പുസ്തക വിൽ‌പ്പനയുടെ പിന്നാമ്പുറങ്ങൾ


മെന്റർ മാസികയിൽ 2013 ആഗസ്റ്റ് മാസം മുതൽ ഏകദേശം ഒന്നരക്കൊല്ലത്തോളം തുടർച്ചയായി ഞാൻ എഴുതിക്കൊണ്ടിരുന്ന യാത്രാവിവരണമാണ് ‘മുസ്‌രീസിലൂടെ’. മെന്റർ ബുക്ക്സ് തന്നെ അത് പുസ്തകരൂപത്തിൽ 2015 നവംബർ 27ന് ഔദ്യോഗികമായി പുറത്തിറക്കുകയും, ഔപചാരിക പ്രകാശനം ഡിസംബർ 11ന് സാഹിത്യ അക്കാഡമി (തൃശൂർ) ഹാളിൽ വച്ച് നടത്തുകയും ചെയ്തു.

44

ഇനി പറയാനുള്ളത് പുസ്തകത്തിന്റെ വിപണനത്തെപ്പറ്റിയാണ്.

പുസ്തകം എവിടന്ന് വാങ്ങാൻ കിട്ടും ?
ഓൺലൈൻ വിൽ‌പ്പനയുണ്ടോ ?
വിദേശത്ത് കിട്ടാൻ മാർഗ്ഗമെന്താണ് ?
ദുബായീൽ പുസ്തകം എപ്പോൾ കിട്ടും ?

എന്നൊക്കെ ചോദിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്. അതിനുള്ള മറുപടി കൂടെയാണ് പറയാനുദ്ദേശിക്കുന്നത്.

പുസ്തകപ്രസാധനത്തിന്റേയും അതിന്റെ പിന്നാമ്പുറത്തേയും വാണിജ്യ ഇടപാടുകൾ പൊതുജനത്തിന് എത്രത്തോളം അറിയാമെന്ന് എനിക്ക് നിശ്ചയമൊന്നും ഇല്ല. എന്തായാലും ഇതിനകം ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങളും ഉള്ളുകള്ളികളും അത്തരം കാര്യങ്ങളോടുള്ള എന്റെ വിയോജിപ്പും നിലപാടുമൊക്കെ ഇവിടെ പങ്കുവെക്കുന്നു.

Cover Page

A പ്രസിദ്ധീകരിച്ച പുസ്തകം B യുടെ സ്റ്റോറിൽ കൊണ്ടുവെച്ച് വിൽക്കണമെങ്കിൽ 30 % മുതൽ 40 % വരെ കമ്മീഷൻ Bയ്ക്ക് കൊടുക്കണം. കേരളമൊട്ടാകെ സ്റ്റോറുകൾ ഉണ്ടെന്നതാണ് B യുടെ മേന്മയും സൌകര്യവും. അങ്ങനെ വരുമ്പോൾ, പ്രിന്റിങ്ങ് ചിലവും റോയൽറ്റിയുമൊക്കെ കഴിച്ച് പ്രസാധകനായ Aയ്ക്ക് കിട്ടുന്നതിനേക്കാൾ അധികം തുകയാണ് വിൽ‌പ്പനക്കാരനായ Bയ്ക്ക് കിട്ടുന്നത്. ഈ സമ്പ്രദായത്തോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. എന്റെ പുസ്തകം അങ്ങനെ വിൽക്കുന്നതിനോട് ഞാൻ എതിരാണ്. അതിന്റെ ആദായം കൂടുതൽ ലഭിക്കേണ്ടത് പ്രസാധകന് തന്നെയാണ്. പിന്നെയുള്ളത് എഴുത്തുകാരനാണ്. അയാൾക്ക് കിട്ടുന്ന റോയൽറ്റിയേക്കാൾ കൂടുതൽ തുക വിൽക്കുന്നയാൾക്ക് ഒരിക്കലും കിട്ടാൻ പാടില്ല. അത് അന്യായമാണ്.

പക്ഷേ, നിലവിലുള്ള നമ്മുടെ സമ്പ്രദായം അതൊന്നുമല്ല. നല്ല നെറ്റ്‌വർക്ക് ഉള്ളതും തഴക്കവും പഴക്കവും ഉള്ളതുമായ പുസ്തക കമ്പനിക്കാർ മറ്റ് കമ്പനികൾ അടിച്ചിറക്കുന്ന പുസ്തകങ്ങളെ പ്രോത്സാഹിപ്പിക്കാൻ താൽ‌പ്പര്യപ്പെടുന്നില്ല. ഉണ്ടെങ്കിൽത്തന്നെ അന്യായമായ കമ്മീഷൻ കിട്ടണം. പെട്ടിക്കടക്കാരും മുറുക്കാൻ കടക്കാരും പോലും ഇപ്പോൾ ഇത് പ്രാ‍വർത്തികമാക്കിയിരിക്കുകയാണ്. 30 % കമ്മീഷൻ കിട്ടാതെ ഒരു മാഗസിൻ പോലും അവർ വിൽക്കാൻ തയ്യാറല്ല.

തമിഴ്നാട്ടിൽ തക്കാളി 5 രൂപയ്ക്ക് കിട്ടും. കേരളത്തിലെത്തുമ്പോൾ അതിന് 40 രൂപയാകുന്നു. ഇടനിലക്കാർ ഉത്പാദിപ്പിച്ചവനേക്കാൾ ലാഭം കൊയ്യുന്നു എന്ന് നിത്യേന വിലപിക്കുന്നവരാണ് നമ്മൾ. പച്ചക്കറിയുടെ കാര്യത്തിലുള്ളതിനേക്കാൾ വലിയ പിടിച്ചുപറിയാണ് വിൽ‌പ്പന നികുതി പോലും ഇല്ലാത്ത പുസ്തകങ്ങളുടെ കാര്യത്തിൽ ഇവിടെ നടക്കുന്നത്. പക്ഷേ, നമ്മുടെ സ്വന്തം കാര്യം വരുമ്പോൾ നമ്മളീ കഥകളൊക്കെ മറക്കുന്നു. എങ്ങനെയെങ്കിലും കൂടുതൽ കൂടുതൽ എഡിഷനുകൾ വിറ്റ് പോകണം. അതിനുവേണ്ടി എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകുന്നു.

ക്ഷമിക്കണം, ഞാൻ ആ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. എന്റെ പുസ്തകത്തിന്റെ വിൽ‌പ്പനയിൽ നിന്നുള്ള കൂടുതൽ ആദായം ലഭിക്കേണ്ടത് അതിന്റെ പ്രസാധകനായ മെന്റർ ബുക്ക്സിന് തന്നെയാണ്.

ലൈബ്രറി കൌൺസിൽ 500 പുസ്തകങ്ങളോളം ഒരുമിച്ച് വാങ്ങാൻ തയ്യാറാണ്. പക്ഷേ 60% വിലക്കുറച്ച് കൊടുക്കണം. കണക്ക് കൂട്ടി നോക്കുമ്പോൾ, ഓരോ പുസ്തകത്തിന്മേലും പ്രസാധകന് 50 രൂപയെങ്കിലും നഷ്ടം വരും. അങ്ങനെ നഷ്ടത്തിന് പുസ്തകം വിൽക്കാൻ ഇത് ജീവകാരുണ്യപ്രവർത്തനമൊന്നും അല്ലല്ലോ. ലൈബ്രറി കൌൺസിൽ വഴിയുള്ള വിൽ‌പ്പന വേണ്ടേ വേണ്ട. ഓൺലൈൻ സ്റ്റോറുകൾ വഴി വിൽ‌പ്പനയ്ക്ക് കൊടുത്താലും പ്രസാധകനേക്കാളും വലിയ ലാഭം അവർക്ക് കിട്ടുന്ന തരത്തിലാണ് ശതമാനക്കണക്കുകൾ. അങ്ങനെയാകുമ്പോൾ ആ മാർഗ്ഗവും ഉപേക്ഷിക്കുക തന്നെ.

550 രൂപ മുഖവിലയുള്ള ഈ പുസ്തകത്തിന്റെ കാര്യത്തിൽ, ഓഗ്‌മെന്റേഷൻ റിയാലിറ്റി എന്ന സാങ്കേതിക വിദ്യ സമന്വയിപ്പിച്ച സോഫ്റ്റ്‌വെയർ കമ്പനിയും (പ്യാരിയും, പ്രമിത്തും, മുനീറും, അഭിലാഷും) വീഡിയോ സ്റ്റിൽ എഡിറ്റിങ്ങ് ജോലികൾ ചെയ്ത ജോഹറും ചാർജ്ജൊന്നും ഈടാക്കുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ ആ ലാഭം മുഴുവൻ വായനക്കാർക്ക് കൊടുക്കുക എന്ന ലക്ഷ്യത്തോടെ 450 രൂപയ്ക്കാണ് വിൽക്കുന്നത്. വായനക്കാർക്ക് എത്രവേണമെങ്കിലും ലാഭം കിട്ടുന്നതിൽ സന്തോഷമേയുള്ളൂ. കാരണം, അവരില്ലെങ്കിൽ പ്രസാധകനില്ല, വിൽ‌പ്പനക്കാരനില്ല എഴുത്തുകാരൻ പോലുമില്ല.

അതുകൊണ്ട്, 450 രൂപ വിൽ‌പ്പന വിലയുള്ള ഈ പുസ്തകം 50രൂപ (ഏകദേശം 11 %) കമ്മീഷൻ വ്യവസ്ഥയിൽ വിൽക്കാൻ തയ്യാറുള്ള പുസ്തകശാലകൾക്ക് മാത്രമല്ല മറ്റേതൊരു കടക്കാർക്കും സ്ഥാപനത്തിനും വ്യക്തികൾക്കും സ്വാഗതം. താൽ‌പ്പര്യമുള്ളവർ ബന്ധപ്പെട്ടാൽ പുസ്തകങ്ങൾ എത്തിച്ച് തരുന്നതാണ്. വിൽ‌പ്പനാനന്തരം കൃത്യമായി വിറ്റുവരവ് കൈമാറിയാൽ മതിയാകും.

എന്തായാലും വി.പി.പി. വ്യവസ്ഥയിൽ പുസ്തകങ്ങൾ അയച്ച് കൊടുക്കാനുള്ള ഏർപ്പാടുകൾ തയ്യാറാണ്. കൈയ്യൊപ്പിട്ട് പുസ്തകങ്ങൾ ആവശ്യപ്പെട്ടവർക്കുള്ള പുസ്തകങ്ങളും ഉടനെ അയച്ചുതുടങ്ങുന്നതാണ്. അഡ്രസ്സും ഫോൺ നമ്പറും എനിക്കയച്ച് തന്നാൽ മതിയാകും.

ഓൺലൈൻ വഴി മെന്റർ ബുക്ക്സിലേക്ക് പണം അയക്കാൻ തയ്യാറുള്ളവർ
Mentor Publishing House,
Federal Bank,
Trissur Main Branch,
A/C # 10140200014878, (Current Account)
IFSC – FDRL0001014
എന്ന അക്കൌണ്ടിൽ (450 രൂപ – കൊറിയർ/പോസ്റ്റൽ ചാർജ്ജ് ഇല്ല) പണമടച്ചശേഷം, അതിന്റെ റസീപ്റ്റ് മെന്ററിന്റെ മെയിൽ ഐഡിയിലേക്ക് (subeditor.mentor@gmail.com ) അയച്ചുകൊടുത്താൽ പുസ്തകം സ്പീഡ് പോസ്റ്റിൽ എത്തുന്നതാണ്. നിങ്ങളുടെ അഡ്രസ്സും ഫോൺ നമ്പറും വെക്കാൻ മെയിലിൽ സൂചിപ്പിക്കാൻ മറക്കരുത്.

രണ്ടാഴ്ച്ചയ്ക്കകം മെന്ററിന്റെ സൈറ്റും അതിൽ പേയ്മെന്റ് ഗേറ്റ്‌വേയും തയ്യാറാകുന്നതാണ്. അതുവന്നുകഴിഞ്ഞാൽ സൈറ്റിലൂടെ നേരിട്ട് പണമടച്ചും പുസ്തകം ഓർഡർ ചെയ്യാം.

വിദേശരാജ്യങ്ങളിലെ വിൽ‌പ്പനയുടെ കാര്യം മാത്രം ഒന്നും തീരുമാനമായിട്ടില്ല. ആവശ്യമുള്ളവർ മൊത്തം എത്ര എണ്ണം വേണമെന്ന് ഒരു കണക്കെടുത്ത് അയച്ചാൽ അത്രയും പുസ്തകങ്ങൾ എത്തിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്.

ആദ്യം പറഞ്ഞ 10% കമ്മീഷന്റെ നിബന്ധന അനുസരിച്ച് പുസ്തകം വിൽക്കാൻ തയ്യാറായി വന്നിട്ടുള്ളവർ ചിലരുണ്ട്.

എറണാകുളം
—————-

1. ഇൻഫോ പാർക്കിൽ ആതിര എന്ന സ്റ്റേഷനറി സ്റ്റോർസിന്റെ രണ്ട് ഔട്ട്ലറ്റുകളിൽ ബുധനാഴ്ച്ചയോടെ പുസ്തകം ലഭ്യമാകുന്നതാണ്.

2. കച്ചേരിപ്പടിയിൽ പ്രൊവിഡൻസ് കവലയിലെ ആതിര സ്റ്റേഷനറി സ്റ്റോർ.

മറ്റ് സ്റ്റോറുകൾ തയ്യാറാകുന്നതനുസരിച്ച് ഇവിടെ അപ്ഡേറ്റ് ചെയ്യുന്നതാണ്.

തൃശൂർ
———
1. ജോസസ് ടവറിലുള്ള മെന്ററിന്റെ ഓഫീസ്

ഇങ്ങനെയൊക്കെ ബലം പിടുത്തം നടത്തുന്നതിന്റെ പേരിൽ ഈ പുസ്തകം വിറ്റുപോകാതെ വന്നാൽ പ്രസാധകന് വരുന്ന മുഴുവൻ നഷ്ടവും നികത്താൻ ഞാൻ തയ്യാറാണ്. ഇതുമൂലം പുസ്തകം വായനക്കാരിലേക്ക് എത്തിക്കാൻ ഉണ്ടാകുന്ന കാലതാമസത്തിന് ക്ഷമ ചോദിക്കുന്നു.

പുസ്തകങ്ങളിൽ നിന്നുള്ള ആദായം പ്രസാധകന് എന്നതുപോലെ തന്നെ എഴുത്തുകാരനും നല്ലതോതിൽ  കിട്ടണമെങ്കിൽ, ഇടനിലക്കാരുടെ ചൂഷണം അവസാനിക്കപ്പെടണം. അങ്ങനെ വന്നാൽ ഇപ്പോൾ കൊടുക്കുന്നതിനേക്കാൾ അധികം റോയൽറ്റി എഴുത്തുകാരന് നൽകാൻ പ്രസാധകന് കഴിഞ്ഞെന്ന് വരും. വായനക്കാരന് അൽ‌പ്പം കൂടെ വില കുറച്ച് പുസ്തകം നൽകാനായെന്ന് വരും. ഒരു പുസ്തകത്തിന്റെ ശരിയായ ഗുണഭോക്താക്കൾ പ്രസാധകനും എഴുത്തുകാരനും വായനക്കാരനും ആയിരിക്കണം. വിൽ‌പ്പനക്കാരൻ എന്ന ഇടനിലക്കാരൻ  അല്ലേയല്ല.  അത് സംഭവിക്കണമെങ്കിൽ നിലവിലുള്ള നീചമായ പല കീഴ്‌വഴക്കങ്ങൾക്കും അവസാനമുണ്ടാകണം. അതിനുവേണ്ടിയുള്ള എളിയ ഒരു ശ്രമം കൂടെയാണ് ഈ പുസ്തകത്തിന്റെ വിൽ‌പ്പനയിലൂടെ ലക്ഷ്യമിടുന്നത്. മനസ്സിലാക്കി സഹകരിക്കുമല്ലോ.

 

Comments

comments

14 thoughts on “ പുസ്തക വിൽ‌പ്പനയുടെ പിന്നാമ്പുറങ്ങൾ

 1. ഞാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിൽ മനസിലാക്കിയത് ബൾക്ക് പർച്ചേസിന് മി ക്ക പുസ്തകസ് റ്റോറുകളും 25 മുതൽ 30% വരെ ഡിസ് കൗണ്ട് നൽകുന്നു എന്നതാണ്. ചില്ലറ വിൽപനയിൽ ലഭിക്കുന്നതാണ് അവരുടെ പ്രവർത്തന ഫണ്ട്. വലിയ പുസ്തകസ് റ്റോറുകളിൽ നമ്മുടെ പുസ്തകം എക്സിബിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന ബ്രാൻഡ് വാല്യൂ കൂടി കണക്കിലെടുക്കണ്ടേ ?

  1. @Shinab – ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ? അത്തരം വലിയ സ്റ്റോറുകളിൽ ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് ഇപ്പറഞ്ഞ 25- 30% ഡിസ്ക്കൌണ്ട് കൊടുക്കാറില്ല. കാരണം ആ പുസ്തകം ഇതുപോലെ അന്യായ കമ്മീഷൻ വ്യവസ്ഥയിൽ സ്റ്റോറുകാർക്ക് കിട്ടാറില്ല എന്നതുതന്നെ. സ്റ്റോറുകാരുടെ സ്വന്തം പുസ്തകങ്ങൾക്ക് മാത്രം നല്ല ഡിസ്ക്കൌണ്ട് കൊടുത്ത്, മറ്റുള്ളവരുടെ പുസ്തങ്ങൾ അമിതലാഭമെടുക്കാതെ വിൽക്കാനും, വായിക്കാൻ പ്രോത്സാഹിപ്പിക്കുകയുമാണ് വേണ്ടത്. എങ്ങനെ വർക്ക് ഔട്ട് ചെയ്താലും പ്രസാധകനേക്കാൾ കൂടുതൽ ലാഭം സ്റ്റോറുകാർക്ക് എന്ന നില വരരുത്. പിന്നെ, ഇത്തരം സ്റ്റോറുകളിൽ വിൽക്കാൻ വെക്കുമ്പോൾ ഉണ്ടാകുമെന്ന് പറയുന്ന ബ്രാൻഡ് വാല്യൂ എന്ന സംഭവം വ്യക്തിപരമായി പൂജ്യമായാണ് ഞാൻ കാണുന്നത്. എനിക്ക് വേണ്ടത്, പുസ്തകം എവിടെ കിട്ടും എന്ന് ചോദിക്കുന്നവരോട് ഇന്ന കടയിൽ കിട്ടുമെന്ന് പറയുക മാത്രമാണ്. അതിപ്പോൾ ഇറച്ചിക്കട ആയാലും ഒരു വിരോധവുമില്ല. നമ്മൾ എഴുതിയിരിക്കുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നിടത്തോളം കാലം മറ്റുള്ളവൻ വഴി കയറി വരുന്ന ബ്രാൻഡ് വാല്യുവിൽ അഭിരമിക്കേണ്ടതില്ല.

 2. കായംകുളം സൂപ്പർ ഫാസ്റ്റ് , കലിയുഗവരദൻ എന്നീ രണ്ടു പുസ്തകങ്ങൾക്ക് ശേഷം ഞാൻ വീണ്ടും പബ്ലിഷിംഗ് രംഗത്തേക്ക് തിരിയാഞ്ഞത് ഈ കാരണം കൊണ്ട് തന്നെയാണ്. ഒരു പുതിയ പ്രസാധകനെ, എഴുത്തുകാരനെ ഒട്ടും തന്നെ വില വെക്കാത്ത ചിലരുടെ വല്യേട്ടൻ മനോഭാവം പുസ്തക വിപണിയിൽ ധാരാളമായി ഉണ്ട്. അക്കാരണം കൊണ്ട് തന്നെ 20% (പ്രസാധകന് ) – 80% ( വില്പ്പനക്കാരന് ) എന്ന നിലയിലുള്ള വലിയ വർത്താനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. വിറ്റു പോയില്ലെങ്കിലും അവർക്ക് കൊടുക്കില്ല എന്ന് തന്നെ വച്ചു. 50 % (പ്രസാധകന് ) 50% ( വില്പ്പനക്കാരന് ) എന്ന നിലയിൽ നല്കിയ പുസ്തകങ്ങൾ , പക്ഷെ അവരിൽ നിന്നും മുഴുവനായി വിറ്റു പോയിട്ട് പോലും പണം നല്കാതെ പറ്റിച്ചു. ഏറെ നാളത്തെ നടപ്പിനു ശേഷം 25 % പണം നല്കി. അങ്ങനെ ഒത്തിരി ചൂഷണങ്ങൾ നടക്കുന്ന ഈ മേഖലയിൽ ഇത്തരമൊരു തീരുമാനം വളരെ നല്ലത് തന്നെ.

 3. മനോജ്‌
  ഈ വക കച്ചവട വിവരങ്ങളൊന്നും അറിയുന്ന ഒരാളല്ല ഞാൻ
  എങ്കിലും മനോജിന്റെ പുസ്തകത്തെക്കുറിച്ച്‌ എന്റെ ചില സംശയങ്ങൾ പറഞ്ഞു കൊള്ളട്ടെ
  550 രൂപയാണ്‌ പുസ്തകത്തിന്റെ മുഖവില ഇട്ടിരിക്കുന്നത്‌ എന്നിട്ട്‌ അത്‌ നാന്നൂറ്റി അൻപത്‌ റൂപക്ക്‌ ഞങ്ങൾക്ക്‌ തരുന്നു അതിന്റെ കൂടെ കലിയുഗ വരദൻ എന്നൊരു പുസ്തകം സൗജന്യവും
  ഈ നാന്നൂറ്റി അൻപത്‌ രൂപയിൽ തന്നെ പ്രസാധകന്റെ ലാഭവും എഴുത്തുകാരന്റെ റോയൽറ്റിയും കഴിഞ്ഞ്‌ പതിനൊന്ന് ശതമാനത്തോളം വിൽപനക്കരന്റെ ലാഭവുമുണ്ട്‌
  നിങ്ങളുടെ പ്രസാധകൻ ഇട്ടിരിക്കുന്ന മുഖവിലക്ക്‌ പുസ്തകം വിറ്റാൽ തന്നെ വിൽപനക്കാരൻ ആവശ്യപ്പെടുന്നു എന്ന് പറയുന്ന ലാഭം അതിലുണ്ട്‌
  എല്ല്ലാ ചിലവും അവരുടെ ലാഭവും പിന്നെ പതിനൊന്നിൽ ചില്വാനം വിൽപനക്കാരന്റെ ലാഭവും ചേർത്താലും നാന്നൂറ്റി അൻപത്‌ കടക്കാത്ത ഒരു പുസ്തകത്തിന്‌ അഞ്ഞൂറ്റി അൻപത്‌ രൂപ വിലയിട്ട പ്രസാധകന്റെ നടപടിയെ അല്ലേ യഥാർത്ഥത്തിൽ മനോജ്‌ ആദ്യം എതിർക്കേണ്ടിയിരുന്നത്‌
  തർക്കത്തിന്‌ വേണ്ടിയല്ല കേട്ടോ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം നേരിട്ട്‌ ഉന്നയിക്കുന്നു എന്നു മാത്രം

  1. @Satheesh – ഡോൿടർ…. ആരോഗ്യപരമായ തർക്കങ്ങളിൽ തെറ്റില്ല എന്ന് വിശ്വസിക്കുന്നതുകൊണ്ട് എന്റെ ഭാഗം വ്യക്തമാക്കണമെന്നുണ്ട്. ഒട്ടും നീരസത്തോടെയല്ല പറയുന്നത് എന്ന് മനസ്സിലാക്കുമല്ലോ ? :)

   >>ഈ നാന്നൂറ്റി അൻപത്‌ രൂപയിൽ തന്നെ പ്രസാധകന്റെ ലാഭവും എഴുത്തുകാരന്റെ റോയൽറ്റിയും കഴിഞ്ഞ്‌ 11 ശതമാനത്തോളം വിൽപനക്കാരന്റെ ലാഭവുമുണ്ട്‌ < < ... എന്ന് ഡോൿടർ പറഞ്ഞല്ലോ.

   ആ കണക്കിൽ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ചിലവ് കൂടെയുണ്ടെന്ന് മനസ്സിലാക്കുമല്ലോ ?

   പുസ്തകത്തിന് വിലയിടുമ്പോൾ പല മാനദണ്ഡങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എന്റെ പുസ്തകത്തിന്റെ ഉദാഹരണം എടുത്തുകൊണ്ട് തന്നെ സംസാരിക്കാം. ഇതേ പേപ്പറിൽ(ആർട്ട് പേപ്പറിൽ) കളർ ഫോട്ടോകൾ അടക്കം പ്രിന്റ് ചെയ്തിരിക്കുന്ന മാർക്കറ്റിലുള്ള മറ്റ് പുസ്തകങ്ങളുടെ വില ഞങ്ങൾ പരിശോധിച്ചു. ആർട്ട് പേപ്പറിൽ ഹാർഡ് ബൈൻഡ് ചെയ്തിറക്കുന്ന മലയാളം പുസ്തകങ്ങൾക്ക് പേജ് ഒന്നിന് 3 രൂപ മുതൽ 8.7 രൂപ വരെ നിരീക്ഷിക്കാനായി. ഞങ്ങൾക്ക് വേണമെങ്കിൽ 5 രൂപയെങ്കിലും നിശ്ചയിക്കാമായിരുന്നു. പക്ഷേ, 3.19 രൂപ (550/172=3.19) നിരക്കാണ് ഞങ്ങൾ സ്വീകരിച്ചത്. ഓഗ്‌മെന്റേഷൻ സാങ്കേതിക വിദ്യയും അതിന് വേണ്ടി വീഡിയോ അടക്കമുള്ള കാര്യങ്ങൾക്കായി ചിലവാക്കിയ പണവും ചേർക്കാതെയുള്ള വിലയായിരുന്നു 550 രൂപ എന്ന് കൂടെ മനസ്സിലാക്കണേ. വെറും സാധാരണ കളർ പടമുള്ള പുസ്തകം എന്ന നിലയ്ക്കുള്ള വില മാത്രം. സാങ്കേതിക വിദ്യ ‌‌+ വീഡിയോഗ്രാഫിക്കാർക്കുള്ള പണം, ഈ 550 ൽ നിന്ന് കിട്ടുന്ന ലാഭത്തിൽ നിന്ന് തന്നെ കൊടുക്കാമെന്നാണ് കരുതിയത്. പക്ഷെ അവർ രണ്ടുകൂട്ടരും പണം വാങ്ങുന്നില്ല എന്ന അവസ്ഥ വന്നപ്പോൾ ആ തുക കൂടെ വായനക്കാർക്ക് നൽകി 450 രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചു. അപ്പോൾ, പേജ് ഒന്നിന് ഇടാക്കുന്നത് 2.6 രൂപയായി മാറി. ഇതിൽ‌പ്പരം എന്താണ് ഒരു പ്രസാധകന് വായനക്കാർക്ക് ചെയ്ത് കൊടുക്കാനാവുക ? പുസ്തകം കണ്ടശേഷം സുസ്‌മേഷ് ചന്ദ്രോത്ത് എന്നോട് പറഞ്ഞത് 550 രൂപ പോലും കുറവാണ് ഈ പുസ്തകത്തിന് എന്നാണ്. (അത് അദ്ദേഹം പ്രസംഗത്തിലും ആവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നെങ്കിലും പരസ്യമായി പറയേണ്ടത് അദ്ദേഹത്തിന്റെ വിഷയമല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു.) പുസ്തകത്തിലുള്ള സാങ്കേതികവിദ്യയും അതിന് പിന്നിലുള്ള വീഡിയോ അടക്കമുള്ള മറ്റ് അദ്ധ്വാനവുമൊക്കെ ബോദ്ധ്യപ്പെട്ട ഒരു വായനക്കാരൻ ഇന്ന് ബാംഗ്ലൂരിൽ നിന്ന് വിളിച്ച് പറഞ്ഞത് 700 രൂപയ്ക്കെങ്കിലും വിൽക്കേണ്ട പുസ്തകമാണിത് എന്നാണ്.

   >> എല്ല്ലാ ചിലവും അവരുടെ ലാഭവും പിന്നെ 11ൽ ചില്വാനം വിൽപനക്കാരന്റെ ലാഭവും ചേർത്താലും 450 കടക്കാത്ത ഒരു പുസ്തകത്തിന്‌… < < എന്ന് ഡോൿടർ പറഞ്ഞല്ലോ.

   450 കടക്കാഞ്ഞിട്ടല്ല, 450 നേക്കാളൊക്കെ വളരെ മുകളിൽ വിലയിടാനും ആ വില ന്യായീകരിക്കാനും സാധിക്കുമായിരുന്ന ഒരു പുസ്തകത്തിന്, എത്രയും വില കുറയ്ക്കാമോ അത്രയും വില കുറച്ച് ഇടുകയായിരുന്നു എന്ന് മുകളിലെ കണക്കുകളിൽ നിന്ന് ബോദ്ധ്യമായിക്കാണുമെന്ന് കരുതുന്നു. 550 വിലയിട്ടശേഷം അത് കുറച്ച് വിൽക്കാൻ തീരുമാനിച്ചത് മഠയത്തരമാ‍യിപ്പോയെന്നും ഇപ്പോൾ മനസ്സിലാക്കുന്നു. ഇത്രേം വിലയൊന്നും പുസ്തകത്തിനില്ല. ചുമ്മാ വില കൂട്ടിയിട്ടശേഷം തുണിക്കടക്കാരെപ്പോലെ വില കുറച്ച് കൊടുക്കുകയാണ് എന്ന തോന്നൽ വായനക്കാരിൽ ജനിപ്പിച്ചു എന്നിപ്പോൾ വ്യസനത്തോടെ മനസ്സിലാക്കുന്നു.

   >> 550 രൂപ വിലയിട്ട പ്രസാധകന്റെ നടപടിയെ അല്ലേ യഥാർത്ഥത്തിൽ മനോജ്‌ ആദ്യം എതിർക്കേണ്ടിയിരുന്നത്‌ ? < < …

   വിലയിട്ടത് പ്രസാധകനും ഞാനും പരസ്പരം ആലോചിച്ച് തന്നെയാണ്. അവരേക്കാൾ ഒരുപടി കൂടുതൽ ഉത്തരവാദിത്വം ഇക്കാര്യത്തിൽ എനിക്കായിരുന്നു എന്നതാണ് സത്യം. കാരണം, പുസ്തകത്തിന്റെ മറ്റ് സാങ്കേതിക കാര്യങ്ങളിലെല്ലാം ഇടപെട്ടതും അതൊക്കെ നടപ്പിലാക്കിയതും ഞാനായിരുന്നു. മേൽ‌പ്പറഞ്ഞ മാർക്കറ്റ് സ്റ്റഡി അടക്കമുള്ള കാര്യങ്ങൾ വെച്ച് നോക്കിയപ്പോൾ ഇപ്പറഞ്ഞ മുഖവില 550 രൂപ ഒരിക്കലും കൂടുതലാണെന്ന് എനിക്ക് തോന്നിയില്ല. പുസ്തകത്തിൽ വില ചേർക്കുന്ന സമയത്ത് ഡിസൈനറും പറഞ്ഞത് മറ്റൊന്നല്ല. 30 വർഷത്തിലേറെയായി ഈ ഫീൽഡിലുള്ള നാരായണ ഭട്ടതിരി എന്ന ഡിസൈനറാണ് വില കുറവാണ് എന്ന കമന്റ് എന്നോട് പറഞ്ഞത്. എന്നിട്ടും 450 രൂപയ്ക്ക് പുസ്തകം വിൽക്കുകയാണ്. എന്റെ പോസ്റ്റിൽ പറയുന്നത് പോലെ വായനക്കാരന് പരമാവധി കിഴിവ് ലഭിക്കുക എന്ന ലക്ഷ്യം മേനി പറഞ്ഞതല്ല, നാട്യവുമല്ല.

   അടുത്ത ഒരു പുസ്തകം ഇതേ രീതിയിൽ എനിക്ക് ചെയ്യണമെന്ന് തോന്നിയാൽ, ഒന്നുകിൽ വീഡിയോ + സോഫ്റ്റ്‌വെയർ ടീം പണം കൈപ്പറ്റിയിരിക്കണമെന്ന് എനിക്ക് നിർബന്ധമാണ്. അല്ലെങ്കിൽ അവരുമായി ഞാൻ സഹകരിക്കില്ല. പണം കൊടുത്ത് തന്നെ മറ്റാരെക്കൊണ്ടെങ്കിലും ചെയ്യിക്കും. അങ്ങനെ ചെയ്യുമ്പോൾ ഇത്രയും പേജും വീഡിയോയും സ്റ്റില്ലുമുള്ള ഒരു പുസ്തകത്തിന് നിലവിലുള്ള മാർക്കറ്റ് റേറ്റ് വെച്ച് 750 രൂപയെങ്കിലും വില വരും. പക്ഷേ, വായനക്കാർക്ക് വേണ്ടിയും നിലവിലുള്ള തോന്ന്യാസങ്ങൾക്കുമെതിരെ ഇത്രയും വീമ്പിളക്കിയ എനിക്ക് മാർക്കറ്റ് റേറ്റിൽ പുസ്തകം വിൽക്കാനാവില്ല എന്നിരിക്കെ 700 രൂപയെങ്കിലുമായിരിക്കും ആ പുസ്തകത്തിന്റെ വില. ഇതൊക്കെയാണ് ഈ പുസ്തകത്തിന്റെ വിലയ്ക്ക് പിന്നിലുള്ള എന്റെ പിന്നാമ്പുറ കണക്കുകൾ :)

   കലിയുഗ വരദൻ എന്ന പുസ്തകം ഫ്രീ ആയി കൂടെ കൊടുക്കാനായത് മുകളിൽ കമന്റിട്ടിരിക്കുന്ന (എന്റെ പുസ്തകത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത) ജോഹറിന്റെ സഹകരണം മൂലമാണ്. ഈ വ്യവസായത്തിലെ ഇപ്പറഞ്ഞ പ്രശ്നങ്ങൾ കാരണം 2 പുസ്തകങ്ങൾ ഇറക്കിയതോടെ അദ്ദേഹത്തിന് സ്വന്തം പബ്ലിഷിങ്ങ് ഹൌസ് അടച്ചുപൂട്ടേണ്ടി വന്നു. (അദ്ദേഹത്തിന്റെ കമന്റ് നോക്കുക.) അതിൽ ബാക്കി വന്ന പുസ്തകങ്ങൾ അദ്ദേഹത്തിന്റെ കൂടെ സംരംഭമായ ‘മുസ്‌രീസിലൂടെ’ എന്ന പുസ്തകത്തിനൊപ്പം വെറുതെ കൊടുക്കാൻ ജോഹർ സ്വയം തീരുമാനിക്കുകയായിരുന്നു.

 4. മനോജ്‌
  നിരന്തരം പുസ്തകങ്ങൾ വാങ്ങുന്ന ഒരാൾ എന്ന നിലയിൽ ഈ പുസ്തകത്തിന്‌ അഞ്ഞൂറ്റി അൻപത്‌ രൂപ എന്നത്‌ കുറഞ്ഞ വിലയായി തന്നെയാണ്‌ എനിക്കും ബോദ്ധ്യപ്പെട്ടത്‌

  പുസ്തകങ്ങളുടെ നടപ്പ്‌ വിലയനുസരിച്ച്‌ അത്‌ അങ്ങിനെ തന്നെയാണ്‌ താനും(വീഡിയോ സാങ്കേതികതയെ ഒക്കെ ഒഴിവാക്കി സാധാരണ ഒരു പുസ്തകം എന്ന അർത്ഥത്തിൽ മാത്രം പോലും)

  പക്ഷെ മനോജിന്റെ കുറിപ്പ്‌ വായിച്ചപ്പോൾ സ്വാഭാവികമായും ചില സംശയങ്ങളുണ്ടായി ,അത്‌ ചോദിക്കുക എന്ന സൗഹൃദ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി എന്നു മാത്രം

  സകലതിനും സഭാഷ്‌ എന്ന് പറയാത്തതിലെ സ്നേഹം തിരിചറിയും എന്ന് വിശ്വസിക്കുന്നു

  എഴുത്തുകാരനും,പ്രസാധകനും ലഭിക്കാത്ത ഒരു വരുമാനം അവസാന വിൽപനക്കാരന്‌ വേണ്ട എന്ന അഭിപ്രായം ശക്തമായി തന്നെ ഉള്ളവനാണ്‌ ഞാനും
  തുടങ്ങി വെച്ച ബദൽ രീതിക്ക്‌ നന്ദി
  കുത്തക വിരുദ്ധ ശ്രമങ്ങൾ എന്ന് കേൾക്കുംബോൾ തിളക്കലോളമെത്തുന്നില്ലെങ്കിൽ പോലും നന്നായി തന്നെ ചൂടാവുന്ന ഒരു തരം ചോരയാണ്‌ എന്റേതും

  വിശദീകരണത്തിന്‌ നന്ദി ,അത്‌ പൂർണമായും ബോധ്യപ്പെട്ടിരിക്കുന്നു എന്നും അറിയിക്കുന്നു

  എന്റെ കമന്റ്‌ കേവലമായ ഒരു സംശയം മാത്രമായിരുന്നു എന്നതിനാലും അത്‌ നിങ്ങളിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല എന്ന് ബോധ്യമുള്ളതിനാലും ക്ഷമ ചോദിക്കുന്നില്ല
  സ്നേഹത്തോടെ

  1. @ഡോൿടർ – സൌഹൃദ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്താൻ തീർച്ചയായും അവകാശമുണ്ടെന്ന് മനസ്സിലാക്കുകയും, അതിന്റെ പേരിൽ ഒരു തെറ്റിദ്ധാരണയോ അലോഹ്യമോ ഇല്ലെന്നും ഇതിനാൽ അറിയിക്കുന്നു. സത്യത്തിൽ ഡോൿടറോട് പറയുന്നു എന്ന വ്യാജേനെ ഇക്കാര്യങ്ങൾ എല്ലാവരോടും പറയുകയായിരുന്നു ഞാൻ. ഡോൿടർ ഇത് ചോദിച്ചില്ലായിരുന്നെങ്കിൽ എനിക്ക് ആ അവസരം കിട്ടില്ലായിരുന്നു എന്നതുകൊണ്ട് ഞാൻ നന്ദി രേഖപ്പെടുത്തുകയല്ലേ വേണ്ടത്. ങ്ങള് ബേജാറാവാണ്ടിരിക്ക് ബ്രോ :) :) :)

 5. പുസ്തക/മാസികാ പ്രസിദ്ധീകരണ രംഗത്ത് ദീരഖനാള്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഈ രംഗത്തെ സകല തട്ടിപ്പും,വെട്ടിപ്പും അറിയാം.ഞാന്‍ എന്‍റെ പുസ്തകങ്ങള്‍ എല്ലാം വേറിട്ട വഴികളിലൂടെയാണ്‌ വിറ്റിരുന്നത്.ഇതുവരെ നഷ്ടമൊന്നും നേരിട്ടിട്ടില്ല (27 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.ഒരു മാസിക പത്തു വര്‍ഷം ഇറക്കി)എല്ലാം നേരിട്ടായിരുന്നു..തൊഴിലാളികള്‍ ഇല്ല. സര്‍ക്കാര്‍ ജോലി ലഭിച്ചപ്പോള്‍ എല്ലാം നിറുത്തി.താങ്കള്‍ ഉദ്ധേശിക്കുന്നത് പോലെ പ്രവര്‍ത്തിച്ചാല്‍ ഇനിയും പതിപ്പുകള്‍ വേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.സ്കൂള്‍ ലൈബ്രറികളില്‍ എല്ലാം ഓരോ കോപ്പി വീതം വാങ്ങാന്‍ ഇപ്പഴേ ഒരു ശ്രമം തുടങ്ങിക്കോ..പുസ്തക വില്‍പ്പന രംഗത്തെ കുത്തക വല്‍ക്കരണം അവസാനിപ്പിക്കാന്‍ ശ്രമം തുടങ്ങിയ താങ്കള്‍ക്കു വിജയാശംസകള്‍..

 6. പുസ്തകപ്രസാധനത്തിൽ മാത്രമല്ല, എന്റെ അറിവിൽ മിക്ക മേഖലകളിലും ഇടനിലക്കാരാണ് ഏറ്റവും ലാഭം കൊയ്യുന്നത്. ‘മുസ്‌രീസിലൂടെ’ എന്തായാലും വാങ്ങണം എന്ന് തീരുമാനിച്ച പുസ്തകമാണ്. എന്റെ നാടിന്റെ ചരിത്രം മനസ്സിലാക്കിയിരിക്കണമല്ലൊ. എറണാകുളത്ത് എവിടെ കിട്ടും എന്നതായിരുന്നു ആലോചന. എറണാകുളം വഴി നേരത്തെ വരുന്ന ദിവസം മനോജേട്ടനെ വിളിക്കാം എന്ന് കരുതി. എന്തായാലും കച്ചേരിപ്പടിയിൽ പ്രോവിഡൻസ് റോഡിലെ ആതിര സ്റ്റേഷനറി സ്റ്റോറിൽ അന്വേഷിക്കാം. കിട്ടിയില്ലെങ്കിൽ മെന്ററിന്റെ അക്കൗണ്ടിൽ പണം അടയ്ക്കാം. എന്തായാലും ആദ്യത്തെ പുസ്തകത്തിന്റെ കാര്യത്തിൽ തന്നെ ഇത്രയും ശക്തമായ നിലപാടെടുത്ത മനോജേട്ടനെ അഭിനന്ദിക്കുന്നു.
  (പുസ്തകപ്രധാനത്തിന്റേയും > പുസ്തകപ്രസാധനത്തിന്റേയും, മനോരമും > മനോരമയും, :) )

  1. @Manikandan – ‘പുസ്തകപ്രസാധനം‘ ശരിയാക്കി. ‘മനോരമ‘ എവിടെയാണെന്ന് കണ്ടുപിടിക്കാൻ ആകുന്നില്ലല്ലോ ? നന്ദി മണീ.

   1. ‘മനോരമയും’ ഫേസ്ബുക്ക് കമന്റിൽ ശ്രീ പോളി വർഗീസിനു നൽകിയ മറുപടിയിൽ ആണ്.

    പിന്നെ My First Book Muzirisiloode…. എന്നത് Muzreesiloode എന്നാക്കാനും പറയണം മനോജേട്ടാ. പുസ്തകത്തിൽ Muzreesiloode എന്നാണ് അച്ചടിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ പേരല്ലെ, എല്ലായിടത്തും ഒരു പോലെ ആകട്ടെ :)

 7. Manoj Chetta,

  Congratulations on getting your book published! So proud of you. Precious few have the courage to write against dark commercial side of publishing and sales. I am sure this will be a great read and all your hard work won’t go in vain. I will get my copy once the online booking though Mentor site starts (let us know). Meanwhile I will look for someone who can get it to me from India.

  Best wishes.
  Vineeth Panicker

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>