റാസ് കോട്ടയിലേക്ക് ഹവേലി റസ്റ്റോറന്റിൽ നിന്ന് 36 കിലോമീറ്റർ മാത്രമാണ് ദൂരം. പക്ഷേ ഒന്നേകാൽ മണിക്കൂർ യാത്ര കാണിക്കുന്നുണ്ട് ഗൂഗിൾ. അതിനർത്ഥം റോഡ് വളരെ മോശമാണ് എന്നാണ്.
പ്രതീക്ഷിച്ചതിനേക്കാൾ വളരെ മോശം റോഡ് ആയിരുന്നു. പലയിടത്തും റോഡ് തന്നെയില്ല. ചിലയിടത്ത് റോഡ് പണി നടക്കുന്നു. ചിലയിടത്ത് മഴയിൽ ഒലിച്ചു പോയ റോഡിന്റെ ഭാഗങ്ങളിലൂടെ ഭാഗി കയറി ഇറങ്ങുമോ എന്ന് ശങ്കിക്കേണ്ട അവസ്ഥ.
പക്ഷേ, കഴിഞ്ഞ നാല് ദിവസം കോട്ടകളിൽ കയറാൻ പറ്റാതിരുന്നത് കൊണ്ട്, ഇന്ന് എങ്ങനേയും ഒരു കോട്ടയിൽ കയറണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷേ റാസ് കോട്ട നിരാശപ്പെടുത്തി.
ആ ചെറിയ പട്ടണത്തിന്റെ കടകമ്പോളങ്ങളിലൂടെ നടന്ന്, കോട്ടയുടെ ചുറ്റുമതിലിൻ്റെ കവാടത്തിലൂടെ പ്രവേശിച്ച് കൊട്ടാരം ഇരിക്കുന്ന ഭാഗത്തേക്കുള്ള വഴി കണ്ടുപിടിച്ചു.
“കോട്ടയിലേക്ക് പോകുകയാണെങ്കിൽ പ്രവേശനം ലഭിക്കില്ല”…. എന്ന് വഴിയിൽ കണ്ട ഒന്നുരണ്ട് പേർ സൂചന തന്നു. മുന്നോട്ടുപോകുമ്പോൾ, ഒരു വശത്തുള്ള കെട്ടിടങ്ങൾക്കിടയിലൂടെ കോട്ട തലയുയർത്തി നിൽക്കുന്നത് കാണാം.
പ്രധാന കവാടം തുറന്നാണ് കിടക്കുന്നത്. അതിനകത്ത് കടന്ന് രണ്ടാമത്തെ കവാടത്തിന്റെ അകത്തും പ്രവേശിച്ചു. അവിടെനിന്ന് പടങ്ങൾ എടുത്തു കൊണ്ടിരിക്കുമ്പോൾ വാച്ച്മാൻ പ്രത്യക്ഷപ്പെട്ടു. കൊട്ടാരത്തിൽ നിലവിലെ ഉടമ ഠാക്കൂർ സാഹിബ് താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും അകത്തേക്ക് പ്രവേശനമില്ല എന്ന് അറിയിച്ചു.
പക്ഷേ, പടങ്ങൾ അവിടെ നിന്ന് എടുക്കാൻ അനുമതി തന്നു. തീരെ പരിപാലനം ഇല്ലാത്ത അവസ്ഥയിലാണ് കോട്ട. ഒരു പച്ചപ്പ് പോലും ആ പ്രദേശത്തില്ല. ആകെ ഉണങ്ങി പൊടി പിടിച്ച് നിലംപൊത്താറായത് പോലൊരു വലിയ കൊട്ടാരം തലയുയർത്തി നിൽക്കുന്നുണ്ട്. അത് മാത്രമാണ് പുറത്ത് നിന്നുള്ള കാഴ്ച്ച.
പതിനാറാം നൂറ്റാണ്ടിൽ റാവു മാൽദേവ് റാത്തോഡ് ആണ് റാസ് കോട്ട നിർമ്മിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യത്തിന് കീഴിലും പതിനെട്ടാം നൂറ്റാണ്ടിൽ മറാഠകൾക്ക് കീഴിലുമായി ഈ കോട്ട. മറാഠ ഭരണത്തിന് ശേഷമാണ് കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയത്.
കഴിഞ്ഞു; നിരാശാജനകമായ റാസ് കോട്ട സന്ദർശനം അവിടെ കഴിഞ്ഞു.
റാസ് കോട്ടയിൽ നിന്ന് 13 കിലോമീറ്റർ പോയാൽ കുർക്കി കോട്ടയിൽ എത്താം. അര മണിക്കൂർ യാത്ര മാത്രം. ഭാഗിയും ഞാനും അങ്ങോട്ട് തിരിച്ചു. പക്ഷേ നാലഞ്ച് കിലോമീറ്റർ പോയതും ഒരു ചെറിയ കുന്നിൻ മുകളിൽ ഒരു കോട്ട കണ്ടു. ഭാഗിയെ നിർത്തി നാട്ടുകാരോട് വിവരം തിരക്കിയപ്പോൾ, സേവരിയ എന്ന സ്ഥലമാണ് അതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. കോട്ടയുടെ പേരും സേവരിയ എന്ന് തന്നെ.
കോട്ടയ്ക്ക് മുകളിൽ കയറാൻ പറ്റുമോ എന്ന് ചോദ്യത്തിന് പറ്റുമെന്ന് ഉത്തരം കിട്ടി. ആസിഫ്, കിഷൻ എന്നീ രണ്ട് ചെറുപ്പക്കാർ എനിക്കൊപ്പം കോട്ടയിലേക്ക് വന്നു. സത്യത്തിൽ അവരില്ലായിരുന്നെങ്കിൽ എനിക്ക് ആ മല കയറാനും സേവരിയ കോട്ട കാണാനും കഴിയുമായിരുന്നില്ല. കൃത്യമായ വഴികൾ ഒന്നുമില്ല മുകളിലേക്ക്. 15 മിനിറ്റ് കയറ്റമുണ്ട്. വസ്ത്രത്തിലും ശരീരത്തിലും നേർത്ത മുള്ളുള്ള പുല്ലിന്റെ വിത്ത് ധാരാളമായി പിടിച്ചുപറ്റി.
പിള്ളേർ പക്ഷേ എനിക്ക് കോട്ടയുടെ ഭാഗങ്ങളെല്ലാം വിശദമായി കാണിച്ചു തന്നു. കോട്ടയുടെ പലഭാഗങ്ങളും ഇടിഞ്ഞു വീണിരിക്കുന്നു. പത്തോ പതിനഞ്ചോ കൊല്ലത്തിനുള്ളിൽ മേൽക്കൂരകൾ പൂർണമായും ഇടിഞ്ഞു വീണിരിക്കും. മതിലുകൾ പിന്നെയും പിടിച്ചു നൽക്കും.
ആസിഫിനും കിഷനും ഞാനൊരു സമ്മാനം കൊടുത്തെങ്കിലും അവരത് വാങ്ങാൻ മടി കാണിച്ചു. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ കോട്ട കാണാൻ എനിക്ക് പറ്റില്ലായിരുന്നു എന്നൊക്കെ പറഞ്ഞ് സന്തോഷിപ്പിച്ച് ഒരുപാട് നിർബന്ധിച്ചാണ് ഞാനത് അവരെ ഏൽപ്പിച്ചത്.
പട്ടികയിൽ ഇല്ലാത്ത കോട്ടയാണ് സേവരിയ എന്നതാണ് സന്തോഷകരമായ ഒരു കാര്യം. അതിനിടയ്ക്ക് ഒരു നാട്ടുകാരൻ നിന്നും മനസ്സിലാക്കാൻ പറ്റിയ കാര്യം കോട്ടയ്ക്കകത്ത് അതിഭീമമായ ഒരു നിധി ഉണ്ട് എന്നാണ്. കോട്ടയുടെ ഉടമസ്ഥൻ പണ്ട് ഇതിൽ താമസിച്ചിരുന്നു. പക്ഷേ ഇപ്പോൾ ജയ്പൂരിൽ ആണ് താമസം. അതിക്രമിച്ചു കയറി നിധി കുഴിച്ചെടുക്കാനുള്ള ധൈര്യമൊന്നും നാട്ടുകാർക്കില്ല എന്ന് വേണം മനസ്സിലാക്കാൻ. രാജകുടുംബാംഗങ്ങളെ അവർക്ക് ഇപ്പോഴും നല്ല പേടിയുണ്ടാവും.
കുർക്കി കോട്ടയിലേക്ക് ഇനി അധികം ദൂരമില്ല. ഇൻ്റർനെറ്റിൽ കുർക്കി കോട്ടയെപ്പറ്റി തിരയുമ്പോൾ, മീര കുർക്കി കോട്ട എന്നാണ് ഉത്തരം ലഭിക്കുന്നത്. മീര എന്ന പേര് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അത് എനിക്ക് മനസ്സിലായത് കോട്ടയിൽ ചെന്ന ശേഷം ആണെന്ന് മാത്രം.
വളരെ നന്നായി പരിപാലിക്കുന്ന ഒരു കോട്ടയാണ് കുർക്കി. പക്ഷേ സന്ദർശകർക്ക് പ്രവേശനമില്ല. ഈ ദിവസങ്ങളിൽ ഒട്ടും പ്രവേശിക്കാൻ പറ്റില്ല. കാരണം അവിടെ രാജകുടുംബാംഗങ്ങൾ ദീപാവലിക്ക് ശേഷം സമ്മേളിക്കുകയാണ്. അതിന്റെ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ഞാൻ രാജകുടുംബാംഗങ്ങളിൽ ഒരാളായ ഗോവർദ്ധനവുമായി സംസാരിച്ചു. അപ്പോഴാണ് മീരാ എന്ന പേരിൻ്റെ പിന്നിലെ രഹസ്യം പിടികിട്ടിയത്.
പ്രശസ്ത കൃഷ്ണഭക്തയും കവയിത്രിയും രാജകുടുംബാംഗവും ആയ മീരാബായ് ഈ കോട്ടയിലാണ് ജനിച്ചത്. അതുകൊണ്ടാണ് കുർക്കി കോട്ടയുടെ കൂടെ മീര എന്ന പേര് ചേർത്തിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് കുർക്കി കോട്ട ഉണ്ടാക്കിയത്. 1576 ലെ പ്രസിദ്ധമായ കുർക്കി യുദ്ധം നടന്നത് ഈ കോട്ടയിൽ വെച്ചാണ്.
കുർക്കി കോട്ടയുടെ രണ്ട് കവാടം കടന്ന് ഞാൻ അകത്തു ചെന്നിരിക്കുന്നു. അതുകൊണ്ട് ഈ കോട്ടയിൽ പ്രവേശിച്ചതായി ഞാൻ കണക്കാക്കും. റാസ് കോട്ടയുടേയും രണ്ട് കവാടങ്ങൾ കടന്ന് ഞാൻ അകത്ത് പ്രവേശിച്ചിട്ടുണ്ട്. എന്നുവെച്ചാൽ ഇന്ന് മൂന്ന് കോട്ടകൾ സന്ദർശിച്ചതായിത്തന്നെ കണക്കിൽ ചേർക്കുന്നു.
മടങ്ങി ഹവേലി റിസോർട്ടിൽ എത്തിയത് സാമാന്യം ഭേദപ്പെട്ട ദേശീയ പാതയിലൂടെയാണ്. ഇന്ന് അധികം ദൂരം സഞ്ചരിക്കാതെ തന്നെ മൂന്ന് കോട്ടകൾ കണ്ടിരിക്കുന്നു. നല്ല ഒരു ദിവസമായിത്തന്നെ 2024 നവംബർ 3നെ കണക്കാക്കണം.
അജ്മീറിലെ ധാബയിലുണ്ടായിരുന്ന അത്ര തണുപ്പ് ഹവേലി റസ്റ്റോറന്റിൽ ഇല്ല. ഇന്നലെ സ്ലീപ്പിങ് ബാഗിൽ കയറിക്കിടന്ന ഞാൻ, കുറച്ച് കഴിഞ്ഞപ്പോൾ വിയർത്ത് കുളിച്ച് അതിൽ നിന്ന് ചാടി പുറത്ത് കടക്കുകയായിരുന്നു. എന്തായാലും രാത്രി ഫാൻ ഇടാതെ കിടക്കാൻ പറ്റുന്നത് തന്നെ വലിയ കാര്യം.
ശുഭരാത്രി.