ഇത്രയും (5000+) ആളുകൾ താമസിക്കുന്ന ചിത്തോർഗഡ് കോട്ടയ്ക്കുള്ളിൽ, ഞാൻ കണ്ടെത്തിയ കുറവുകൾ ചിലതുണ്ട്.
* വിദ്യാലയങ്ങളില്ല. അതിനുള്ള കുട്ടികൾ കാണില്ലായിരിക്കാം.
* പൊതു ശൗചാലയങ്ങൾ ഇല്ല.
* ജൈനരുടെ, ഇരുനിലകളുള്ള ഒരു വലിയ വൃദ്ധസദനം വെറുതെ അടഞ്ഞ് കിടക്കുന്നു. ആരോരുമില്ലാത്ത വൃദ്ധർ ഇല്ലാഞ്ഞിട്ടല്ലല്ലോ. സമ്മർ പാലസിൻ്റെ മരത്തണലിൽ കൂരയൊന്നും ഇല്ലാതെ ഒരു വൃദ്ധനെ രണ്ട് ദിവസമായി ഞാൻ കാണുന്നു.
* ATM ഇല്ല. ഇന്ന് രാവിലെ നഗരത്തിൽ ഒരുപാട് കറങ്ങി നടന്നാണ് ഒരെണ്ണം കണ്ടുപിടിച്ചത്.
* ഗൈഡുകൾ വല്ലാതെ ശല്ല്യപ്പെടുത്തുന്നു. ഞാൻ ഇന്നലെ ഗൈഡിന്റെ സേവനം എടുത്തിരുന്നു എന്ന് പറഞ്ഞിട്ടും ഒരു ഗൈഡ് എന്നെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ‘സ്റ്റോറി വേറെയാണ് സർ’ എന്നയാൾ പറഞ്ഞപ്പോൾ, ‘ഹിസ്റ്ററി ഒന്നേയുണ്ടാകൂ’ എന്നെനിക്ക് തിരിച്ചടിക്കേണ്ടി വന്നു. ഞാൻ ഫോൺ ചെയ്യുന്നതിന് ഇടയിൽ പോലും അയാൾ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. ആദ്യ ദിവസം മുതൽ ഇതുവരെ 20 ഗൈഡുകളുടെയെങ്കിലും ശല്ല്യം നേരിടേണ്ടി വന്നു. അവരുടെ ജീവിതമാർഗ്ഗമാണെന്നത് വിസ്മരിക്കുന്നില്ല. ഈ കോട്ടയിൽ ഗൈഡിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഞാൻ വലിയ വിജയമായിരുന്നു എന്ന് ഇന്നലെ സൂചിപ്പിച്ചിരുന്നല്ലോ.
* ട്രാഫിക്ക് മര്യാദകൾ കാണിക്കാത്തതും തോന്നുന്നിടത്ത് തോന്നുന്നത് പോലെ വാഹനം നിർത്തി അന്യാവശ്യ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതും സാധാരണത്തേതിൽ കൂടുതൽ കോട്ടയിൽ ഉണ്ടെന്ന് തോന്നി.
* വൃത്തിയാക്കി വെച്ചാൽ കുടുതൽ ആകർഷണീയമാക്കാൻ പറ്റുന്ന ജലാശയങ്ങൾ എല്ലാം മലിനമാണ്.
ഇതൊക്കെ ആണെങ്കിലും മാലിന്യം വേറെ എങ്ങോട്ടോ കൊണ്ടുപോകുന്നുണ്ട്. കോട്ടയിൽ സാധാരണ നിലയ്ക്കുള്ള മാലിന്യങ്ങൾ മാത്രം.
ഇന്ന് ഷൂട്ടിങ്ങ് ഒരു വിധത്തിന് തീർത്തു. രണ്ടു ദിവസമായി രാത്രി തണുപ്പ് കുറവാണ്. ഇന്നലെ ഞാൻ സ്ലീപ്പിങ്ങ് ബാഗിൽ അല്ല കിടന്നത്. പകൽ നല്ല ചൂടുണ്ടായിരുന്നു. നന്നായി വിയർത്തു. വല്ലാത്ത തലവേദനയും വന്നു.
ഉച്ചഭക്ഷണം കഴിഞ്ഞ് ഉറങ്ങിയില്ലെങ്കിൽ പിടിവിട്ട് പോകുമെന്ന് തോന്നി. സമ്മർ പാലസിൻ്റെ തടാകക്കരയിലുള്ള ഒരു മരത്തിനടിയിൽ ഭാഗിയെ പാർക്ക് ചെയ്ത് 2 മണി മുതൽ 4 വരെ സുഖമായി കിടന്നുറങ്ങി. അതിന് ശേഷം ഷൂട്ട് പൂർത്തിയാക്കിയപ്പോൾ 6 മണി. ഇന്ന് നല്ല ആകാശമായിരുന്നു. ആയതിനാൽ ഭേദപ്പെട്ട ചിത്രങ്ങൾ എടുക്കാൻ പറ്റി. ഇന്നലെ പങ്കുവെക്കാത്ത ചില ചിത്രങ്ങൾ ഇന്ന് കാണിക്കാം.
ഇരുട്ട് വീണ് വിജയസ്തംഭത്തിൽ വിളക്കുകൾ തെളിഞ്ഞപ്പോൾ അതിന് വേറൊരു ഭംഗി. ആൾക്കാരെല്ലാം ലൈറ്റ് & സൗണ്ട് ഷോ നടക്കുന്ന ഇടത്തേക്ക് പൊയ്ക്കഴിഞ്ഞു. വിജയസ്തംഭത്തിന് താഴെ ജൗഹർ നടന്ന സ്ഥലത്ത് അപ്പോൾ ഞാൻ മാത്രം. റാണി പത്മിനിക്കൊപ്പം 13,000 രജപുത്ര വനിതകൾ, പിന്നീട് 21,000 സ്ത്രീകൾ, വീണ്ടും 16,000 ധീരവനിതകൾ. രാജസ്ഥാനികൾ വിശ്വസിച്ച് പോരുന്ന ജൗഹർ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. ചരിത്രത്തിലെ അത്തരം പഴയ കാര്യങ്ങൾ ഓർത്തുകൊണ്ട് വീണ്ടും അവിടെ നിന്നാൽ ചിത്തം തകരുമെന്ന് തോന്നിയതുകൊണ്ട് പെട്ടെന്ന് ഫോർട്ട് ഹവേലിയിലേക്ക് തിരിച്ചു. അത്താഴം അവിടന്നാണ് കഴിക്കുന്നത്.
നാളെ ചിത്തോർഗഡ് വിടുകയാണ്. 25 കിലോമീറ്റർ അപ്പുറത്ത് ബാസിയിലേക്കാണ് യാത്ര. അവിടെ ഒരു ‘കോട്ടൽ’ ഉണ്ടെന്ന് ലിസ്റ്റ് പറയുന്നു. പോയി നോക്കാം.
ഫോർട്ട് ഹവേലിയുടെ മാനേജർ മഹേന്ദർ മീനയോട് യാത്ര പറഞ്ഞപ്പോൾ, ഇക്കഴിഞ്ഞ രണ്ട് ദിവസം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ എന്ന് അയാളുടെ ചോദ്യം. അലക്കാനും കുളിക്കാനും സൗകര്യം തന്നു, ലാപ്പ്ടോപ്പ് അടക്കം എല്ലാം ചാർജ്ജ് ചെയ്ത് തന്നു, മൂന്ന് നേരം നല്ല ഭക്ഷണം വിളമ്പി. റസ്റ്റോറന്റിലെ ഒരു മേശ മണിക്കൂറുകളോളം ഞാൻ കൈയടക്കി. എനിക്കെല്ലാം, വിചാരിച്ചതിനേക്കാൾ ഭംഗിയായി നിങ്ങൾ ചെയ്തു തന്നു. നിങ്ങളടക്കമുള്ള പ്രപഞ്ചം മുഴുവൻ ഗൂഢാലോചനയിലാണ് മഹേന്ദർ. നന്ദി, ഒരുപാട് നന്ദി.
ഇറക്കിവിട്ട കോട്ടയിൽ അങ്ങനെ ഞാനിതാ രണ്ടാം ദിവസം ഉറങ്ങാൻ പോകുന്നു. ശുഭരാത്രി കൂട്ടരേ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#boleroxlmotorhome
#motorhomelife