൊട്ടിച്ചിരിച്ചിട്ടുണ്ട്. അത് ഓർമ്മിപ്പിച്ചതിന് നന്ദി.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>