സുന്ദരൻ ചേരമാൻ മുസിരീസ് യാത്ര


33
(Update@11:30pm:- Booking over)
ർഷത്തിൽ രണ്ട് പ്രത്യേക ദിവസങ്ങളിൽ ഞാൻ ടൂർ ഗൈഡിൻ്റെ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്നതായി 2023 നവംബർ 7ന് സൂചിപ്പിച്ചിരുന്നു.

അതെന്താണെന്നും എങ്ങിനെയാണെന്നും എപ്പോഴാണെന്നും വിശദമാക്കാനാണ് ഈ പോസ്റ്റ്.

അതൊരു ടൂർ പ്രോഗ്രാമാണ്. താൽപ്പര്യമുള്ളവർ ശ്രദ്ധയോടെ തുടർന്ന് വായിക്കുക. ചരിത്രത്തിൽ താൽപ്പര്യമില്ലാത്തവർ വിട്ടുനിൽക്കുന്നതാകും ഉചിതം.

കൊടുങ്ങല്ലൂർ ക്ഷേത്രവും തിരുവഞ്ചിക്കുളം ക്ഷേത്രവും അഴീക്കോട് കടൽത്തീരവുമൊക്കെ ബന്ധപ്പെടുത്തി തമിഴർ കൊണ്ടാടുന്ന ഒരു ഉത്സവമുണ്ട് കർക്കിടകത്തിലെ ചിത്തിര, ചോതി ദിവസങ്ങളിൽ. സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവം എന്നാണവർ അതിന് പേര് നൽകിയിരിക്കുന്നത്. 86 വർഷത്തിലധികമായി ഈ ഉത്സവം കൊടുങ്ങലൂരിൽ നടന്നു പോരുന്നു. എന്നുവെച്ചാൽ സ്വാതന്ത്ര്യലഭ്ദ്ധിക്കും മുൻപ്, വെള്ളവും വെളിച്ചവും താമസസൗകര്യങ്ങളും യാത്രാസൗകര്യങ്ങളും ഒന്നും കാര്യമായില്ലാതിരുന്ന കാലം മുതൽക്ക്.

ചുരുക്കി പറയാനാണെങ്കിൽ പോലും ഒരുപാടുണ്ട് ഇതേപ്പറ്റി. മുസിരീസിലൂടെ എന്ന പുസ്തകത്തിൽ ഇതേപ്പറ്റി വിശദമായി ഞാൻ എഴുതിയിട്ടുണ്ട്.

കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാളിൻ്റെ പ്രതിഷ്ഠയുള്ള കേരളത്തിലെ ഒരു ക്ഷേത്രമാണ് കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം ക്ഷേത്രം. അവിടെ അദ്ദേഹത്തിൻ്റെ പ്രതിഷ്ഠയ്ക്കൊപ്പം സുഹൃത്തായ സുന്ദരമൂർത്തി നായനാരുടേയും പ്രതിഷ്ഠയുണ്ട്.

ഇനിപ്പറയുന്നത് ഒരു വിശ്വാസമാണ്; ഐതിഹ്യമാണ്. പെരുമാളും നായനാരും വലിയ ശിവഭക്തന്മാരായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ശിവൻ താണ്ഡവമാടുമ്പോളുള്ള ചിലമ്പിൻ്റെ ശബ്ദം പെരുമാൾ കേൾക്കുമായിരുന്നു. പക്ഷേ, പെട്ടെന്നൊരു ദിവസം അത് കേൾക്കാതായി. താനെന്തോ വലിയ അപരാധം ചെയ്തത് കൊണ്ടാകാം ശിവൻ കോപിച്ച് നിൽക്കുന്നതെന്ന് ധരിച്ച് പെരുമാൾ ജീവത്യാഗം ചെയ്യാനൊരുങ്ങുന്നു. പെട്ടെന്ന് ശിവൻ്റെ അരുളപ്പാടുണ്ടാകുന്നു. ചിദംബരത്ത് സുന്ദരമൂർത്തി നായനാർ എന്ന പേരിൽ തനിക്ക് മറ്റൊരു ഭക്തനുണ്ട്. അദ്ദേഹം വലിയ കവിയും പാട്ടുകാരനുമാണ്. നായനാരുടെ ഗാനാലാപനത്തിൽ ലയിച്ചിരുന്നതുകൊണ്ടാണ് താൻ താണ്ഡവം പോലും മറന്ന് പോയതെന്ന് ശിവൻ പെരുമാളിനെ അറിയിക്കുന്നു.

തന്നേക്കാൾ വലിയ ഒരു ശിവഭക്തനുണ്ടെങ്കിൽ അദ്ദേഹത്തെ കണ്ടിട്ടുതന്നെ കാര്യം എന്നുറച്ച് പെരുമാൾ ചിദംബരത്ത് പോകുകയും നായനാരുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും പോകുകയും പരസ്പരം ആതിഥ്യം സ്വീകരിക്കുകയും പതിവായിരുന്നു.

അങ്ങനെയിരിക്കെ കൊടുങ്ങല്ലൂർ വെച്ചാണ് പെരുമാളും നായനാരും സ്വർഗ്ഗാരോഹണം ചെയ്തതെന്നും, വെളുത്ത കുതിരപ്പുറത്തേറി പെരുമാളും വെളുത്ത ആനപ്പുറത്തേറി നായനാരും സ്വർഗ്ഗാരോഹണം ചെയ്യുമ്പോൾ, നായനാർ കവിതകൾ എഴുതി താഴേക്ക് ഇട്ടുകൊണ്ടിരുന്നെന്നും അത് ചെന്ന് വീണത് മാകോതൈ എന്ന് തമിഴർ വിളിക്കുന്ന, ഇന്നത്തെ അഴീക്കോട് കടപ്പുറത്താണെന്നുമാണ് മറ്റൊരു വിശ്വാസം.

നായനാരുടെ പിൻതലമുറക്കാർ, പ്രശസ്തനായ തങ്ങളുടെ മുൻഗാമി പോയ സ്ഥലങ്ങളെല്ലാം തേടിപ്പിടിച്ച് കണ്ടുപിടിച്ച കൂട്ടത്തിലാണ് കൊടുങ്ങല്ലൂരിൽ എത്തുന്നതും ഇവിടെ ഈ ആഘോഷങ്ങൾ നടത്തിപ്പോരുന്നതും.

കൊടുങ്ങല്ലൂർ അമ്പലം മുതൽ തിരുവഞ്ചിക്കുളം ക്ഷേത്രം വരെ വെളുത്ത കുതിരപ്പുറത്തിരിക്കുന്ന പെരുമാളിൻ്റെ പ്രതിഷ്ഠയും വെളുത്ത ആനപ്പുറത്തിരിക്കുന്ന നായനാരുടെ പ്രതിഷ്ഠയും, കൊട്ടും കുരവയും വാദ്യങ്ങളുമൊക്കെയായി ആഘോഷപൂർവ്വം അവർ എഴുന്നള്ളിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് തേരുകൾ അലങ്കരിക്കാനായി അവർ കൊണ്ടുവരുന്നത്. അടുത്ത ദിവസം, നായനാരുടെ കവിതകൾ വന്ന് വീണു എന്ന് കരുതപ്പെടുന്ന അഴീക്കോട് കടപ്പുറത്ത് ചെന്ന് മണ്ണുകൊണ്ട് ശിവലിംഗങ്ങൾ ഉണ്ടാക്കി അതിന് ചുറ്റിലും അവർ താണ്ഡവമാടുന്നു. കേരളത്തിൽ ഹർത്താലുള്ള ഒരു ദിവസത്തിൽ പോലും 3000ൽ അധികം തമിഴ് ഭക്തരെ ഈ ദിവങ്ങളിൽ കൊടുങ്ങല്ലൂരിൽ ഞാൻ കണ്ടിട്ടുണ്ട്. ബസ്സിലും തീവണ്ടിയിലും സ്വകാര്യവാഹനങ്ങളിലുമൊക്കെയായി ശിവഭക്തന്മാർ ചിദംബരത്ത് നിന്ന് കൊടുങ്ങല്ലൂരിലേക്ക് ഒഴുകിയെത്തും ഈ ദിവസങ്ങളിൽ.

പക്ഷേ……

നിർഭാഗ്യവശാൽ ഈ ഉത്സവം കൊടുങ്ങല്ലൂർക്കാർ പോലും നേരാം വണ്ണം കണ്ടിട്ടില്ല. ഇങ്ങനെയൊന്ന് 86 വർഷമായി കൊടുങ്ങല്ലൂരിൽ നടക്കുന്നുണ്ടെന്ന് നല്ലൊരുഭാഗം കൊടുങ്ങല്ലൂർക്കാർക്കോ മലയാളികൾക്ക് തന്നെയോ അറിയില്ല. അതിന് കാരണമുണ്ട്. മലയാളി ഉറക്കമായതിന് (കള്ളയുറക്കവും ഉണ്ട് ) ശേഷമാണ് തമിഴർ ഈ എഴുന്നള്ളിപ്പ് നടത്തുന്നത്. അല്ലെങ്കിലും തമിഴരുടെ ആഘോഷത്തിൽ നമുക്കെന്ത് കാര്യം എന്ന് മലയാളി ചിന്തിക്കുന്നുണ്ടാകാം. ഫലത്തിൽ, സ്വന്തം രാജാവായിരുന്ന പെരുമാളിൻ്റെ പേരിലുള്ള ഒരു ഉത്സവമാണ് നമുക്ക് നഷ്ടമാകുന്നത്.

ഞാനിത് പലവട്ടം ഓൺലൈനിൽ പറഞ്ഞിട്ടുള്ളതാണ്. എല്ലാ വർഷവും തൃശൂർ പൂരം കാണിച്ചും പറഞ്ഞും ആഘോഷമാക്കുന്ന, കേരളത്തിലെ ഒരു ദൃശ്യമാദ്ധ്യമവും ഈ ഉത്സവം പങ്കുവെക്കാൻ ഇതുവരെ ശുഷ്ക്കാന്തി കാണിച്ചിട്ടില്ല എന്നത് ഖേദകരമായ വസ്തുതയാണ്. കൊടുങ്ങല്ലൂരിൽ ചോതി ഉത്സവം ആരംഭിച്ചു എന്ന് ഒറ്റക്കോളത്തിൽ നാല് വരി വാർത്ത ചില പത്രങ്ങളിൽ കണ്ടിട്ടുണ്ടെന്നല്ലാതെ ഒരു ഫോട്ടോയോ ഇതിൻ്റെ പശ്ചാത്തലമോ ഒരു പത്രത്തിലും ഇതുവരെ കണ്ടിട്ടില്ല. (ഞാൻ കാണാത്തതാണെങ്കിൽ ക്ഷമിക്കുക)

ഈ ഉത്സവമടക്കം മുസിരീസ് അഥവാ കൊടുങ്ങല്ലൂർ ഭാഗത്ത് കാണാനുള്ള മറ്റ് കാഴ്ച്ചകളും ചരിത്രസ്മാരകങ്ങളുമാണ് കർക്കിടകത്തിലെ ചിത്തിര, ചോതിര ദിവസങ്ങളിൽ ഒരു ഗൈഡിൻ്റെ ചുമതലയേറ്റെടുത്ത് ഞാൻ നിങ്ങളെ കാണിക്കാൻ ഉദ്ദേശിക്കുന്നത്. പുസ്തകം എഴുതാനായി അഞ്ച് വർഷത്തോളം ഞാൻ ചുറ്റിയടിച്ച് നടന്ന സ്ഥലങ്ങളാണത്. അതിനൊക്കെ പുറമേ ഇതെൻ്റെ അയൽഗ്രാമമാണ്. ഈ നഗരത്തിലെ പേരുകേട്ട ഗൈഡുകൾക്കൊപ്പം എത്തില്ലെങ്കിലും ഞാൻ മനസ്സിലാക്കിയ ചരിത്രവും ഐതിഹ്യവും കഥകളുമൊക്കെ പരമാവധി പങ്കുവെച്ചുകൊണ്ടായിരിക്കും രണ്ടുദിവസം നീളുന്ന ഈ യാത്ര.

ഈ യാത്രയുടെ തീയതികൾ എനിക്കോ നിങ്ങൾക്കോ മാറ്റാനാവില്ല. ഈ വർഷത്തെ കർക്കിടകത്തിലെ ചിത്തിര, ചോതി എന്ന് പറയുന്നത്, 2024 ആഗസ്റ്റ് 10 (ശനി), 11 (ഞായർ) തീയതികളാണ്.

ഈ രണ്ട് ദിവസങ്ങളിൽ സുന്ദരൻ ചേരമാൻ ഗുരുവന്ദനോത്സവത്തിന് പുറമേ, …..

1. പറവൂർ സിന്നഗോഗ്
2. പാലിയം കൊട്ടാരം
3. പാലിയം നാലുകെട്ട്
4. ചേന്ദമംഗലം സിന്നഗോഗ്
5. ചേരമാൻ മസ്ജിദ്
6. കോട്ടയ്ക്കാവ് പള്ളി
7. കൊടുങ്ങല്ലൂർ ക്ഷേത്രം
8. മാർത്തോമ്മാലയം
9. കോട്ടപ്പുറം കോട്ട
10. സഹോദരൻ അയ്യപ്പൻ്റെ വീട്
11. പള്ളിപ്പുറം കോട്ട
12. തിരുവഞ്ചിക്കുളം ക്ഷേത്രം
13. കീഴ്ത്തളി ക്ഷേത്രം
14. ചേരമാൻ പറമ്പ്
15. കോട്ടയിൽ കോവിലകം
16. ചേന്ദമംഗലം ജൂതശ്മശാനം.
17. വൈപ്പിക്കോട്ട സെമിനാരി
18. പട്ടണം മ്യൂസിയം
19. അബ്ദുൾ റഹിമാൻ്റെ ജന്മഗൃഹം

എന്നിങ്ങനെ ചരിത്രപ്രാധാന്യമുള്ള മുസിരീസിലെ ഒന്നര ഡസനോളം ഇടങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകുന്ന ഒരു യാത്രയാണിത്. ബസ്സിലും ബോട്ടിലുമൊക്കെയായിരിക്കും യാത്ര.

* 12 പേർക്ക് മാത്രമായിരിക്കും യാത്രയ്ക്ക് അവസരമുള്ളത്.

* ഇതിൽ പങ്കെടുക്കാൻ അതിയായ താൽപ്പര്യമുള്ളവർ 2024 ആഗസ്റ്റ് 10,11 തീയതികൾ ഒഴിവാക്കി വെക്കുക.

* കമന്റ്/ഇൻബോക്സ് വഴി എന്നെ അറിയിക്കുക.

* 2 ദിവസത്തെ ഭക്ഷണവും ഒരു രാത്രിയിലെ താമസവും ഏർപ്പാടാക്കുന്നതാണ്.

* 12ൽ അധികം പേർ ബുക്ക് ചെയ്താൽ അതിൽ നിന്ന് നറുക്കിട്ട് എടുക്കുന്നവരെ യാത്രയിൽ പങ്കെടുപ്പിക്കും. അവരുടെ പേരുകൾ ഈ പോസ്റ്റിനടിയിൽ പരസ്യപ്പെടുത്തും.

* ബാക്കിയുള്ളവരെ തുടർന്നുള്ള വർഷങ്ങളിൽ പരിഗണിക്കും. എല്ലാ വർഷവും ഈ പോസ്റ്റ് തന്നെ ആയിരിക്കും യാത്രയുടെ അടിസ്ഥാനം.

* ഈ യാത്രയ്ക്ക് എത്ര ചിലവ് വരുമെന്ന് നിശ്ചയമൊന്നും ഇല്ല. ബസ്സ്, ബോട്ട്, ഭക്ഷണം, താമസം, മ്യൂസിയങ്ങളിലെ പ്രവേശന ഫീസ്, എന്നിങ്ങനെ ചിലവാകുന്ന തുക എല്ലാവരും ചേർന്ന് പങ്കിട്ട് നൽകുക എന്നേ ഇപ്പോൾ പറയാനാകൂ.

* ഏകദേശം 3000 രൂപയ്ക്ക് മുകളിൽ ചിലവ് വരുന്ന ഒരു യാത്രയായിരിക്കും ഇത്.

* അതിൽ 1500 രൂപ അഡ്വാൻസായി പിരിക്കുന്നതാണ്. അങ്ങനെ ചെയ്യുന്നത് മറ്റൊന്നും കൊണ്ടല്ല. അവസാന നിമിഷം പല കാരണങ്ങൾ കൊണ്ട് യാത്രയിൽ നിന്ന് പിൻവാങ്ങുന്നവരുണ്ട്. മറ്റൊരാൾക്ക് കിട്ടേണ്ട സീറ്റാണ് അവിടെ നഷ്ടമാകുന്നത്. മാത്രമല്ല അഡ്വാൻസ് തുക വാങ്ങാത്ത പദ്ധതിയിൽ, “സീറ്റ് ബുക്ക് ചെയ്ത് ഇട്ടേക്കാം, അവസാന നിമിഷം പറ്റിയില്ലെങ്കിൽ ഒഴിവാകാമല്ലോ“ എന്ന് കരുതുന്നവർ ധാരാളം ഉണ്ടാകാം. ഈ യാത്രയുടെ കാര്യത്തിൽ അങ്ങനെയൊരു നിലപാട് പ്രോത്സാഹിപ്പിക്കാനാവില്ല.

* വളരെ താൽപ്പര്യമുള്ളവർക്ക് വേണ്ടി മാത്രം തയ്യാറാക്കിയ ഒരു യാത്രാപദ്ധതിയാണിത്. ഇതിൽ ഭൂരിഭാഗവും ചരിത്രയിടങ്ങളാണ്. ചരിത്രത്തിൽ താൽപ്പര്യമില്ലാത്തവർക്ക് ഇത് മുറ്റ് ബോറൻ യാത്രയായിരിക്കും.

* ഇപ്രാവശ്യം സീറ്റ് കിട്ടാത്തവർക്കായി എല്ലാ വർഷവും കർക്കിടകത്തിലെ ചിത്തിര, ചോതി ദിവസങ്ങളിൽ ഈ യാത്ര സംഘടിപ്പിക്കണമെന്നാണ് എൻ്റെ താൽപ്പര്യം. ഒരു വർഷമെങ്കിലും കേരളത്തിലെ മാദ്ധ്യമങ്ങൾ തൃശൂർ പൂരം റിപ്പോർട്ട് ചെയ്യുന്ന അതേ ആവേശത്തോടെ ഈ ഉത്സവം കാണിക്കുന്ന കിനാശ്ശേരിയാണ് എൻ്റെ സ്വപ്നം.

* ഞാനെന്ന ഗൈഡിൻ്റെ സഹായം ഇല്ലാതെയും ഈ യാത്ര നിങ്ങൾക്ക് സംഘടിപ്പിക്കാവുന്നതാണ്. ദിവസങ്ങൾ ഇതിനകം ഞാൻ പറഞ്ഞു തന്നല്ലോ ?

* മുൻകൂട്ടി ഈ യാത്രാപദ്ധതി നിങ്ങളെ അറിയിച്ചെന്ന് മാത്രം. ബുക്കിങ്ങ് ഇന്ന് ഇപ്പോൾ (24 ഏപ്രിൽ 2024) ആരംഭിക്കുന്നു.

* സീറ്റ് ബുക്ക് ചെയ്തവർ ആരെങ്കിലും യാത്രയ്ക്ക് മുൻപ് ബുക്കിങ്ങ് ക്യാൻസൽ ചെയ്താൽ ബുക്കിങ്ങ് തുക തിരികെ ലഭിക്കുന്നതല്ല.

* സീറ്റ് ബുക്ക് ചെയ്യുന്ന 17 പേരെ ചേർത്ത് ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും അതിലൂടെ എല്ലാ സ്ഥലങ്ങളെപ്പറ്റിയും ലഘുവിവരണം നൽകുന്നതും ഭക്ഷണം താമസം തുടങ്ങിയ കാര്യങ്ങൾ തീർപ്പാക്കുന്നതുമാണ്. വിശദമായ വിവരണം യാത്രാ സമയത്ത് നൽകുന്നതാണ്.

* വാട്ട്സ് ആപ്പ് ഇല്ലാത്തവർ കർശനമായും വാട്ട്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതോ മറ്റേതെങ്കിലും വാട്ട്സ് ആപ്പ് നമ്പർ വഴി ബന്ധപ്പെട്ട് നിൽക്കേണ്ടതോ ആണ്. ഇത് രണ്ടും സാദ്ധ്യമല്ലാത്തവർ ദയവായി യാത്രയിൽ നിന്ന് വിട്ടുനിൽക്കുക.

നിങ്ങൾ ഈ പോസ്റ്റ് സമയാസമയം കാണുന്നില്ലെങ്കിൽ എനിക്കൊന്നും ചെയ്യാനില്ല. താൽപ്പര്യമുള്ളവർക്ക് അടുത്ത വർഷം ഇതേ സമയം ഈ പോസ്റ്റ് തിരക്കി കണ്ടുപിടിച്ച് സീറ്റ് ബുക്ക് ചെയ്യാമല്ലോ.

40 പേർ കയറുന്ന ബസ്സ് ആക്കിക്കൂടെ? നിങ്ങളുടെ പിന്നാലെ സ്വകാര്യ വാഹനത്തിൽ വന്ന് നിങ്ങൾക്കൊപ്പം കൂടിക്കൂടെ? സ്വന്തം ചിലവിൽ താമസവും യാത്രയും ഭക്ഷണവും ഏർപ്പാടാക്കി നിങ്ങൾക്കൊപ്പം കൂടുന്നതിൽ വിരോധമുണ്ടോ?

ഇത്യാദി ചോദ്യങ്ങളോ സംശയങ്ങളോ നിങ്ങൾക്കുണ്ടായേക്കാം. പല കാരണങ്ങൾ കൊണ്ടും അങ്ങനെ ചെയ്യാൻ സാദ്ധ്യമല്ല എന്ന് വിനീതമായി അറിയിക്കുന്നു. ഈ വർഷം സീറ്റ് കിട്ടാത്തവർക്ക് അടുത്ത വർഷം അവസരം ഉണ്ടല്ലോ. 86 വർഷങ്ങൾ നടക്കാത്ത കാര്യത്തിന് ഒന്നോ രണ്ടോ വർഷം കൂടെ കാത്തിക്കുന്നതിൽ തെറ്റില്ലല്ലോ.

വാൽക്കഷണം:- സഞ്ചാരപദ്ധതിയിൽ അൽപസ്വൽപ്പം മാറ്റങ്ങൾ വരുത്തുന്നതിന്, സംഘാടകൻ, ഗൈഡ് എന്നീ നിലകളിൽ എനിക്ക് സ്വാതന്ത്ര്യം നൽകേണ്ടതാണ്. അഥവാ മാറ്റങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം യാത്രികരെ കാലേക്കൂട്ടി അറിയിക്കുന്നതാണ്. 12 പേരെങ്കിലും താൽപ്പര്യം കാണിച്ചില്ലെങ്കിൽ ഈ യാത്ര റദ്ദ് ചെയ്യുന്നതുമാണ്.

Comments

comments

One thought on “ സുന്ദരൻ ചേരമാൻ മുസിരീസ് യാത്ര

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>