സുരക്ഷിതരായി ഇരിക്കൂ


22
യ്സാൽമീറിലെ എന്റെ സുഹൃത്താണ് സഞ്ജയ്. കഴിഞ്ഞ രണ്ട് പ്രാവശ്യവും ജയ്സാൽമീർ സന്ദർശിച്ചപ്പോൾ എന്റെ എല്ലാ ആവശ്യങ്ങളും തീർപ്പാക്കാൻ മുന്നോട്ടിറങ്ങി നിന്ന് സഹായിച്ച മനുഷ്യൻ. പരോപകാരിയായ നല്ലൊരു ഗൈഡ് കൂടെയാണ് സഞ്ജയ്. യാദൃശ്ചികമായി തെരുവിൽ വെച്ചാണ് ഞാൻ അയാളെ പരിചയപ്പെടുന്നത്.

പല ദിവസങ്ങളിലും അയാൾ എനിക്കൊപ്പം ജയ്സാൽമീറിലും പരിസരങ്ങളിലും സഞ്ചരിച്ചു. ഒരുപാട് ദിവസം വീട്ടിലുണ്ടാക്കിയ ഭക്ഷണം എനിക്ക് കൊണ്ടുവന്ന് തന്നു. ഒരു ദിവസം നിർബന്ധിച്ച് അയാളുടെ വീട്ടിൽ കൊണ്ടുപോയി ‘ബഡാ ഖാന’ തീറ്റിച്ചു.

എത്രയോ വൈകുന്നേരങ്ങളിൽ ഗാന്ധി ചൗക്കിൽ ഞങ്ങൾ വെടി വട്ടം കൂടി. ആ ചൗക്കിന് ചുറ്റും താമസിക്കുന്നവരെയെല്ലാം എനിക്കയാൾ പരിചയപ്പെടുത്തി. ഭാഗിയെ ഗാന്ധി ചൗക്കിൽ പാർക്ക് ചെയ്ത് പുറത്തിറങ്ങിയാലുടൻ, കുറഞ്ഞത് നാല് പേരെയെങ്കിലും കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യണമെന്ന അവസ്ഥയിലേക്ക് ഞാൻ എത്തിച്ചേർന്നു.

സഞ്ജയ് ഒപ്പം വന്നില്ലായിരുന്നെങ്കിൽ ജയ്സാൽമീറിലെ ഒരുപാട് വ്യക്തികളേയും കലാകാരന്മാരേയും ഞാൻ പരിചയപ്പെടാതെ പോകുമായിരുന്നു. ആ പരിസരത്തെ ഒരുപാട് സ്ഥലങ്ങളിലേക്ക് ഞാൻ കടന്ന് ചെല്ലുമായിരുന്നില്ല.

അതിർത്തി ഗ്രാമത്തിലുള്ള ഒരു ബന്ധുവിനെപ്പോലെ പ്രിയങ്കരനാണ് എനിക്കിപ്പോൾ സഞ്ജയ്. അതുകൊണ്ടുതന്നെ ജയ്സാൽമീറിൽ പാകിസ്ഥാൻ ഡ്രോണുകൾ വീണു എന്ന് കേട്ടയുടനെ സഞ്ജയിനെ വിളിച്ചു.

സഞ്ജയ്, നീ സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ സന്തോഷം. അതിർത്തി ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉള്ളവരുടെ മനോനില ആലോചിക്കാൻ പോലുമുള്ള കെൽപ്പ് ഞങ്ങൾ തെക്കേ ഇന്ത്യക്കാർക്ക് ഇല്ല. നിങ്ങൾക്ക് ആർക്കും അപകടമൊന്നും ഉണ്ടാകാതിരിക്കട്ടെ. യുദ്ധം പെട്ടെന്ന് അവസാനിക്കട്ടെ. മറ്റൊന്നും ഈ അവസരത്തിൽ ആശംസിക്കാൻ ഇല്ല.

വാൽക്കഷണം:- സഞ്ജയ് അയച്ചുതന്ന, ആകാശ യുദ്ധത്തിന്റെ രണ്ട് വീഡിയോകൾ നടുക്കുന്നതാണ്. അതൊരു വീഡിയോ ഗെയിമിൻ്റെ ദൃശ്യം ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നുമില്ല.