ഇന്നലെ രാത്രി തെരുവിൽ കിടക്കേണ്ടി വന്നില്ല. നല്ലൊരു ഗ്യാസ് സ്റ്റേഷൻ കിട്ടി. അവിടത്തെ ഏക ജീവനക്കാരൻ രാജു, കൂടുതൽ എന്തെങ്കിലും സൗകര്യങ്ങൾ ചെയ്യേണ്ടതുണ്ടോ എന്ന്, അര മണിക്കൂർ കൂടുമ്പോൾ എന്നോട് അന്വേഷിച്ചു കൊണ്ടിരുന്നു. രാജുവിനെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി ഞാൻ വേഗം കിടന്നുറങ്ങി. അല്ലെങ്കിലും രാവിലെ 8 മണിക്ക് ഗിർ സവാരിക്ക് പോകാനുള്ളതാണല്ലോ.
രാവിലെ രാജു എനിക്ക് ചൂടുവെള്ളം പൈപ്പ് വഴി എത്തിച്ചു തന്നു. കുളിച്ച് വസ്ത്രങ്ങളെല്ലാം കഴുകി, ദേവാലിയ സഫാരി പാർക്കിലേക്ക് യാത്ര തിരിച്ചു. 10 കിലോമീറ്റർ ദൂരമുണ്ട് അങ്ങോട്ട്. അവിടെന്നാണ് ഗിർ സഫാരി പുറപ്പെടുന്നത്.
ദേവാലിയയിൽ സാമാന്യം വലിയ ഒരു ക്യാമ്പസ് ആണ്. ബസ്സുകൾക്കും ജീപ്പുകൾക്കും സന്ദർശകരുടെ വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫുഡ് കോർട്ട് ഉണ്ട്. ഇൻറർപ്രട്ടേഷൻ സെൻറർ, ബുക്കിംഗ് കൗണ്ടർ, വാച്ച് ടവർ, വൃത്തിയുള്ള ശൗചാലയങ്ങൾ, സോവനീർ ഷോപ്പ്, എന്നിങ്ങനെ നീളുന്നു അവിടത്തെ സൗകര്യങ്ങൾ.
മുൻപ് ജുമാനിച്ചിരുന്നത് പോലെ തന്നെ ₹150 ടിക്കറ്റ് എടുത്ത് ബസ്സിൽ യാത്ര പുറപ്പെട്ടു. അരമണിക്കൂറാണ് ആ യാത്രയുടെ ദൈർഘ്യം. ഉണങ്ങി ചാര നിറത്തിൽ നിൽക്കുന്ന കാടുകൾ. എല്ലായിടത്തും ഫയർ ലൈൻ ഇട്ടിട്ടുണ്ട്. ബസ്സുകളുടെ ടയറിന് പോകാൻ മാത്രം വീതിയിൽ കോൺക്രീറ്റ് ചെയ്തിരിക്കുന്ന റോഡുകൾ. അതുകൊണ്ടുതന്നെ കാട്ടിലൂടെയുള്ള സഞ്ചാരത്തിന്റെ ഇളക്കവും കുലുക്കവും ഇല്ല.
കാടിന്റെ വലിയൊരു പ്രദേശം സംരക്ഷിച്ച് നിർത്തിയിരിക്കുകയാണ് ഇവിടെ. ഇതിനകത്ത് മൃഗങ്ങൾ ഉള്ളത് മൃഗശാലയിലേത് പോലെ ആണ്. ഒരുപാട് വിസ്താരമുള്ള ചുമരുകൾ കാണാൻ പറ്റാത്ത ഒരു വലിയ മൃഗശാല. അതുകൊണ്ടുതന്നെ സിംഹത്തെ കാണാൻ പറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട.
ബസ് അഞ്ച് മിനിറ്റ് ഓടിയതും 35 – 40 അടി ദൂരെ രണ്ട് സിംഹങ്ങളെ കണ്ടു. രണ്ട് പേരും നല്ല ഉറക്കമാണ്. പുല്ലിനും സിംഹങ്ങൾക്കും ഒരേ നിറമാണ് ഇവിടെ. അതുകൊണ്ടുതന്നെ, ഡ്രൈവർ കാണിച്ചു തന്നില്ലായിരുന്നെങ്കിൽ ഞങ്ങൾ ആരും സിംഹത്തെ കാണില്ലായിരുന്നു. അഞ്ച് മിനിറ്റോളം ബസ്സ് അവിടെ നിന്നു. സിംഹങ്ങൾ ഉദയസൂര്യന്റെ വെയിൽ കാഞ്ഞ് നല്ല സുഖനിദ്രയിലാണ്. ഇടയ്ക്ക് തല ഉയർത്തി നോക്കി വാലിട്ട് രണ്ട് അടി അടിക്കും; വീണ്ടും കിടക്കും.
രാത്രി മുഴുവൻ അവരുടെ അതിർത്തിയിൽ റോന്ത് ചുറ്റി നടക്കുകയാണ് സിംഹത്തിന്റെ രീതി. അതുകഴിഞ്ഞ് വന്നാൽ പകൽ ഉറങ്ങാതെന്ത് ചെയ്യും?
ബസ്സ് മുന്നോട്ട് പോയപ്പോൾ, മാൻ, സാമ്പാർ ഡിയർ, കാട്ടുപന്നി, നീലക്കാള, കീരി എന്നിങ്ങനെ പല മൃഗങ്ങളേയും കണ്ടു. ഏകദേശം അഞ്ചേക്കർ വളച്ചു കെട്ടിയ സ്ഥലത്ത് പുറത്ത് കടക്കാൻ പറ്റാത്ത അവസ്ഥയിൽ അഞ്ചിൽ അധികം പുലികൾ! അത്തരം രണ്ട് വളച്ചു കെട്ടലുകൾ ഉണ്ട്.
സാമാന്യം വലിയ ഒരു മൃഗശാല പോലെയാണ് അത് എനിക്ക് അനുഭവപ്പെട്ടത്. ജീപ്പിൽ 800 രൂപയുടേയും ബസ്സിൽ 150 രൂപയുടേയും ടിക്കറ്റ് എടുത്ത് വരുന്നവരെ നിരാശപ്പെടുത്താതിരിക്കാൻ വേണ്ടിയുള്ള കച്ചവട തന്ത്രം. അതിൽ മൃഗങ്ങളോടുള്ള ക്രൂരതയും ഉണ്ട്. സത്യത്തിൽ ആദ്യം കണ്ട രണ്ട് സിംഹങ്ങളും ഇതുപോലെ വലിയ ഒരു വളപ്പിനുള്ളിൽ ബന്ധിതരാണ്. ചുറ്റുമുള്ള മറ്റ് കാടുകളിലേക്ക് അവർക്ക് കടന്നുപോകാൻ ആവില്ല. ഈ വലിയ കാടിനുള്ളിൽ സഞ്ചാരികൾക്ക് വേണ്ടി കുറച്ച് സിംഹങ്ങൾ വളർത്തപ്പെടുകയാണ്. ഇതാണ് ഗിർ എന്ന ഈ വലിയ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ആണിക്കല്ല്. സ്വാഭാവിക വനത്തിൽ നിന്ന് ഇറങ്ങിവരുന്ന സിംഹത്തെ കാണണമെങ്കിൽ ഇന്നലെ ഞാൻ പോയ ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന കാടിന്റെ ഭാഗങ്ങളിൽ സഞ്ചരിക്കേണ്ടി വരും.
കൂടുതൽ സിംഹങ്ങളെ കാണുമോ എന്ന് പരീക്ഷിക്കാൻ വേണ്ടി, ബസ് സഫാരി പാർക്കിൽ മടങ്ങിയെത്തിയശേഷം അവിടുന്ന് ബ്രേക്ഫാസ്റ്റ് കഴിച്ച് ഞാൻ വീണ്ടും ഒരു ബസ്സിൽ കയറി കാട്ടിലേക്ക് പോയി. ആദ്യം തന്നെ രണ്ട് സിംഹങ്ങൾ വെയിലത്ത് നിന്ന് അല്പം മാറി ഒരു മരത്തിന്റെ തണലിൽ കിടക്കുന്നുണ്ട്. ബാക്കിയെല്ലാം അതേ കാഴ്ച്ച തന്നെ.
ഏഷ്യാറ്റിക് സിംഹങ്ങൾ അലഞ്ഞ് തിരിയുന്നത് കാണാൻ പറ്റുന്ന ലോകത്തിലെ ഒരേയൊരു സ്ഥലം നാഷണൽ പാർക്ക് ആണ്. വടക്ക് കിഴക്കൻ യൂറോപ്പിലും നോർത്ത് ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലും ഒരുകാലത്ത് ഈ സിംഹങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ അവറ്റകൾ ഗുജറാത്തിലെ സൗരാഷ്ട്രയിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.
പൂനം അവലോകൻ സമിതിയുടെ നിരീക്ഷണ പ്രകാരം 1913ൽ 20 ഏഷ്യാറ്റിക് സിംഹങ്ങൾ മാത്രം ഉണ്ടായിരുന്ന ഇടത്ത് നിന്ന് 2020ൽ 674 എന്ന സംഖ്യയിലേക്ക് അത് ഉയർന്നിട്ടുണ്ട്. ജുനഗഡിലും അംബ്രേലിയിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ സിംഹങ്ങൾ ഇപ്പോൾ സാറ്റലൈറ്റ് കണക്കെടുപ്പ് പ്രകാരം സോമനാഥ് ബോട്ടട് ഭാവ്നഗർ എന്നീ സ്ഥലങ്ങളിലും ഉണ്ട്.
തിരികെ സഫാരി പാർക്കിൽ എത്തി പെട്ടെന്ന് ഞാൻ അവിടെ നിന്നിറങ്ങി ഡിയു ദ്വീപിനെ ലക്ഷ്യമാക്കി നീങ്ങി.
കേന്ദ്രഭരണ പ്രദേശമാണ് ഡിയു എന്ന ദ്വീപ്. അതുകൊണ്ടുതന്നെ മദ്യത്തിന് നിരോധനമുള്ള ഗുജറാത്തിൽ നിന്ന് മദ്യപിക്കാൻ വേണ്ടിയും, ഇന്ധന വിലക്കുറവ് ഉള്ളതുകൊണ്ട് ഇന്ധനം നിറക്കാൻ വേണ്ടിയും ജനങ്ങൾ വാഹനവുമായി ഗുജറാത്തിൽ നിന്ന് സ്ഥിരമായി വരുന്ന സ്ഥലം.
ഡിയുവിലെ പ്രധാന കാഴ്ച്ച അവിടത്തെ കോട്ട തന്നെയാണ്.
* 1535 ൽ നുനോ ഡി കുഞ്ഞ ആണ് ഡിയു കോട്ട നിർമ്മിച്ചത്.
* 1546 ൽ അന്നത്തെ പോർച്ചുഗീസ് വൈസ്രോയി ആയിരുന്ന ജോവോ ഡി കാസ്ട്രോ ഈ കോട്ടയെ പുതുക്കി പണിതിട്ടുണ്ട്.
* രണ്ടിലധികം പള്ളികൾ, ആയുധങ്ങൾ സൂക്ഷിക്കാനുള്ള ഇടം, ബോട്ട് ലാൻഡിങ്, നൂറോളം പീരങ്കികൾ, ലൈറ്റ് ഹൗസ്, അഞ്ചിൽ അധികം വലിയ കൊത്തളങ്ങൾ എന്നിങ്ങനെ സൗകര്യങ്ങളുള്ള ബൃഹത്തായ ഒരു കോട്ടയാണ് ഇത്.
* പോർച്ചുഗീസുകാരുടെ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോട്ടയായിരുന്നു ഡിയു എന്ന് പറയുമ്പോൾ തന്നെ അതിൻറെ പ്രാധാന്യം മനസ്സിലാക്കാമല്ലോ.
* ജലത്താൽ ചുറ്റപ്പെട്ടാണ് നിൽക്കുന്നത്. നല്ലൊരു ഭാഗം സമുദ്രമാണ്. ബാക്കിയുള്ള ഭാഗത്ത് കിടങ്ങ് ഉണ്ട്. കടൽ ജലം കിടങ്ങിലേക്ക് വഴി കടത്തിവിട്ട് കോട്ടയെ സുരക്ഷിതമാക്കാം. പാലം വഴി കിടങ്ങ് മുറിച്ച് കടന്ന് വേണം ജനങ്ങൾ കോട്ടയിൽ പ്രവേശിക്കാൻ.
* 56736 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കോട്ട പരന്ന് കിടക്കുന്നു.
* കോട്ടയ്ക്കകത്ത് വലിയ ഒരു ജയിലിന്റെ സംവിധാനം ഉണ്ടായിരുന്നു. അതിപ്പോഴും നിലനിൽക്കുന്നുണ്ട്.
* അവഗണിച്ച് കിടന്നിരുന്നത് കൊണ്ടും ഉപ്പ് കാറ്റേറ്റ് കല്ലുകൾ പലയിടത്തും ദ്രവിച്ചത് കൊണ്ടും, കോട്ട നാശത്തിന്റെ വക്കിലേക്ക് കടന്നിരുന്നു. പക്ഷേ ഇപ്പോൾ തകൃതിയായി പുനരുദ്ധാരണം നടക്കുന്നുണ്ട്.
* കോട്ടയുടെ ബോട്ട് ലാൻഡിങ്ങിൽ നിന്ന് നോക്കിയാൽ വെള്ളത്തിന് നടുവിൽ ചെറിയൊരു കോട്ട ഭാഗം പോലെ ഒന്ന് കാണാം. അതിനകത്തും ഒരു ചെറിയ ലൈറ്റ് ഹൗസ് ഉണ്ട്.
പോർച്ചുഗീസ് കോട്ടകൾ കണ്ടാൽ ഒറ്റയടിക്ക് തിരിച്ചറിയാൻ പറ്റുമെന്നായിരിക്കുന്നു എനിക്ക്. അവരുടെ മതങ്ങൾ ധാരാളമായി കോട്ടയിൽ ഉണ്ടാകും. കല്ലുകളിൽ പലയിടത്തും അവരുടെ ഭാഷ കണ്ടാൽ പെട്ടെന്ന് മനസ്സിലാകും.
ഒരുപാട് ദിവസങ്ങൾക്ക് ശേഷം നല്ലൊരു കോട്ട കണ്ടതിന്റെ സന്തോഷം ഉണ്ടായിരുന്നു എനിക്ക്. ധാരാളം സന്ദർശകർ വന്നു പോകുന്നുണ്ട് കോട്ടയിൽ. അതുകൊണ്ടുതന്നെ എനിക്ക് പടമെടുക്കാൻ പലപ്പോഴും ബുദ്ധിമുട്ടുണ്ടായി.
കോട്ടയിൽ നിന്ന് ഇറങ്ങി നഗരത്തിൽ ചെറുതായൊന്ന് ചുറ്റി. ഫോർട്ട് റോഡിൽ സമുദ്ര ഭാഗത്ത്, ഇന്ത്യൻ നേവിയുടെ ഡീകമ്മീഷൻ ചെയ്ത INS ഖുക്രി എന്ന യുദ്ധക്കപ്പൽ നങ്കൂരമിട്ടിട്ടുണ്ട്. അതിപ്പോൾ ഒരു വാർ മ്യൂസിയം ആണ്. 100 രൂപ ടിക്കറ്റ് എടുത്താൽ അതിനകം മുഴുവൻ കയറി കാണാം.
തുറമുഖത്ത് കപ്പലിലേക്ക് നോക്കി നിൽക്കുമ്പോൾ, ഒരു കേരള രജിസ്ട്രേഷൻ Triumph ബൈക്ക് ശ്രദ്ധയിൽപ്പെട്ടു. കോട്ടയത്തുകാരൻ ഷിൻ്റു 2 ആഴ്ചയായി ബൈക്കിൽ കറങ്ങുകയാണ്. ഏറെക്കുറെ എന്നെപ്പോലെ തന്നെ. പക്ഷേ ഞാൻ മുൻപും പറഞ്ഞിട്ടുണ്ടല്ലോ ബൈക്കുകാരുടേയും സൈക്കിൾകാരുടേയും ഇന്ത്യ പര്യടനം കൂടുതൽ കഠിനമാണ്. ഞാൻ ഒരു ഗ്യാസ് സ്റ്റേഷനിലോ ചെന്ന് വാഹനം പാർക്ക് ചെയ്തോട്ടേ എന്ന് ചോദിക്കുന്നത് പോലെ അല്ല, ബൈക്കിൽ വരുന്ന ഒരാൾ ടെൻ്റ് അടിച്ചോട്ടെ എന്ന് ചോദിക്കുന്നത്. ആ സൗകര്യം നിഷേധിക്കപ്പെടാൻ ഉള്ള സാദ്ധ്യത കൂടുതലാണ്.
ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു നിന്നു. പിന്നീട് ടിക്കറ്റ് എടുത്ത് INS ഖുക്രിയിലേക്ക് കയറി. അതിനകത്ത് ചിത്രങ്ങൾ എടുക്കാം പക്ഷേ വീഡിയോ എടുക്കാൻ പാടില്ല. കപ്പലിൽ നിന്ന് നോക്കുമ്പോൾ കാണുന്ന കോട്ടയുടെ ദൃശ്യം മനോഹരമാണ്. വർഷങ്ങൾക്കു മുമ്പ് മുംബൈയിൽ INS വിക്രാന്ത് എന്ന മ്യൂസിയത്തിൽ കയറി കണ്ടതിന്റെ ഓർമ്മകൾ തികട്ടി വന്നു.
കപ്പലിൽ നിന്നിറങ്ങിയ ശേഷം ഞാൻ ഡിയു നഗരത്തിലേക്ക് നടന്നു.
ഷിൻ്റു കോട്ടയിലേക്ക് പോയി. മടങ്ങി വന്ന ശേഷം ഇന്ന് രാത്രി തുറമുഖത്ത് തന്നെ തമ്പടിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. കപ്പലിലേക്ക് കയറാൻ വരുന്ന സന്ദർശകർ വാഹനം പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഞാൻ ഭാഗിയെ ഒതുക്കി. തൊട്ടടുത്ത് തന്നെ ഡാനി ടെൻ്റ് അടിച്ചു.
അൽപ്പനേരം കഴിഞ്ഞപ്പോൾ തെരുവ് കച്ചവടക്കാർ ചിലർ വന്ന് ഞങ്ങളുടെ തൊട്ടടുത്തുള്ള തറ അടിച്ച് വൃത്തിയാക്കി, തുണി വിരിച്ച് കിടന്നു. സ്ഥിരമായി വീടില്ലാതെ അലയുന്ന ഒരു കൂട്ടം മനുഷ്യരുടെ സംഗമം! ജീവിതം എത്ര ലളിതം, ആർഭാട രഹിതം.
ഇന്ന് രാത്രി ആർത്തി മൂത്ത് ഞാനൊരു കർമ്മം ചെയ്തിട്ടുണ്ട്. തൊട്ടടുത്ത് കണ്ട് കൊള്ളാവുന്ന റസ്റ്റോറന്റിൽ നിന്ന് ചെമ്മീൻ കറിയും റൊട്ടിയും വാങ്ങി അത്താഴം കഴിച്ചു. ഗോവയിലും ഡിയുവിലും ഒക്കെ പോയാൽ കടൽ വിഭവങ്ങൾ കഴിക്കാതിരിക്കുന്നത് എങ്ങനെയാണ്? എത്രയോ ദിവസങ്ങൾക്ക് ശേഷമാണ് ഞാൻ നോൺവെജ് കഴിക്കുന്നത്. എനിക്കുമുണ്ടാകില്ലേ അല്ലറ ചില്ലറ മോഹങ്ങൾ? എന്തായാലും ഇത്ര രുചികരമായ ചെമ്മീൻ കറി ഇതിന് മുൻപ് ഞാൻ കഴിച്ചിട്ടില്ല.
ശുഭരാത്രി.