ഫ്‌ളക്സ് നിരോധനം ശാശ്വത പരിഹാരമോ ?


33
കേരളത്തിൽ ഫ്‌ളക്സ് ബോർഡുകൾ നിരോധിച്ചുകൊണ്ട് ഉത്തരവായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ്വന്തം പടവും പരസ്യവുമുള്ള ഫ്‌ളക്സ് ബോർഡ് കീറിക്കളഞ്ഞുകൊണ്ടുതന്നെ നടപടിക്ക് തുടക്കം കുറിച്ചു. ഈ വരുന്ന തിങ്കളാഴ്ച്ച മുതൽ പൊതുനിരത്തിലുള്ള പാർട്ടിക്കാരുടേത് അടക്കമുള്ള ഫ്‌ളക്സ് ബോർഡുകൾ അധികൃതർ നീക്കം ചെയ്യും. സ്വകാര്യ സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന ഫ്‌ളക്സ് ബോർഡുകൾ നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തികൾക്ക് നോട്ടീസ് നൽകും. എന്നിട്ടും മാറ്റാത്തവർക്ക് പിഴയടിക്കും. എല്ലാം നല്ല കാര്യം തന്നെ. അഭിനന്ദനാർഹമായ തീരുമാനം തന്നെ. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ആശങ്ക പങ്കുവെക്കണമെന്നുണ്ട്.
77
ഫ്‌ളക്സ് ബോർഡുകൾ കൊണ്ടുണ്ടാകുന്ന മുഖ്യവിഷയമായ പരിസ്ഥിതി പ്രശ്നങ്ങൾ ആരേയും കൂടുതലായി പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല. പൊതുസമൂഹത്തിനും പൊതുനിരത്തിൽ ഇറങ്ങി നടക്കുന്നവർക്കും ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് രണ്ടാമത്തേത്. റോഡ് കാണാൻ പറ്റുന്നില്ല, വാഹനങ്ങൾ വരുന്നത് കാണാൻ വയ്യ. ട്രാഫിൿ സൈൻ ബോർഡുകൾ കാണാൻ ഒക്കുന്നില്ല. ഇത്രയും സുന്ദരമായ പ്രകൃതിയുള്ള ഈ നാട്ടിൽ ഗ്രാമങ്ങളിൽ‌പ്പോലും കാറ്റും വെളിച്ചവും കടന്നുവരാത്ത രീതിയിൽ ഫ്‌ളക്സ് ബോർഡുകൾ മറപിടിക്കുന്നു.

പത്താംക്‌ളാസ്സ്, പന്ത്രണ്ടാം ക്‌ളാസ്സ് എന്നുമുതൽ റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന്റെ പേരിലുള്ള അഭിനന്ദങ്ങളും സിനിമാ പരസ്യങ്ങളും കോർപ്പറേറ്റ് പരസ്യങ്ങളും ജനപ്രതിനിധികൾ റോഡുണ്ടാക്കാനും പാലം പണിയാനും അവരുടെ ഫണ്ട് ചിലവാക്കിയതിന്റെ അടക്കം കണക്കുവിവരങ്ങൾ പുറത്ത് വിടുന്ന പരസ്യബോർഡുകളിൽ ഇനിയങ്ങോട്ട് ഫ്‌ളക്സിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല. അതുമൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങൾ ഉണ്ടാകില്ല. പക്ഷേ, അതുകൊണ്ട് തീർന്നോ ? പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ആയോ ?

ഫ്‌ളക്സ് മാത്രമാണ് നിരോധിച്ചിരിക്കുന്നത്. നാളെ മുതൽ ഫ്‌ളക്സിന് പകരം മറ്റൊരു മാദ്ധ്യമം ഉപയോഗിച്ച് പരസ്യ ബോർഡുകൾ പഴയതുപോലെ നിരത്തിലിറങ്ങും. വെറുതെ പറയുന്നതല്ല. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്. ഉദാഹരണത്തിന്റെ എറണാകുളം സർക്കാർ ലോ കോളേജിന്റെ മുന്നിൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ കെ.എസ്.യു.ക്കാർ വെച്ചിരിക്കുന്ന ബോർഡുകൾ നോക്കിയാൽ മതി. അവരുടെ വലിയ നേതാവായ മുഖ്യമന്ത്രി നടപ്പിലാക്കിയ നടപടി ആയതുകൊണ്ട് ഫ്‌ളക്സ് ഉപയോഗിക്കുന്നത് ശരിയല്ലല്ലോ ? പക്ഷെ, പകരം ഫ്‌ളക്സ് ഉപയോഗിക്കാതെയുള്ള മറ്റ് മാർഗ്ഗങ്ങളിലൂടെ ബോർഡുകൾ അവരുയർത്തിയിട്ടുണ്ട്. കോളേജിന്റെ ക്യാമ്പസിലോ ഗേറ്റിലോ അത്തരം ബോർഡുകൾ വെക്കുന്നതിനെ വിമർശിക്കുന്നില്ല. പറഞ്ഞുവന്നത്, ഇതുപോലെ മറ്റ് മാദ്ധ്യമങ്ങൾ ഉപയോഗിച്ച് പരസ്യ ബോർഡുകൾ പാതയോരങ്ങളിൽ ഉയരുമെന്ന കാര്യത്തിൽ സംശയമേതുമില്ല എന്നാണ്.

സത്യത്തിൽ ഫ്‌ളസ് ബോർഡുകൾ നിരോധിക്കുന്നതിനൊപ്പം പൊതുനിരത്തിലുള്ള അനധികൃത പരസ്യങ്ങൾ കൂടെ നിരോധിക്കണമായിരുന്നു. (മുൻപ് അങ്ങനെ വല്ല നിരോധനവും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. എന്തായാലും അങ്ങനൊന്ന് നടപ്പിലായിട്ടില്ല.) വാഹനങ്ങൾക്ക് പോകാനോ നടന്ന് പോകാനോ പോലും സൌകര്യമില്ലാത്ത റോഡുകളുടെ നല്ലൊരു ഭാഗം കവരുന്നത് പരസ്യ ബോർഡുകളാണ്. അതിൽ നിന്ന് ഫ്‌ളക്സ് മാത്രമേ ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളൂ. അതൊഴിവായ സ്ഥലങ്ങളിൽ പൂർവ്വാധികം ഭംഗിയായി ഫ്‌ലക്സ് ഇല്ലാത്ത പരസ്യബോർഡുകൾ ഉയരുന്നത് ഇനിയുള്ള ദിവസങ്ങളിൽ കാണാനാകും. തടയിടേണ്ടത് പരസ്യ ബോർഡുകൾ എന്ന പ്രവണതയ്ക്ക് കൂടെയാണ്. അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഫ്‌ളക്സ് നിരോധനം ആലോചയില്ലാത്ത തീരുമാനമായിപ്പോയി, ആയിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനവും ജീവിതമാർഗ്ഗവും ഇതുമൂലം ഇല്ലാതായി എന്നൊക്കെ പറഞ്ഞുള്ള പ്രതിഷേധങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിരിക്കുന്നു ഇതിനകം. പലരും ലക്ഷങ്ങൾ വായ്പ എടുത്താണ് ഫ്‌ളക്സ് പ്രിന്റിങ്ങ് മെഷീനുകൾ വാങ്ങിയിരിക്കുന്നത് പോലും !! അവരോടൊക്കെ പറയാനുള്ളത് ഇത്രമാത്രം. നല്ല ചില കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടതായി വരും. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗം ഇല്ലാതായ മദ്യനിരോധനം നടപ്പിലാക്കിയതും ഇതുപോലെ ആലോചനയൊന്നും ഇല്ലാതെയാണ്. കോടികളുടെ നഷ്ടം അതുമൂലം സർക്കാരിന് ഉണ്ടാകുകയും ചെയ്തു. അത്രയ്ക്കൊന്നും വരില്ലല്ലോ ഫ്‌ളക്സ് മേഖലയിലെ ജീവനക്കാർക്ക് ഉണ്ടായ ദുരിതങ്ങൾ? ലക്ഷങ്ങൾ വായ്പ എടുത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങുമ്പോൾ പലതും കാര്യമായി ചിന്തിക്കണം, പഠിക്കണം. അതിലൊന്ന് പ്രകൃതിയ്ക്കും സഹജീവികൾക്കുമൊക്കെ എത്രത്തോളം ബുദ്ധിമുട്ട് ഈ ബിസിനസ്സ് മൂലം ഉണ്ടായേക്കാം എന്ന ആലോചനയാണ്. അതൊന്നുമില്ലാതെ ചെയ്യുന്ന സംരംഭങ്ങളാകുമ്പോൾ തിരിച്ചടികൾ നേരിടാൻ തയ്യാറാകുകയും വേണം.

വാൽക്കഷണം:- മെട്രോ റെയിലിന്റെ തൂണുകൾ ഉയർന്നു കഴിഞ്ഞു. പണിയെല്ലാം തീർന്ന് തീവണ്ടി ഓടാൻ തുടങ്ങുന്നതോടെ ആ പില്ലറുകളിൽ പശതേച്ചും, അതുകൂടാതെ യാത്രക്കാരുടെ തലയിലേക്ക് ഏത് നിമിഷവും മറിഞ്ഞ് വീഴാൻ പാകത്തിനുമുള്ള പരസ്യങ്ങൾ കൊണ്ട് നിറയില്ലെന്ന് ഉറപ്പ് നൽകാനാവുമോ ? തിരഞ്ഞെടുപ്പ് കാലം വരുമ്പോൾ, തൂണുകളെല്ലാം “Booked For 2014 – 2020“ എന്ന് പാർട്ടിക്കാർ തീറെഴുതി എടുക്കില്ലെന്ന് പറയാനൊക്കുമോ ? മെട്രോ പില്ലറുകളിൽ പരസ്യങ്ങൾ തടഞ്ഞുകൊണ്ടുള്ള നീക്കങ്ങൾ മെട്രോ യാഥാർത്ഥ്യമാകുന്നതിനോപ്പം നടപ്പിലാക്കിയാൽ, പിന്നീട് പരസ്യങ്ങൾ നീക്കം ചെയ്യുന്ന ചിലവെങ്കിലും പൊതുഖനനാവിൽ നിന്ന് ഒഴിവാക്കാനായെന്ന് വരും.

———————————————————————————–
ഈ വിഷയവുമായി ബന്ധപ്പെട്ട് മുൻപ് എഴുതിയ ലേഖനങ്ങൾ

1. വഴി മുടക്കുന്ന ഫ്‌ളക്സ് ബോർഡുകൾ.
2. പ്രൊഫ:കെ.വി.തോമസിന് ഒരു തുറന്ന കത്ത്.
3. വീണ്ടും തോമസ് മാഷിന്. (ഫേസ്ബുക്കിൽ)
4. ശ്രീ.വി.എം.സുധീരന്. (ഫേസ്ബുക്കിൽ)
5. ശ്രീ.രമേഷ് ചെന്നിത്തലയ്ക്ക്. (ഫേസ്ബുക്കിൽ)

 

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>