ഇന്ന് എവിടേക്ക് പോകണമെന്ന് കാലേക്കൂട്ടി തീരുമാനിച്ചിരുന്നില്ല. 10 മണിയോടെ അക്കാര്യത്തിൽ തീരുമാനമായി. ഹവാ മഹലിൽ നിന്ന് തുടങ്ങാം എന്ന് തീരുമാനിച്ചു.
പക്ഷേ ഭാഗി പണി തന്നു. അവളുടെ ഏ.സി. വീണ്ടും പണിമുടക്കിയിരിക്കുന്നു. എനിക്ക് വല്ലാത്ത ദേഷ്യവും സങ്കടവും വന്നു. കൊച്ചിയിലും ഗോവയിലും കർണാടകയിലും തമിഴ്നാട്ടിലും രാജസ്ഥാനിലും ഒക്കെയായി ഭാഗിയുടെ ഏസിയിൽ എത്ര പേരാണ് പണി ചെയ്തിരിക്കുന്നത്. എന്തുകൊണ്ട് ഇവർക്ക് ആർക്കും ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കാൻ പറ്റുന്നില്ല?
രണ്ട് ദിവസം മുൻപ് ഏ.സി. പണി ചെയ്ത, വഴിയോര വർക്ക് ഷോപ്പിലേക്ക് ഞാൻ ഭാഗിയെ കൊണ്ടു ചെന്നു. അവർ സകലതും വലിച്ചു പറിച്ചിട്ട് പരിശോധിച്ചു. ബ്ലോവർ മോട്ടർ ചീത്തയായി എന്നാണ് പറയുന്നത്. 3800 രൂപയോളം ചിലവാക്കി അത് മാറ്റി വെച്ചു. തൽക്കാലം ഏ.സി. പ്രവർത്തിക്കുന്നുണ്ട്. എനിക്ക് പക്ഷേ അത്ര വിശ്വാസം പോര. നാളെ എന്താകുമെന്ന് കണ്ടറിയണം.
ഇത്രയും ആയപ്പോഴേക്കും മൂന്നര മണി കഴിഞ്ഞു. ഹവാ മഹലിൽ പോകാനുള്ള സമയമുണ്ട്. പക്ഷേ ആ ഭാഗത്തൊന്നും റോഡിൽ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല. ഒരു പാർക്കിങ്ങ് ഇടം കണ്ടുപിടിച്ച്, 100 രൂപ കൊടുത്ത് ഭാഗിയെ അവിടെ ഇട്ടു.
അപ്പോഴേക്കും ഒരു ടുക്ക് ടുക്ക് എത്തി. ഓട്ടോറിക്ഷയുടെ പകുതി വീതിയുള്ള അപകടകരമായ ഒരു വാഹനത്തെപ്പറ്റി കഴിഞ്ഞ ദിവസം ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. അതാണ് ടുക്ക് ടുക്ക്. രാത്രി മുഴുവൻ ചാർജ്ജ് ചെയ്താൽ 60 – 70 കിലോമീറ്റർ ഓടും.
നഗരത്തിന് നടുവിലുള്ള എല്ലാ സ്ഥലങ്ങളിലും സ്വന്തം വാഹനവുമായി കറങ്ങിയാൽ പാർക്ക് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും എല്ലാ സ്ഥലങ്ങളും കറക്കി കാണിക്കാൻ 200രൂപ തന്നാൽ മതിയെന്നും ടുക്ക് ടുക്ക് ഡ്രൈവർ രാജ്കുമാർ അറിയിച്ചു. പാർക്കിങ്ങിൽ ടിക്കറ്റ് കൊടുക്കുന്ന വ്യക്തി അത് ശരിവെച്ചു. അവരെല്ലാവരും ഒറ്റക്കെട്ടാണ്, ഒരേ ടീമാണ്.
അങ്ങനെ, അപകടം പിടിച്ച ആ വാഹനത്തിൽ കുറെ ദൂരം ജയ്പൂർ നഗരത്തിൽ ഞാനിന്ന് സഞ്ചരിച്ചു. അതിനെ പുറത്ത് നിന്ന് കാണുമ്പോൾ എനിക്ക് ഉണ്ടായിരുന്ന പേടി അതിനകത്ത് സഞ്ചരിക്കുമ്പോഴും ഉണ്ടായി എന്നതാണ് സത്യം. അത്തരത്തിലാണ് നിരത്തിൽ ആ വാഹനം സഞ്ചരിക്കുന്നത്.
സവായ് ജെയ്സിംഗ് രണ്ടാമന്‍റെ മക്കളായ സവായ് ഈശ്വരി സിംഗും രണ്ടാമത്തെ മകനായ സവായ് മാധോ സിംഗ് ഒന്നാമനും തമ്മിൽ, 1749ൽ അധികാരത്തിനായി യുദ്ധം നടന്നു. വിജയം മൂത്ത മകനായ ഈശ്വരി സിംഗിന് ആയിരുന്നു. ഈ വിജയം ആഘോഷിക്കാനായി ഒരു വിജയസ്തംഭം ഉണ്ടാക്കി അതിന് ഈസർലത് എന്ന് പേരിട്ടു. അത് പക്ഷേ, വ്യാപകമായി അറിയപ്പെട്ടത് സർഗസുലി എന്ന പേരിലാണ്.
ഷട്കോണാകൃതിയിലുള്ള ഈ കെട്ടിടത്തിന് 140 അടി ഉയരവും ഏകദേശം 7 നില കെട്ടിടത്തിന്റെ ഉയരവുമാണ് ഉള്ളത്. നഗരത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി ഇത് നിലകൊള്ളുന്നു. ഞാൻ ഇന്നലെ, പഴയ ആത്തിഷ് മാർക്കറ്റിൽ കറങ്ങിയടിച്ച് നടന്നപ്പോൾ ഈ സ്തംഭം കണ്ടതാണ്. പക്ഷേ അതിന്റെ മുകളിലേക്ക് കേറിപ്പോകാൻ പറ്റുമെന്നും അവിടെനിന്ന് നഗരത്തിന്റെ മുഴുവൻ കാഴ്ചകളും കാണാൻ പറ്റുമെന്നും അറിയില്ലായിരുന്നു.
50 രൂപ ടിക്കറ്റ് എടുത്ത് സർഗ്ഗസുലിക്ക് മുകളിലേക്ക് കയറി. ചരിവുമല്ല പടികളുമല്ല എന്ന രീതിയിലുള്ള മരത്തിലുള്ള പ്രത്യേക പടികളിലൂടെയാണ് മുകളിലേക്ക് കയറേണ്ടത്. വളരെ ശ്രദ്ധിച്ചു കയറേണ്ട പ്രത്യേകതരം ഒരു കയറ്റം. അതിനൊരു വല്ലാത്ത താളമുണ്ട്. ആ താളം തെറ്റിയാൽ വീണു പോകാൻ സാദ്ധ്യതയുമുണ്ട്.
മുകളിൽ ചെന്ന് 360 ഡിഗ്രിയിൽ നഗരത്തിന്റെ ഭംഗി ആസ്വദിച്ച് കുറെ നേരം അവിടെ നിന്നു. പിന്നെ ജന്ദർ മന്ദറിലേക്ക്.
ജയ്പൂരിന്റെ അസ്ട്രോളജിക്കൽ ഒബ്സർവേറ്ററി ആണ് ജന്തർ മന്ദിർ. അക്ഷാംശവും രേഖാംശവും സൂര്യഘടികാരവും അതുപോലുള്ള മറ്റനേകം യന്ത്രങ്ങളും സൂര്യചന്ദ്രന്മാരുടേയും നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും ഒക്കെ സ്ഥാനം നിർണ്ണയിച്ച് കണക്കാക്കുകയും ഒക്കെ ചെയ്യുന്ന സംവിധാനങ്ങളുടെ കലവറയാണ് ജന്തർ മന്തർ. ആ വിഷയത്തിൽ താല്പര്യമുള്ളവർക്ക് മണിക്കൂറുകളോളം ചിലവഴിക്കാൻ പോന്ന ഇടം.
ഓരോ സ്ഥലങ്ങളിലും എന്നെ ഇറക്കിവിട്ട് രാജകുമാർ വേറെ ഓട്ടം പോകും. ഞാൻ ഫോൺ വിളിക്കുമ്പോൾ അയാൾ വീണ്ടും തിരിച്ചുവന്ന് എന്നെ കൂട്ടി അടുത്ത സ്ഥലത്തേക്ക് പോകും. ജന്തർ മന്തറിൽ കുറെക്കൂടി സമയം ചെലവഴിക്കണമെന്ന് എനിക്കുണ്ടായിരുന്നു. രാജകുമാറിന്റെ സേവനം നിശ്ചിത സമയത്തേക്കാണ്. അതിനാൽ, പെട്ടെന്ന് ഞാൻ അവിടുന്ന് ഇറങ്ങി. ഒറ്റയ്ക്ക് വീണ്ടും എനിക്ക് അങ്ങോട്ട് പോകണം. ഗൈഡുകളുടെ സേവനം ധാരാളമായി അവിടെയുണ്ട്. 400 രൂപയാണ് നിരക്ക്. എല്ലാ കാര്യങ്ങളും അവിടെ എഴുതി വെച്ചിട്ടുണ്ടെങ്കിലും ഗൈഡുകളിൽ നിന്ന് കൂടുതലായി പല ‘കഥകളും’ അറിയാൻ സാധിക്കും.
വൈകാതെ വീണ്ടും ജന്ദർ മന്ദറിൽ പോകാം എന്ന് നിശ്ചയിച്ച് അവിടെ നിന്ന് ഇറങ്ങി.
അടുത്തത് ഹവാ മഹൽ ആണ്. പക്ഷേ, ആറുമണി കഴിഞ്ഞിരിക്കുന്നു ഇന്നിനി എവിടെയെങ്കിലും പോകാൻ എനിക്ക് താല്പര്യമില്ല. ഹവാ മഹലിന്റെ പുറത്തുനിന്ന് ചില ചിത്രങ്ങൾ എടുത്ത് ഇന്നത്തെ യാത്രയും കാഴ്ച്ചകളും മതിയാക്കി റെയിൽവേ കോളനിയിലേക്ക് മടങ്ങി.
ശുഭരാത്രി.