ഇന്ന് ഇടർ കോട്ട കണ്ടതിനു ശേഷം വട്നഗറിനോട് വിടപറയണമെന്നാണ് കരുതിയിരുന്നത്. പക്ഷേ, രാവിലെ പെട്ടെന്ന് കാര്യങ്ങൾ മാറിമറിഞ്ഞു.
ഗുജറാത്തിലെ കോട്ടകളുടെ ലിസ്റ്റിൽ ഇല്ലാതിരുന്ന ഉണ്ടാനി എന്നൊരു കോട്ട വടുനഗറിൽ നിന്ന് 22 കിലോമീറ്റർ ദൂരത്തായി ഇന്റർനെറ്റിൽ കണ്ടെത്താനായി. ഭാഗിയുടെ അടുക്കളയിൽ ഭാഗിയുടെ അടുക്കളയിൽ നിന്ന് പ്രാതൽ ഉണ്ടാക്കി കഴിച്ചതിന് ശേഷം ശർമിഷ്ട്ട തടാകക്കരയിൽ നിന്ന് ഉണ്ടാനി കോട്ടയിലേക്ക് തിരിച്ചു. നാട്ടിൻപുറത്തെ കൃഷിയിടങ്ങളിലൂടെ കറങ്ങിതിരിഞ്ഞ് അരമണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തി. ഈ പ്രദേശത്ത് കൂടുതലും ആവണക്ക് ആണ് കൃഷി ചെയ്യുന്നത്. സത്യത്തിൽ ഗുജറാത്തിൽ വന്നതിന് ശേഷം, ഹരിയാനയിലേത് പോലെ നല്ല രസകരമായ കൃഷിയിടങ്ങൾ ഇന്നാണ് കാണുന്നത്.
ഗ്രാമത്തിന് ഉള്ളിലുള്ള ഇടവഴിയിലൂടെ ഞാൻ കോട്ടയിൽ ചെന്ന് കയറുമ്പോൾ മുൻവശത്തെ ഇരുമ്പ് ഗേറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. എങ്കിലും ഇടത് വശത്തുള്ള ചെറിയ ഗേറ്റ് തുറന്ന് കിടന്നിരുന്നു. ഞാൻ അതിലൂടെ അകത്ത് കടന്നു കുറച്ചു ചിത്രങ്ങളും വീഡിയോകളും എടുത്തു.
ആ ചത്വരത്തിൽ നിന്ന് അകത്തേക്ക് കാണുന്ന മറ്റൊരു കവാടത്തിലൂടെ ഉള്ളിലേക്ക് നടന്ന് കയറി. ആ ഭാഗത്ത് തുളസീറാം എന്ന കാര്യസ്ഥനെ കണ്ടുമുട്ടി. കോട്ടയ്ക്കുള്ളിലെ രണ്ട് ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്ന തിരക്കിലായിരുന്നു അയാൾ. ഞാൻ കോട്ട നടന്ന് കണ്ടോട്ടെ എന്ന് ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചെങ്കിലും എന്തോ ഒരു ആശങ്ക ഉള്ളതുപോലെ. മനസ്സു മാറി അയാൾ എൻ്റെ അനുമതി നിഷേധിക്കുന്നതിന് മുൻപ് ഞാൻ പെട്ടെന്ന് കോട്ടയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചു.
* സ്വകാര്യ ഉടമസ്ഥതയിലുള്ള ചെറിയൊരു കോട്ടയാണ് ഉണ്ടാനി.
* രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ പ്രതാപ് ചന്ദ്രബാൻ സിംഗ് ആണ് കോട്ടയുടെ ഉടമ. ഉദയപ്പൂരിലെ ‘ലേക്ക് പിച്ചോള ഹോട്ടൽ’ അദ്ദേഹത്തിൻ്റേതാണ്.
* കോട്ട മതിലുകളും കോട്ടയ്ക്കുള്ളിലെ കെട്ടിടങ്ങളുമൊക്കെ ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു.
ക്ഷേത്രത്തിന് മുൻവശത്തുള്ള കോട്ടയുടെ കൊത്തളത്തിൽ കയറി നിന്നാൽ പിന്നിൽ ഗ്രാമത്തിന്റെ വിദൂര ദൃശ്യം കാണാം.
ഞാൻ കോട്ടയുടെ ഓരോ ഭാഗങ്ങളിലേക്ക് പോകുമ്പോഴും അയാൾ എൻ്റെ പിന്നാലെ നിന്നു. അതൊന്നും എനിക്ക് വിഷയമല്ല. ഫോട്ടോ കാണാൻ പറ്റുന്നത് തന്നെ വലിയ കാര്യം. ഉദ്ദേശിച്ചത് പോലെ അതിനുള്ളിൽ മുഴുവൻ നടന്നു കണ്ടു തുളസീറാമിന് നന്ദി പറഞ്ഞ് ഞാൻ പുറത്തിറങ്ങി.
നിനച്ചിരിക്കാതെ, ലിസ്റ്റിൽ ഇല്ലാത്ത ഒരു കോട്ട കാണാൻ കഴിഞ്ഞതിന്റെ സന്തോഷം എനിക്കുണ്ടായിരുന്നു.
അടുത്തത് 34 കിലോമീറ്റർ മാറിയുള്ള ഇടർ കോട്ടയാണ്.
ഇടർ എന്ന് ചെറിയ പട്ടണത്തിന് ഉള്ളിലൂടെ തന്നെയാണ് കോട്ടയിലേക്ക് ചെന്നെത്തേണ്ടത്. ചിലയിടത്ത് വഴികൾ വല്ലാതെ ഇടുങ്ങുന്നു. ഒരു വിധത്തിനാണ് ഭാഗിയെ ഞാൻ മുന്നോട്ട് നയിച്ചത്. പക്ഷേ ആ വഴി ചെന്നെത്തുന്നത് ഒരു മൈതാനത്താണ്. ഇടതുവശത്ത് സ്കൂൾ ഉണ്ട്. അതിനോട് ചേർന്ന് ഒരു അമ്പലവും. എതിർവശത്ത് കോട്ടയുടെ ക്ഷയിച്ച ചില ഭാഗങ്ങൾ കാണാം. അതെല്ലാം ചിത്രീകരിച്ചെങ്കിലും കോട്ട ശരിക്കും എവിടെയാണ് നിൽക്കുന്നത് എന്ന് കണ്ടെത്താൻ എനിക്ക് പറ്റിയില്ല.
മൈതാനത്തിന്റെ ഒരു വശത്ത് കോട്ടയുടെ ബാക്കിപത്രം എന്ന് പറയാവുന്ന ചില കെട്ടിടങ്ങളിൽ കയ്യേറി ജീവിക്കുന്ന നാലഞ്ച് കുടുംബങ്ങളുണ്ട്. അങ്ങോട്ട് കയറിച്ചെന്ന് കോട്ടയിലേക്കുള്ള വഴി തിരക്കി. അവർ കെട്ടിടത്തിന് പിന്നിലുള്ള മലമുകളിലേക്ക് കൈ ചൂണ്ടി.
മലക്ക് മുകളിൽ ഒരു പഴയ കെട്ടിടം കാണാം അത് കോട്ടയുടെ ഭാഗമാണ്. മല കയറാനുള്ള പടികളും അവർ കാണിച്ചു തന്നു. 450ൽപ്പരം പടികൾ കയറിച്ചെന്നാൽ കോട്ടയുടെ ദൗലത്ത് കാസിൽ എന്ന പഴയ കെട്ടിട ഭാഗത്ത് എത്താം. അത് അടച്ചിട്ടിരിക്കുകയാണ്.
ദൗലത്ത് കാസിലിനെ ചുറ്റി പുറക് വശത്ത് ചെന്ന് വീണ്ടും ഏകദേശം 200 പടികൾ കൂടെ കയറിയാൽ കോട്ടയുടെ മുകൾഭാഗത്ത് എത്താം. സമനിരപ്പിൽ ഉള്ള ആ ഭാഗത്ത് മൂന്നിൽ അധികം വലിയ ക്ഷേത്രങ്ങളാണ്. 2 എണ്ണത്തിന്റെ നിർമ്മിതി നടക്കുന്നു. മറ്റൊരു വലിയ ക്ഷേത്രം ഉള്ളത് മാർബിളിൽ ആണ് തീർത്തിരിക്കുന്നത്. എന്താണ് അവിടത്തെ പ്രതിഷ്ഠ എന്ന് പോലും മനസ്സിലാക്കാൻ ആകുന്നില്ല എല്ലാം എഴുതി വെച്ചിരിക്കുന്നത് ഗുജറാത്തിയിലാണ്.
ക്ഷേത്രങ്ങളുടെ മുന്നിലൂടെ എതിർവശത്തേക്ക് നടന്നാൽ കോട്ടയിലേക്ക് വാഹനങ്ങൾക്ക് കയറി വരാനുള്ള റോഡിലെത്താം. ഒരുവശത്ത് പടികളിലൂടെയും മറുവശത്ത് റോഡിലൂടെയും മുകളിലേക്ക് കയറി വരാമെന്ന് സാരം.
ക്ഷേത്രങ്ങൾക്കിടയിൽ കോട്ടയുടെ പഴയ ഭാഗങ്ങൾ എന്ന് തോന്നിക്കുന്ന ചില നിർമ്മിതികൾ കാടുപിടിച്ച് കിടക്കുകയാണ്. കോട്ട മതിൽ എന്ന് പറയാൻ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. സമതലത്തിന് ചുറ്റും മല സ്വയം ഒരു കോട്ട തീർത്തിരിക്കുകയാണ്. രാജാക്കന്മാർ താമസിച്ചിരുന്നത് ദൗലത്ത് കാസിലിന് അകത്ത് ആകാം.
എട്ടാം നൂറ്റാണ്ടിൽ പരിഹാർ രജ്പുത്ത് രാജവംശമാണ് കോട്ട നിർമ്മിച്ചത്. കോട്ടയുടെ കൂടുതൽ ചരിത്രമൊന്നും ലഭ്യമല്ല. മുകളിൽ ക്ഷേത്രങ്ങൾ ഉള്ളതുകൊണ്ട് മലമുകളിലേക്ക് ജനങ്ങൾ പോകുകയും വരുകയും ചെയ്യുന്നു.
മലയിറങ്ങി താഴെ വന്ന് സ്ക്കൂൾ മൈതാനത്തിൻ്റെ ഒരതുള്ള മരത്തണലിൽ കുറേ സമയം വിശ്രമിച്ചു. നാളെ വട്നഗർ വിടുകയാണ്. സൗരാഷ്ട്രയിൽ കാണാനുള്ള സ്ഥലങ്ങളും കോട്ടകളും ചിട്ടപ്പെടുത്തിയ ശേഷം വൈകീട്ട് അഞ്ച് മണിയോടെ ശർമിഷ്ട്ട തടാകക്കരയിൽ എത്തി.
ഞാൻ ഇതുവരെ തങ്ങിയ പെരുവഴികളിൽ ഏറ്റവും സൗകര്യപ്രദമായ സ്ഥലമാണിത്. അവിടെയുള്ള സുരക്ഷാ ജീവനക്കാർ വളരെ സൗഹാർദ്ദപരമായാണ് എൻ്റെ കാര്യങ്ങൾ നോക്കുന്നത്. അവർ എന്നെ വിളിക്കുന്ന ചെല്ലപ്പേര് ഇന്ന് ഞാൻ കേൾക്കാൻ ഇടയായി. ‘കില്ലാവാല’. സംഭവം എനിക്ക് ക്ഷ പിടിച്ചു.
തണുപ്പ് തീരെ കുറഞ്ഞിരിക്കുന്നു. വെളുപ്പിന് പോലും 16 ഡിഗ്രിയാണ് കാണിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഞാൻ സ്ലീപ്പിങ്ങ് ബാഗ് ഉപയോഗിക്കുന്നില്ല. ചൂട് ശീലിക്കുന്നത് നല്ലതാണ്. കേരളതിലേക്കാണല്ലോ തിരികെ വരേണ്ടത്.
ശുഭരാത്രി.