നവരാത്രി ഇതിന് മുൻപും ഈ രാജ്യത്ത് ഉണ്ടായിട്ടുണ്ട്, ആചരിച്ചിട്ടുണ്ട്. അന്നും മാംസം കഴിക്കണമെന്നുള്ളവർ അത് കഴിച്ചിരുന്നു. ഇപ്പോൾ അത് പറ്റില്ല എന്നതാണ് അവസ്ഥ. നവരാത്രി ദിനങ്ങളിൽ മാംസക്കടകൾ അടക്കണം പോലും! അങ്ങ് ഡൽഹിയിലാണ് സംഭവം. പതുക്കെപ്പതുക്കെ എല്ലായിടത്തേക്കും പടർന്നോളും.
ഉത്തരവ് ഇറക്കിയ ഡൽഹി മേയർ മുകേഷ് സൂര്യൻ്റെ വക ഒരു ന്യായീകരണമുണ്ട്. ‘ഇത് ആരുടേയും വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നില്ല. വ്രതകാലത്ത് പൊതുസ്ഥലങ്ങളിൽ വെള്ളം കുടിക്കുന്നത് നിരോധിച്ചിരിക്കുന്ന ഇസ്ലാമിക രാജ്യങ്ങളിലെ രീതിക്ക് സമാനമായി മാത്രം ഇതിനെ കണ്ടാൽ മതി‘ പോലും !
ഇന്ത്യ മതരാജ്യമല്ല വിവരം കെട്ട മേയറേ. ആയതിനാൽ ഇസ്ലാമിക രാജ്യവുമായുള്ള താരതമ്യവും അതിൽപ്പിടിച്ചുള്ള വിശദീകരണവും സ്വീകാര്യമല്ല. അവരവർക്ക് ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം മതേതര രാജ്യമായ ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. അത് കുറച്ച് പേരുടെ (അവർ ഭൂരിപക്ഷമായാൽപ്പോലും) വിശ്വാസങ്ങളുടെ ചുവട് പിടിച്ച് മാറ്റിവെക്കുന്നത് മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി തന്നെയാണ്.
ഇതിനെതിരെ ഒരു കോടതി ഇടപെടൽ സ്വമേധയാ ഉണ്ടാകുമെന്ന് കരുതുന്നു. മുളയിലേ നുള്ളിയാലേ കാര്യമുള്ളൂ. അതെന്തായാലും കാര്യങ്ങൾ ഒന്നിനൊന്ന് വഷളാകുകയല്ലാതെ കടുകിട മെച്ചമാകുന്നില്ല എന്നത് ശോചനീയം തന്നെയാണ്.
വാൽക്കഷണം :- വർഗ്ഗീയത കുത്തിയാൽ മതേതരത്വം മുളക്കില്ല. കുത്താൻ പോകുമ്പോൾ അതോർമ്മയില്ലെങ്കിൽ ഇങ്ങനെയിരിക്കും.