Pulimada

പുലിമട ഡോട്ട് കോം


Pulimada

പുലിമട ഡോട്ട് കോം (www.pulimada.com) pugmarks of tigers എന്ന ഈ സൈറ്റ് ഒരു പരീക്ഷണമാണ്. സാധാരണ നിലയ്ക്ക് കമ്പോളങ്ങളിൽ ലഭിക്കാത്ത, എല്ലാ സമയത്തും വാങ്ങാൻ കിട്ടാത്ത, വ്യത്യസ്തമായതും എന്തെങ്കിലുമൊക്കെ പ്രത്യേകതകൾ ഉള്ളതുമായ, അതേ സമയം ഉപഭോക്താക്കളിലേക്ക് എത്താൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഉൽപ്പന്നങ്ങളെല്ലാം ഒരുമിച്ച് ഒരിടത്ത് പരിചയപ്പെടുത്തുന്ന ഒരു ഓൺലൈൻ സംവിധാനം.

അത്തരം 21 ഉൽപ്പന്നങ്ങളും സേവനങ്ങളുമായി ഇന്ന് (സെപ്റ്റംബർ 13) പുലിമട ഡോട്ട് കോം സൈബർ ലോകത്ത് പിച്ചവെക്കുകയാണ്.

ചേക്കുട്ടിപ്പാവകൾ മുതൽ അമ്മൂമ്മത്തിരികൾ വരെയും, ഓണവില്ല് മുതൽ മുള ഉൽപ്പന്നങ്ങൾ വരെയും, പോച്ചമ്പിള്ളി കൈത്തറി മുതൽ ഉയരക്കൂടുതൽ നൽകുന്ന പാദരക്ഷകൾ വരെയും ഈ 21 ഉൽപ്പന്നങ്ങളിലുണ്ട്. എല്ലാവരും അവരവരുടെ ഉൽപ്പന്നങ്ങളുടെ കാര്യത്തിലെ പുലികൾ. അവർക്കെല്ലാവർക്കും ചേർന്ന് ഒരു മട. അതാണ് പുലിമട!

ഈ ഉൽപ്പന്നങ്ങളെ പരിചയപ്പെടുത്തി അതിന്റെ നിർമ്മാതാക്കളിലേക്ക് വഴി തിരിച്ച് വിടുക മാത്രമാണ് തൽക്കാലം പുലിമട ചെയ്യുന്നത്. ഇവിടെ നേരിട്ട് വിൽപ്പനയില്ല. ഇവിടെ നൽകിയിരിക്കുന്ന നമ്പറിലൂടെയോ സൈറ്റിലൂടെയോ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം മുതലായ സംവിധാനങ്ങളിലൂടെയോ ബന്ധപ്പെട്ട് ഉൽപ്പന്നങ്ങൾ സ്വന്തമാക്കാം. ഇതുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള പണമിടപാടോ ബാദ്ധ്യതകളോ പുലിമടയ്ക്കില്ല. എല്ലാക്കാര്യങ്ങളും വാങ്ങുന്നവരും വിൽക്കുന്നവരും നേരിട്ട് മാത്രം.

banner

പുലിമടയിൽ ഒരു ഉൽപ്പന്നം തികച്ചും സൗജന്യമായി ഒരാൾക്ക് പബ്ലിഷ് ചെയ്യാം. ഉൽപ്പന്നത്തെപ്പറ്റിയുള്ള വിവരണവും കുറഞ്ഞത് 6 ചിത്രങ്ങളും (700 X 700 അല്ലെങ്കിൽ 250 KB സൈസ്) ബന്ധപ്പെടേണ്ട വിലാസങ്ങളും (ഫോൺ,വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വെബ്സൈറ്റ്, ഇ-മെയിൽ ഇത്യാദി) manojravindran@gmail.com ലേക്ക് അയച്ച് തന്നാൽ മാത്രം മതി.

ഇത്തരത്തിൽ ഏതെങ്കിലും ഉൽപ്പന്നം സ്വന്തമായുള്ള പുലിയാണ് നിങ്ങളെങ്കിൽ സധൈര്യം പുലിമടയിലേക്ക് കടന്നുവരൂ. അതല്ല ഇത്തരത്തിൽ ഒരു പുലിയെ നിങ്ങൾക്ക് പരിചയമുണ്ടെങ്കിൽ പുലിമടയിൽ പരിചയപ്പെടുത്തൂ.
ഇത് എല്ലാം തികഞ്ഞ ഒരു സംരംഭമാണെന്ന് അവകാശപ്പെടുന്നില്ല. തികച്ചും പരീക്ഷണം മാത്രമാണ്. പക്ഷേ, കുറച്ച് പേർക്കെങ്കിലും ഇതുകൊണ്ട് പ്രയോജനം ഉണ്ടായെന്ന് വരാം.

പുലിമടയിലൂടെ കടന്ന് പോയി തെറ്റുകുറ്റങ്ങളും കുറവുകളും കണ്ടുപിടിച്ച് അറിയിച്ചാൽ പറ്റാവുന്നത് പോലെയെല്ലാം തിരുത്താം. ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ അതും മുന്നോട്ട് വെക്കാം. പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് പറ്റുന്നത് പോലെ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുന്നതാണ്.