y

വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം‘


ണ്ണൂര് പഠിക്കുന്ന കാലം. അവധിക്ക് വീട്ടിലേക്ക് വരുന്നതും പോകുന്നതുമൊക്കെ പരശുറാം എക്സ്പ്രസ്സിലാണ്. മൂന്നാം സെമസ്റ്ററിന് പഠിക്കുമ്പോൾ അങ്ങനെയൊരു അവധിക്കാലത്ത് ആലുവയിൽ നിന്നും വണ്ടി കയറി കണ്ണൂരേക്കുള്ള യാത്ര. ആറ് മണിക്കൂറിൽ അധികമെടുക്കുന്ന ആ യാത്രകൾ പലപ്പോഴും വിരസമായിരുന്നു. വായനയൊന്നും അക്കാലത്ത് കാര്യമായിട്ട് ഉണ്ടായിരുന്നില്ല. അച്ഛന്റെ പഴേ കുറേ പുസ്തകങ്ങൾ അലമാരയിൽ ഉള്ളത് അത്രയ്ക്കൊന്നും ദഹിച്ചിരുന്നില്ല. പിന്നെ ഉണ്ടായിരുന്നത് ഡി.സി.യുടെ മെമ്പർഷിപ്പ് വഴി എല്ലാ മാസവും കിട്ടുന്ന 3 പുസ്തകങ്ങളായിരുന്നു. അതിലുമുണ്ട് എനിക്ക് മനസ്സിലാകാത്തതും പിടിക്കാത്തതുമായ കുറേ പുസ്തകങ്ങൾ. ബാക്കിയുള്ളത് ചിലതൊക്കെ വായിക്കുമെന്നല്ലാതെ വലിയ വായനാശീലമൊന്നും (ഇന്നുമില്ല)ഇല്ലായിരുന്നു.

തീവണ്ടിയാത്രയിലേക്ക് തിരിച്ചുവരാം. പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ശ്രദ്ധിച്ച, കൈയ്യിലൊരു തടിയൻ പുസ്തകവും പിടിച്ച് നിൽക്കുന്ന മദ്ധ്യവയസ്ക്കൻ, വണ്ടിക്കകത്ത് എന്റെ തൊട്ടടുത്ത് തന്നെ വന്നിരുന്നു, പുസ്തകം സീറ്റിൽ വെച്ചു.

‘യന്ത്രം – മലയാറ്റൂർ‘

ആലുവ-കണ്ണൂർ യാത്രകൾ വിരസമായിരുന്നെന്ന് പറഞ്ഞല്ലോ ? ‘ഒന്ന് നോക്കട്ടേ?‘ എന്ന് അനുവാദം ചോദിച്ച് ‘യന്ത്രം’ ഞാൻ കൈയ്യിലെടുത്തു. അതിന് മുൻപ് മലയാറ്റൂരിന്റെ ബ്രിഗേഡിയർ കഥകൾ ചിലത് മാത്രമാണ് വായിച്ചിട്ടുള്ളത്. വണ്ടി ആലുവ സ്റ്റേഷൻ വിട്ടു. വെറുതെ നോക്കാൻ വാങ്ങിയ പുസ്തകത്തിന്റെ ആദ്യപേജ് മുതൽ ഞാൻ വായന തുടങ്ങി.

ഷൊർണൂരെത്തുമ്പോൾ സ്റ്റേഷനിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവുണ്ടായിരുന്നു. പക്ഷെ ഷൊർണൂര് കഴിഞ്ഞത് അറിഞ്ഞതേയില്ല.. അതിന് മുന്നുള്ള സ്റ്റേഷനുകളും ഞാനറിഞ്ഞില്ല. ഇതിനിടയ്ക്ക് എപ്പോഴോ ‘യന്ത്ര‘ത്തിന്റെ ഉടമസ്ഥൻ ഇറങ്ങുന്നത് എവിടെയാണെന്ന് ഞാൻ തിരക്കി. തലശ്ശേരിയിൽ അദ്ദേഹമിറങ്ങും. അടുത്ത സ്റ്റേഷനിൽ എനിക്കും ഇറങ്ങേണ്ടതാണ്. എന്തായാലും തലശ്ശേരി വരെ സമയം കിട്ടും. അത്രയും നേരം വായിക്കാമല്ലോ ? കോഴിക്കോട് കഴിഞ്ഞാൽ‌പ്പിന്നെ അപ്പുറത്ത് നിന്ന് വരുന്ന വണ്ടികൾ കാത്തുകിടന്നും നിരങ്ങിനീങ്ങിയുമൊക്കെ പോകുന്ന വണ്ടിയാണ്. ഏറ്റവും ഇഴഞ്ഞ് നീങ്ങിയിരുന്ന ആ നിമിഷങ്ങൾ ശരവേഗത്തിൽ പായുന്നതായി എനിക്ക് തോന്നി. ആ വായന അത്രയ്ക്ക് ഹരം പിടിപ്പിച്ചിരുന്നു. തലശ്ശേരി എത്തുന്നതിന് മുന്നേ പുസ്തകം തീർക്കണം. വണ്ടി പക്ഷേ, കുതിച്ച് പായുന്നത് പോലെ.

ഇതിനിടയ്ക്ക് ഞാനൊരു കാര്യം മറന്നു, അല്ലെങ്കിൽ മനഃപ്പൂർവ്വം ഓർക്കണ്ട എന്നുവെച്ചു. ദീർഘദൂരയാത്രയിൽ ബോറടി മാറ്റാൻ ഉടമസ്ഥൻ കൈയ്യിൽ കൊണ്ടുവന്ന പുസ്തകമാണ്, വിട്ടുകൊടുക്കാതെ ഞാൻ കരണ്ടുതിന്നുന്നത്. ഉച്ചഭക്ഷണം പോലും ഉപേക്ഷിച്ച്, സ്റ്റേഷനുകളിൽ വണ്ടി നിർത്തിയോ ഇല്ലയോ, ആരൊക്കെ കയറി കയറിയില്ല, എന്നതൊന്നും നോക്കാതെ, തലയുയർത്താതെ വായനയിൽ മുഴുകിയിരിക്കുന്ന എന്നെക്കണ്ടപ്പോൾ ‘ചെക്കൻ വായിച്ചോട്ടെ എനിക്കിനിയും വായിക്കാമല്ലോ‘ എന്ന് അദ്ദേഹം കരുതിക്കാണാതെ തരമില്ല.

വണ്ടി തലശ്ശേരി എത്താറായി. എന്റെ ആക്രാന്തം കണ്ടിട്ട് അദ്ദേഹം ചിലപ്പോൾ എനിക്ക് പുസ്തകം തന്നിട്ട് പോയ്ക്കളയാനും സാദ്ധ്യതയുണ്ട്. അതുമോശമല്ലേ ? വണ്ടി നിർത്തുന്നതിന് മുന്നേ, നന്ദി പറഞ്ഞ് പുസ്തകം ഞാൻ തിരിച്ചുകൊടുത്തു.

“തീർന്നോ ?”

“ഇല്ല. 99 അദ്ധ്യായമേ തീർന്നുള്ളൂ. ഇനീം പത്തിരുപത് പേജുകൂടെ ഉണ്ടെന്ന് തോന്നുന്നു.”

“എന്നാപ്പിന്നെ വെച്ചോളൂ. തീർത്തിട്ട് തന്നാമ്മതി.”

“അയ്യോ… അത് വേണ്ട, നമ്മളിനി എവിടന്ന് കാണാനാ?”

“അതൊക്കെ ഞാൻ കണ്ടുപിടിച്ചോളാം. എന്റെ വീട് എടവനക്കാടാണ്. മുനമ്പത്ത് നിന്റെ വീട്ടിൽ ഞാൻ വന്നിട്ടുള്ളതാ.”

ഇദ്ദേഹത്തിന് എന്നെ അറിയാമെന്നോ ?!!!! ഞാൻ കണ്ണുതള്ളി നിന്നു.

“അച്ഛനേം അമ്മയേം ഞാനറിയും. എടവനക്കാട്ടെ വിശ്വനാഥൻ എന്ന് പറഞ്ഞാൽ മതി.”

“പക്ഷെ, എന്നെ എങ്ങനെ മനസ്സിലായി ?”

“അതൊക്കെ മനസ്സിലായി. എന്നാലും, ഭക്ഷണം പോലും കഴിക്കാത ഇങ്ങനുണ്ടോ ഒരു വായന. ഞാൻ ശരിക്കും നോക്കിയിരുന്നുപോയി. കൊള്ളാം, ഇങ്ങനെ തന്നെ വായിക്കൂ. ഞാനിറങ്ങുന്നു. പിന്നെപ്പോഴെങ്കിലും കാണാം.”

വണ്ടി തലശ്ശേരി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞിരുന്നു. യന്ത്രത്തിന്റെ പല്ലുകൾക്കിടയിൽ കിടന്ന് ഉരുണ്ടുപിരുണ്ടതിന്റെ ത്രില്ല് ഒട്ടും വിട്ടുമാറുന്നതിന് മുൻപ് വേറൊരു ത്രില്ല് കൂടെ സമ്മാനിച്ചുകൊണ്ട് അദ്ദേഹം വണ്ടിയിൽ നിന്നിറങ്ങി.

“…..ഇല്ല… എനിക്കുടൻ പോകണം. എനിക്ക് ആനിയെ കാണണം. ബൈ ദി വേ… എന്നെ ഇമ്മട്ടിൽ ബ്ലാക്ക് മെയിൽ ചെയ്യാൻ അവരുദ്ദേശിക്കുന്നുവെന്ന് ഏത് സോർസിൽ നിന്നാണറിഞ്ഞത് ?”

“ബാലചന്ദ്രനാണ് പറഞ്ഞത്. രണ്ടുദിവസം മുൻപ് ജയശങ്കർ ഇവിടെ വന്നിരുന്നു. അവൻ പറഞ്ഞാവണം ബാലചന്ദ്രനറിഞ്ഞത്…“ ജെയിംസ് കാറിൽ കയറി.

ജവഹർനഗറിലേക്കുള്ള തിരിവ് കടന്നപ്പോൾ ഒരു വലിയ ചോദ്യമുയർന്നു. ആനിയോടെല്ലാം പറയണോ? ഇപ്പോൾ കേട്ടതെല്ലാം അവളെ അറിയിച്ചിട്ട് വല്ല കാര്യവുമുണ്ടോ ?

തൊണ്ണൂറ്റി ഒൻപതാം അദ്ധ്യായം അങ്ങനെയാണ് അവസാനിക്കുന്നത്. വലിയ സസ്പെൻസോ വഴിത്തിരിവോ ഒന്നും നോവലിൽ ഇനിയുണ്ടെന്ന് തോന്നുന്നില്ല. എന്നാലും, കഥാപാത്രങ്ങളെല്ലാം ചുറ്റും വട്ടമിട്ട് നിൽക്കുന്നു. അവസാനത്തെ ചാപ്റ്റർ അടക്കം വായിച്ചുതീർക്കാതെ ഉറക്കം വരുമെന്ന് തോന്നുന്നില്ല. കണ്ണൂര് എവിടെയൊക്കെയാണ് ലൈബ്രറിയുള്ളതെന്ന് മനസ്സ് തിരഞ്ഞു. പൊലീസ് ഗ്രൌണ്ടിന്റെ മൂലയ്ക്ക് കക്കാട് ഭാഗത്തേക്ക് തിരിയുന്ന വഴിയുടെ ഓരത്താണ് പബ്ലിക്ക് ലൈബ്രറി. പക്ഷെ അംഗത്വമില്ല. ഉണ്ടെങ്കിലും പുസ്തകം അവിടെ റാക്കിലുണ്ടാകുമെന്ന് ഉറപ്പൊന്നുമില്ല. പിന്നെന്ത് ചെയ്യും ? എന്തുചെയ്യണമെങ്കിലും വണ്ടിയൊന്ന് കണ്ണൂരെത്തണമല്ലോ.

നാശം പിടിച്ച വണ്ടി തലശ്ശേരിയിൽ നിന്ന് കണ്ണൂരിലേക്ക്, മണിക്കൂറുകൾ എടുക്കുന്നത് പോലെ ! ‘യന്ത്രം‘ കൈയ്യിലുണ്ടായിരുന്ന സമയമത്രയും ഇതേ വണ്ടി, കുതിച്ചുപായുന്നതുപോലെയാണല്ലോ തോന്നിയിരുന്നത്.

ഞാനാകെ പരവശനായിരുന്നു. വണ്ടി കണ്ണൂരെത്തിയപ്പോൾ ചാടിയിറങ്ങി, ധൃതിയിൽ നടന്ന് പ്ലാറ്റ്ഫോമിന് വെളിയിൽ കടന്നു. ഫോർട്ട് റോഡ് തുടങ്ങുന്ന കവലയിൽ NBS ന്റെ ബുക്ക് സ്റ്റാൾ ഒരെണ്ണം എപ്പോഴോ കണ്ടിട്ടുണ്ട്. ഇപ്പോൾ ഉണ്ടോന്നറിയില്ല. നേരെ അങ്ങോട്ട് വിട്ടു. ഭാഗ്യം ആ സ്റ്റാൾ അവിടെത്തന്നെയുണ്ട്, യന്ത്രവും സ്റ്റോക്കുണ്ട്. പക്ഷെ 55 രൂപ കൊടുത്ത് വാങ്ങണമെന്ന് വെച്ചാൽ, ഹോസ്റ്റൽ ഫീസടക്കം ഒരുമാസത്തെ ചിലവിനായി എണ്ണിച്ചുട്ട അപ്പം പോലെ കിട്ടിയിരിക്കുന്ന നാലഞ്ച് നോട്ടുകളിൽ ഒരെണ്ണം തീർന്നുകിട്ടും. നിന്നനിൽ‌പ്പിൽ അവിടെ വെച്ച് തന്നെ വായിക്കാമെന്ന് വെച്ചാൽ, ചിലപ്പോൾ കടക്കാരന്റെ വായിൽ നിന്ന് വല്ലതും കേൾക്കേണ്ടി വരും.

വരുന്നിടത്ത് വെച്ച് കാണാം. 55 രൂപ കൊടുത്ത് പുസ്തകം വാങ്ങി. ഇനിയെന്ത് ?! ഹോസ്റ്റലിലേക്ക് ചെന്നാൽ തുടർ‌വായന നടക്കില്ല. അത് വേറൊരു ലോകമാണ്. 25 ദിവസം കഴിഞ്ഞാലും 25 പേജ് വായിച്ച് തീർക്കാൻ പറ്റിയെന്ന് വരില്ല. (അവിടെ വെച്ച് വല്ലതും വായിച്ചിരുന്നെങ്കിൽ ഇന്നെവിടെ എത്തേണ്ടതാണ്.) ഇന്ന് വായിച്ച് തീർത്തില്ലെങ്കിൽ 55 രൂപ ചിലവാക്കിയതിന് ഒരർത്ഥവുമില്ല.

നേരെ തൊട്ടടുത്തുള്ള കോഫി ഹൌസിലേക്ക് നടന്നു. ഓർഡർ എടുക്കാൻ വിശറിത്തൊപ്പിവെച്ച വെയ്റ്റർ വന്നപ്പോഴേക്കും പേജുകൾ പിന്നേയും മറിഞ്ഞിരുന്നു. കാപ്പി കുടിച്ച് കഴിഞ്ഞപ്പോഴേക്കും ‘യന്ത്രം‘ അവസാനിച്ചു. എന്തോ ഒന്ന് വെട്ടിപ്പിടിച്ച പോലെ ഞാനൊന്ന് നിവർന്നിരുന്നു.

അതുപോലൊരു വായനാദിനം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. ഇനിയെന്നെങ്കിലുമൊക്കെ ഉണ്ടാകണേ എന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്.

വായനയിലേക്ക് പിടിച്ചടുപ്പിച്ചത്, മികച്ച മൌലിക കൃതിക്കുള്ള 1979ലെ വയലാർ അവാർഡ് നേടിയ യന്ത്രവും, മലയാറ്റൂരുമാണെന്ന് നിസംശയം പറയാൻ എനിക്കാവും. പിന്നീടങ്ങോട്ട് മലയാറ്റൂരിന്റെ മിക്കവാറും എല്ലാ പുസ്തകങ്ങളും തപ്പിപ്പിടിച്ച് വായിച്ചിട്ടുണ്ട്. യന്ത്രം വായിച്ചതിനുശേഷം നോവലിസ്റ്റിന്റെ ‘എന്റെ IAS  ദിനങ്ങൾ‘ വായിക്കുന്നത് വളരെ നല്ല ഒരു അനുഭവം തന്നെയാണ്. ‘യന്ത്ര‘ത്തിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും, ‘എന്റെ IAS ദിനങ്ങളിൽ‘, വ്യക്തികളും കഥാകൃത്തിന്റെ അനുഭവങ്ങളുമായി മുന്നിൽ വരുമ്പോൾ പറഞ്ഞറിയിക്കാനാകാത്തൊരു വായനാനുഭവമാണ് ഉണ്ടാകുന്നത്.

ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഒരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.

Comments

comments

38 thoughts on “ വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം‘

  1. ഇന്ന് വായനാദിനം. മലയാറ്റൂർ എന്ന വലിയ എഴുത്തുകാരനേയും പി.എൻ.പണിക്കര് സാറിനേയും മനസ്സിൽ വണങ്ങിക്കൊണ്ട് എന്റെ പുസ്തശേഖരത്തിലെ 391-)ം നമ്പറുള്ള കണ്ണൂര് നിന്ന് വാങ്ങിയ ആ ‘യന്ത്രം‘ ഞാനൊരിക്കൽക്കൂടെ കൈയ്യിലെടുക്കുന്നു. ഒപ്പം, ആദ്യമായിട്ട് ‘യന്ത്രം‘ മുന്നിലേക്കിട്ടുതന്ന കുടുംബസുഹൃത്തും ആയുർവ്വേദ ഡോൿടറുമായ എടവനക്കാട്ടുകാരൻ ശ്രീ.വിശ്വനാഥനേയും സ്മരിക്കുന്നു.

  2. ഇന്നത്തെ വായനാ ദിനത്തില്‍ ഞാന്‍ വായിച്ച മനോഹരമായ മനോജേട്ടന്റെ ഈ വായനാനുഭവം… ഇത് മനസ്സില്‍ കയറിക്കൂടി.

    ചില പുസ്തകങ്ങള്‍ നമ്മളിലെത്തുന്ന വഴി അതു തരുന്ന അനുഭവം അത് മനോഹരമാണ്. അത് പങ്ക് വച്ചതിന് നന്ദി

  3. അധികമൊന്നും വായിച്ചിട്ടില്ലെങ്കിലും വായനയുടെ അൽഭുതലോകത്തേക്കു തിരികെയെത്തണമെന്ന ചിന്ത ഉണർത്തിച്ചു തന്നതിനു നന്ദി….. :)

  4. മലയാറ്റൂരിന്റെ യന്ത്രം, വേരുകൾ, യക്ഷി, എന്റെ ഐ.എ.എസ് ദിനങ്ങൾ എന്നീ ക്ര്‌തികൾ മലയാളത്തിന് അദ്ദേഹത്തിൽ നിന്ന് കിട്ടിയ വിശിഷ്ടോപഹാരങ്ങൾ തന്നെയാണ്. പരിസരം മറന്ന് ക്ര്‌തിയിൽ മുഴുകിപ്പോകുന്ന പാരായണക്ഷമത അദ്ദേഹത്തിന്റെ എഴുത്തിന്റെ എടുത്തുപറയത്തക്ക സവിശേഷതയും. വായനയുടെ വലയത്തിൽ പെട്ടുപോകാൻ നിമിത്തമായ ആദ്യാനുഭവത്തെക്കുറിച്ചുള്ള അനുസ്മരണം ഈ വായനാദിനത്തിൽ ഔചിത്യപൂർണ്ണമായി. ആശംസകൾ.

  5. ഒരു ക്ലാസ്സിക് നോവൽ .. വരികൾ പലതും കാണാപാഠം. സുജാതയെ ഒരു ചിറകിലും, അനിതയെ മറ്റൊരു ചിറകിലും വെച്ച് പറന്നു പോകുന്ന ബാലചന്ദ്രനെ എങ്ങനെ മറക്കും ..

    യന്ത്രം എത്ര പ്രാവശ്യം വായിച്ചിട്ടുണ്ട് എന്ന് പറയാൻ പറ്റുന്നില്ല. എപ്പോൾ വായിച്ചാലും ത്രില്ലിംഗ് ആയ ഒരു പുസ്തകം. വായിക്കുന്നവര്ക്ക് മുഴുവൻ സിവിൽ സർവീസിനൊടു ഒരു ഇഷ്ട്ടം തോന്നിപ്പിക്കുന്ന പുസ്തകം.

  6. വായനാദിനത്തോടനുബന്ധിച്ച് ലൈബ്രറിയില്‍ പതാകയും ഉയര്‍ത്തി വീട്ടിലെത്തിയപ്പോഴാണ് വായനയിലേക്ക് വലിച്ചടുപ്പിച്ച ‘യന്ത്രം’കണ്ടത്‌.
    നല്ല പുസ്തകങ്ങള്‍ നമ്മെ വായനയുടെ പാതയിലേക്ക് കൂട്ടികൊണ്ടുപോവുന്നു.
    ഈ ദിനത്തില്‍ ഈ മനോഹരമായ ഓര്‍മ്മക്കുറിപ്പ് സന്ദര്‍ഭോചിതമായി.
    ആശംസകള്‍

  7. ഒരുപാടൊന്നും വായിച്ചിട്ടില്ല , വായിക്കാൻ പുസ്‌തകങ്ങൾ തിരെഞ്ഞെടുക്കുന്നത് എന്നും ഒരു വിഷമകരമായ അവസ്ഥയായിരുന്നു . ഒരു നല്ല പുസ്തകം പരിചയപ്പെടുത്തി തന്നതിന് നന്ദി! സി വി ശ്രീരാമന്റെ വാസ്തുഹാരയിൽ അള്ളിപ്പിടിച്ചു കിടക്കുന്ന മനസ്സിനെ പറിച്ചെടുക്കാൻ യന്ത്രം ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു .

  8. വായനാനുഭവം ഹൃദ്യമായി മനോജ്‌ …. ഞാൻ ഓരോ വർഷത്തിലെ പുസ്തകങ്ങൾക്കും നമ്പർ കൊടുക്കുകയാണ് ചെയ്യാറ് . അതിനാൽ എപ്പോഴും രണ്ടക്ക സംഖ്യയിൽ ഒതുങ്ങുന്നു … :(

  9. മലയാറ്റൂരിന്റെ വേരുകൽക്ക് ഇന്നു ഓർഡർ കൊടുത്തതേയുള്ളൂ.

  10. സുജാതയും, ബാലചന്ദ്രനും, ജയശങ്കറും ..മനസ്സിലേക്ക് വരുന്നു…….ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഇത് വായിക്കുന്നത്..പണ്ട് തീരെ സുന്ദരികളല്ല എന്ന് തോന്നിയിട്ടുള്ള പലരും പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കാണുമ്പോള്‍ ഇവള്‍ക്ക് ഇത്രയും സൗന്ദര്യമുണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട്….യന്ത്രം ഓര്‍മയിലേക്ക് വരും…. ..കല്ലറ പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും എടുത്തത്‌…….. …..ഈ 42 ലും ആ ഓര്‍മ നില നില്‍ക്കുന്നു…. മനോജിന്‍റെ നിര്‍ദേശം കൃത്യമാണ്..

  11. ഇന്ന് പി.എസ് .സി ഇന്റെര്‍വ്യൂ ആയിരുന്നു.ബ്ലോഗ്‌ എഴുത്തിനെ കുറിച്ച് ചോദിച്ചു.നിരക്ഷരന്റെ ബ്ലോഗ്‌ വായിക്കുന്ന കാര്യം പറഞ്ഞു

  12. ഇത് വായിച്ചു തീർത്തിട്ട് 2 മാസമേ ആയുള്ളൂ..

  13. നിൻ പാദമുദ്ര പതിഞ്ഞു കിടക്കും
    നിശാന്തവീഥികളിൽ
    സ്മരണകൾകൊണ്ടു കൊളുത്താം ഞാനീ
    കനകകൈത്തിരിനാളം
    ( മലയാറ്റൂർ യന്ത്രം സമർപ്പിച്ചിരിക്കുന്നത്‌ വയലാർ രാമവർമ്മക്കാണ്)

  14. വായനയുടെ തുടക്കകാലത്ത് എന്നെ പുസ്തകങ്ങളിലേക്കു വലിച്ചടുപ്പിച്ച കൃതികളിലൊന്നാണ് യന്ത്രം. പിന്നെ എം.മുകുന്ദന്റെ ഈ ലോകം അതിലൊരു മനുഷ്യന്‍, ഒ.വി.വിജയന്റെ ഗുരുസാഗരം…..

  15. മനോജേട്ടൻ ഒരിക്കൽ എഴുതിയ ഒരു ആസ്വാദനക്കുറിപ്പ് വായിച്ചിട്ടാണ് ഡോക്‌ടർ ഗംഗാധരന്റെ ‘ജീവിതം എന്ന അത്ഭുതം’ വാങ്ങി വായിവായിച്ചത്. അതിനു മുൻപ് വായിച്ചിട്ടുള്ള പുസ്തകങ്ങൾ അമ്മാവന്റെ ശേഖരത്തിൽ ഉണ്ടായിരുന്ന കരൂരിന്റെ തിരഞ്ഞെടുത്ത കഥകൾ, തകഴിയുടെ രണ്ടിടങ്ങഴി / കയർ, എം ടി യുടെ രണ്ടാമൂഴം ഇവയാണ്. ഈ കുറിപ്പ് വായിച്ചപ്പോൾ മലയാറ്റൂരിന്റെ യന്ത്രവും വായിക്കാൻ ഒരു ആഗ്രഹം. പിന്നെ ആടു ജീവിതവും ഒന്ന് വായിക്കണം. രണ്ടും ഒന്നന്വേഷിക്കട്ടെ. എന്തായാലും നല്ലൊരു ഓർമ്മക്കുറിപ്പാണ് എഴിതിയത്.
    -നോവലിസ്റ്റിന്റെ-

  16. ഈ കുറിപ്പ് വായിച്ചപ്പോള്‍ ഉഅന്ത്രം ഒന്നൂടെ വായിയ്ക്കണമെന്ന് തോന്നുന്നു. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാ‍യുച്ച പുസ്തകമാണ്

  17. വായിച്ചവര്‍ക്കെല്ലാം ഒരേഒരു അഭിപ്രായം -അങ്ങനെ ഞാനും യന്ത്രത്തിനടത് എത്താറായി .ഈ കുറിപ്പ് അതിനു വീണ്ടും വീണ്ടും ആക്കം കൂട്ടുന്നു.

  18. ചേട്ടാ, യെന്ത്രം അത്ര നല്ല പുസ്തകം ആണോ, എന്നാൽ ഒന്ന് വായിക്കണമല്ലോ. എന്ത് കഥ ആണ് എന്ന് ഒന്ന് പറയാമോ, എനിക്ക് ദഹിക്കുന്ന വല്ലതും ആണോ എന്നറിയാന

    1. @ REJESH R. – ഏതൊരു സാധാരണ വായനക്കാരനും ദഹിക്കുന്ന പുസ്തകമാണ് യന്ത്രം. പിടിച്ചിരുത്തി വായിപ്പിക്കും എന്ന് ഞാനുറപ്പ് നൽകുന്നു. ഒരു ഐ.എ.എസുകാരന്റേയും അയാളുടെ കുടുംബം, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, തലസ്ഥാനത്തെ ഭരണയന്ത്രം തിരിക്കുന്നവർ, എന്നിങ്ങനെ ഒരുപാട് പേർ കടന്നുവരുന്ന കഥ. മലയാറ്റൂർ രാമകൃഷ്ണൻ എന്ന സിവിൽ സർവ്വന്റിന്റെ ആത്മകഥാംശം പലപ്പോഴും കയറി വരുന്ന ഒരു ഒന്നാന്തരം മൌലിക കൃതി.

  19. യന്ത്രത്തെ പറ്റിയും, കണ്ണൂരിനെ പറ്റിയും പറഞ്ഞത് വളരെ നന്നായി. പലപ്പോഴും ട്രെയിനിലെ ദീര്‍ഘയാത്രകളില്‍ ഏതെങ്കിലും പുസ്തകങ്ങള്‍ കയ്യില്‍ കൊണ്ടുപോകുന്ന പതിവുണ്ടായിരുന്നു. പിന്നെ കണ്ണൂരില്‍ ഇന്ന് ധാരാളം ലൈബ്രറികള്‍ ഉണ്ട്; വായനക്കാരും. ഇപ്പൊ യന്ത്രം ഒന്ന്കൂടി വായിക്കണം എന്ന് തോനുന്നുണ്ട്, കഥയും, കഥാപാത്രങ്ങളും, ഒന്നും കൃത്യമായി ഓര്‍മ്മയില്‍ ഇല്ല. വര്‍ഷങ്ങള്‍ക്കു മുന്പ് വായിച്ചതാണ്. നന്ദി മനോജേട്ട,

  20. മനോജ്… യന്ത്രം ഇതുവരെ വായിയ്ക്കുവാൻ സാധിച്ചിട്ടില്ല…… ഈ കുറിപ്പുകൾ തീർച്ചയായും ഒരു വായനയ്ക്ക് പ്രേരിപ്പിയ്ക്കുന്നുണ്ട്,,, പക്ഷേ അടുത്ത തവണ നാട്ടിലെത്തുന്നതുവരെ കാത്തിരിയ്ക്കേണ്ടി വരും…..

    കുറേനാളായി അവധി കൊടുത്തിരുന്ന വായനയ്ക്ക് തുടക്കം കുറിച്ചിട്ട് അധികം ദിവസങ്ങളായിട്ടില്ല…. ആ വായന തുടർന്നുകൊണ്ടുപോകുവാൻ ഒരു പ്രേരണകൂടിയായി ഈ കുറിപ്പ് മാറുന്നുവെന്ന് തീർച്ച,,,,ഏറെ നന്ദി…

  21. മലയാറ്റൂരിന്റെ ‘വേരുകൾ’ എന്ന നോവൽ വായിച്ചിട്ടുണ്ട്. യന്ത്രം എന്തായാലും വായിക്കണം.ഇടക്ക് മുടങ്ങി പോയ പുസ്തകവായനാശീലം വീണ്ടും തുടങ്ങിയ സമയത്താണ് ഈ പോസ്റ്റ് കണ്ടത്, നന്നായിട്ടുണ്ട്. ചില പുസ്തകങ്ങൾ വായിക്കണമെന്ന് വിചാരിച്ചാലും ചിലപ്പോൾ കുറെ നാളുകൾ കഴിഞ്ഞായിരിക്കും അതു വായിക്കാൻ സാധിക്കുക.അങ്ങനെയുള്ള ഒരു ബുക്ക് ആയിരുന്നു പെരുമ്പടവം ശ്രീധരന്റെ “ഒരു സങ്കീർത്തനം പോലെ”.കഴിഞ്ഞ ദിവസം മുതൽ വായിച്ചു തുടങ്ങി

  22. മലയാറ്റൂരിന്റെ യന്ത്രം സ്കൂളിൽ പഠിക്കുന്ന കാലത്ത് വായിച്ചതാണ്… അന്നേ മനസ്സിൽ തങ്ങിയ കഥാപാത്രങ്ങൾ…

    മനോജ്, താങ്കളുടെ വായനയ്ക്കായി മറ്റൊരു പുസ്തകം ഞാൻ നിർദ്ദേശിക്കട്ടേ? സി.രാധാകൃഷ്ണന്റെ “എല്ലാം മായ്ക്കുന്ന കടൽ”… ഞാൻ ഉറപ്പ് തരുന്നു… നല്ലൊരനുഭവമായിരിക്കും അത്…

  23. എന്റെയും ‘യന്ത്രം’ വായന ഇതുപോലെ അവിചാരിതമായിരുന്നു.
    10 മിനിറ്റ് വൈകി ഡിപാർട്ട്‌മെന്റിൽ എത്തിയ ഒരു ദിവസം പ്രൊഫസറുടെ മുഖത്തു നോക്കി excuse me പറയാൻ മടിയായതുകൊണ്ട്‌ നേരെ യുണിവേഴ്സിറ്റി ലൈബ്രറിയിൽ കയറിയിരുന്നു വായന തുടങ്ങിയയതാ അന്നത്തെ മുഴുവൻ attendenceഉം പോയി ഉച്ചക്ക് ഭക്ഷണം കഴിച്ചുമില്ല. പക്ഷെ വൈകിട്ടായപ്പൊഴെക്കും സംഭവം തീർത്തു.

  24. ടേയ് രാമകൃഷ്ണ ഫയലില്‍ നിന്റെ നമ്പരൊന്നും വേണ്ടെന്ന് …. സി.പി, നായര്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>