ലഹരിയിലോടുന്ന സ്ക്കൂൾ ബസ്സുകൾ !!!


ന്നലെ (3 ഫെബ്രുവരി 2017) രാവിലെ 7നും 9നും ഇടയ്ക്ക് മദ്യപിച്ച് സ്ക്കൂൾ ബസ്സുകൾ ഓടിച്ച 36 ബസ്സ് ഡ്രൈവർമാരെ കേരളത്തിലെ 5 ജില്ലകളിൽ നിന്ന് പിടികൂടിയിരിക്കുന്നു. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനം‌തിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് പൊലീസ് പരിശോധന നടത്തിയത്. എറണാകുളം റേഞ്ച് ഐജി പി.വിജയൻ തന്റെ ഫേസ്ബുക്കിൽ ഈ വിഷയം പങ്കുവെച്ചിരിക്കുന്നത് കുട്ടികളുടെ സുരക്ഷയെപ്പറ്റിയുള്ള ആശങ്കയോടെയാണ്. പല ഡ്രൈവർമാർക്കും കാല് നിലത്തുറക്കുന്നുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

66

36 പേരെ പിടിച്ചെന്ന് ഐജി പറയുമ്പോൾ പത്രവാർത്തകളിൽ പലതിലും അത് 20ഉം 25ഉം മാത്രമാണ്.  പിടിച്ചത് 36 പേരെയാണെങ്കിൽ പിടിക്കപ്പെടാതെ പോയത് അതിൽക്കൂടുതലുണ്ടാകുമെന്ന് ഉറപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും പരിശോധന നടത്തിയാൽ ഇതിനെയൊക്കെ വെല്ലുന്ന എണ്ണത്തിൽ ഡ്രൈവർമാർ പിടിക്കപ്പെടുക തന്നെ ചെയ്യും.  നമ്മുടെ കുട്ടികൾ എത്ര അപകടകരമായ അവസ്ഥയിലാണ് ഓരോ ദിവസവും സ്ക്കൂളിൽ പോയി മടങ്ങുന്നതെന്ന് പിടികിട്ടിക്കാണുമല്ലോ ? രാവിലെ 7 മണിക്ക് മദ്യപിച്ച് വാഹനമോടിക്കണമെങ്കിൽ ഈ ഡ്രൈവർ‌മാരെല്ലാം കടുത്ത മദ്യപാനികളാണ്. മദ്യപിച്ചില്ലെങ്കിൽ കൈവിറക്കുമെന്ന് പറയുന്ന മദ്യപാനത്തിന്റെ അടിമകൾ എന്ന വിഭാഗത്തിലുള്ളവർ. എന്തുറപ്പിലാണ് നമ്മുടെ കുട്ടികളെ ഇത്തരം ബസ്സുകളിൽ കയറ്റി സ്ക്കൂളിൽ വിടുക ?

33b

രാത്രിയും പകലും  മുഴുവൻ കാത്ത് കുത്തിയിരുന്ന് ചെറിയ വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന പൊലീസുകാർ, വലിയ വാഹനങ്ങൾ പരിശോധിക്കുന്നത് ആണ്ടിനും ചങ്ക്രാന്തിക്കും മാത്രമാണ്. ചെറിയ വാഹനങ്ങൾ പിടിക്കണ്ട എന്നല്ല.  നിരന്തരം പരിശോധിച്ചോളൂ, പിടിച്ചോളൂ, നടപടിയെടുത്തോളൂ. അതോടൊപ്പം തന്നെ നിരവധി ജനങ്ങളുടെ ജീവന് വിലപറഞ്ഞുകൊണ്ട് വാഹനമോടിക്കുന്ന ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങളും പരിശോധിച്ചിരിക്കണം.

എന്നൊക്കെ വലിയ വാഹനങ്ങൾ പരിശോധിച്ചിട്ടുണ്ടോ അന്നൊക്കെ ഒരു ഡസണിൽ കുറയാത്ത ഡ്രൈവർ‌മാരെ എറണാകുളം ജില്ലയിൽ നിന്ന് മാത്രമായി പിടികൂടിയിട്ടുണ്ട്. നഗരത്തിലെ പ്രൈവറ്റ് ബസ്സുകൾ സ്ഥിരമായി പരിശോധിച്ച് നടപടിയെടുക്കാൻ തുടങ്ങിയാൽ, രണ്ടാഴ്ചക്കുള്ളിൽ കൊച്ചിയുടെ നിരത്തുകളിൽ നീലനിറമുള്ള ബസ്സുകൾ മരുന്നിന് മാത്രമേ കാണാൻ പറ്റൂ  എന്ന അവസ്ഥ സംജാതമായെന്ന് വരും. അത്രയ്ക്കധികം പ്രൈവറ്റ് ബസ്സ് ഡ്രൈവർമാർ മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് പൊലീസിന്റെ ഇതുവരെയുള്ള കണക്കുകൾ മാത്രം പരിശോധിച്ചാൽ വ്യക്തമാകുന്നതാണ്.

44

പിടിക്കപ്പെട്ട മദ്യപാനികളായ ഈ 36 ഡ്രൈവർമാർക്കെതിരേയും നിയമം അനുശാസിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകുമോ എന്ന് കണ്ടറിയണം. അപ്പോഴേക്കും വരും ഏത് കൊടിയ ക്രിമിനലുകളേയും സംരക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന പാർട്ടിക്കാരും ഉന്നതന്മാരുമൊക്കെ. ഇന്നാട്ടിലെ കുത്തഴിഞ്ഞതും ശുഷ്ക്കവുമായ നിയമസംവിധാനം കുറ്റവാളിയെ പുല്ലുപോലെ ഇറക്കിക്കൊണ്ട് പോകാനുള്ള പഴുതുണ്ടാക്കിക്കൊടുക്കും. കുറ്റം ചെയ്താലും അനായാസം ഇറങ്ങിപ്പോരാം എന്ന ധൈര്യമാണ് ഇത്തരം ക്രിമിനലുകളുടെയൊക്കെ ചങ്കൂറ്റത്തിന് കാരണം. അതിനാണ് ആദ്യം തടയിടേണ്ടത്.

ജനങ്ങളുടേയും അതിനേക്കാളുപരി കുട്ടികളുടേയും സുരക്ഷയിൽ റേഞ്ച് ഐ.ജി. വിജയൻ സാറിന്റെ ആശങ്ക ആത്മാർത്ഥമാണെങ്കിൽ ചില കാര്യങ്ങൾ നിയമപരമായിത്തന്നെ ചെയ്ത് തരണം.

1. എല്ലാ ദിവസവും നഗരത്തിലെ സ്ക്കൂൾ ബസ്സുകളിലും സ്വകാര്യ ബസ്സുകളിലും ലോറികളിലും മറ്റ് ഹെവി വെഹിക്കിൾസിലും പരിശോധന നടത്തണം. എത്ര വാഹനങ്ങളിൽ പ്രവർത്തിക്കുന്ന സ്പീഡ് ഗവേർണറുകൾ ഉണ്ടെന്ന് നോക്കണം. മദ്യപിച്ചിരിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് നിർദ്ദാക്ഷിണ്യം റദ്ദാക്കുകയും കനത്ത പിഴയടിച്ച്  അഴിക്കുള്ളിലാക്കുകയും വേണം.

2. നഗരത്തിൽ മദ്യപിച്ച് പൊതുവാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാരുടെ മുതലാളിമാർ എത്രപേർ പൊലീസിലുണ്ടെന്ന് ഒന്ന് പരിശോധിക്കുക. ലൈൻ ബസ്സ് ഓടിക്കുന്ന ഡ്രൈവർ‌മാരുടെ ബസ്സുടമകൾ പൊലീസുകാരാണെന്ന് പരക്കെ ഒരു ആക്ഷേപമുണ്ട്. അതുകൊണ്ടാണ് ഇത്തരക്കാർക്ക് കടിഞ്ഞാണിടാൽ പറ്റാത്തതെന്നും കേട്ടിട്ടുണ്ട്. അത് സത്യമാണെങ്കിൽ നടപടികൾ ആദ്യം തുടങ്ങേണ്ടത് പൊലീസ് ഡിപ്പാർട്ട്മെന്റിൽ നിന്നുതന്നെയാണ്.

3. ഏതൊക്കെ സ്ക്കൂൾ ബസ്സിലെ ഡ്രൈവർമാരാണ് മദ്യപിച്ച് ബസ്സോടിച്ചതെന്ന് വ്യക്തമാക്കണം. അതിനായി ഇനി വിവരാവകാശനിയമം  പ്രയോജനപ്പെടുത്താൻ ജനങ്ങളെ മെനക്കെടുത്തരുത്. ഞങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്ക്കൂളിലെ ബസ്സ് ഡ്രൈവർ അക്കൂട്ടത്തിലുണ്ടായിരുന്നെങ്കിൽ സ്ക്കൂളിൽ ചെന്ന് ഇടപെട്ട് ഇത്തരം കുത്തഴിഞ്ഞ സമ്പ്രദായം നിർത്തലാക്കാൻ ഞങ്ങളെക്കൊണ്ട് എളുപ്പം സാധിക്കുന്ന കാര്യമാണ്.

പൊലീസുകാർക്ക് നിരത്തിലുള്ള വാഹനങ്ങൾ പരിശോധിക്കാൻ പറ്റുന്നതിന് ഒരു പരിധിയൊക്കെയുണ്ടെന്നറിയാം. മദ്യപാനികളെ കണ്ടുപിടിക്കാനായി ഉപയോഗിക്കുന്ന ബ്രെത്ത് അനലൈസർ എന്ന ഊത്ത് യന്ത്രം പൊതുവിപണിയിൽ വ്യാപകമായി വിൽ‌പ്പനയ്ക്ക് സജ്ജമാക്കുകയും സംശയമുണ്ടെങ്കിൽ പൊതുജനത്തിന് തന്നെ ഡ്രൈവർമാരെ പരിശോധിക്കാനുമുള്ള നിയമനിർമ്മാണം ഉണ്ടാക്കുകയുമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം. പിടിക്കപ്പെടുന്ന ഡ്രൈവർക്ക് ആരെയെങ്കിലും സ്വാധീനിച്ചോ കൈക്കൂലി കൊടുത്തോ പോലും രക്ഷപ്പെടാനാകാത്ത വിധം ബാക്കി കാര്യം പൊതുജനം നോക്കിക്കോളും. സ്ക്കൂൾ ബസ്സിന്റെ കാര്യത്തിലെങ്കിലും ഇങ്ങനൊരു നിയമം അത്യാവശ്യവും അനിവാര്യവുമാണ്. ഏതൊരു രക്ഷകർത്താവിനും തങ്ങളുടെ കുട്ടി യാത്ര ചെയ്യുന്ന ബസ്സിലെ ഡ്രൈവർ മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കാൻ സാധിക്കണം.

നിരത്തുകൾ നാൾക്കുനാൾ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞുവരികയാണ്. എത്രയൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും വില വർദ്ധിപ്പിച്ചാലും നികുതി വർദ്ധിപ്പിച്ചാലും മദ്യവിൽ‌പ്പനയ്ക്ക് മാത്രം ഇന്നാട്ടിൽ ഒരു കുറവും ഉണ്ടായിട്ടില്ല. ഇങ്ങനെയാണ് പോക്കെങ്കിൽ രാവിലെ വീട്ടിൽ നിന്നിറങ്ങുവർ വൈകീട്ട് വീട്ടിൽത്തന്നെ തിരികെയെത്തുമെന്ന് ഒരുറപ്പുമില്ല. അതീവ ഗുരുതരമായ ഒരു അവസ്ഥയാണിത്. സത്വരവും സ്ഥിരവുമായ പരിശോധനാ നടപടികൾ ഉണ്ടായേ തീരൂ. അല്ലെങ്കിൽ വരാൻ പോകുന്നത് വിപത്തിന്റെ നാളുകളാണ്. കുട്ടികൾക്കെന്തെങ്കിലും അപകടം ഉണ്ടായാൽ മാതാപിതാക്കൾ എത് തരത്തിൽ പ്രതികരിക്കുമെന്ന് പറയാനാവില്ല. ഒരു പൊലീസിനും പട്ടാളത്തിനും അവരുടെ വികാരത്തിന് തടയിടാൻ പറ്റിയെന്നും വരില്ല. അത് ഓർമ്മയിലുണ്ടായാൽ നന്ന്.

വാൽക്കഷണം:- മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാൻ എന്തെങ്കിലുമൊക്കെ മാർഗ്ഗങ്ങളുണ്ട്. പൊടിയും പുകയുമൊക്കെ വലിച്ചുകേറ്റി വളയം പിടിക്കുന്ന പടപ്പുകളെ കണ്ടെത്താൻ ഒരു മാർഗ്ഗവുമില്ല എന്നത് ഇതിനേക്കാൾ നിസ്സഹായമായ ഒരവസ്ഥയാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>