ഞായറാഴ്ച്ചകളെ സ്നേഹിച്ച പെൺ‌കുട്ടി


1രു അഭിനേത്രി ആയതുകൊണ്ടാകാം സരയുവിന്റെ കഥകളിൽ പലതിലും സീരിയലും സിനിമയും റിയാലിറ്റി ഷോകളും അതുമായി ബന്ധപ്പെട്ട ജീവിതങ്ങളും അതിനുള്ളിലെ നൊമ്പരങ്ങളുമൊക്കെ എളുപ്പം കടന്നുവരുന്നത്. വിജയിച്ചവരുടെ കഥകൾ മാത്രം ഓർത്തുവെക്കുകയും ഏറ്റുപാടുകയും ചെയ്യുന്ന ഈ ലോകത്ത്, പരാജയപ്പെട്ടവരുടേയോ മോഹഭംഗം വന്നവരുടേയോ ലോകവും ലേഖിക ശ്രദ്ധിച്ചിട്ടുണ്ടെന്ന് കഥകൾ സാക്ഷ്യപ്പെടുത്തുന്നു. ഞായറാഴ്ച്ചകളെ സ്നേഹിച്ച പെൺകുട്ടി, കർട്ടൻ റേയ്സർ, ആത്മഹത്യയ്ക്ക് മുൻപ്, ലിപ് ഔട്ട് എന്നീ കഥകൾ മേൽ‌പ്പറഞ്ഞ ശ്രേണിയിലുള്ളതാണ്.

നല്ല അഭിനേതാക്കാൾ മിക്കവാറും എല്ലാം പറഞ്ഞ് കേട്ടിട്ടുള്ള ഒരു കാര്യമാണ് നിരീക്ഷണം. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവർക്ക് ഊർജ്ജം കിട്ടുന്നത് ചുറ്റുമുള്ള കാര്യങ്ങളേയും വ്യക്തികളേയുമൊക്കെ നിരീക്ഷിക്കുന്നതുകൊണ്ടാണ്. സരയുവും നിരീക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും മോശമല്ലെന്ന് തെളിയിക്കാൻ പോന്ന കഥകളാണ് കതൃകടവ് വഴി കലൂർ, സീറോ ബാലൻസ് എന്നീ കഥകൾ. നിരീക്ഷണത്തിന്റെ ഫലമല്ലായിരുന്നെങ്കിൽ അതിശയിപ്പിക്കുന്ന ഭാവനയാണ് അതിന്റെ പിന്നിലെന്ന കാര്യത്തിൽ സംശയം വേണ്ട. രണ്ടായാലും ഒട്ടും മോശം കാര്യങ്ങളല്ലല്ലോ ? കതൃക്കടവ് വഴി കലൂരിലെ നായിക മറിയച്ചേട്ടത്തിക്ക് ‘ഈശോ’ എന്നേ നീർഘനിശ്വാസം വിടാനാവൂ. അത് ഗ്രാമങ്ങളിലെ സാധാരണക്കാരായ സ്ത്രീകളെ നേരിട്ടറിയാതെയും ഉൾക്കൊള്ളാതെയും എഴുതിപ്പിടിപ്പിക്കാൻ പറ്റുന്ന കാര്യമല്ല. സ്ഥിരമായി ബസ്സിൽ കാണുന്ന ഒരു സ്ത്രീയെ, കഥയിലേക്ക് ആവാഹിച്ചിരിക്കുകയാണെന്ന് സരയു എന്ന് നിഗമനത്തിലെത്താൻ പോന്ന പാത്രസൃഷ്ടിയാണത്.

സ്ത്രീകളുടെ തഴച്ചു വളരുന്ന ഐശ്വര്യമുള്ള മുടിയുടെ മറുവശം ഇരുത്തിച്ചിന്തിപ്പിക്കാൻ പോന്ന കഥയാണ് കേശഭാരം. മനസ്സ് കാണാതെ ബാഹ്യസൌന്ദര്യത്തിൽ മാത്രം പ്രണയം കാണുന്നവരുണ്ടെങ്കിൽ അവർക്കുള്ള ചുട്ട മറുപടിയാണ് ആ കഥ. വൈവിദ്ധ്യമാർന്ന 11 കഥകളാണ് പുസ്തകത്തിന്റെ ആദ്യപകുതിയിലെങ്കിൽ 14 കവിതകളാണ് രണ്ടാം ഭാഗത്തിൽ.

‘വഴിപിരിഞ്ഞൊഴുകി ജനിച്ചവൾ ഞാൻ
വീരരാജനെ നെഞ്ചിൽ പേറിയവൾ
ഞാൻ സരയു.’ ……..എന്ന്, സ്വന്തം പേരിന്റെ കഥ പറയുന്നതിനോടൊപ്പം കരയിൽ നടക്കുന്ന അർത്ഥശൂന്യമായ അങ്കങ്ങൾ മാനക്കേടാണെന്നും അതവസാനിപ്പിക്കൂ എന്ന ആഹ്വാനവുമുണ്ട് ‘ഞാൻ സരയു‘ എന്ന കവിതയിൽ.

മഹാരാജാസിനെപ്പറ്റി എന്ന സ്വന്തം കലാലയത്തെപ്പറ്റി ഒരിക്കലെങ്കിലും എഴുതാതെ ഒരു എഴുത്തുകാരനോ എഴുത്തുകാരിക്കോ പൂർണ്ണതയുണ്ടോ ?

‘മഹാരാജാസ് നീ ഒരു
കലാലയമല്ല, വികാരമാണ്.
ആയിരമായിരം സിരകളിലെന്നും
ചുടുരക്തമാണ്, പ്രാണനാണ്.”

ഏതൊരു മഹാരാജാസ് വിദ്യാർത്ഥിയ്ക്കും ഇങ്ങനൊക്കെയേ എഴുതാനാകൂ. അവർ അങ്ങനെ എഴുതിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

കവിതയായാലും കഥയായാലും അതുള്ളിൽ ഉള്ള വ്യക്തി തന്നെയാണ് സരയു. അഭിനേത്രി നർത്തകി മോഡൽ എന്നീ മേഖലകൾക്ക് പുറമേ, ഇരിക്കട്ടെ ഇങ്ങനൊരു റോൾ കൂടെ എന്ന് നിനച്ച് എഴുതിയിരിക്കുന്നതല്ല ഇതൊന്നും. നടി എന്ന നിലയ്ക്കുള്ള തിരക്കുകൾക്കിടയിലും, കൂടുതൽ സമയം എഴുത്തിനായി കണ്ടെത്തിയാൽ, പ്രമേയത്തിൽ വ്യത്യസ്തതയുള്ള ഇതുപോലുള്ള കൂടുതൽ കൃതികൾ തീർച്ചയായും പിറവി കൊണ്ടെന്ന് വരും ആ  തൂലികയിൽ നിന്ന്. അതിനിയും സാദ്ധ്യമാകുന്ന കാര്യവുമാണ്.

ആമുഖത്തിൽ ലേഖിക പറയുന്ന “സിനിമ എന്ന മാദ്ധ്യമം നൽകിയ സൌഭാഗ്യമാണിത്.” എന്ന വരികളോട് യോജിക്കുക വയ്യ. സിനിമയുടെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കിലും പ്രകാശിതമാകാനുള്ള ചിന്തകളുള്ള കഥകളും കവിതകളുമാണിത്. സിനിമ എന്ന മാദ്ധ്യമത്തിന്റെ അനുഭവത്തിൽ നിന്ന് പിറന്നതാണിത് എന്നാണ് ഉദ്ദേശിച്ചതെങ്കിൽ, മിക്കവാറും രചനകളുടെ കാര്യത്തിൽ അത് നൂറ് ശതമാനം ശരിയുമാണ്.

വളരെച്ചുരുക്കിപ്പറഞ്ഞാൽ, ഞായറാഴ്ച്ചകളെ സ്നേഹിക്കുന്ന, അപ്പുറത്തെ വീട്ടിലെ ഏതൊരു പെൺകുട്ടിയും പറഞ്ഞുപോകുന്നത് വായിക്കുമ്പോൾ കിട്ടുന്ന സുഖമാണ് ഫേബിയൻ ബുക്ക്സ് മാവേലിക്കര പ്രസിദ്ധീകരിച്ചിരിക്കുന്ന സരയുവിന്റെ രചനകൾക്കുള്ളത്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>