നിയമസഭയിലെ നാശനഷ്ടങ്ങളുടെ ശരിക്കുള്ള കണക്കെന്ത് ?


7772015 മാർച്ച് 13, കേരള ബജറ്റ് അവതരണ ദിവസം മലയാളികൾ ആരും മറന്നിട്ടുണ്ടാകാൻ സാദ്ധ്യതയില്ലല്ലോ ? വർഷാവർഷം ബഡ്ജറ്റ് തന്നെ വിറ്റ് കോഴ വാങ്ങിയെന്ന് ആരോപണവിധേയനായ ധനകാര്യമന്ത്രി കെ.എം.മാണിയെക്കൊണ്ട് ബഡ്ജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷം കടുപ്പിച്ച് തീരുമാനിക്കുകയും തുടർന്നങ്ങോട്ട് നിയമസഭയ്ക്ക് ഉള്ളിലും പുറത്തും അന്തരീക്ഷം കലുഷിതമായതും ഇന്നലെയെന്ന പോലെതന്നെ എല്ലാവരുടേയും ഓർമ്മയിലുണ്ടാകുമല്ലോ.

ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം അന്ന് നിയമസഭയിൽ ഉണ്ടായി. അതിന്റെ രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഞാനാഗ്രഹിക്കുന്നില്ല. പക്ഷെ അതിന് ശേഷമുണ്ടായ ചില നിയമനടപടികളുടെ രാഷ്ട്രീയം (ഇതിൽ രാഷ്ട്രീയ കള്ളക്കളി ഉണ്ടെങ്കിൽ) ചർച്ച ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

നിയമസഭയ്ക്ക് ഉള്ളിലുണ്ടായ നാശനഷ്ടങ്ങൾ 2 ലക്ഷത്തോളം രൂപയുടേതാണെന്നാണ് കണക്കെടുപ്പ് ഉണ്ടായിട്ടുള്ളതും പത്രവാർത്തകളിൽ നിന്ന് പൊതുജനത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതും. NCPRI എന്ന ഒരു സംഘടനയ്ക്ക് വിവരാവകാശ നിയമ പ്രകാരം സ്പീക്കറുടെ ഓഫീസിൽ നിന്ന് കിട്ടിയ മറുപടി പ്രകാരം 2,20,093 രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ തുക നാശനഷ്ടങ്ങൾ ഉണ്ടാക്കിയവരിൽ നിന്ന് പിരിച്ചെടുക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല എന്ന ആക്ഷേപം നിലനിൽക്കുന്നുമുണ്ട്. ഇതിനായി കോടതി കയറുമെന്ന് NCPRI വ്യക്തമാക്കിയിരുന്നതുമാണ്.

സംഘടനകൾക്കോ അഭ്യസ്തവിദ്യരായവർക്കോ മാത്രമല്ല സാധാരണക്കാരിൽ സാധാരണക്കാരായവർക്കും വിവരാവകാശനിയമപ്രകാരം കാര്യങ്ങൾ അറിയാൻ കഴിയുമെന്നും അതിനുള്ള അവകാശമുണ്ടെന്നും നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് വയനാട്ടിലെ ചെതലയം സ്വദേശിയായ കുഞ്ഞഹമ്മദിക്ക. ഇതേ വിഷയത്തിൽ വിവരാവകാശനിയമപ്രകാരം, സംസ്ഥാന പൊതുവിവരാവകാശ ഓഫീസർക്ക്  അപേക്ഷ സമർപ്പിച്ചപ്പോൾ കുഞ്ഞഹമ്മദിക്കയ്ക്ക് കിട്ടിയ മറുപടി അതേപടി സ്ക്കാൻ ചെയ്ത് താഴെ ചേർക്കുന്നു.

abഇത് പ്രകാരം സംഭവിച്ചിരിക്കുന്ന നാശനഷ്ടങ്ങൾ ഉദ്ദേശം 5 ലക്ഷം (പ്രാഥമിക കണക്കെടുപ്പ്) രൂപയുടേതാണെന്ന് അക്ഷരങ്ങളിൽ പറയുകയും അതേ സമയം 2,20,093 രൂപയുടെ (വിസിബിൾ ഫിസിക്കൽ ഡാമേജ്) കണക്ക് അക്കത്തിൽ ഓരോ വസ്തുവകകൾ എടുത്തെടുത്ത് പറയുകയും ചെയ്തിരിക്കുന്നു.

ഡയസിലുള്ള വിവിധ ഇലൿട്രോണിൿ ഉപകരണങ്ങളുടെ കേബിളുകൾക്കും തകരാറുകൾ സംഭവിച്ചിട്ടുള്ളതിനാൽ 5 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കുന്നു എന്നാണ് കുഞ്ഞഹമ്മദിക്കയ്ക്ക് കൊടുത്തിരിക്കുന്ന മറുപടി. ഈ അവസരത്തിൽ ബാക്കി നിൽക്കുന്ന ചില ചോദ്യങ്ങൾ എണ്ണമിട്ട് നിരത്തുന്നു.

1. സത്യത്തിൽ എത്ര ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് ?

2. ഏത് ഉദ്യോഗസ്ഥന് അപേക്ഷ നൽകിയാലാണ് ഇതിന്റെ നിജസ്ഥിതി മനസ്സിലാക്കാനാവുക ?

3. ഈ വിവരാവകാശ നിയമം എന്ന് പറയുന്നത് ഒരുതരം തട്ടിപ്പ് മാത്രമല്ലേ ? അതിലൂടെ പങ്കുവെക്കുന്ന കാര്യങ്ങൾക്ക് എന്തെങ്കിലും ആധികാരികതയുണ്ടോ ?

4. വെറും 596 രൂപ മാത്രമേ വിലയുള്ളൂ നിയമസഭയിലെ ഒരു ഹെഡ് ഫോണിന് ? (മറ്റ് വസ്തുക്കളുടെ വിലയും വിശ്വാസ യോഗ്യമായി തോന്നുന്നില്ല.)

5. സംഭവം കഴിഞ്ഞ് മൂന്ന് മാസം വരെ ഈ തുക ഈടാക്കാനുള്ള നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. അതിന് ശേഷം എന്തെങ്കിലും നടപടി ഉണ്ടായോ ?

6. ഇന്നത്തെ ഭരണപക്ഷം നാളെ പ്രതിപക്ഷം ആയേക്കുമെന്നും അന്നവർക്ക് ഇതുപോലെ അടിച്ച് തകർക്കാൻ ഒരവസരം ഉണ്ടായാൽ അന്നത്തെ ഭരണകക്ഷി ആയേക്കാവുന്ന ഇന്നത്തെ പ്രതിപക്ഷത്തിൽ നിന്ന് ഇതേ വിട്ടുവീഴ്ച്ച പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരു ഒത്തുകളിയല്ലേ ഇതൊക്കെ എന്ന് നികുതിദായകർ സംശയിച്ചാൽ കുറ്റം പറയാനാകുമോ ?

7. ഞങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല, ഞങ്ങളുടെ നികുതിപ്പണം ചിലവാക്കി വാങ്ങിയ നിയമസഭയിലെ പൊതുസ്വത്തിനും സംരക്ഷണം നൽകേണ്ടത് നിങ്ങൾ നിയമസഭാസാ‍മാജികർ അടങ്ങുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്ന് അറിയില്ലെന്നാണോ ?

8. ആ പൊതുസ്വത്തുക്കൾ ആരെങ്കിലും അടിച്ച് തകർത്താൽ അവർക്കെതിരെ കുറഞ്ഞപക്ഷം ഒരു നിയമനടപടിയെങ്കിലും തുടങ്ങിവെക്കണമെന്ന് നിങ്ങൾക്ക് അറിവില്ലാഞ്ഞിട്ടാണോ, അതോ പൊതുജനം എന്ന കഴുത ചൂണ്ടാണി വിരലിൽ മഷി തേക്കുന്നതിന് അപ്പുറം കൂടുതൽ കാര്യങ്ങളൊന്നും അന്വേഷിക്കേണ്ടതില്ല എന്ന ധാർഷ്ട്യമാണോ ?

9. എന്തൊക്കെ പ്രകോപനങ്ങൾ ഉണ്ടായാലും നിയമസഭ ഇതുപോലെ തല്ലിത്തകർക്കില്ലെന്ന് നിങ്ങളിൽ ഏതെങ്കിലും ഒരു പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പത്രികയിലും എഴുതിച്ചേർക്കാത്തതുകൊണ്ട് എന്തുവിശ്വസിച്ചാണ് നിങ്ങൾക്കൊക്കെ ഈ വരുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് ?

പിൻ‌കുറിപ്പ് :- ഈ കുറിപ്പ് ഏതെങ്കിലും പാർട്ടിയോട് എതിർത്തോ അനുകൂലിച്ചോ എഴുതുന്ന ഒന്നല്ല, മറിച്ച് കരമടക്കുന്ന പൊതുജനത്തിന്റെ ഭാഗമായ ഒരു പൌരൻ എന്ന നിലയ്ക്ക് എഴുതുന്നതാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>