നാഹർ ഏന്നാൽ സിംഹം. ആരാവല്ലിയുടെ മലമടക്കുകളിൽ സിംഹങ്ങളും പുലികളും ഉണ്ടായിരുന്ന ഭാഗത്ത് നിലകൊള്ളുന്ന കോട്ടയാണ് നാഹർഗഡ്. ഇന്നത്തെ യാത്ര നാഹർഗഡിലേക്ക് ആയിരുന്നു.
ഇന്നലത്തെ അവധി ദിവസം കണക്കാക്കാതിരുന്നാൽ, അടുത്തടുത്ത ദിവസങ്ങളിൽ 3 കോട്ടകൾ കണ്ടിരിക്കുന്നു!
ജയ്ഗഡ് കോട്ടയിലേക്ക് റോഡ് തിരിയുന്നതിന് തൊട്ടുമുൻപ് ഇടത്തേക്ക് തിരിഞ്ഞ്, വീണ്ടും ഒരു 8 കിലോമീറ്റർ പോയാൽ നാഹർഗഡ് കോട്ടയിലെത്താം. ജയ്പൂർ നഗരത്തിൽ നിന്ന് മൊത്തത്തിൽ 19 കിലോമീറ്റർ ദൂരം മാത്രം.
ഒരു വാഹനം മാത്രം കടന്ന് പോകാൻ പോന്ന വീതിയുള്ള, കോട്ടയുടെ ആദ്യ കവാടത്തിനകത്ത് വാഹനം കയറ്റാൻ 50 രൂപ ടിക്കറ്റ് എടുക്കണം. അത് കഴിഞ്ഞാൽ പാർക്കിങ്ങിനുള്ള ഇടമായി. അതും കഴിഞ്ഞാൽ സൂര്യോദയം കാണാനുള്ള മുനമ്പിലേക്ക് തിരിയാം. അവിടന്ന് അൽപ്പം മുന്നോട്ട് നടന്ന് രണ്ടാം കവാടത്തിലൂടെ സന്ദർശകർക്ക് അകത്ത് കടക്കാൻ 52 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം. അത്രയും ഭാഗത്ത് ഒരു ഗൈഡിനെപ്പോലും കണ്ടില്ല എന്നത് അത്ഭുതമായി.
കോട്ടയുടെ ചരിത്രവും കഥകളും ഇപ്രകാരമാണ്.
* സുദർശൻ ഗഡ് എന്നും ഈ കോട്ടയ്ക്ക് പേരുണ്ട്.
* 1734ൽ ജയ്പൂർ മഹാരാജാവായിരുന്ന സവായ് ജയ്സിങ്ങ് ആണ് കോട്ട ഉണ്ടാക്കിയത്.
* ഈ കോട്ട ഒരിക്കലും ആക്രമിക്കപ്പെട്ടിട്ടില്ല.
* സവായി മാധോ സിംഗിന് 9 റാണിമാർ ഉണ്ടായിരുന്നു. അവർക്കെല്ലാവർക്കും വേണ്ടിയുള്ള അന്തപുരങ്ങൾ ഇതിനകത്തുള്ള മാധവേന്ദ്ര ഭവൻ എന്ന കൊട്ടാരത്തിൽ ഉണ്ട്. രാജാവിന്റെ അന്തപുരത്തിൽ നിന്ന് റാണിമാരുടെ അന്തപുരത്തിലേക്ക് പോകാനുള്ള ഇടനാഴികൾ, ജയ്ഗഡ് കോട്ടയുടേത് പോലെത്തന്നെ രഹസ്യ ഡിസൈനായി ഇതിനകത്തുണ്ട്. രാജാവ് ഏത് അന്തപുരത്തിലേക്ക് പോയെന്ന് മറ്റ് റാണിമാർക്ക് മനസ്സിലാവുകയില്ല.
* രംഗ് ദേ ബസന്തി അടക്കം ഒരുപാട് സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
* കോട്ടയ്ക്കകത്ത് ശീഷ് മഹൽ, വാക്സ് മ്യൂസിയം എന്നിവ ഉണ്ട്. അതിനകത്ത് കയറാൻ 500 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം. ഇവിടെ ക്യാമറ അനുവദിക്കുന്നില്ല. ഐൻസ്റ്റീൻ മുതൽ അമിതാബച്ചൻ വരെയും സച്ചിൻ മുതൽ കൽപ്പന ചൗള വരെയുമുള്ളവർ വാക്സ് മ്യൂസിയത്തിൽ ഉണ്ട്.
* 200 വർഷം മുമ്പുണ്ടാക്കിയ ശീഷ് മഹൽ (ചില്ലും കണ്ണാടികളും കൊണ്ട് അലങ്കരിച്ച കെട്ടിടം) 2016ൽ പുതുക്കി പണിതിട്ടുണ്ട്. തറയിൽ അടക്കം ചില്ലുകളും കണ്ണാടികളും ആണ് ആ കെട്ടിടത്തിന്.
* സാമാന്യം വലിയ ഒരു പടിക്കിണറും മഴവെള്ള ശുദ്ധീകരണ സംഭരണിയും കോട്ടയ്ക്ക് ഉള്ളിൽ ഉണ്ട്.
* സൂര്യോദയ മുനമ്പ് എന്നതുപോലെ സൂര്യാസ്തമന മുനമ്പും കോട്ടയ്ക്കകത്ത് ഉണ്ട്.
* ജയ്പൂർ നഗരത്തിന്റെ മനോഹരമായ ഒരു വീക്ഷണം കോട്ടയ്ക്കുള്ളിൽ നിന്ന് സാദ്ധ്യമാണ്.
സൂര്യാസ്തമന മുനമ്പിനോട് ചേർന്ന് RTDCയുടെ റസ്റ്റോറന്റ് ഉണ്ട്. പക്ഷേ അങ്ങോട്ട് കയറണമെങ്കിൽ 100 രൂപയുടെ ടിക്കറ്റ് വേറെ എടുക്കണം. ആ ടിക്കറ്റിൽ ഒരു ചായ, ഒരു കാപ്പി അല്ലെങ്കിൽ ഒരു ശീതളപാനീയം സൗജന്യമായി കിട്ടും. മറ്റെന്തെങ്കിലും ഭക്ഷണം കഴിക്കണമെങ്കിൽ വേറെ പണം കൊടുക്കണം. അത് അല്ലെങ്കിലും കൊടുക്കണമല്ലോ?
3 മണിയോടെ ഞാൻ അവിടന്ന് ഉച്ചഭക്ഷണം കഴിച്ചു. രാത്രി പത്തര വരെ ഈ റസ്റ്റോറൻറ് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ, നഗരത്തിലെ വിളക്കുകൾ തെളിഞ്ഞു കഴിയുമ്പോൾ അതും നോക്കി അവിടെയിരിക്കുന്നത് രസകരമായ അനുഭവമായിരിക്കും.
കൊട്ടാര സമുച്ചയത്തിന്റെ ഭാഗത്ത് എത്തിയപ്പോൾ ഗൈഡുകൾ വരാൻ തുടങ്ങി. ₹300 അല്പം കൂടിയ നിരക്കായി എനിക്ക് തോന്നി. സേവനം വേണ്ട എന്ന് പറഞ്ഞപ്പോൾ 150 രൂപയ്ക്ക് ഒരു ഗൈഡ് വന്നു. കുറച്ചു പടങ്ങൾ എടുത്തു തന്നു എന്നല്ലാതെ കാര്യമായി ചരിത്രം ഒന്നും പറയാന്‍ അയാൾക്കുണ്ടായിരുന്നില്ല. അതിനുള്ള സാദ്ധ്യതയും അവിടെ ഉണ്ടായിരുന്നില്ല.
ബ്രസീലുകാരനായ ലൂയിസ് എന്ന വിദേശിയുമായി അതിനിടയ്ക്ക് ഞാൻ ചങ്ങാത്തം കൂടി. ഇന്ത്യയിൽ 20 ദിവസത്തെ സന്ദർശനത്തിനാണ് ലൂയിസ് വന്നിരിക്കുന്നത്. ഇനി പത്ത് ദിവസം കൂടെ ബാക്കിയുണ്ട് പക്ഷേ തെക്കേ ഇന്ത്യയിലേക്ക് ഇപ്രാവശ്യം അദ്ദേഹം പോകുന്നില്ല.
വാക്സ് മ്യൂസിയത്തിന് പുറത്ത് മാജിക് ഷോ, പപ്പറ്റ് ഷോ പോട്ടറി നിർമ്മാണം എന്നീ പരിപാടികൾ നടത്തുന്നുണ്ട്. ഒരു ചെറിയ മൺചട്ടി ഞാനും ഉണ്ടാക്കി. അത് അവിടെ ഉണങ്ങാൻ വെച്ചിട്ട് കോട്ടയിൽ കറങ്ങാൻ പോകാം.കോട്ട ചുറ്റി തിരികെ വരുമ്പോൾ അതെടുക്കാം. പക്ഷേ മടങ്ങി വന്നപ്പോൾ ഞാൻ അത് എടുക്കാൻ മറന്നു പോയി.
കോട്ട കണ്ട ശേഷം അരാവലി മലമടക്കുകൾ ഇറങ്ങുമ്പോൾ താഴെ ജലാശയത്തിൽ, രാജാവിന്റെ സമ്മർ പാലസ് ആയ ജൽമഹൽ കാണാം. അതൊരു ഗംഭീര ദൃശ്യമാണ്.
മലനിരകൾ പൂർണമായും ഇറങ്ങി താഴെ എത്തുമ്പോൾ റോഡ് വന്ന് നിൽക്കുന്നത് ഇതേ ജലാശയത്തിന്റെ അരികിലുള്ള വഴിയിലാണ്. അവിടെ വാഹനം ഒതുക്കി ജലാശയത്തിന്റെ അരികിലൂടെ നടക്കാം. കച്ചവടക്കാരുടെ ബഹളമാണ് ആ ചൗപാത്തിയിൽ. അടുത്തമാസം ആദ്യവാരത്തിൽ അവരെയെല്ലാം അവിടന്ന് ഒഴിപ്പിക്കുന്നു എന്ന് കേൾവിയുണ്ട്. അതിന്റെ ബേജാറിലാണ് കച്ചവടക്കാർ. അൽപനേരം ആ തിരക്കിനിടയിലൂടെ നടന്ന് ജൽമഹലിന്റെ ചിത്രങ്ങൾ കുറേക്കൂടെ അടുത്തുനിന്ന് എടുത്തശേഷം ഞാൻ റെയിൽവേ കോട്ടേഴ്സിലേക്ക് മടങ്ങി.
നാളത്തെ പരിപാടി എന്ത് വേണമെന്ന് തീരുമാനിച്ചിട്ടില്ല. അതെന്തായാലും മുംബൈയിൽ ട്രക്കിങ്ങിന് പോകാൻ, ഒരു വശത്തേക്കുള്ള ടിക്കറ്റ് ചെയ്തു. തിരികെ വരാനുള്ള ടിക്കറ്റ് ഉറപ്പായിട്ടില്ല.
ശുഭരാത്രി കൂട്ടരേ.