Monthly Archives: April 2013

uu

നരകക്കോഴി


ന്മനാട്ടിലെ ജീവിതകാലത്ത്, ഉള്ളിലെവിടെയോ ചെറുതായി മാത്രം കോറിയിടപ്പെട്ട ദൃശ്യങ്ങളും സംഭവങ്ങളുമൊക്കെ നല്ല തിളക്കത്തോടെ ഒരാളുടെയുള്ളിൽ നിന്ന് പുറത്തുചാടണമെങ്കിൽ പ്രവാസത്തിന്റെ ചൂടൊന്ന് തട്ടിയാൽ മതി. എഴുതി ഫലിപ്പിക്കാൻ ആയില്ലെങ്കിലും, എല്ലാ പ്രവാസികൾക്കും പറയാനുണ്ടാകും ഓർമ്മയിൽ നിന്ന് ചികഞ്ഞെടുത്ത ഗൃഹാതുരത്വത്തിന്റെ പച്ച പുതപ്പിച്ച കഥകളും, മണൽക്കാറ്റേറ്റ് വിണ്ടുകീറിയ മനസ്സിന്റെ വിങ്ങലുകളുമൊക്കെ. പ്രവാസി നല്ലൊരു എഴുത്തുകാരൻ കൂടെയാണെങ്കിൽ കഥകൾക്ക് മിഴിവേറുന്നു. ഇസ്മായിൽ കുറുമ്പടിയുടെ കഥകളുടെ കാര്യത്തിലും അതുതന്നെയാണ് സത്യം.

നാല് തരം കഥകളാണ് ഇസ്മയിലിന്റെ ‘നരകക്കോഴി‘ എന്ന കഥാസമാഹാരത്തിലുള്ളത്. ഒരു കൂട്ടം കഥകൾ ഗൃഹാതുരത്വത്തിന്റേതാണ്. വായനയ്ക്കൊപ്പം നല്ല ചിന്തകൾക്ക് വഴിതെളിക്കുന്നതാണ് മറ്റൊരു കൂട്ടം കഥകൾ. വോട്ട്, തിളങ്ങുന്ന ഇന്ത്യ, ഹർത്താൽ എന്നിങ്ങനെയുള്ള കഥകൾ രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിലേക്ക് വിരൽ ചൂണ്ടുന്നു. സ്വാഭാവിക നർമ്മം വിതറുന്ന കഥകൾ കൂടെയാകുമ്പോൾ നരകക്കോഴി പല മാനസ്സികാവസ്ഥയിലേക്കും ചേരുന്ന വായനാനുഭവമാകുന്നു.
പ്രവാസം, അൽ‌പ്പസ്വൽ‌പ്പം എഴുത്തും വായനയുമുള്ള ഏതൊരാളെയും വേദാന്തികൂടെ ആക്കുന്നുണ്ടെന്ന് വേണം കരുതാൻ. രണ്ടാമത് പറഞ്ഞ വിഭാഗത്തിലെ കഥകൾ പലതിനേയും അത്തരത്തിൽ വിശേഷിപ്പിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ‘കാത്തിരുപ്പ്‘ എന്ന കഥയാണ് ഒന്നാന്തരം ഉദാഹരണം. ജീവിച്ചിരിക്കുമ്പോൾ ഓരോരോ കാര്യങ്ങൾക്കായുള്ള കാത്തിരുപ്പ്, മരിച്ചുകഴിഞ്ഞാലും അവസാനിക്കണമെന്നില്ല. അമേരിക്കയിൽ നിന്ന് വരാനുള്ള മക്കൾക്കായി ദിവസങ്ങളോളം ഫ്രീസറിനുള്ളിലേക്ക് പോലും ആ കാത്തിരുപ്പ് നീണ്ടെന്ന് വരാം.

ചുറ്റുമുള്ള മനുഷ്യരേയും പ്രകൃതിയേയുമൊക്കെ സൂക്ഷ്മ നീരീക്ഷണത്തിന് വിധേയനാക്കിയാണ് കഥാകാരൻ അവതരിപ്പിക്കുന്നത്. നല്ല ഈർപ്പമുള്ള മണ്ണിൽ, പണ്ട് മണ്ണിര വളർന്നിരുന്ന ഇടങ്ങളിൽ ഇപ്പോളെന്തുകൊണ്ടാണ് മണ്ണിരകൾ വളരാത്തതെന്ന് വിശദീകരിക്കണമെങ്കിൽ അന്നുമിന്നും പ്രകൃതിയോട് അടുപ്പമുണ്ടായേ പറ്റൂ. കൈതോലപ്പായയുടെ പുതുമണം ഇഷ്ടപ്പെടുന്ന, കുടയുണ്ടായാലും മഴ നനയാനും, ചൂണ്ടയിടാനും കൊതിക്കുന്ന ഒരു ഗ്രാമീണൻ നാടുവിടുന്നതോടെ നഷ്ടബോധത്തിന്റെ നിരാശച്ചുഴിയിൽ കിടന്നാണ് കൈകാലിട്ടടിക്കുന്നത്. ആ അവസ്ഥ വായനക്കാരിലേക്ക് നിഷ്പ്രയാസം എത്തിക്കാൻ എഴുത്തുകാരനാവുന്നുണ്ട്. ബ്ലോഗുകളിൽ എന്നതുപോലെ തന്നെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്നിട്ടുള്ളവയാണ് ഇസ്മായിലിന്റെ രചനകളിൽ ഏറെയും. രണ്ട് മാദ്ധ്യമങ്ങളിലും വായനക്കാരുള്ള അദ്ദേഹത്തിന്റെ കഥകൾ സമാഹരിച്ച് പ്രസിദ്ധീകരിക്കുമ്പോൾ, ബ്ലോഗ് രചനകളുടെ അഥവാ ബ്ലോഗ് രചയിതാക്കളുടെ കൂട്ടത്തിൽ നിന്ന് എണ്ണം പറയാവുന്ന ഒരു കഥാസമാഹാരം കൂടെയാണ് വായനക്കാരിലേക്കെത്തുന്നത്.

പരീക്ഷണം എന്ന കഥ, ഇന്നാട്ടിൽ നടക്കുന്ന കാര്യം തന്നെയാണ്. അത് എങ്ങനെ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. എല്ലാ കാര്യങ്ങളും പരീക്ഷിച്ച് മനസ്സിലാക്കുന്ന ഒരാൾ, പ്രവാസം എന്താണെന്ന് മനസ്സിലാക്കാൻ ഗൾഫിലേക്ക് പോയപ്പോൾ, അയാളുടെ ഭാര്യ നടത്തുന്ന ചില പരീക്ഷണങ്ങൾ ചുരുങ്ങിയ വരികളിൽ പറയാതെ പറയുകയാണ് കഥാകൃത്ത്. തെളിച്ച് പറയാതിരിക്കുമ്പോൾ കിട്ടുന്ന വായനാസുഖത്തിന് ഉദാഹരണം കൂടെയാണ് ഈ കഥ.

വിമാനയാത്രകളേയും സെക്യൂരിറ്റി പരിശോധനകളേയും വെറുക്കുന്ന പ്രവാസിയുടെ മനസ്സും, യാതൊരു നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും അതിർവരമ്പുകളുമില്ലാതെ പാറി നടക്കുന്ന മേഘങ്ങളോടുള്ള അസൂയയും, കാക്ക പോലും വിരുന്നുകാരനായി കണ്ട് വിരുന്ന് വിളിക്കുന്നതിന്റെ പരിഭവവുമൊക്കെ അടുത്തറിയാൻ ‘മാക്സിക്കാരൻ‘ എന്ന കഥ വായിച്ചാൽ മതി. ‘വർഷങ്ങളോളം വൈധവ്യം‘ എന്നാണ് ആണ്ടിലൊരിക്കലോ രണ്ടാണ്ട് കൂടുമ്പോളോ നാട്ടിലെത്തുന്ന പ്രവാസിയുടെ ഭാര്യയുടെ അവസ്ഥയെ, കഥാകാരൻ പരാമർശിക്കുന്നത്. വിരുന്ന് വന്നവനായി ഭാര്യ കാണുമ്പോൾ, പരോളിൽ വന്നവനായി നാട്ടുകാർ കാണുന്നു. എന്നാണ് മടങ്ങിപ്പോകുന്നതെന്ന് അവർ ചോദിക്കുന്നത് നാക്കിൽ വിഷം പുരട്ടിയാണ്. കുടുംബം ഇക്കരയിലുള്ള, എല്ലാ പ്രവാസിയും ഉള്ളിലൊതുക്കി വിങ്ങുന്നതും, ഉള്ളിൽത്തന്നെ കുഴിച്ചുമൂടുന്നതുമായ, നീറ്റലുകളുടെ കഥയാണ് ‘മാക്സിക്കാരൻ‘.

അക്കരെ എന്നും പച്ചയാണ്. അക്കരെ ചെന്നാൽ ഇക്കരപ്പച്ച. ഹോട്ടലിന്റെ പുറത്ത് ചില്ലലമാരയിൽ തീനാളങ്ങൾ നക്കിത്തോർത്തുമ്പോൾ നെഞ്ചിലൂടെ കോർത്ത കമ്പിയിൽക്കിടന്ന് കറങ്ങിക്കൊണ്ടിരിക്കുന്ന കോഴികളാണ്, നരകക്കോഴികൾ. ഹോട്ടലിന് അകത്തേക്ക് കടന്നാൽ സ്വർഗ്ഗമാണ്, ഹോട്ടലിന്റെ പേരും പാരഡൈസ് എന്നുതന്നെ. പക്ഷേ, അതിന്റെ പിന്നാമ്പുറത്ത്, കോഴികൾക്ക് പകരം മനുഷ്യന്മാരെ കോർത്ത് കറക്കുന്ന മറ്റൊരു നരകം കൂടെയുണ്ട്. നാട്ടിലുള്ളവർ എന്നും സ്വർഗ്ഗത്തിലാണ്. പ്രവാസി, നരകത്തിലെ കോഴിയും. എല്ലാവർക്കും കാണാനാകും, ഏതെങ്കിലും ഒരു ബന്ധുവിനേയോ സുഹൃത്തിനേയോ ആ നരകത്തീയിൽ. അവിടെ വിയർപ്പും കണ്ണുനീരും ഒരുപോലെ ഒഴുക്കി നിൽക്കുന്നവനെ തൊട്ടടുത്ത് നിന്നെന്ന പോലെ നിരീക്ഷിച്ച്, വായനക്കാരുടേയും പ്രവാസ വേദന അനുഭവിക്കാത്തവരുടേയും മുന്നിലേക്ക് ഇട്ടുകൊടുക്കുകയാണ് കഥാകൃത്ത്. വെന്ത മനസ്സോടെയല്ലാതെ വായിച്ചവസാനിപ്പിക്കാനാവില്ല.

‘എപ്പിസോഡ് 40‘ ടെലിവിഷൻ സീരിയലുകൾക്ക് അടിമപ്പെട്ടവരുടെ നേർക്കുള്ള പരിഹാസമാണ്. ഓട്ടം, തലയിണ എന്നിങ്ങനെയുള്ള ചെറുകഥകൾ ചിന്തോദ്ദീപകമായ സൃഷ്ടികളാണ്. ഹർത്താൽ, അന്ധവിശ്വാസങ്ങൾ, ബന്ധങ്ങൾ ആഘോഷങ്ങൾ, നേർവഴി, തുടക്കം ഒടുക്കം, അതും പോയി, എന്നിങ്ങനെ ജീവിതത്തിന്റെ നാനാതുറകളേയും സ്പർശിച്ചുകൊണ്ടുള്ളതാണ് 35ൽ‌പ്പരം കഥകളും.

പ്രവാസവേദന എന്തെന്നറിഞ്ഞിട്ടുള്ളവർക്ക് ‘നരകക്കോഴി’ യെ എളുപ്പത്തിൽ ഉൾക്കൊള്ളാനാവും. പതിമൂന്ന് വർഷത്തോളം പ്രവാസഭൂമികളിലെ മണലാരണ്യങ്ങളിൽ അലഞ്ഞിട്ടുള്ളതുകൊണ്ട് എനിക്കീ കഥകൾ പലതും അനുഭവങ്ങളോട് ചേർന്നാണ് നിൽക്കുന്നത്. ഇസ്മായിലിന്റേതായ ആഖ്യാനരീതി കൂടെ ആകുമ്പോൾ കഥകൾ മികച്ച തലത്തിലേക്കത് ഉയരുകയും ചെയ്യുന്നു. നെഞ്ചോട് ചേർത്ത് വായിച്ചാൽ നാടുവിടേണ്ടി വന്നവന്റെ വേദനയറിയാതെ, അല്ലലില്ലാതെ ഇക്കരയിൽ കഴിയുന്നവർക്കും ഇതിലെ നൊമ്പരങ്ങൾ എളുപ്പം മനസ്സിലാക്കാനാവും.

മികച്ചൊരു നേർ‌വായന ഒന്നോ രണ്ടോ പേജുകൾക്കപ്പുറം കാത്തിരിക്കുമ്പോൾ, നിരക്ഷരനായ ഞാൻ അവതാരികയിലൂടെ ഇതിലധികം പറയുന്നത് വായനക്കാരോടുള്ള നെറികേടാണ്. ഇനി കഥകൾ വായിക്കുക, നരകക്കോഴിയുടെ കഥകൾ.