ആഞ്ഞിലി അഥവാ ഐനി എന്ന മരത്തിന് ഒരു പ്രത്യേകതയുണ്ട്. മരത്തിന്റെ തായ്‌ത്തടി നല്ല ഉയരത്തിൽ വളർന്നങ്ങ് പോകും. വലിയ മരമാകുമ്പോൾ അറുത്ത് വിൽക്കുന്ന ആവശ്യത്തിലേക്ക് അത് ഗുണം ചെയ്യും. പക്ഷേ, അതിലെ കായ്ഫലം അനുഭവിക്കുന്ന കാര്യത്തിൽ മരത്തിന്റെ മേലേക്കുള്ള ഈ പോക്ക് അത്ര സുഖകരമല്ല. മരത്തിൽ കയറി ചക്ക പറിക്കുന്നത് ദുഷ്ക്കരമായി മാറുന്നു. പിന്നെ, കാക്കയടക്കമുള്ള പക്ഷികളും അണ്ണാറനുമൊക്കെ തിന്ന് താഴേക്കിടുന്ന ചക്ക നോക്കി വെള്ളമിറക്കുകയേ നിവൃത്തിയുള്ളൂ.
പിതൃക്കന്മാർ എനിക്ക് തന്നിട്ട് പോയ ഭൂമിയിൽ ഒരു ആഞ്ഞിലി വളരുന്നുണ്ടായിരുന്നു. പതിവ് പോലെ മുകളിലേക്ക് തന്നെ. കൂമ്പ് വെട്ടിക്കളഞ്ഞാൽ പന്തലിച്ച് വളരാൻ സാദ്ധ്യതയുള്ളതുകൊണ്ട് അതേപ്പറ്റി കലശലായ ആലോചനയുണ്ടായിരുന്നു. എനിക്ക് തടിവിറ്റ് കാശാക്കണ്ട, പള്ള നിറച്ച് ഐനിച്ചക്ക തിന്നാമ്മതി. എന്തായാലും, കൂമ്പ് മുറിക്കുന്ന കർമ്മം ഞാനായിട്ട് ചെയ്യേണ്ടി വന്നില്ല. തൊട്ടടുത്ത് നിന്നിരുന്ന തെങ്ങ് കാറ്റടിച്ച് വീണപ്പോൾ ആഞ്ഞിലിയുടെ കൂമ്പിന് മുകളിലൂടെയാണ് വീണത്. കൂമ്പൊടിഞ്ഞു. പിന്നങ്ങോട്ട് പ്രതീക്ഷിച്ചത് പോലെ മരം വശങ്ങളിലേക്ക് പന്തലിച്ച് വളരാൻ തുടങ്ങി. തൊട്ടടുത്തുന്ന Muziris Harbour View കെട്ടിടത്തിന്റെ ടെറസ്സിൽ നിന്ന് ഐനിച്ചക്കകൾ കൈകൊണ്ട് പറിച്ചെടുക്കുന്ന സുദിനങ്ങൾ സ്വപ്നം കണ്ട് ഞാൻ കാത്തിരുന്നു.
അതിനിടയ്ക്ക് ഒരു അത്യാഹിതമുണ്ടായി. കുഴൽക്കിണറിൽ നിന്ന് വെള്ളം വലിക്കുന്ന ആറ് മാസം മാത്രം പ്രായമുള്ള മോട്ടോർ പണി മുടക്കി. പ്ലമ്പിങ്ങ് ജീവനക്കാർ പഠിച്ച പണിയെല്ലാം പയറ്റി നോക്കി. പഠിക്കാത്ത പണികൾ കുറേ ഞാനും പയറ്റി. രക്ഷയില്ല. മോട്ടോർ കാറ്റ് വലിച്ചുകൊണ്ടേയിരുന്നു. അവസാനം ഭൂമിക്കടിയിലെ പൈപ്പുകൾ കിളച്ചെടുത്ത് പരിശോധിക്കാൻ തീരുമാനമായി. ആദ്യ റൌണ്ട് കിളക്കലിൽത്തന്നെ മോട്ടോറിന്റെ രോഗകാരണം കണ്ടുപിടിക്കപ്പെട്ടു. ആഞ്ഞിലിയുടെ വേര് കുഴൽക്കിണറിൽ നിന്ന് വരുന്ന പീവീസി പൈപ്പിനെ വരിഞ്ഞ് മുറുക്കി പൊട്ടിച്ചിരിക്കുന്നു. അതിലൂടെയാണ് കാറ്റ് കയറുന്നത്. ചെളി പോലും വലിക്കുന്ന മോട്ടോറായതുകൊണ്ടാണ് ഇത്രയെങ്കിലും പിടിച്ചു നിന്നത്.
ഉടനെ തന്നെ സർവ്വസാധാരണമായ ഉപദേശങ്ങൾ കോൺക്രീറ്റ് പ്രേമികളിൽ നിന്നും ഉത്ഭവിച്ചു. “ കെട്ടിടത്തിനോട് ചേർന്ന് നിൽക്കുന്ന ഈ ആഞ്ഞിലി എങ്ങനെയായാാലും ഭാവിയിൽ കെട്ടിടത്തിന് വൻഭീഷണിയാണ്. അതിന്റെ സൂചന മാത്രമാണ് ഇപ്പോളുണ്ടായ ഈ പൈപ്പ് പൊട്ടിക്കൽ കർമ്മം. പെട്ടെന്ന് തന്നെ മരം മുറിച്ച് മാറ്റുന്നതാണ് നല്ലത്.“
മരത്തിൽ തൊട്ടുപോകാൻ പാടില്ലെന്ന് ഞാൻ ഇണ്ടാസിറക്കി. പൈപ്പ് പൊട്ടിയാൽ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരിക്കാം. കെട്ടിടത്തിന് വിള്ളലുണ്ടാക്കിയാൽ സിമന്റ് വെച്ച് അടക്കാം. അല്ലെങ്കിൽ കെട്ടിടം പൊളിച്ച് പണിയാം. പക്ഷേ, കൽപ്പണിക്കാരെയോ വാർക്കപ്പണിക്കാരെയോ പണം കൊടുത്ത് ജോലിക്ക് നിർത്തി ഒരു മരം ഉണ്ടാക്കിയെടുക്കാൻ മാത്രം സാധിക്കില്ല. യാതൊരു നിവൃത്തിയുമില്ലെങ്കിൽ കെട്ടിടത്തിനരുകിലേക്ക് പോകുന്ന വേര് മാത്രം കിളച്ചെടുത്ത് വഴി മാറ്റി വിടേണ്ടി വരും. അല്ലെങ്കിൽ ആ വേര് മാത്രം ചെറുതായി മുറിച്ച് മാറ്റേണ്ടി വരും. പക്ഷേ, മരത്തിൽ കോടാലി വെക്കുന്ന പരിപാടി മാത്രം നടപ്പില്ലെന്ന് ഞാൻ തറപ്പിച്ച് പറഞ്ഞു.
അത് കഴിഞ്ഞിട്ടിപ്പോൾ കൊല്ലം ഒന്നാകാൻ പോകുന്നു. പുതുതായി ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ്പിന്റെ അവസ്ഥ എന്താണെന്ന് നല്ല നിശ്ചയമില്ല. മോട്ടർ വെള്ളമടിക്കുന്നുണ്ടെന്ന് മാത്രമറിയാം. അങ്ങനിരിക്കുമ്പോൾ ഇക്കൊല്ലം ആഞ്ഞിലിക്ക് തിരി വീണു, കായ്ച്ചു, കായ്കൾ പഴുത്തു, കാക്കയും അണ്ണാറനുമൊക്കെ അത് തിന്ന് താഴേക്കിടാൻ തുടങ്ങി. മുറിച്ച് മാറ്റാഞ്ഞതിന്റെ നന്ദി പെട്ടെന്ന് തന്നെ മരമെന്നോട് കാണിച്ചതുപോലെ തോന്നി.
ഇന്നലെ ഞാൻ ടെറസ്സിൽ കയറി. സ്വപ്നം കണ്ട് നടന്നിരുന്നത് പോലെ കൈയ്യെത്തിച്ച് ആഞ്ഞിലിച്ചക്കകൾ പറിച്ചു. ഇനിയങ്ങോട്ട് എല്ലാക്കൊല്ലവും ആഞ്ഞിലിച്ചക്കകൾ സുഭിക്ഷമായി തിന്നാം. വേനലവധിക്കാലത്ത് അമ്മവീട്ടിലെ തൊടികളിലെ ഉയരമുള്ള ആഞ്ഞിലികളിൽ നിന്ന് തോട്ടി വെച്ചുകെട്ടി കഷ്ടപ്പെട്ട് നിലത്തിറക്കി തിന്നിരുന്ന ആ പഴയ ഓർമ്മകളിലേക്ക് അനായാസം ഊളിയിടാം.
കൊല്ലാകൊല്ലം കൂടിക്കൂടിവരുന്ന ചൂടിനേയും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മഴയേയും മറന്ന്, കോൺക്രീറ്റ് കാടുകളുടെ സൌകര്യം മാത്രം പരിഗണിച്ച് മരങ്ങളൊക്കെ മുറിച്ച് മാറ്റാൻ എളുപ്പമാണ്. കാണുന്ന ‘കാടൻ’ സ്വപ്നങ്ങളൊക്കെ നടത്തിയെടുക്കുന്ന കാര്യം സത്യത്തിൽ അതിനേക്കാൾ എളുപ്പമാണ്. അതിന് കോൺക്രീറ്റിനെ പ്രേമിക്കുന്നതിന്റെ പത്തിലൊന്ന് പ്രേമം മതിയാകും.
ഇതേ തൊടിയിൽ കുറച്ച് മാറി ഒന്നരക്കൊല്ലം കൊണ്ട് കായിച്ച ഒരു കടപ്ലാവും നിൽപ്പുണ്ട്. ഇരിങ്ങാലക്കുടക്കാരി ഹേന ചന്ദ്രൻ എന്ന സുഹൃത്തിന്റെ ആവശ്യപ്രകാരമാണ് അത് നട്ടത്. ആരെങ്കിലുമൊക്കെ ഒരു ചെടിയോ മരമോ നട്ട് അതിന്റെ പുരോഗതി ഫേസ്ബുക്ക് വഴി അപ്ഡേറ്റ് ചെയ്യാമോ എന്നാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹേന ആവശ്യപ്പെട്ടത്. അത് പ്രകാരം മണ്ണൂത്തിയിൽ നിന്ന് സംഘടിപ്പിച്ച കടപ്ലാവിന്റെ തൈ നട്ടത് 2014 ഒൿടോബർ 3നാണ്. 2016 ഏപ്രിൽ 3 ആയപ്പോഴേക്കും, അതായത് വെറും ഒന്നരക്കൊല്ലത്തിനുള്ളിൽ കടച്ചക്ക തയ്യാർ. കൊടുത്താൽ വാരിക്കോരി തിരികെ തരും പ്രകൃതി. വെട്ടിനിരത്തിയാലും വാരിക്കോരിത്തരും. കൊടും ചൂട് അടക്കമുള്ള ദുരിതങ്ങൾ ആയിരിക്കുമെന്ന് മാത്രം.
വാൽക്കഷണം:- കടപ്ലാവ് പുരയിടത്തിൽ നട്ടാൽ കടം കയറുമെന്ന് വിശ്വസിക്കുന്നവരുള്ള നാടാണ്. കടം കയറിയാൽ ഞാനങ്ങ് സഹിക്കും. കോൺക്രീറ്റിലുള്ളതെല്ല്ലാം കടക്കാർക്ക് വിട്ടുകൊടുക്കും. എന്നിട്ട് കടപ്ലാവ്വിന്റെയോ ആഞ്ഞിലിയുടെയോ ചുവട്ടിലങ്ങ് കൂടും.