‘കൊച്ചി മുതല്‍ ഗോവ വരെ‘ യാത്രയുടെ ആദ്യഭാഗങ്ങള്‍
1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15.
———————————————–
രാത്രിഭക്ഷണസമയത്തും അടുത്ത ദിവസം പ്രാതലിന്റെ സമയത്തും ‘തരംഗ് ‘ റിസോര്‍ട്ടിലെ ജീവനക്കാരില്‍ നിന്ന് സദാശിവ്ഗഡിനെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. തലേന്ന്, കാളി നദിക്കരയില്‍ ഞങ്ങള്‍ നിന്നിരുന്ന റോഡരുകിലെ കുന്നിന്റെ മുകളില്‍ത്തന്നെയാണ് സദാശിവ്ഗഡ് കോട്ട. പക്ഷെ, സ്ഥലവാസികളായതുകൊണ്ടായിരിക്കണം, അവരാരും അവിടെ പോയിട്ടില്ല. അതങ്ങനാണല്ലോ, മുറ്റത്തെ മുല്ലയ്ക്ക് ഒരിക്കലും മണമുണ്ടാകില്ലല്ലോ!!
എന്തായാലും സദാശിവ്ഗഡ് കാണാതെ ഗോവയിലേക്കുള്ള യാത്ര തുടരാന്‍ ഞങ്ങള്‍ ഉദ്ദേശമുണ്ടായിരുന്നില്ല. രാവിലെ റിസോര്‍ട്ട് വെക്കേറ്റ് ചെയ്ത് വീണ്ടും കാളി നദിക്കരയിലെത്തിയപ്പോള്‍ നിരാശയാണുണ്ടായത്. പേര് മാത്രം അവശേഷിപ്പിച്ചുകൊണ്ട് കോട്ട പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഒന്നങ്ങോട്ട് കയറാനോ ഫോട്ടോ എടുക്കാനോ പോലും മാര്‍ഗ്ഗമില്ല. അത്രയ്ക്ക് തന്നെ ശുഷ്ക്കമാണ് കോട്ടയെപ്പറ്റിയുള്ള ചരിത്രരേഖകളും. ശ്രീ എം.എസ്. നരവണെ(M.S.Naravane) യുടെ The Maritime & Coastal Forts of India എന്ന പുസ്തകമാണ് അല്‍പ്പമെങ്കിലും വിവരങ്ങള്‍ പകര്‍ന്നുതരുന്നത്.
സുണ്ട (Sunda)യിലെ രാജാവായിരുന്ന ബസവ്‌ലിങ്ക്‍രാജ് അദ്ദേഹത്തിന്റെ പിതാവായ സദാശിവ്‌ലിങ്ക്‍രാജിന്റെ ഓര്‍മ്മയ്ക്കായാണ് കോട്ടയ്ക്ക് സദാശിവ്ഗഡ് എന്ന പേരിട്ടത് മുതലായ കാര്യങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും കോട്ട ഉണ്ടാക്കിയത് ആരാണെന്നോ എന്നുണ്ടാക്കിയതാണെന്നോ അന്വേഷിച്ചിറങ്ങിയ നരവണെ-യേയും ചരിത്രത്താളുകള്‍ നിരാശപ്പെടുത്തിയിട്ടുണ്ടെന്ന് പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. പഴയ കാര്‍വാര്‍ കോട്ട തകര്‍ത്ത് അതിന്റെ സാമഗ്രികള്‍ ഉപയോഗിച്ചുണ്ടാക്കിയ സദാശിവ്‌ഗഡ് 1783-ല്‍ ജനറല്‍ മാത്യൂസാണ് ഇപ്പോള്‍ കാണുന്ന നശിച്ച കോലത്തിലാക്കി മാറ്റിയത്.
കോട്ട കാണാനായി മുകളിലേക്ക് കയറിയാല്‍, താഴെ കാണുന്ന കാളി നദിയുടെ ദൃശ്യത്തിന് കുറെക്കൂടെ മനോഹാരിതയുണ്ട്. തെളിഞ്ഞ ജലവും വൃത്തിയുള്ള നദീ തീരവും അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. റോഡില്‍ നിന്ന് താഴെ നദിക്കരയിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പടികളുണ്ട്.
വെള്ളത്തിലിറങ്ങണമെന്ന താല്‍പ്പര്യം നേഹയെപ്പോലെതന്നെ ഞങ്ങള്‍ക്കുമുണ്ടായിരുന്നു. നദീജലത്തിന് തെളിമ മാത്രമല്ല നല്ല കുളിര്‍മയുമുണ്ട്. നല്ലൊരു കോട്ട കാണാനായി രണ്ട് ദിവസമായി ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരാശ കാളിനദിയുടെ ആ മനോഹരമായ തീരത്ത് അല്‍പ്പനേരം ചിലവഴിക്കുന്നതിനിടെ മറക്കാന്‍ ശ്രമിക്കുകയായിരുന്നു ഞങ്ങള്‍.
ഒരുപാട് അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതിന്റെ ബഹുമതി തെക്കേ ഇന്ത്യയില്‍ കര്‍ണ്ണാടകത്തിനുള്ളതാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, എന്നീ തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളായ ഗോവയും മഹാരാഷ്ട്രയും കര്‍ണ്ണാടകത്തിന്റെ അയല്‍സംസ്ഥാനങ്ങളാണ്. മൂന്ന് ദിവത്തെ ചുറ്റിയടിക്കലിന് ശേഷം ഞങ്ങളിതാ കര്‍ണ്ണാടകത്തോട് വിടപറയുകയാണ്. കര്‍ണ്ണാടക-ഗോവ അതിര്‍ത്തിയിലേക്ക് ഇനി 10 കിലോമീറ്ററേയുള്ളൂ.
ഗോവയിലേക്ക് കടന്നതോടെ റോഡുകള്‍ കൂടുതല്‍ നല്ലതായി മാറി. ഗോകര്‍ണ്ണമുതല്‍ ശ്രദ്ധിച്ചുകൊണ്ടിരുന്ന പറങ്കിമാവുകളിപ്പോള്‍ എണ്ണത്തില്‍ കൂടുതലായി കാണാനാകുന്നുണ്ട്.
ഗോവ……..
വിദേശ ടൂറിസ്റ്റുകളെപ്പോലെ തന്നെ, നാടന്‍ സഞ്ചാരികളുടേയും പറുദീസയായ ഗോവ. യാത്രയുടെ അന്ത്യപാദത്തിലേക്ക് കടക്കുന്നതിന്റേയും ഇനിയുള്ള 3 ദിവസം ബീച്ചുകളിലും ഗോവന്‍ തെരുവുകളിലും പള്ളികളിലും കോട്ടകളിലുമൊക്കെ നിലാവത്ത് തുറന്ന് വിട്ട കോഴികളെപ്പോലെ അലഞ്ഞുതിരിയാമെന്നും, ഗോവന്‍ ഭക്ഷണത്തിന്റെ രുചി ആവോളം ആസ്വദിക്കാമെന്നുമുള്ള ചിന്ത, നന്നായി കുലുക്കിത്തുറന്ന ഒരു ബിയര്‍ കുപ്പിയില്‍ നിന്നെന്ന പോലെ നുരഞ്ഞ് പൊങ്ങാന്‍ തുടങ്ങുകയായി.
ഫിലിം ഫെസ്റ്റിവല്‍ കഴിഞ്ഞ് കളമൊഴിഞ്ഞ ഗോവയിലേക്കാണ് ചെന്നുകയറുന്നത്. ഫിലിം ഫെസ്റ്റിവലിനൊപ്പം കൃസ്തുമസ്സും പുതുവര്‍ഷവുമൊക്കെ ആഘോഷിക്കാനായി അണിഞ്ഞൊരുങ്ങി സുന്ദരിയായാണ് ഗോവ നില്‍ക്കുന്നത്. പോര്‍ച്ചുഗീസ് ശൈലിയിലുള്ള പഴയ കെട്ടിടങ്ങളും ചെത്തുകല്ലില്‍ പണിതീര്‍ത്ത മതിലുകളുമൊക്കെ വെളുത്തചായം പൂശി നിര്‍ത്തിയിരിക്കുന്നു. എല്ലാം ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ ചിലവിലാണ് ചെയ്തിരിക്കുന്നതെന്ന് വ്യക്തം.
ഗോവയെപ്പറ്റി പറഞ്ഞുപോകുമ്പോള്‍ ഈ യാത്രയടക്കം 4 പ്രാവശ്യം ഗോവ സന്ദര്‍ശിച്ച വകയിലും, ഗോവക്കാരനായ സഹപ്രവര്‍ത്തകന്‍ ആന്റോണിയോ ഗ്രേഷ്യസുമായി സംവദിച്ചും, എന്റെ നിരക്ഷരത്ത്വത്തിന്റെ കാഠിന്യം കുറക്കുന്നതിലേക്കായി ഞാന്‍ മനസ്സിലാക്കിയ ചില കൌതുകകരമായ കാര്യങ്ങള്‍ കുറിച്ചിടട്ടെ.
1. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഗോവയെങ്കിലും ജനസംഖ്യ ഏറ്റവും കുറവ് ഗോവയിലല്ല. നാലാം സ്ഥാനമാണ് ജനസംഖ്യ കുറവിന്റെ കാര്യത്തില്‍ ഗോവയ്ക്ക്.
2. നമ്മള്‍ ഭൂരിഭാഗം പേരും വിചാരിക്കുന്നതുപോലെ ഗോവ ഒരു ക്രൈസ്തവ ഭൂരിപക്ഷ സംസ്ഥാനമല്ല. നേരിയ തോതിലാണെങ്കിലും ഹിന്ദുക്കളാണ് ഗോവയില്‍ കൂടുതലുള്ളത്.
3. പോര്‍ച്ചുഗീസുകാര്‍ ഗോവ കൈയ്യടിവെച്ച് ഭരിച്ചത് 450 വര്‍ഷത്തിലധികമാണ്.
4. ഡബോളിം എന്ന ഒറ്റയൊരു വിമാനത്താവളം മാത്രമേ ഗോവയിലുള്ളൂ.
5. വളരെച്ചെറിയ എക്‍സൈസ് നികുതി മാത്രം ചുമത്തുന്നതുകൊണ്ട് ഗോവയില്‍ മദ്യത്തിന് വളരെ വിലക്കുറവാണെന്ന് മാത്രമല്ല, ഒരുവിധം എല്ലാ ഭോജനശാലകള്‍ക്കും ബീച്ച് ഷാക്കുകള്‍ക്ക് വരെയും ബാര്‍ ലൈസന്‍സ് ഉണ്ട്. ഇങ്ങനൊക്കെയാണെങ്കിലും വെള്ളമടിച്ച് കോണ്‍ തിരിഞ്ഞ് റോഡിലും ഓടയിലും കിടക്കുന്നവരേയും, റോഡിന്റെ വീതി അളക്കുന്നവരേയും ഞാനിതുവരെ കണ്ടിട്ടില്ല.
6. ഔദ്യോഗിക ഭാഷ ദേവനാഗരി ലിപിയിലുള്ള കൊങ്കണി ആണെങ്കിലും മറാഠിയിലുള്ള കത്തിടപാടുകള്‍ സര്‍ക്കാര്‍ പരിഗണിക്കാറുണ്ട്. അത്തരം കത്തുകള്‍ക്ക് മറാഠിയില്‍ത്തന്നെ മറുപടി കൊടുക്കുന്നതും പതിവാണ്.
7. അഭിപ്രായ വോട്ടെടുപ്പ് (Opinion Poll) നടത്തി സ്വന്തം ഭാവി തീരുമാനിച്ചിട്ടുള്ള ഏക സംസ്ഥാനം ഗോവയാണ്. ‘വേണം‘ ‘വേണ്ട‘ എന്നീ രണ്ട് അഭിപ്രായങ്ങള്‍ മാത്രം രേഖപ്പെടുത്താവുന്ന ‘റെഫറണ്ടം‘ എന്ന് വിളിക്കപ്പെടുന്ന അത്തരം ഒരു ഒപ്പീനിയന്‍ പോള്‍ സ്വതന്ത്ര ഇന്ത്യയില്‍ ഒരേയൊരു പ്രാവശ്യം മാത്രമാണ് നടന്നിട്ടുള്ളത്. തങ്ങള്‍ക്ക് യൂണിയന്‍ ടെറിട്ടറി ആയി നിലനിന്നാല്‍ മതി എന്ന് ഗോവക്കാര്‍ അന്ന് (16 ജനുവരി 1967ല്‍) വന്‍ ഭൂരിപക്ഷത്തോടെ തീരുമാനിക്കുകയായിരുന്നു.
തലസ്ഥാനമായ പനാജിയിലേക്ക് എത്താറായതോടെ റോഡിന്റെ വീതി കൂടിക്കൂടി വന്നു, തിരക്ക് വര്‍ദ്ധിച്ചു, ‘വണ്‍ വേ‘ ആശങ്കകള്‍ എന്നെപ്പിടികൂടുകയും ചെയ്തു. ‘വണ്‍ വേ‘കളിലൂടെയും കയറിപ്പോകാന്‍ നിര്‍ദ്ദേശം തരുമെന്നുള്ളത് നേവിഗേറ്ററിന്റെ ഒരു വലിയ ന്യൂനതയാണ്. അതുകൊണ്ടുതന്നെ റോഡരുകിലുള്ള പരസ്യങ്ങള്‍ക്കും മറ്റ് ബോര്‍ഡുകള്‍ക്കുമിടയില്‍ നിന്ന് വണ്‍ വേ ബോര്‍ഡ് കണ്ടുപിടിക്കേണ്ടത് ഡ്രൈവറായ എന്റെ തന്നെ ജോലിയാണ്.
പ്രതീക്ഷിച്ചതുപോലെ വലിയ കുഴപ്പം ഒന്നും ഉണ്ടായില്ലെങ്കിലും പനാജിയുടെ ഹൃദയഭാഗത്തുള്ള ഇരട്ട റൌണ്ട് എബൌട്ടുകളില്‍ നേവിഗേറ്റര്‍ പറഞ്ഞുതന്നത് ശ്രദ്ധിക്കാതെ ഞാന്‍ തെറ്റായ വഴിയിലേക്ക് കയറി. എവിടെയെങ്കിലും വാഹനം നിര്‍ത്തി വഴി ചോദിക്കാന്‍ നിന്നാല്‍ ചിലപ്പോള്‍ ഒരു ട്രാഫിക്‍ ജാമിന് സമാധാനം പറയേണ്ടി വരും. അങ്ങനെയൊരു വഴി തിരക്കലിന്റെ ആവശ്യം വരുന്നില്ല നേവിഗേറ്ററുള്ളപ്പോള്‍. തെറ്റിക്കയറിയ വഴിയില്‍ നിന്ന് വീണ്ടും നേര്‍വഴിക്ക് നയിച്ച് നേവിഗേറ്റര്‍ ഞങ്ങളെ മണ്ടോവിപ്പാലം കടത്തിവിട്ടു. വാഹനം വീണ്ടും വടക്കന്‍ ദിശയിലേക്ക്….
12 മണിയോടെ കലാഗ്യൂട്ട് ബീച്ചിലുള്ള ഓസ്‌ബോണ്‍ ഹോട്ടലില്‍ ഞങ്ങള്‍ ചെന്നുകയറി. ഒട്ടും സമയം കളയാതെ ബാഗെല്ലാം മുറിയില്‍ വെച്ച് ഒന്ന് ഫ്രെഷായി നേരെ ബീച്ചിലേക്ക് നടന്നു.
കലാഗ്യൂട്ട് ബീച്ച്
ഗോവയിലെ ബീച്ചുകളുടെ റാണിയെന്നാണ് കലാഗ്യൂട്ട് ബീച്ച് അറിയപ്പെടുന്നത്. തെങ്ങുകള്‍ സമൃദ്ധമാണ് ഈ മനോഹര തീരത്ത്. കലാഗ്യൂട്ട് എന്ന പേര് വന്നതിന് പിന്നില്‍ ഒരുപാട് ഊഹാപോഹങ്ങളുണ്ട്. മുക്കുവരുടെ ഇടം എന്ന അര്‍ത്ഥം വരുന്ന കോളി ഗുട്ടി (Koli-gutti), കലയുടെ ഗ്രാമം എന്നര്‍ത്ഥം വരുന്ന കലയാന്‍ഗുട്ടി (Kalayangutti), വലിയ തെങ്ങിന്റെ കുഴി എന്നര്‍ത്ഥം വരുന്ന കോണ്‍വാല്ലോ ഘോട്ട് (Konvallo-ghott), എന്നതൊക്കെ പറങ്കികളുടെ നാവിലൂടെ വന്നപ്പോള്‍ കലാഗ്യൂട്ട് എന്നായി മാറിക്കാണാമെന്നാണ് അനുമാനം. 4 മൈലോളം നീളത്തിലാണ് കലാഗ്യൂട്ട് ബീച്ച്. 1960 ല്‍ ഹിപ്പികളാണ് കലാഗ്യൂട്ട് ബീച്ച് കണ്ടുപിടിച്ചത്.
ബീച്ചിന്റെ തുടക്കസ്ഥാനത്ത്, ബീച്ച് ഷാക്കുകള്‍ വളര്‍ന്ന് വലുതായി ഓല മേഞ്ഞ മേല്‍ക്കൂരയുള്ള വലിയ ഹോട്ടലുകളായി മാറിയിരിക്കുന്നു. ആ ഭാഗത്ത് കറങ്ങി നടക്കുന്നത് ഭൂരിഭാഗവും ഇന്ത്യന്‍ ടൂറിസ്റ്റുകളാണ്. വിദേശികള്‍ക്ക് അല്‍പ്പവസ്ത്രമണിഞ്ഞ് എണ്ണയും തേച്ച് ഉണങ്ങാന്‍ കിടക്കാനുള്ള ഒരു സാഹചര്യമില്ലാത്തതുകൊണ്ട് അവരൊക്കെയും ബീച്ചിന്റെ തെക്കോട്ടുള്ള ഭാഗത്തേക്ക് ചേക്കേറിയിരിക്കുന്നു. കലാഗ്യൂട്ട് ബീച്ചിലെ പ്രാധാന വഴിയിലൂടെ ഏകാന്തമായ ഒരു കടല്‍ക്കരയും പ്രതീക്ഷിച്ച് വരുന്നവര്‍ ശരിക്കും നിരാശരാകും. ഏകാന്തത വേണമെങ്കില്‍ ഗോവയില്‍ത്തന്നെ ഒരുപാട് ബീച്ചുകള്‍ വേറെയുണ്ട്. കലാഗ്യൂട്ട് പൂരപ്പറമ്പാണ്. ഭോജനശാലകള്‍, ചെറുതും വലുതുമായ റിസോര്‍ട്ടുകള്‍, മറ്റ് താമസസ്ഥലങ്ങള്‍, വഴിവാണിഭങ്ങള്‍, ബീച്ച് വാണിഭങ്ങള്‍, എന്നിങ്ങനെയുള്ള തിരക്കുകളാണ് കലാഗ്യൂട്ടില്‍ ആരെയും എതിരേല്‍ക്കുക.
ഇതിനൊക്കെപ്പുറമേ ബീച്ചില്‍ സാഹസിക വിനോദങ്ങളായ പാരാ സെയിലിങ്ങ്, ബനാനാ റൈഡ്, വിന്‍ഡ് സര്‍ഫിങ്ങ്, വാട്ടര്‍ സ്കൂട്ടര്‍ റൈഡ്‍, ഡോള്‍ഫിന്‍ വാച്ചിങ്ങ് എന്നിങ്ങനെയുള്ള പരിപാടികളുടെ തിരക്ക് വേറെയും. കാലുകുത്താന്‍ സ്ഥലമില്ല കടപ്പുറത്തൊരിടത്തും.
1990 – ല്‍ ആണ് ഞാനാദ്യമായി ഗോവയിലെത്തുന്നത്. 27 സഹപാഠികള്‍ക്കൊപ്പം 21 ദിവസം നീണ്ടുനിന്ന ആള്‍ ഇന്ത്യാ സ്റ്റഡി ടൂറിന്റെ ഭാഗമായി അന്ന് ഗോവയില്‍ കാലുകുത്തിയപ്പോള്‍ കണ്ട കലാഗ്യൂട്ടല്ല ഇന്നത്തെ കലാഗ്യൂട്ട്. 20 കൊല്ലം എന്നത് വളരെ വലിയൊരു കാലയളവ് തന്നെ. എന്റെ യൌവ്വനത്തിന്റെ, ചോരത്തിളപ്പിന്റെ, വിദ്യാഭ്യാസകാലമെന്ന സുവര്‍ണ്ണയുഗത്തിന്റെ ആ ദിനങ്ങളിലേക്ക് നിന്നനിപ്പില്‍ ഞാനൊന്ന് പോയി വന്നു. മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയായത് എത്ര നന്നായി. മുന്നോട്ട് പായുന്നില്ലെങ്കിലും കുതിരയെ പിന്നോട്ട് അതിവേഗത്തില്‍ പായിക്കാനാവുന്നുണ്ട് !
കുതിരപ്പുറത്തുനിന്നിറങ്ങി തിരക്കൊഴിഞ്ഞ ഭാഗത്തേക്ക് നടന്ന് ഒരു ബീച്ച് ഷാക്കില്‍ ഇരുപ്പുറപ്പിച്ചു. ഇന്നിനി എങ്ങോട്ടും ഞാനില്ല. ഭക്ഷണവും യാത്രാക്ഷീണത്തിനുള്ള മരുന്നായി അല്‍പ്പം കടുക്കവെള്ളവും കഴിച്ച് ഷാക്കില്‍ത്തന്നെ ഇരുന്ന് ഉറങ്ങുക. തല പൊങ്ങുമ്പോള്‍ വെള്ളത്തിലിറങ്ങി നേഹയ്ക്കൊപ്പം കുറെ സമയം ചിലവഴിക്കുക. ഇതൊക്കെത്തന്നെയാണ് ബീച്ചില്‍ ചെയ്യാനുള്ള പ്രധാന കാര്യങ്ങള്‍. അതിനൊരു മാറ്റവുമില്ല, തര്‍ക്കവുമില്ല.
ഭക്ഷണം വരാനുള്ള ഇടവേളകളിലും കടുക്കവെള്ളത്തിന്റെ ഗ്ലാസ്സ് ഒഴിഞ്ഞ് നിറയുന്ന ഇടവേളകളിലും ചെരുപ്പൊന്നുമിടാതെ ബീച്ചിലൂടെ തെക്കുവടക്ക് നടന്നു. ശീര്‍ഷാസനത്തില്‍ നില്‍ക്കുന്ന വിദേശികള്‍, കരയ്ക്കണഞ്ഞ വള്ളത്തിലെ മീനെല്ലാം തരംതിരിക്കുന്ന മുക്കുവര്‍ക്കിടയില്‍ ആദ്യമായിട്ട് മീന്‍പിടുത്തവള്ളം കണ്ടിട്ടെന്നപോലെ തടിച്ചുകൂടിയിട്ടുള്ള സായിപ്പന്മാരും മദാമ്മമാരും, ബീച്ച് ബെഞ്ചുകളില്‍… വലിച്ച് നെഞ്ച് കലങ്ങാനുള്ളവരേയും കാത്തിരിക്കുന്ന ഹുക്കകള്‍. അങ്ങനെയങ്ങനെ വ്യത്യസ്തമായ ബീച്ച് കാഴ്ച്ചകള്‍ക്ക് ഒരു പഞ്ഞവുമില്ല ഗോവയില്‍.
കഴിഞ്ഞ 3 പ്രാവശ്യവും ഗോവയില്‍ വന്നപ്പോള്‍ കാണാതിരുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കാതിരുന്ന കാഴ്ച്ചയൊരെണ്ണത്തില്‍ എന്റെ നോട്ടം ഉടക്കി നിന്നു. ചുവന്ന യൂണിഫോമിട്ട ലൈഫ് ഗാര്‍ഡുകള്‍ !
ഗോവയിലെ ബീച്ചുകളിലെല്ലാം ഇപ്പോള്‍ ലൈഫ് ഗാര്‍ഡുകളുടെ സേവനം ലഭ്യമാണ്. ബേ വാച്ച് പരമ്പരയിലെ പമേല ആന്റേഴ്‌സനെപ്പോലെ ചുവന്ന ഒറ്റപ്പീസ് ബിക്കിനിയില്‍ സ്ത്രീകളാരും ലൈഫ് ഗാര്‍ഡുകളുടെ സേവനം ചെയ്യുന്നില്ലെങ്കിലും, ചുവന്ന് ഷോര്‍ട്ട്സും നീളന്‍ കൈയ്യുള്ള ടീ ഷര്‍ട്ടുമിട്ട് റേഡിയോ(വാക്കി ടോക്കി) കൈയ്യില്‍ പിടിച്ച്, ഓരോ 100 മീറ്ററിനുമിടയില്‍ പുരുഷ ലൈഫ് ഗാര്‍ഡുകള്‍ നിലയുറപ്പിച്ചിട്ടുണ്ട്. എല്ലാവരുടെയും തോളില്‍ ലൈഫ് ബോയ് തൂങ്ങിക്കിടക്കുന്നു. ബീച്ചിലോടിക്കാന്‍ ഫോര്‍ വീള്‍ ഡ്രൈവ് ജീപ്പ്. അപകടസ്ഥലത്ത് വെള്ളത്തിലൂടെ പാഞ്ഞെത്താന്‍ വാട്ടര്‍ സ്കൂട്ടറുകള്‍, മൊബൈല്‍ ബീച്ച് ടവറുകള്‍ എന്നിങ്ങനെ സര്‍വ്വ സന്നാഹങ്ങളുമായാണ് ഗാര്‍ഡുകള്‍ നിലകൊള്ളുന്നത്. ബീച്ചില്‍ ഇടയ്ക്കിടയ്ക്ക് ചില കൊടികളും കാണാം.
ഞാനൊരു ലൈഫ് ഗാര്‍ഡിനെ ചുറ്റിപ്പറ്റി നിന്ന് അല്‍പ്പം വിവരമൊക്കെ ശേഖരിച്ചു. ഗാര്‍ഡിന്റെ പേര് മാത്യൂസ്. കൊടികള്‍ വെച്ചിരിക്കുന്നത് ആഴമുള്ള ഭാഗത്താണ്. ആഴമില്ലാത്ത ഭാഗത്തുനിന്ന് ആരെങ്കിലും കൊടിയുള്ള സ്ഥലത്തേക്ക് വരുമ്പോഴേക്കും വിസിലടിച്ച് അവരെ നിയന്ത്രിക്കുന്നുണ്ട് കക്ഷി.
കോടിക്കണക്കിന് (ഏതാണ്ട് 43 കോടിയോളം) രൂപയാണ് സര്‍ക്കാര്‍ ബീച്ച് ഗാര്‍ഡുകളുടെ സേവനം ലഭ്യമാക്കാന്‍ വേണ്ടി ചിലവഴിക്കുന്നത്. ദിവസവും പലതരത്തിലുള്ള അത്യാഹിതങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ഗാര്‍ഡുകള്‍ വന്നതിനുശേഷം അപകടമരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലത്രേ! സാമാന്യം നല്ല ശമ്പളമൊക്കെ ഇപ്പോള്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് കിട്ടുന്നുണ്ട്. 7000 രൂപ കിട്ടുന്നുണ്ട് മാത്യൂസിന്. ടൂറിസ്റ്റുകള്‍ ഉള്ള സീസണിലും ഇല്ലാത്ത സീസണിലും ഗാര്‍ഡുകള്‍ ബീച്ചില്‍ പോകണം. ഒന്നര കൊല്ലത്തെ പരിശീലനത്തിനുശേഷമാണ് ഗാര്‍ഡുകള്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതില്‍ത്തന്നെ ഒന്നരമാസം ഈ കടലില്‍ത്തന്നെയാണ് പരിശീലനം. മുംബൈയില്‍ നിന്നുള്ള Dristhi Adventure Sports ആണ് ലൈഫ് ഗാര്‍ഡുകളുടെ കോണ്ട്രാക്‍ട് എടുത്തിരിക്കുന്നത്. 106 കിലോമീറ്ററോളം വരുന്ന ഗോവയുടെ തീരത്ത് മാത്യൂസിനെപ്പോലുള്ള 440ല്‍ പ്പരം ലൈഫ് ഗാര്‍ഡുകളുടെ സേവനമാണ് 2010 ആയതോടെ ഗോവന്‍ സര്‍ക്കാര്‍ ലഭ്യമാക്കിയിരിക്കുന്നത്.
ജനങ്ങള്‍ മാത്യൂസിന്റെ വിസില്‍ അടി വക വെക്കാതെ കൊടി വെച്ചിരിക്കുന്ന ആഴമുള്ള ഭാഗത്തേക്ക് നീന്തിക്കടക്കാന്‍ തുടങ്ങി. വിസിലടി ചെവി തുളക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നടത്തം തുടര്‍ന്നു.
തീരെ കണ്ടുനില്‍ക്കാന്‍ പറ്റാതിരുന്ന ഒരു കാഴ്ച്ച നാടോടികളുടെ സര്‍ക്കസ്സാണ്. ബീച്ചില്‍ ഉണങ്ങാന്‍ കിടക്കുന്ന വിദേശികള്‍ക്കിടയിലാണ് പ്രകടണം. വിദേശനാണ്യമാണല്ലോ എല്ലാവരുടേയും നോട്ടം. ബാലവേല നിരോധനം എന്നൊക്കെപ്പറഞ്ഞ് അലറിവിളിക്കുന്ന സര്‍ക്കാര്‍ ഇതൊന്നും കാണുന്നില്ലെന്നാണോ ? ഞാനടക്കമുള്ള ജനങ്ങള്‍ കാറിലും വിമാനത്തിലുമൊക്കെ കയറി കാതങ്ങള്‍ താണ്ടി വന്ന് ബീച്ചുകളില്‍ ആര്‍ഭാട ജീവിതം കൊഴുപ്പിക്കുന്നതിനിടയില്‍ ഒരു ചാണ്‍ വയറിന് വേണ്ടി ഞാണിന്മേല്‍ക്കയറേണ്ടിവരുന്ന ജന്മങ്ങള്‍. നേഹയുടെ പ്രായം പോലുമില്ലാത്ത ബാല്യങ്ങള്‍. വികസനത്തില്‍ നിന്ന് വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ശരിയായ മുഖം ഇതുപോലെ ചിലയിടങ്ങളിലെങ്കിലും മറനീക്കി പുറത്തുവരുന്നുണ്ട്. ഗതികേടുകൊണ്ട് അത് കണ്ടുനില്‍ക്കുന്ന വിദേശികളുടെ മനസ്സില്‍ എന്താണാവോ അപ്പോള്‍ കടന്നുപോകുന്നത്. ആലോചിച്ചിട്ട് എനിക്കൊരു പിടുത്തവും കിട്ടിയില്ല.
ഒരു നോട്ടവും ഒരു ക്യാമറാ ക്ലിക്കും. അതിലധികനേരം കണ്ടുനില്‍ക്കാന്‍ ബുദ്ധിമുട്ടാണ് അത്തരം കാഴ്‌ച്ചകള്‍. പെട്ടെന്ന് തന്നെ തിരിച്ച് നടന്നു. ബീച്ച് ഷാക്കിലെത്തി, മേശപ്പുറത്തിരിക്കുന്ന കടുക്കവെള്ളത്തില്‍ ഊളിയിട്ടു. നേഹയും മുഴങ്ങോടിക്കാരിയും ചേര്‍ന്ന് ഒരു ബീച്ച് കാസില്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്.
ബീച്ചിലേക്ക് നോക്കിയിരുന്ന് ഭക്ഷണവും കഴിച്ച്, ഇളം കാറ്റിന്റെ തലോടലേറ്റ് ഷാക്കിലെ ബഞ്ചില്‍ത്തന്നെ കിടന്നുറങ്ങുന്നതിന്റെ സുഖം ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേയും പതുപതുപ്പുള്ള മെത്തയ്ക്കും ശീതീകരണയന്ത്രത്തിനും തരാനാകില്ല.
വൈകീട്ട് ഗോവന്‍ തെരുവുകളിലൂടെ വേഗത വളരെക്കുറച്ച് വാഹനമോടിച്ച് നടന്നു. തെരുവുകാഴ്ച്ചകളൊക്കെ ബഹുകേമമാണ്. രാത്രി ആകുമ്പോള്‍ ബീച്ചില്‍ നിന്ന് കരയ്ക്ക് കയറി കുറെക്കൂടെ മാന്യമായി ശരീരഭാഗങ്ങള്‍ പൊതിഞ്ഞിട്ടാണ് വിദേശികള്‍ നടക്കുന്നതെങ്കിലും നാടന്‍ സായിപ്പന്മാര്‍ അങ്ങനെയൊന്നുമല്ല. അവര്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ ബഹുഭൂരിപക്ഷവും ഉടുതുണിയുമായി ശത്രുതയിലാണെന്ന് തോന്നുന്നു. പണ്ടാരോ പറഞ്ഞത് ഓര്‍മ്മ വന്നു.
“പുതിയ തലമുറയിലെ ഈ പെങ്കൊച്ചുങ്ങളൊക്കെ അവളുമാരുടെ അമ്മൂമ്മമാര്‍ കിടപ്പറയില്‍ ഉപയോഗിച്ചിരുന്ന അത്രയും തുണിപോലും നടുറോട്ടില്‍ ധരിക്കുന്നില്ല”
രാത്രി ഭക്ഷണവും കടുക്കവെള്ളവും മറ്റൊരു ബീച്ച് ഷാക്കില്‍ പോയിരുന്ന് അകത്താക്കി. ന്യൂയര്‍ ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു ഗോവയില്‍. ബീച്ചില്‍ പലയിടത്തും അമിട്ടുകള്‍ ആകാശത്തുയര്‍ന്ന് പൊട്ടി വര്‍ണ്ണങ്ങള്‍ വാരിവിതറുന്നുണ്ട്. തീറ്റയും കുടിയും നിരീക്ഷണങ്ങളുമൊക്കെയായി താരതമ്യേന സഞ്ചാരം കുറഞ്ഞ ഒരു ദിവസം കൂടെ പെട്ടെന്ന് കടന്നുപോയി.
തുടര്‍ന്ന് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.