രാവിലെ, മഞ്ജു നല്ല രസികൻ ഉപ്പുമാവ് ഉണ്ടാക്കി തന്നു. കച്ചോരിയും സമൂസയും ആലു പൊറോട്ടയും കഴിച്ച് മടുത്തിട്ടുണ്ടായിരുന്നു ഇതിനകം.
ഒൻപത് മണിയോടെ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ മാറി, ആരവല്ലി മലമുകളിൽ നിലകൊള്ളുന്ന അമർ കോട്ടയിലേക്ക് പുറപ്പെട്ടു. ആമ്പർ കോട്ട എന്നും പറയും. കോട്ടയും കൊട്ടാരവും എല്ലാം ഇതുതന്നെ.
മാവോട്ട തടാകത്തിന്റെ ഒരു ഭാഗത്ത് വാഹനം പാർക്ക് ചെയ്തിട്ട് വേണം സന്ദർശകർ കോട്ടയിലേക്ക് പോകാൻ. അല്പം ദൂരം നടക്കാനുണ്ട് അങ്ങോട്ട്. കൊണ്ടുവിടാൻ ജീപ്പുകൾ തയ്യാറായി നിൽക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പോകാൻ 550 രൂപ കൊടുക്കണം, കഷ്ടി ഒന്നര കിലോമീറ്റർ സവാരിക്ക്. ഞാൻ തടാകത്തിന്റെ ഭംഗി ആസ്വദിച്ച് നടക്കാൻ തീരുമാനിച്ചു
പകുതി വഴിക്ക് ഒരു ഗൈഡിനെ കിട്ടി. പേര് രാധേസ് സൈനി. ഒന്നര മണിക്കൂർ നേരത്തേക്ക് 400 രൂപയാണ് ഗൈഡിന്റെ നിരക്ക്. ഒന്നര മണിക്കൂർ കൊണ്ട് ഒരു ചെറിയ കോട്ട പോലും ഞാൻ കണ്ടു തീർക്കില്ല. അക്കാര്യം ആദ്യമേ തന്നെ രാധേസിനോട് പറഞ്ഞു. അയാൾക്ക് ഏറെക്കുറെ എൻ്റെ ഭ്രാന്ത് പിടികിട്ടിയെന്ന് തോന്നുന്നു. വളരെ മാന്യനായ ഒരു ചെറുപ്പക്കാരനായിരുന്നു അയാൾ. അദ്ദേഹത്തിൻ്റെ ബൈക്കിൽ തന്നെ എന്നെ കോട്ടയുടെ മുകളിലേക്ക് കൊണ്ടുപോയി. ഇരുചക്രവാഹനങ്ങൾക്ക് പോകാൻ ഒരു വഴി, ജീപ്പുകൾക്ക് പോകാൻ മറ്റൊരു വഴി, നടന്നു കയറാൻ പല വഴികൾ. അത്രയും വിപുലമാണ് അമർ കോട്ട.
കോട്ടയം കൊട്ടാരവും ചേർന്ന നിർമ്മിതി ആയതുകൊണ്ട് തന്നെ ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ.
* 1592 ൽ കോട്ടയുടെ നിർമ്മാണം തുടങ്ങി.
* കോട്ട ഇപ്പോൾ കാണുന്ന രൂപത്തിൽ ആകാൻ 150 വർഷം എടുത്തു.
* കീഴെയുള്ള മവോട്ട തടാകമാണ് അമർ കോട്ടയുടെ ജലസ്രോതസ്സ്.
* നിർമ്മാണം തുടങ്ങിയത് മാൻസിങ് ഒന്നാമൻ. പിന്നീട് പല പല കൂട്ടിച്ചേർക്കലുകൾ നടന്നു.
* കോട്ടയുടെ തറ നിരപ്പിനോട് ചേർന്ന് മനുഷ്യ നിർമ്മിത തടാകം ഉണ്ട്. അതിന് നടുവിൽ, വൈകുന്നേരങ്ങളിൽ ഇംഗ്ലീഷിലും ഇന്ത്യയിലും പ്രത്യേകം ലൈറ്റ് ആൻഡ് സൗണ്ട് പ്രദർശനങ്ങൾ നടക്കുന്നു.
* കോട്ടയ്ക്കകത്തെ ശിലാദേവി ക്ഷേത്രത്തിന്റെ വാതിലുകൾ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ ഭാഗത്ത് ഫോട്ടോഗ്രാഫി നിഷിദ്ധമാണ്.
* ഈ ക്ഷേത്രത്തിന് മുന്നിലുള്ള ചത്വരത്തിൽ പഴയകാലത്ത് മൃഗബലി നടക്കുമായിരുന്നു.
* തൊട്ടടുത്തുള്ള ജയ്ഗഡ് കോട്ടയിലേക്ക് 2 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഇടനാഴി ഉണ്ട്. ഇത് രാജകുടുംബത്തിന്റെ ഒരു രക്ഷാമാർഗ്ഗം കൂടെ ആയിരുന്നു
* കോട്ടയ്ക്ക് കീഴെ വലിയ ഒരു തുരങ്കം ഉള്ളതിലൂടെ കുറച്ച് ദൂരം സഞ്ചരിക്കാം. ബാക്കി ഭാഗം അടച്ചിരിക്കുന്നു.
* 14 ലക്ഷം പേർ ഒരു വർഷം ഈ കോട്ട സന്ദർശിക്കുന്നു.
* അമർ കോട്ട വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്.
* മാൻസിംഗിന് 12 ഭാര്യമാരാണ് ഉണ്ടായിരുന്നത്. അവർക്കായി 12 അന്തപ്പുരങ്ങളും ഉണ്ടായിരുന്നു. ഓരോ റാണിമാരുടേയും അന്തപുരത്തിലേക്ക് രാജാവിന് പോകാൻ പ്രത്യേകം ഏണിപ്പടികൾ ഉണ്ട്. രാജാവ് ഏത് റാണിയുടെ അന്തപുരത്തിലേക്കാണ് പോയതെന്ന് മറ്റ് റാണിമാർക്ക് പോലും മനസ്സിലാകാത്ത തരത്തിലാണ് ഇതിന്റെ നിർമ്മിതി.
* ജാക്കൂസി എന്ന പുതിയ സംവിധാനത്തിൻ്റെ പഴയ രൂപം കൊട്ടാരത്തിൽ ഉണ്ട്.
* കൂടാതെ എ.സി. പോലെ കൃത്രിമ തണുപ്പിക്കൽ സംവിധാനമുള്ള ഭാഗങ്ങളും കൊട്ടാരത്തിൽ ഉണ്ട്.
* കൊട്ടാരത്തിനകത്തെ ശീഷ് മഹൽ (ചില്ല് + കണ്ണാടി വീട്) ഉണ്ടാക്കാൻ 20 വർഷത്തോളം എടുത്തു. ബെൽജിയത്തിൽ നിന്നും വെനീസിൽ നിന്നും കൊണ്ടുവന്ന ചില്ലുകളും കണ്ണാടികളും ആണ് ഇതിന് ഉപയോഗിച്ചിരിക്കുന്നത്.
* 90 ൽപ്പരം ശൗചാലയങ്ങൾ കോട്ടയ്ക്കുള്ളിൽ ഉണ്ട്.
അങ്ങനെയങ്ങനെ പറഞ്ഞാലും തീരാത്ത പ്രത്യേകതകളുള്ള ഒരു വലിയ കോട്ട അഥവാ കൊട്ടാരമാണ് അമർ.
രാധേസ് സൈനിനെ അദ്ദേഹത്തിൻ്റെ ഒന്നരമണിക്കൂർ സേവനത്തിന് ശേഷം പറഞ്ഞുവിട്ട്, ഞാൻ വീണ്ടും കോട്ടയ്ക്കുള്ളിൽ വിശദമായി കറങ്ങി. കോട്ടയ്ക്കുള്ളിൽ കഫെ കോഫി ഡേയിൽനിന്ന് ഉച്ചഭക്ഷണം കഴിച്ചു.
കോട്ട ഇറങ്ങി വരുമ്പോൾ പ്രധാന കവാടമായ സൂരജ് പോളിന് ഉള്ളിലുള്ള ചത്വരത്തിൽ, രണ്ട് ചക്രമുള്ള segway എന്ന വാഹനത്തിൽ അൽപ്പദൂരം. കറങ്ങുകയും ചെയ്തു. പെട്ടെന്ന് ബാലൻസ് കൈവരിക്കാനും നിയന്ത്രിക്കാനും കഴിയുന്ന ഒരു വാഹനമാണ്. അൽപ്പം ദൂരക്കൂടുതൽ ഉള്ള നടത്തങ്ങൾക്ക് പകരം ഇത് പ്രയോജനപ്പെടുത്താം.
കാൽനടക്കാർക്ക് വേണ്ടിയുള്ള വഴിയിലൂടെയാണ് ഞാൻ കോട്ടയിൽ നിന്ന് തിരിച്ചിറങ്ങിയത്. പകുതി ദൂരം തടാകക്കരയിലൂടെ സഞ്ചരിച്ചപ്പോൾ രാധേസ് ബൈക്കുമായി എനിക്ക് മുന്നിൽ നിൽക്കുന്നു. അദ്ദേഹം എന്നെ കാർ പാർക്കിൽ കൊണ്ടു ചെന്നാക്കി.
രാവിലെ കോട്ടയിലേക്ക് പോകുന്ന വഴി രണ്ടു സംഭവങ്ങൾ ഉണ്ടായി. ട്രാഫിക് പോലീസ് തടഞ്ഞു നിർത്തി ലൈസൻസും ഭാഗിയുടെ അന്തപ്പുരവും പരിശോധിച്ചു. ഭാഗിയുടെ എ.സി. വീണ്ടും പ്രവർത്തന രഹിതമായി. നാളെ രാവിലെ അത് വീണ്ടും നന്നാക്കണം.
നാളെ മറ്റൊരു വിശേഷമുണ്ട്. ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ എല്ലാ ടൂറിസ്റ്റ് ഇടങ്ങളിലും പ്രവേശനം സൗജന്യമാണ്.
നാളെ ജയ്ഗഡ് കോട്ടയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്. അമർ കോട്ടയിൽ നിന്ന് ജയ്ഗഡിലേക്കുള്ള ഇടനാഴിയിലൂടെ 2 കിലോമീറ്റർ നടക്കുകയും വേണം.
അങ്ങനെ രാജസ്ഥാനിലെ കോട്ടകളുടെ സമ്പന്നതയിലേക്ക് ഞാൻ വീണ്ടും കാല് കുത്തിരിക്കുകയാണ്. ഇത് എൻ്റെ അറുപത്തിയാറാമത്തെ കോട്ടയാണ്. രാജസ്ഥാനിലെ ഇരുപത്തിമൂന്നാമത്തേയും.
ശുഭരാത്രി കൂട്ടരേ.