ഹർത്താൽ ഡയറി – 06.04.2017


22
1. പയ്യന്നൂര് നിന്ന് അമൃത ആശുപത്രിയിലേക്ക് എത്തിയ രോഗിയും ബന്ധുക്കളും…

2. നാദാപുരത്തുനിന്ന് ലേയ്ക്ക് ഷോർ ആശുപത്രിയിലേക്ക് എത്തിയ രോഗിയും ബന്ധുവും…

3. ചെന്നെയിൽ നിന്ന് സ‌ൺ‌റൈസ് ആശുപത്രിയിലേക്ക് എത്തിയ ബയോബെഡിക്കൽ എഞ്ചിനീയർ…

4. കണ്ണൂര് നിന്ന് ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനായി SRV ഹൈസ്ക്കൂളിലേക്ക് എത്തിയ അദ്ധ്യാപകർ…

5. മുംബൈയിലേക്ക് പോകാനായി ഭാരിച്ച രണ്ട് പെട്ടികളുമായി പാടിവട്ടം മുതൽ നോർത്ത് സ്റ്റേഷൻ വരെ നടന്ന് തുടങ്ങിയ 70 കഴിഞ്ഞ ഒരച്ഛൻ…

6. തിരുവനന്തപുരത്തുനിന്ന് തീവണ്ടിയിൽ വന്നിറങ്ങി സഹപ്രവർത്തകയുടെ കല്യാണം കൂടാനായി ലേ മെറിഡിയൻ ലക്ഷ്യമാക്കി നിന്നിരുന്ന നാല് പേർ…

7. മുംബൈയിൽ നിന്ന് വീട് കാലിയാക്കി ഭാരിച്ച സാധനങ്ങൾ വാരിക്കെട്ടി വന്നിറങ്ങിയ രണ്ട് ഐ.ടി. സഹോദരിമാർ…

8. ഇംഗ്ലണ്ടിൽ നിന്നെത്തിയ സഞ്ചാരികളായ പീറ്ററും എലനയും..

അങ്ങനെയങ്ങനെ ഹർത്താൽ തീരുമാനിക്കപ്പെടുന്നതിന് മുന്നേ തീവണ്ടിയിൽ കയറിപ്പോയതും അല്ലാത്തതുമായ 27 പേരെ Say No To Harthal മുന്നേറ്റത്തിന്റെ ഭാഗമായി ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കഴിഞ്ഞു ഇന്ന്. അത്രയുമോ അതിലധികമോ പേരെ 15ൽ‌പ്പരം വരുന്ന ഓരോ Say NO to Harthal സഹപ്രവർത്തകരും ലക്ഷ്യസ്ഥാനത്തെത്തിച്ചിട്ടുണ്ട്.

114

പീറ്ററിനും എലനയ്ക്കും ഒപ്പം ഫോർട്ട് കൊച്ചിയിൽ

പതിവ് പോലെ ഭക്ഷണപ്പൊതികൾ എത്തിച്ച് തന്ന പേരറിയാത്ത സഹപ്രവർത്തകയ്ക്ക് നന്ദി. പക്ഷെ എവിടെയെങ്കിലും ഇരുന്ന് അത് കഴിക്കാൻ പോലും ആർക്കും സമയം കിട്ടുന്നില്ല എന്നതാണ് വാസ്തവം. ഭക്ഷണപ്പൊതികളെല്ലാം സ്റ്റേഷൻ പരിസരത്ത് ജീവിക്കുന്ന, ഒരൂണ് പോലും നേരെ ചൊവ്വേ കഴിക്കാൻ വകുപ്പില്ലാത്തവർക്ക് കൈമാറി.

നോർത്ത് റെയിൽ വേ സ്റ്റേഷനിലെ രണ്ട് റെയിൽ വേ പൊലീസ് ഉദ്യോഗസ്ഥരുടെ സഹകരണം എടുത്ത് പറയേണ്ടതായിരുന്നു. സ്റ്റേഷന് അകത്തും പുറത്തും യാത്രാസഹായം ആവശ്യമുള്ളവരെ അവർ തിരഞ്ഞുപിടിച്ച് ഞങ്ങളിലേക്കെത്തിച്ചു. ഇനിയൊരു ഹർത്താൽ ഉണ്ടായാൽ അവർ രണ്ടുപേരും ചേർന്ന് ഒരു വാഹനം ഞങ്ങൾക്കൊപ്പം ഡ്രൈവറെ വെച്ചിട്ടായാലും ഓടിക്കുമെന്നാണ് ഉറപ്പ് പറഞ്ഞിരിക്കുന്നത്. ഈ മുന്നേറ്റം പല തലങ്ങളിലേക്കും മനസ്സുകളിലേക്കും കടന്നുകയറി വളർന്നുകൊണ്ടേയിരിക്കുന്നു എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യം തന്നെയാണ്.

114aa

 സൌത്ത് സ്റ്റേഷനിൽ നിന്നൊരു ദൃശ്യം

ധാരാളം വാഹനങ്ങൾ രാവിലെ മുതൽ നിരത്തിലോടിയ ഹർത്താൽ ദിവസമാണിന്ന്. പക്ഷേ ഓടിയ ഓട്ടോറിക്ഷക്കാരെല്ലാം അന്യായ വാടക ചോദിച്ചിരുന്നു. നോർത്ത് സ്റ്റേഷനിൽ നിന്ന് ജനറൽ ആശുപത്രി വരെ 300 രൂപ ചോദിച്ചത് ഒരുദാഹരണം മാത്രം. 100 രൂപ പോലും കൊടുക്കാൻ കൈയ്യിലില്ലാത്ത രോഗികളാണ് നല്ലൊരു പങ്ക് യാത്രക്കാരും.

Say No To Harthal എന്ന സംഘടനയുടെ കൺ‌വീനർ രാജു പി.നായർ ഈ മുന്നേറ്റവുമായ വന്നപ്പോൾ മുതൽ അദ്ദേഹത്തെപ്പറ്റിയും തന്മൂലം ഞങ്ങൾക്കെതിരെയുമുള്ള ആക്ഷേപമാണ്, ഇത് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ മാത്രമായുള്ള സംഘടനയാണെന്ന്. ഒരു കോൺ‌ഗ്രസ്സ് പ്രവർത്തകനും കോൺ‌ഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനം (ജന.സക്രട്ടറി) വഹിക്കുന്നയാളുമായ രാജു, കോൺഗ്രസ്സ് ആഹ്വാനം ചെയ്യുന്ന ഹർത്താലുകൾ വരുമ്പോൾ പിൻ‌വലിയും എന്നതായിരുന്നു ആക്ഷേപം. പാർട്ടിയിലുള്ള സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടാലും ഹർത്താൽ വിരുദ്ധതയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഓരോ തവണയും രാജു ഞങ്ങൾക്ക് ഉറപ്പ് തന്നിട്ടുള്ളതും അത് നൂറ് ശതമാനം ഞങ്ങൾ വിശ്വസിച്ചിട്ടുള്ളതുമാണ്.

ഏകദേശം മൂന്ന് കൊല്ലമായി ഞാൻ നാട്ടിലെത്തി ഇവിടെ സ്ഥിരമായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അന്ന് മുതൽ ഉണ്ടായിട്ടുള്ള ഒരു ഹർത്താൽ ഒഴികെ എല്ലാ ഹർത്താലുകളിലും ഈ പ്രവർത്തനങ്ങളുമായി നീങ്ങാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വിദേശത്തായിരുന്നപ്പോഴും അവധിക്ക് വരുമ്പോൾ ഉണ്ടാകുന്ന ഹർത്താലുകളിലും ഇതേ സഹകരണം നൽകിയിട്ടുണ്ട്. ഇക്കാലങ്ങളിലൊന്നും (ഏകദേശം 5 വർഷം) കോൺഗ്രസ്സ് ആഹ്വാനം ചെയ്ത ഒരു ഹർത്താൽ എറണാകുളം നഗരത്തിൽ ഉണ്ടാകാതെ പോയതുകൊണ്ട്, രാജുവിന്റെ ഇക്കാര്യത്തിലുള്ള നിലപാട് തെളിയിക്കാൻ രാജുവിനും ഞങ്ങൾക്കും ഒരവസരം കിട്ടാതെ പോയി.

പക്ഷേ, ഇന്ന് ആ ദിവസമായിരുന്നു. കോൺ‌ഗ്രസ്സ് അല്ല, യു.ഡി.എഫ്. ആഹ്വാനം ചെയ്ത ഹർത്താലായിട്ടും രാജു പതിവ് പോലെ വാഹനവുമായെത്തി. തലേന്ന് തന്നെ എല്ലാവരേയും വിളിച്ച് രാവിലെ സ്റ്റേഷനിൽ എത്തില്ലേ എന്ന് ഉറപ്പ് വരുത്തി. മറ്റ് പാർട്ടികൾ ഹർത്താൽ നടത്തുമ്പോൾ രാഷ്ടീയ എതിരാളികൾക്കെതിരെയുള്ള പ്രവർത്തനമായി തെറ്റിദ്ധരിക്കാതിരിക്കാൻ സ്ഥിരം വേഷമായ ഖദർ ഉപേക്ഷിച്ച് വരാറുള്ള രാജു, ഇന്ന് ഖദർ ധരിച്ച് തന്നെ പ്രവർത്തനത്തിനിറങ്ങി. ഇന്ന് രാജുവിന്റെ ആത്മാർത്ഥയും നിശ്ചയദാർഢ്യവും തെളിയിക്കപ്പെട്ട ദിവസമായിരുന്നു. ചോദ്യങ്ങളുമായി വന്ന ചാനലുകാരോടും പത്രക്കാരോടുമെല്ലാം തന്റെ നിലപാട് കടുപ്പിച്ച് തന്നെ അറിയിച്ചു. പാർട്ടിക്കുള്ളിൽ നിന്ന് തന്നെ KPCC യിലേക്ക് ഇതിനകം രാജുവിനെതിരെ പരാതി പോയ്ക്കഴിഞ്ഞതാണ് അറിവ്.

രാജു മാത്രമല്ല കോൺഗ്രസ്സ് അനുഭാവികളും പ്രവർത്തകരുമായ എൽദോ ചിറക്കച്ചാലിൽ, ജോജ്ജ് വർഗ്ഗീസ് കാട്ടിത്തറ, അനൂപ് രാധാകൃഷ്ണൻ, വനേസ, യമുന എന്നിവരും തങ്ങളുടെ നിലപാടിൽ ഉറച്ച് നിന്ന് രംഗത്തിറങ്ങി. തങ്ങൾക്ക് ആഭിമുഖ്യമുള്ളതും ഉത്തരവാദിത്തമുള്ളതുമായ പാർട്ടിയിലെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾത്തന്നെ ആ പാർട്ടി എടുക്കുന്ന തെറ്റായ നയങ്ങളെ വിമർശിക്കാനും അതിനെതിരെ പോരാടാനുമുള്ള ആർജ്ജവം കാണിച്ച രാജു അടക്കമുള്ള എല്ലാവർക്കും അഭിവാദ്യങ്ങൾ !! പതിവ് പോലെ ഇന്നും പ്രവർത്തിക്കാനെത്തിയ ആം ആദ്മി പാർട്ടി – ബി.ജെ.പി – സി.പി.എം. എന്നീ പാർട്ടികളിലെ സഹപ്രവർത്തകർക്കും അഭിവാദ്യങ്ങൾ !!

കലൂർ സ്റ്റേഡിയത്തിന് പിന്നിൽ കഴിഞ്ഞ 7 ആഴ്ച്ചയോളമായി നടന്ന് പോരുന്ന ‘മരങ്ങളെ ട്രീ ഗാർഡ് തടവറയിൽ നിന്ന് മോചിപ്പിക്കുന്ന’ പരിപാടി സാധാരണ ഞായറാഴ്ച്ചകളിലാണ് ഗ്രീൻ‌വെയ്നും സഞ്ചാരിയും ചേർന്ന് നടത്താറുള്ളത്. ഇന്ന് ഹർത്താൽ പ്രമാണിച്ച് കിട്ടിയ ഒഴിവ് സമയവും മരങ്ങളെ രക്ഷിക്കാനിറങ്ങി അക്കൂട്ടർ. കലൂർ സ്റ്റേഡിയത്തിന് പിന്നിലെ റോഡിലായിരുന്നു ഇന്നത്തെ പ്രവർത്തനങ്ങൾ. രക്ഷപ്പെടുത്തിയത് 51 മരങ്ങളെയാണ്.

113

 മരങ്ങളെ രക്ഷപ്പെടുത്തുന്ന ഗ്രീൻ‌വെയ്ൻ – സഞ്ചാരിക്കൂട്ടം

115

രണ്ട് പരിപാടികളിൽ ഒരേസമയം പങ്കെടുക്കാൻ പറ്റാതെ പോയതിൽ ഖേദമുണ്ട്. എന്നിരുന്നാലും വിശന്ന് പൊരിഞ്ഞ് നിന്നിരുന്ന സമയത്ത് ഒരു പഴവും വത്തയ്ക്കാ കഷണവും കിട്ടിയത് ആ മരസ്നേഹിക്കൂട്ടത്തിൽ നിന്നാണ്. എല്ലാ ഗ്രീൻ‌വെയ്ൻ – സഞ്ചാരി സഹപ്രവർത്തകർക്കും നന്ദി, അഭിവാദ്യങ്ങൾ !!

വാൽക്കഷണം:- നാളെ ആലപ്പുഴ ജില്ലയിൽ വീണ്ടും ഹർത്താലുണ്ടെന്ന് അറിയാമല്ലോ? എത്ര ദിവസം വരെ ആസ്വദിക്കാനാവും അടുപ്പിച്ചടുപ്പിച്ച് കിട്ടുന്ന ഈ ഹർത്താലുകൾ ? മടിപിടിച്ച് ജോലി ചെയ്യാതെ ശമ്പളം വാങ്ങി ഇരിക്കാമെന്ന് കരുതുന്ന ഓരോ ഹർത്താൽ ദിനങ്ങളും നിങ്ങളുടെ സ്വാതന്ത്ര്യത്തിനുമേൽ പണികഴിപ്പിക്കുന്ന ചങ്ങലയുടെ ഓരോരോ കണ്ണികളാണ്. അത് ബോദ്ധ്യപ്പെടുന്ന ദിവസം തീരാവുന്നതേയുള്ളൂ ഈ ഹർത്താൽ പ്രഹസനങ്ങൾ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>