പുറമേ ദുഃഖം പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉള്ളിൽ ഞാനിന്ന് ഏറെ കുണ്ഠിതനും ദുഖിതനുമാണ്. ഞങ്ങൾ കഠോര ഹൃദയർ എല്ലാവരും അങ്ങനെ തന്നെയാണ്. സ്നേഹവും ദുഃഖവും ഒന്നും പുറമേ കാണിക്കില്ല. മേൽപ്പടി ദുഃഖത്തിന്റെ കാരണം തലക്കെട്ടിൽ നിന്ന് മനസ്സിലായി കാണുമല്ലോ.
രാവിലെ എട്ട് മണിയോടെ ദീപുവിന്റെ Deepu Vijayasenan വീട്ടിൽ നിന്ന് പ്രാതൽ കഴിച്ച് മൈസൂരിലേക്ക് പുറപ്പെട്ടു. ഇന്ന് ഭാഗിക്കൊപ്പമുള്ള എൻ്റെ അവസാന ദിവസ യാത്രയാണ്. ആ വിചാരം ഓരോ വളവിലും തിരുവിലും വേഗത്തിലും കടിഞ്ഞാണിലും എൻ്റെ ഉള്ളിൽ നിറഞ്ഞ് നിന്നിരുന്നു.
അഞ്ചര മണിക്കൂർ ഡ്രൈവ് പൂർത്തിയാക്കി 3 മണിയോടെ മൈസൂരിൽ എത്തി. മൈസൂർ റാണിയുടെ Rani B Menon കൊട്ടാരത്തിന്റെ മൂന്നാം നിലയിലേക്ക്, ഭാഗിയുടെ ഉള്ളിലുള്ള എൻ്റെ സ്ഥാപരജംഗമ വസ്തുക്കളും സോവനീറുകളും ആക്രികളും എടുത്ത് കയറ്റി. ആ പ്രക്രിയയിൽ മൈസൂർ റാണിയും ദ്വാരപാലകനും കൈ മെയ് മറന്ന് എനിക്കൊപ്പം കൂടി.
ആറ് മണിയോടെ ഉള്ള് കാലിയായ ഭാഗിയുമായി ഞാൻ എൻജിനീയേഴ്സ് ഗ്യാരേജിൽ എത്തി. അവിടെയാണ് ഭാഗിയെ കൈമാറ്റം ചെയ്യുന്നത്.
* കഴിഞ്ഞ രണ്ട് വർഷമായി, ഗ്രേറ്റ് ഇന്ത്യൻ എക്പെഡീഷൻ എന്ന എൻ്റെ യാത്രയുടെ ഭാഗമായിരുന്നവൾ.
* ഗോവയിലും കർണാടകയിലും രാജസ്ഥാനിലും ഗുജറാത്തിലും ഹരിയാനയിലും ഡമനിലും ദിയുവിലും എന്നെ വഹിച്ചുകൊണ്ട് നടന്നവൾ.
* കോട്ടകളിലേക്കും അതിരിക്കുന്ന മലകളിലേക്കും ഞാൻ കയറിപ്പോകുമ്പോൾ ചൂടും തണുപ്പും മഴയും വെയിലും ഒക്കെ ഏറ്റ് താഴെ എന്നെക്കാത്ത് കിടന്നിരുന്നവൾ.
* എനിക്കായി അടുക്കള സജ്ജീകരിച്ചിരുന്നവൾ.
* എന്റെ കിടപ്പറ ഒരുക്കിയിരുന്നവൾ.
* കുളിമുറിയും ശൗചാലയും പോലും ഏർപ്പാട് ചെയ്തിരുന്നവൾ.
* കാര്യമായ സാങ്കേതിക-യന്ത്ര തകരാറുകൾ ഉണ്ടായാലും, അത് പരിഹരിക്കാൻ പറ്റുന്ന ഇടങ്ങളിൽ വച്ച് മാത്രം അസ്വസ്ഥത കാണിച്ചിരുന്നവൾ.
ജാംബവാൻ്റെ കാലത്തുള്ള നിയമസഹിതകളും കെട്ടിപ്പിടിച്ച് സർക്കാർ ഇരിക്കുന്നത് കൊണ്ട് മാത്രമാണ് ഈ വേർപാട് ഞങ്ങൾക്കിടയിൽ ഉണ്ടായത്. സാങ്കേതികമായി ഇതിനെ നിയമലംഘനം എന്നൊക്കെ പറയുമായിരിക്കും. പക്ഷേ ഒരു യന്ത്രവും മനുഷ്യനും എന്നതിലുപരി, വലിയൊരു ആത്മബന്ധം അവിടെ ഉരുത്തിരിഞ്ഞ് വരുന്നുണ്ട്. അതാണ് പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നത്.
നാളെ മുതൽ ഭാഗി എന്ന ബൊലേറോXL മോട്ടോർ ഹോം എനിക്കൊപ്പം ഇല്ല. അവസാനമായി അവൾക്കൊപ്പം ഒരു സെൽഫി എടുക്കുമ്പോൾ പോലും ആ വിചാരം എന്നെ കാര്യമായി അലട്ടിയിരുന്നില്ല. പക്ഷേ ആ ഗ്യാരേജിൽ നിന്ന് ഓട്ടോറിക്ഷ പിടിച്ച്, മടങ്ങുമ്പോൾ ഞാൻ പെട്ടെന്ന് തനിച്ചായി പോയതുപോലെ തോന്നി. പെട്ടെന്നൊരു പെരുമഴയത്ത് കുടയില്ലാതെ നിൽക്കേണ്ടി വന്നതുപോലെ!
ഒരു വേർപിരിയൽ അനിവാര്യമായിരുന്നു. കേരളത്തിൽ അവളുടെ രജിസ്ട്രേഷൻ പുതുക്കി കിട്ടുക അസംഭവ്യമാണ്. അതുകൊണ്ടാണ് കർണാടകത്തിൽ അവളെ വിൽക്കേണ്ടി വന്നത്. നല്ല ഒരു സഞ്ചാരിക്ക് അവൾ ഇനിയും തുണയാകട്ടെ. അപകടങ്ങൾ ഒന്നുമില്ലാതെ എന്നെ ചേർത്ത് നിർത്തിയത് പോലെ അയാളെയും അവൾ സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കട്ടെ. ഇതിൽ കൂടുതൽ ഞാൻ എന്ത് പറയാൻ?!
നാളെ വൈകീട്ടുള്ള ബസ്സിൽ കൊച്ചിയിലേക്ക് മടങ്ങുകയാണ്. അവിടെ കാലുകുത്തുന്നതിന് മുൻപ് തന്നെ നൂറുകൂട്ടം കാര്യങ്ങൾ കാത്തിരിക്കുന്നുണ്ട്. കഴിഞ്ഞ 156 ദിവസങ്ങളിൽ മാറ്റിവെച്ചതും ബാക്കി വച്ചതും പുതുതായി കയറി വന്നതും ഒക്കെ അക്കൂട്ടത്തിൽ ഉണ്ട്.
2024 സെപ്റ്റംബർ 13ന് തുടങ്ങി, 2025 ഫെബ്രുവരി 15 വരെ നീണ്ട, 156 ദിവസത്തെ, 2024-25ലെ ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ ഇവിടെ അവസാനിക്കുന്നു. 2025-26ലെ യാത്ര സെപ്റ്റംബർ ആദ്യവാരത്തോടെ ആരംഭിക്കുന്നതാണ്.
ഈ യാത്രയുടെ ബാക്കിപത്രം (balance sheet) കൊച്ചിയിലെത്തി രണ്ട് ദിവസത്തിനകം പരസ്യപ്പെടുത്തുന്നതാണ്. വിശദമായ വീഡിയോകളും റീലുകളും കോട്ടകളെപ്പറ്റിയുള്ള സമഗ്രമായ വീഡിയോകളും 2025 സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിൽ പ്രതീക്ഷിക്കാം.
ഞാൻ അങ്ങോട്ട് പോയി, ഇങ്ങോട്ടുപോയി, ഇത്ര സമയം യാത്ര ചെയ്തു, ഇത്ര കിലോമീറ്റർ സഞ്ചരിച്ചു, ഇന്ന ഭക്ഷണം കഴിച്ചു, എന്നൊക്കെ അക്കമിട്ട് പറഞ്ഞതല്ലാതെ, അതിൽ സഞ്ചാരസാഹിത്യമോ വർണ്ണനയോ കാവ്യഭംഗിയോ കാഴ്ചപ്പാടുകളോ ഒന്നും സമന്വയിപ്പിച്ചിട്ടില്ലായിരുന്നു. വെറും ട്രാവൽ ലോഗുകൾ മാത്രമായിരുന്നു ഈ കഴിഞ്ഞ 156 ദിവസങ്ങളിൽ നിങ്ങൾ വായിച്ചത്. അതിൽ കൂടുതൽ എന്ത് എഴുതണമെങ്കിലും കൂടുതൽ സമയം വേണം കൂടുതൽ അക്ഷരങ്ങൾ വേണം. ഇതൊന്നും ഇല്ലാത്തത് കൊണ്ടാണല്ലോ ഞാൻ നിരക്ഷരൻ ആകുന്നത്.
അതുകൊണ്ടുതന്നെ നിങ്ങളിൽ നല്ലൊരു പങ്കും നിരാശപ്പെട്ടിട്ടുണ്ടാകും എന്ന് എനിക്ക് ബോദ്ധ്യമുണ്ട്. ഈ യാത്ര ഞാൻ തന്നെ മറന്നു പോകുന്ന ഒരു കാലത്ത്, ഇത് വായിച്ച് എനിക്ക് അതിലേക്ക് തിരിച്ചു പോകാൻ വേണ്ടിയുള്ള കുറിപ്പുകൾ മാത്രമായിരുന്നു അതെല്ലാം. നിങ്ങൾ അതിനെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അത് എൻ്റെ മാത്രം പിഴവാണ്. സദയം ക്ഷമിക്കുക.
ഇത്രയും ദിവസം എനിക്കൊപ്പം സഞ്ചരിച്ച ഓരോരുത്തർക്കും നന്ദി.
ശുഭരാത്രി.
ശുഭം.