യാത്രാമൊഴി


22
മ്മൾ കാര്യമായി ഗൗനിച്ചില്ലെങ്കിലും, വളരെ വേണ്ടപ്പെട്ടവരായി ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നമുക്കൊപ്പം നിൽക്കുന്ന ചില നല്ല മനുഷ്യരുണ്ട്. അത്തരം ചില ബന്ധങ്ങൾ ഇല്ലാതായി പോകുന്ന ഒരു ഘട്ടത്തിലേക്ക് കാലചക്രം കൊണ്ടെത്തിച്ചോ എന്നൊരു ആശങ്ക വല്ലാതങ്ങ് ഇരച്ച് കയറി വന്നപ്പോൾ, അവരിൽ ചിലരെയെങ്കിലും നേരിട്ട് കാണാൻ തീരുമാനിച്ചു.
അതിന് കാരണമുണ്ട്. 2024-25ലെ GIE യാത്ര കഴിഞ്ഞപ്പോൾ, മേൽപ്പറഞ്ഞവരെയൊക്കെ ഇനിയൊരിക്കലും കാണാൻ പറ്റിയില്ലെങ്കിലോ എന്ന് തോന്നിപ്പിക്കുന്ന ചില സാഹചര്യങ്ങളിലൂടെ ഞാൻ കടന്നുപോയി.

ഹജ്ജ് പോലുള്ള തീർത്ഥാടനങ്ങൾക്ക് പോകുമ്പോൾ, മനുഷ്യർ അവർക്ക് പരിചയമുള്ളവരോടൊക്കെ തെറ്റ് കുറ്റങ്ങൾ പൊറുത്ത് തരണമെന്ന് അപേക്ഷിച്ച് യാത്ര ചോദിക്കുന്നത് അനുഭവമുണ്ട്. അത്തരത്തിൽ അല്ലെങ്കിലും, ചുരുക്കം ചിലരെ 2025-26ൽ GIE പുനഃരാരംഭിക്കുന്നതിന് മുന്നേ കണ്ടേ തീരൂ എന്ന തീരുമാനത്തിലെത്തി.

മക്കത്തേക്ക് പോയ ചേരമാൻ പെരുമാളിന് നൽകുന്ന യാത്രാമൊഴിയായി നീലംപേരൂർ പടയണി കരുതിപ്പോരുന്നുണ്ട്. പെരുമാളുമായുള്ള ആ ബന്ധമാണ് പടയണി കാണണമെന്ന ആഗ്രഹം ഉണ്ടാക്കിയത്.

നീലംപേരൂർ പടയണി സെപ്റ്റംബർ മാസത്തിലാണ്. അതിന് മുന്നേ കടമ്മനിട്ടയിലെ വലിയ പടയണി കാണാനുറച്ച് രണ്ട് ദിവസം മുന്നേ (ഏപ്രിൽ 21) ഇറങ്ങിത്തിരിച്ചു.
അതിൻ്റെ തുടർ യാത്രയായി, തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും മേൽപ്പറഞ്ഞ മനുഷ്യരേയും കാണാനുള്ള കരുക്കൾ നീക്കി. ചിലരെയെല്ലാം വലിയ ബുദ്ധിമുട്ടില്ലാതെ കണ്ടുമടങ്ങി.

അപ്പോഴേക്കും പഹൽഗാമിലെ ഞെട്ടിപ്പിക്കുന്ന വാർത്തകൾ വന്ന് തുടങ്ങിയിരുന്നു. ‘എത്ര നന്നായി’ ഇവരെയൊക്കെ കാണണമെന്ന് തീരുമാനിച്ചത് എന്ന് മനസ്സ് പറഞ്ഞു.

അവസാനം കാണേണ്ട വ്യക്തിയുടെ കാര്യത്തിൽ, അൽപ്പം ബുദ്ധിമുട്ടേണ്ടി വന്നു. എങ്കിലും, അദ്ദേഹത്തിൻ്റെ വീട് കണ്ടെത്തി സന്തോഷത്തോടെ ഒരുപാട് നേരം സംസാരിച്ചിരുന്നു.
2025-26 ശൈത്യകാലത്ത് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്, കാശ്മീർ, പഞ്ചാബ്, ഹിമാചൽ, ഉത്തരാഖണ്ട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്.

കാശ്മീരിലേക്കാണ് നേരെ ചെല്ലുക. പട്ടാളക്കാർ പോകരുതെന്ന് വിലക്കുന്ന സ്ഥലങ്ങളൊഴിച്ച് എല്ലായിടത്തും പോയിരിക്കും. വരാനുള്ളത് എന്തും നേരിടാൻ തയ്യാറായിത്തന്നെയാണ്. തെരുവോരങ്ങളിൽ ഉണ്ടുറങ്ങി മാസങ്ങളോളം ഭാഗിയിൽ യാത്ര ചെയ്തത്. എന്തെങ്കിലും അത്യാഹിതം സംഭവിച്ച് തട്ടിപ്പോയാലും അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് വെച്ചിരിക്കണം എന്നത് കൊണ്ടാണ് മരണപത്രം പരസ്യമായും, വിൽപ്പത്രം കുഴുപ്പിള്ളി രജിസ്റ്റർ ഓഫീസിലും എഴുതി വെച്ചിരിക്കുന്നത്. ബാക്കിയുണ്ടായിരുന്നത് മേൽപ്പറഞ്ഞ ചില വ്യക്തികളുമായുള്ള കൂടിക്കാഴ്ച്ചകളാണ്. അതും ചെയ്ത് കഴിഞ്ഞു.

ഒരപകടം, വീട്ടിൽ നിന്ന് ഇറങ്ങി പ്രധാന റോഡിലേക്ക് കടക്കുമ്പോൾ പോലും ഉണ്ടാകാം. ദൂരയാത്ര പോകുമ്പോൾ അപകട സാദ്ധ്യത എപ്പോഴും കൂടെയുണ്ട്. ഒറ്റയ്ക്ക് വാഹനമോടിച്ച് തെരുവിൽ ഉറങ്ങിയുള്ള യാത്രയിൽ അതിൻ്റെ തോത് പതിന്മടങ്ങാണ്. എന്നുവെച്ച് യാത്ര ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ?

എത്രയോ വിമാനാപകടങ്ങളും തീവണ്ടിയപകടങ്ങളും ബസ്സപകടങ്ങളും കാറപകടങ്ങളും ബോട്ടപകടങ്ങളും ഉണ്ടായിരിക്കുന്നു. അതിന് ശേഷം മനുഷ്യർ ഈ സൗകര്യങ്ങളിലൊന്നും യാത്ര ചെയ്തിട്ടില്ല എന്നുണ്ടോ?

വിനോദ സഞ്ചാരികളെ നരാധമന്മാർ കൊന്ന് തള്ളിയ ഇടമായതുകൊണ്ട് പഹൽഗാമിലേക്ക് ആളുകൾ പിന്നീട് പോകാതിരിക്കില്ലല്ലോ. ഒരുപാട് പേർ ഇനിയും പോകും. ഇന്ത്യ മുഴുവൻ കാണാനുള്ള യാത്രയുടെ ഭാഗമായി ഞാനും പോകും.

പഹൽഗാമിൽ കൊല്ലപ്പെട്ട സഹോദരങ്ങൾക്ക് പ്രണാമം, അന്ത്യയാത്രാമൊഴി.

വാൽക്കഷണം:- ആറു ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യത്തോട് ഹിമാംശി എന്ന യുവതി യാത്ര പറയുന്ന രംഗം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല.
(ചിത്രം:- പടയണിയെ വരവേറ്റുകൊണ്ടുള്ള അഗ്നി)

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>