സൂര്യകാലടി മനയിലേക്ക് എന്ന പേരില്‍ ഒരു യാത്രാവിവരണം 30 ജൂണ്‍ 2008 മുതല്‍, 6 ഡിസംബര്‍ 2010 വരെ ഇവിടെ ഉണ്ടായിരുന്നു. സൂര്യകാലടി മനയില്‍ ഇപ്പോള്‍ താമസിക്കുന്ന ശ്രീ. സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ പരാതി ഈ ലേഖനത്തില്‍ കമന്റ് രൂപത്തില്‍ വന്നതുകൊണ്ട് മനയെപ്പറ്റിയുള്ള ആ ലേഖനം ഇവിടെ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്. കമന്റുകള്‍ എല്ലാം താഴെ കിടക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ കമന്റുകള്‍ വായിച്ചപ്പോള്‍ അത് അദ്ദേഹം തന്നെ ആണോ എന്ന് സംശയം തോന്നുകയുണ്ടായി. പല കാരണങ്ങളാണ് അതിനുള്ളത്.
1. ശ്രീ. സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ ആദ്യത്തെ കമന്റ് പ്രകാരം ഈ ലേഖനത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ഫോട്ടോ അനുവാദമില്ലാതെ ഞാന്‍ ഇട്ടിരിക്കുന്നു എന്ന് ആരോപണം ഉണ്ട്. അത് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ പോലും അദ്ദേഹത്തിന് സാധിക്കാതെ വന്നതുകൊണ്ട് കമന്റിട്ടത് അദ്ദേഹം തന്നെയാണോ എന്ന് സംശയം ജനിപ്പിക്കുകയുണ്ടായി. തുടര്‍ന്നുള്ള എന്റേയും അദ്ദേഹത്തിന്റേയും കമന്റുകള്‍ ആ ഫോട്ടോയെപ്പറ്റി വിശദമാക്കുന്നുണ്ട്. അത് തന്റെ ഭാര്യയല്ല എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നുമുണ്ട്.
2. മൂന്നാമത് അദ്ദേഹം ഇട്ട കമന്റ് ഒരു അനോണിമസ് പ്രൊഫൈലില്‍ നിന്നാണ്. ആദ്യത്തെ രണ്ട് കമന്റുകളും മൂന്നാമത്തെ കമന്റുകളും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കുക.
ഇങ്ങനെയൊക്കെ സംഭവിച്ചപ്പോള്‍ കമന്റുകള്‍ ഇട്ടത് ഭട്ടതിരിപ്പാട് തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ എന്ന് സംശയം വര്‍ദ്ധിച്ചുവന്നു. ഈ ലേഖനത്തില്‍ ഞാന്‍ പരാമര്‍ശിച്ചിരുന്ന, അന്നത്തെ യാത്രയില്‍ എന്റെയൊപ്പം ഉണ്ടായിരുന്ന, കോട്ടയം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലതികാ സുഭാഷ് വഴി ഇക്കാര്യമൊക്കെ അന്വേഷിച്ചു. പോസ്റ്റില്‍ വീണിരിക്കുന്ന കമന്റുകളിലെ സാങ്കേതിക അപാകതകള്‍ എന്തൊക്കെ ആയാലും, അത് ഇട്ടിരിക്കുന്നത് ശ്രീ സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ അറിവോടെ ആണെന്ന് മനസ്സിലാക്കാനായി. അതൊന്ന് ഉറപ്പാക്കാനുള്ള കാലതാമസം മാത്രമേ ഈ പോസ്റ്റ് നീക്കം ചെയ്യാന്‍ എനിക്ക് വന്നിട്ടുള്ളൂ. ഇന്നലെ, അതായത് 5 ഡിസംബര്‍ 2010 ന് രാത്രിയാണ് ഇപ്പറഞ്ഞ കാര്യങ്ങള്‍ അന്വേഷിച്ച് മനസ്സിലാക്കാനായത്. ഇന്ന് (6 ഡിസംബര്‍ 2010ന്) മനയെപ്പറ്റിയുള്ള ലേഖനം നീക്കം ചെയ്തിരിക്കുന്നു.
അല്ലാതെ ഭട്ടതിരിപ്പാട് അദ്ദേഹത്തിന്റെ മൂന്നാമത്തെ കമന്റില്‍ ആരോപിക്കുന്നത് പോലെ… സാമാന്യ ബുദ്ധി, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ പ്രതിബദ്ധത, നീതിബോധം, നിയമവ്യവസ്ഥിതി ഇതെന്തെങ്കിലുമൊക്കെ കേട്ടിട്ടില്ലാത്തതുകൊണ്ടല്ല ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ വൈകിയത്. അദ്ദേഹം എണ്ണിപ്പറഞ്ഞ ആ വക സംഭവങ്ങളൊക്കെ ചുരുങ്ങിയ അളവിലാണെങ്കിലും ഉള്ള ഒരു വ്യക്തി തന്നെയാണ് ഞാന്‍.
അദ്ദേഹത്തിന്റെ അനുജന്‍ ശ്രീ. സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദത്തോടെ അദ്ദേഹത്തിനൊപ്പം ആ മനയില്‍ ചെന്ന് നാലുകെട്ടിനകത്ത് കടന്ന് ഫോട്ടോകള്‍ എടുത്ത്, സ്വീകരണമുറിയില്‍ ഒരുമിച്ചിരുന്ന് സംസാരിച്ച്, ഗണപതിയുടെ പ്രസാദം സ്വീകരിച്ച് മടങ്ങിയ ഒരാളാണ് ഞാന്‍. ലേഖനത്തില്‍ അക്കാര്യമൊക്കെ വിശദമായി പ്രതിപാദിക്കുകയും ചെയ്തിരുന്നു. 3 വര്‍ഷത്തിലധികം സമയം, മനയെപ്പറ്റിയുള്ള ലേഖനം ഈ സ്പേസില്‍ കിടക്കുകയും ഒരുപാട് പേര്‍ വായിക്കുകയും ചെയ്തു.
ഞാന്‍ ചെന്ന സമയത്ത് ശ്രീ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അവിടെ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹവുമായും സംസാരിക്കുകയും അനുവാദം വാങ്ങുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ലേഖനം തന്നെ ഈ സ്പേസില്‍ വരുകില്ലായിരുന്നു. അനുജന്‍ ശ്രീ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ അനുവാദം പോരാ മനയില്‍ കയറാനും ചിത്രങ്ങള്‍ എടുക്കാനും എന്ന് പറഞ്ഞ് ഇവിടുണ്ടായിരുന്ന യാത്രാവിവരണം നീക്കം ചെയ്യിച്ചപ്പോള്‍, എന്നെ മനയില്‍ നിന്ന് ഇറക്കിവിട്ടതുപോലെയാണ് എനിക്കനുഭവപ്പെടുന്നത്. എനിക്കതില്‍ അതിയായ വ്യസനമുണ്ട്. അത് പ്രകടിപ്പിക്കാതിരിക്കാന്‍ ആകുന്നില്ല എന്നതാണ് ഇങ്ങനെ ഒരു കുറിപ്പ് ഇവിടെ എഴുതിയിടാന്‍ കാരണം.
ലോകാ സമസ്താ സുഖിനോ ഭവന്തു.
-നിരക്ഷരന്‍
(അന്നും ഇന്നും എപ്പോഴും)