ഹർത്താലും ടൂറിസ്റ്റുകളും ?!


Harthal

റെ സന്തോഷിപ്പിച്ച ഒരു വാർത്ത ഇന്ന് പത്രങ്ങളിലുണ്ട്. അതിങ്ങനെ. “ഹർത്താലുകളിൽ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാൻ സർവ്വകക്ഷി തീരുമാനം.“ – (മാതൃഭൂമി)

കേൾക്കുമ്പോൾ സന്തോഷം തോന്നുമെങ്കിലും അതിന്റെ പ്രായോഗികവശങ്ങളും സാദ്ധ്യതയും ഒന്നാലോചിച്ച് നോക്കുന്നത് നന്നായിരിക്കും.

ഒന്നാമതായി ആരാണ് ഈ ടൂറിസ്റ്റുകൾ എന്നതിനൊരു നിർവ്വചനം ഉണ്ടാകണ്ടേ ? വിദേശത്തുനിന്ന് കേരളം കാണാൻ വരുന്നവരെയാണോ ടൂറിസ്റ്റുകൾ എന്നുദ്ദേശിച്ചത് ? അതോ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്നവരോ ? അങ്ങനെയാണെങ്കിൽ കോട്ടയത്തുനിന്ന് എറണാകുളം ജില്ലയിലെ ചെറായി ബീച്ച് കാണാനെത്തുന്നവർ ടൂറിസ്റ്റ് അല്ലേ ? മനോരമ ഓൺലൈനിൽ ഈ വാർത്തയ്ക്ക് കീഴെ അരുൺ ടോം എന്ന വായനക്കാരൻ എഴുതിയ കമന്റ് ഇങ്ങനെ. “അപ്പോൾ ഞാൻ ഇനി എന്നും ടൂറിസ്റ്റ് ’ എന്നാണ്. അപ്പറഞ്ഞതിലുണ്ട് സാധാരണക്കാരനായ ഒരു മലയാളിയുടെ മനസ്സ്. അവർക്ക് ഹർത്താലിനോട് ഒരു താൽ‌പ്പര്യവും ഇല്ല.

കൈയ്യടി കിട്ടാൻ നേതാക്കന്മാർ ഇങ്ങനെ പലതും പലകാലത്തും പറഞ്ഞിട്ടുണ്ട്. അതുകേട്ട് ടൂറിസ്റ്റ് ലേബലും ഒട്ടിച്ച് ഹർത്താൽ ദിവസം നടുറോഡിലിറങ്ങുന്നവർ ശ്രദ്ധിച്ചാൽ അവർക്ക് കൊള്ളാം. കാരണം, നേതാക്കന്മാർ പറയുന്നതൊന്നുമല്ല അണികൾ നടപ്പിലാക്കുന്നത്. അവരൊന്നും ഇപ്പറഞ്ഞ പത്രം പോലും വായിക്കുന്ന പതിവില്ല. നോക്കുകൂലി നിർത്തലാക്കി എന്ന് പറഞ്ഞിട്ട് ഇപ്പോഴും അപ്പറഞ്ഞ പിടിച്ചുപറി നടത്തിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ്. കേരളത്തിൽ ഇനി പ്രാദേശിക ഹർത്താലുകൾ ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് കോൺഗ്രസ്സ്. എന്നിട്ടതിന് ശേഷം കോൺഗ്രസ്സ് ആഹ്വാനം ചെയ്ത എത്രയോ പ്രാദേശിക ഹർത്താലുകൾ ഇവിടെ നടന്നിരിക്കുന്നു. ടൂറിസ്റ്റ് എന്ന ലേബലും കെട്ടി ഇറങ്ങുന്നതിനേക്കാൾ അന്തസ്സോടെ, ഇന്നാട്ടിലെ ആത്മാഭിമാനമുള്ള ഒരു പൌരൻ എന്ന നിലയ്ക്ക് എല്ലാ ഹർത്താൽ ദിനങ്ങളിലും പതിവ് പോലെ സഞ്ചരിക്കാനും പ്രവർത്തിക്കാനുമുള്ള ആർജ്ജവമാണ് ഓരോരുത്തരും കാണിക്കേണ്ടത്. ടൂറിസ്റ്റ് എന്ന ഔദാര്യം വേണ്ടെന്ന് തന്നെ പറയണം.

മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുകൊണ്ട് മറ്റ് പാർട്ടിക്കാരും അവരുടെ അണികളും ടൂറിസ്റ്റുകൾക്ക് ഹർത്താൽ ദിനത്തിൽ എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? ഇപ്പറഞ്ഞ പ്രഖ്യാപനം നടക്കുന്ന സമ്മേളനത്തിൽ വിവിധകക്ഷി നേതാക്കൾ സംബന്ധിച്ചു എന്ന് വാർത്തകളിൽ സൂചിപ്പിക്കുന്നതല്ലാതെ ആ കക്ഷിനേതാക്കന്മാർ ആരൊക്കെയാണെന്ന് പോലും വാർത്തയിലെങ്ങും വ്യക്തമാക്കുന്നില്ല.

അല്ലെങ്കിൽത്തന്നെ സകല കടകമ്പോളങ്ങളും റസ്റ്റോറന്റുകളും അടച്ചിട്ട്, ഓട്ടോറിക്ഷകൾ പോലും ഓടിക്കാതെ ഹർത്താൽ ആഘോഷിക്കുമ്പോൾ പുറത്തിറങ്ങുന്ന ടൂറിസ്റ്റുകൾ എന്തുചെയ്യണമെന്നാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത് ?

“അപ്രഖ്യാപിത ഹർത്താലുകൾ മറ്റ് ദേശങ്ങളിൽ സംസ്ഥാനത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നുണ്ട് “ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്ന് അങ്ങനെയൊരു കാര്യമെങ്കിലും മുഖ്യമന്ത്രിയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും മനസ്സിലായിട്ടുണ്ടെന്ന് വേണം അനുമാനിക്കാൻ. പക്ഷേ, അത് തെറ്റായ സന്ദേശമല്ല, കേരളം ഹർത്താലുകളുടെ സ്വന്തം നാടാണെന്ന ശരിയായ സന്ദേശം തന്നെയാണെന്ന് ഒരു തിരുത്തുണ്ടെന്ന് മാത്രം.

എന്തായാലും, ടൂറിസം മേഖലയെ ഹർത്താലുകൾ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നൊരു ബോധോദയവും കുറ്റസമ്മതവുമായിട്ട് ഈ പ്രസ്താവനയെ കണക്കാക്കുന്നതിൽ തെറ്റില്ലല്ലോ.

20180516_085143

മനോരമ ഓൺലൈനിലെ ഈ പത്രവാർത്തയ്ക്കടിയിൽ വന്ന അഭിപ്രായങ്ങളെല്ലാം ഹർത്താലെന്ന നെറികെട്ട സമരമുറയെ എതിർത്തുകൊണ്ടുള്ളതാണ്. മലയാളിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്ന ഹർത്താലുകളെക്കൊണ്ടുള്ള കെടുതികളെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ആ കമന്റുകൾ. അതിൽ രസകരമായ ഒരു ഡസൺ എടുത്തെഴുതിക്കൊണ്ട് അവസാനിപ്പിക്കുന്നു.

കമന്റ് 1:- (സുരേഷ് സുരേഷ്) - എന്ത് തീരുമാനനം എടുത്താലും ഹർത്താൽ എന്ന് കേട്ടാൽ ചോര തിളക്കുന്നവരാണ് കേരള രാഷ്ട്രീയപ്പാർട്ടിയുടെ കുട്ടി നേതാക്കന്മാർ. അവരെ ആദ്യം ബോധവാന്മാരാക്കണം. എന്നിട്ട് തീരുമാനം എടുക്കണം.

കമന്റ് 2:- (അരുൺ വി) - ഹർത്താൽ ടൂറിസം പ്രോത്സാഹിപ്പിക്കും , പാൽ, വിവാഹം, എന്നപോലെ ഇനി ടൂറിസ്റ്റ് എന്ന് വാഹനത്തിനു മുൻപിൽ ഓടിച്ചാൽ മതി, ഹർത്താൽ ദിവസം ടൂറിസ്റ്റുകൾക്ക് ഫ്രീയായി ബ്രെഡും പഴവും സർക്കാർ ചിലവിൽ കൊടുക്കും , കേരളത്തിലേക്ക് ടിക്കറ്റ് എടുക്കുന്നവരുടെ മൊബൈലിൽ ഹർത്താൽ മുന്നറിയിപ്പുകൾ sms ആയി ലഭ്യമാക്കും.

കമന്റ് 3:- (ജോൺ മാത്യു) - ഹര്‍ത്താലില്‍ ഒഴിഞ്ഞ വീഥികള്‍, അടഞ്ഞ കടകള്‍/വ്യവസായ സ്ഥാപനങ്ങള്‍, അക്രമ സംഭവങ്ങള്‍ എന്നിവ കാണാന്‍ ടൂറിസ്റ്റുകളെ ടൂറിസ്റ്റുകള്‍ ഓടിക്കുന്ന ടൂറിസ്റ്റ് വണ്ടികളില്‍ കൊണ്ടുപോകും എന്നാണോ? നാട് മൊത്തം അടഞ്ഞുകിടക്കുമ്പോള്‍ ടൂറിസ്റ്റുകള്‍ എന്ത് ചെയ്യാനാ വിജയന്‍ സാറേ? ഈ കൊപ്രായത്തിന്റെ അതിപ്രസരം സമ്മതിച്ച സ്ഥിതിക്ക് അത് ചുവടോടെ പിഴുത് എറിഞ്ഞുകൂടെ?

കമന്റ് 4:- (ദിലീപ് ആർ) - അതായത് ഞങ്ങൾ ടൂറിസ്റ്റികൾക്ക് യൂണിഫോം തയ്പ്പിച്ചു കൊടുക്കും. അവരുടെ വണ്ടിക്ക് പോലീസ് എസ്കോർട്ട് പോവും.

കമന്റ് 5:- (എബിൻ വിത്സൻ) - ടൂറിസ്റ്റ് വിളിച്ചാൽ ഓട്ടോ വരണം, കട തുറക്കണം, സിനിമ കളിക്കണം, അങ്ങനെ അങ്ങനെ….

കമന്റ് 6:- (റ്യാൻ നിക്കോളാസി) – ഏതു നിറത്തിലുള്ള ടൂറിസ്റ്റ്നാണ് സാറെ മുൻഗണന കൊടുക്കുന്നത്?? നശിച്ച കുറെ പാർട്ടിക്കാരും , കുറെ ഭരണാധികാരികളും.

കമന്റ് 7:- (സക്രട്ടറി ജനശക്തി) - മറ്റുള്ളവര്‍ യാത്ര ചെയരുതെന്നും ജോലി ചെയരുതന്നും പറയാന്‍ എവിടുന്നധികാരം കിട്ടിയെന്ന് കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം. ഹര്‍ത്താലെന്ന കൊടും ഭീകരാക്രമണം മൂന്ന് കോടി നിസഹായര്‍ക്കുമെതിരെ നടത്തുന്ന കഷികളെല്ലാം; മാറ്റം പ്രകൃതി നിയമമാണെന്ന കാര്യം മറക്കേണ്ട.

കമന്റ് 8:- (മുക്രി കുഞ്ഞ്) - ബഹുമാനപ്പെട്ട മുഖ്യമന്ത്രി സര്‍, നമുക്ക് എന്തിനു ഹര്‍ത്താല്‍? ഹര്‍ത്താല്‍ എന്നാല്‍ മനസ്സറിഞ്ഞു അവനവന്‍ ചെയ്യുന്ന മൌന പ്രധിഷേധം ആണ്. അത് മറ്റുള്ളവരെ ദ്രോഹിക്കുന്ന നടപടിയല്ല. ഇവിടെ വരുന്ന ടൂറിസ്റ്റുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കും എന്ന് പറഞ്ഞ വാചകം മനസ്സിലായില്ല. രണ്ടും മൂന്നും വർഷം മറുനാട്ടില്‍ പോയി സ്വന്തം നാടിന്നും വീടിന്നും വേണ്ടി വിയര്‍പ്പൊഴുക്കുന്ന പാവം പ്രവാസികള്‍ നടുറോഡില്‍ കിടന്നു കഷ്ട്ടപ്പെടണോ ? അവര്‍ക്ക് താങ്കള്‍ എന്ത് വില കല്‍പ്പിച്ചു ? പറയൂ. ഈ വാക്കുകള്‍ കൊടും ക്രൂരത.

കമന്റ് 9:- (ലോകൻ സൂകൻ ) - ഹര്‍ത്താലില്‍ നിന്ന് ടൂറിസ്റ്റുകളെ ഒഴിവാക്കാനല്ല സഖാവേ നോക്കേണ്ടത്. ഒരു ഉപകാരവുമില്ലാത്ത നാടിനു ദോഷം മാത്രം സമ്മാനിക്കുന്ന ഹര്‍ത്താല്‍ തന്നെ ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത് ?

കമന്റ് 10 :- (രാജ കിഷോർ) - എന്തിനാണ് ഹർത്താലിൽനിന്നു ടൂറിസ്റ്റുകളെ ഒഴിവാക്കുന്നത്? അവർക്കു ഹർത്താലുകൊണ്ടു ബുദ്ധിമുട്ടുണ്ടെങ്കിൽ, അതുപോലെതന്നെയല്ലേ ഇവിടെ ജീവിക്കുന്നവർക്കും? ഇവിടെ ജീവിക്കുന്നവർ എന്ത് തെറ്റു ചെയ്തു ആ ബുദ്ധിമുട്ടു അനുഭവിക്കാൻ? നിങ്ങളെപ്പോലത്തെ രാജാക്കന്മാരെ കസേരയിൽ കയറ്റി ഇരുത്തിയതോ?

കമന്റ് 11:- (ജാഫർ സാദിക്ക് സാദിക്ക്) – ഒഴിവായിട്ടുണ്ടോ എന്നറിയണ മെങ്കിൽ ജീവൻ പണയം വച്ച് റോഡിൽ ഇറങ്ങി നോക്കണ്ടേ ?

കമന്റ് 12:- (സിദ്ദിക്ക് ടി.പി.) - ഹർത്താലുകളിൽ നിന്ന് ഞങ്ങൾ പാവം ജനങ്ങളെ ഒഴിവാക്കി തരാൻ വല്ല മാർഗ്ഗവുമുണ്ടോ ?

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>