മാതൃഭൂമിക്ക് നൂറാം വാർഷികാശംസകൾ, ഒപ്പം ഒരു പരാതിയും


555
ന്മശതാബ്ദി ആഘോഷിക്കുന്ന മാതൃഭൂമിക്ക് ആശംസകൾ, അഭിനന്ദനങ്ങൾ !! കൂട്ടത്തിൽ ഒരു പരാതിയുമുണ്ട്.

മാതൃഭൂമിയുടെ അശ്രദ്ധ കാരണം കാരൂർ സോമൻ എന്നൊരു കള്ളസാഹിത്യകാരൻ മറ്റ് പലരുടേയും ഓൺലൈൻ യാത്രാവിവരണങ്ങൾ കോപ്പിയടിച്ച് ‘സ്പെയിൻ – കാളപ്പോരിൻ്റെ നാട്ടിൽ‘ എന്നൊരു പുസ്തകം മാതൃഭൂമി ബുക്ക്സ് വഴി അച്ചടിച്ചിറക്കി. ആ പുസ്തകത്തിൽ സുരേഷ് നെല്ലിക്കോട്, വിനീത് എടത്തിൽ, സജി തോമസ് എന്നിങ്ങനെ പലരുടേയും എന്നത് പോലെ എൻ്റേയും യാത്രാവിവരങ്ങൾ കോപ്പിയടിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം മാതൃഭൂമിയെ അറിയിച്ച ഉടൻ അതിൻ്റെ നിജസ്ഥിതി അന്വേഷിച്ച് മനസ്സിലാക്കി മാതൃഭൂമി ആ പുസ്തകം മാർക്കറ്റിൽ നിന്ന് പിൻവലിക്കുകയും കോപ്പിയടിക്കാരനെതിരെ നിയമ നടപടി സ്വീകരിക്കുകയാണെന്ന് കാണിച്ച് എനിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അത്രയും മനസ്സിലാക്കിയതിനും ചെയ്തതിനും നന്ദി.

പക്ഷേ…… തുടർന്നങ്ങോട്ട് ഈ വിഷയത്തിൽ ഞാൻ കോടതിനടപടികൾ സ്വീകരിച്ചപ്പോൾ എൻ്റെ കേസുകൾ തള്ളണമെന്ന് (quash) പറഞ്ഞ് മാതൃഭൂമി ഹൈക്കൊടതിയെ സമീപിച്ചിരിക്കുകയാണ്. അത് അനീതിയാണ്. തെറ്റ് സംഭവിച്ചത് മാതൃഭൂമിക്കാണ്. അത് നിങ്ങൾ ഒരു കത്തിലൂടെ എന്നോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ആ നിലയ്ക്ക് കോടതിയിൽ മറിച്ചൊരു നിലപാട് സ്വീകരിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ?

നൂറു വർഷത്തേക്ക് മുന്നിൽ ചിന്തിച്ചിട്ടല്ലേ ഇന്ന് മാതൃഭൂമി ഇവിടെയെത്തി നിൽക്കുന്നത് ? അടുത്ത 100 വർഷത്തേക്കുള്ളത് കൂടെ ഇപ്പോഴേ ചിന്തിച്ച് തുടങ്ങണ്ടേ ? 100 വർഷം മുൻപ് അച്ചടിയിലൂടെ തുടങ്ങിയപ്പോൾ ഇല്ലാതിരുന്ന ഒന്നാണ് ഓൺലൈൻ മാദ്ധ്യമം. ഇന്ന് മാതൃഭൂമിയടക്കം മറ്റെല്ലാ പത്രസ്ഥാപനങ്ങളും ഓൺലൈൻ സൗകര്യത്തിൻ്റെ കൂടെ ഉപഭോക്താക്കളാണ്. കൂട്ടത്തിൽ എന്നെപ്പോലെ അപ്രസക്തരായ ചിലരും അതേ ഓൺലൈൻ സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്തി സ്വയം പ്രസാധകർ എന്ന നിലയ്ക്ക് ബ്ലോഗുകളിലൂടെയും മറ്റും സ്വന്തം കൃതികൾ പ്രകാശനം ചെയ്ത് പ്രചരിപ്പിച്ച് സന്തോഷമായി പോകുകയായിരുന്നു.

അവിടന്നാണ് കോപ്പിയടി വീരനായ കാരൂർ സോമൻ അതെല്ലാം കട്ടെടുത്ത് മാതൃഭൂമി, ഭാഷാ ഇൻസ്റ്റിട്ട്യൂട്ട്, പ്രഭാത ബുക്ക് ഹൗസ് പോലുള്ള പ്രമുഖരായ പല പ്രസാധകർ വഴിയും അച്ചടിച്ച് കേമനാകാൻ ശ്രമിച്ചത്. അത് കൃത്യമായി മനസ്സിലാക്കി തടയിടേണ്ടത് അച്ചടിമാദ്ധ്യമത്തിലും ഓൺലൈൻ മാദ്ധ്യമത്തിലും ഞങ്ങളേക്കാളൊക്കെ ഏറെ പരിചയസമ്പന്നതയുള്ള മാതൃഭൂമി പോലെയുള്ള സ്ഥാപനങ്ങളായിരുന്നു. അവിടെ പിഴച്ചത് തൽക്കാലം മാറ്റിനിർത്താം.

പക്ഷേ, പിഴവ് പറ്റിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷം, അത് തിരുത്തി ഞങ്ങളെപ്പോലുള്ളവർക്കൊപ്പം നിന്ന് ഭാഷയ്ക്ക് തന്നെ തുരങ്കം വെയ്ക്കുന്നവർക്ക് എതിരെ പോരാടുന്നതിന് പകരം എന്നെപ്പോലുള്ളവർക്കെതിരെ കോടതി നടപടികൾ കൈക്കൊള്ളുമ്പോൾ അടുത്ത 100 വർഷത്തേക്ക് മുന്നിൽക്കണ്ടല്ല മാതൃഭൂമി നീങ്ങുന്നതെന്നും കടന്ന് വന്ന 100 വർഷത്തിൻ്റെ പാതകളിലൂടെ പിന്നോട്ടടിക്കുകയാണെന്നും പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്.

ഇന്ത്യയിലെ കോപ്പിറൈറ്റ് നിയമം എന്താണ്, അത് കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ ? ഇല്ലെങ്കിൽ അതിനായി എന്തൊക്കെ മാതൃഭൂമിക്ക് ചെയ്യാനുണ്ട് എന്നൊക്കെയല്ലേ പരിശോധിക്കേണ്ടത് ? അത് നിങ്ങൾ ചെയ്യുന്നുണ്ടോ ? ഇല്ലെന്നാണ് എൻ്റെ അനുഭവം.

ഓൺലൈനിൽ വരുന്ന ലേഖനങ്ങൾ കമ്പ്യൂട്ടറിൻ്റെ നിർമ്മിതിയൊന്നുമല്ലെന്ന് മാതൃഭൂമിക്ക് പറഞ്ഞ് തരേണ്ടതില്ലല്ലോ? അതിന് പിന്നിലും ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളോ ഉണ്ട്. കാര്യമായ സർഗ്ഗാത്മക പ്രക്രിയ അതിന് പിന്നിലും നടക്കുന്നുണ്ട്. അതൊക്കെ ആർക്കും മോഷ്ടിച്ച് അവനവൻ്റെ പേരിൽ അച്ചടിക്കാൻ ആവില്ലെന്ന് ഇന്ത്യൻ കോപ്പിറൈറ്റ് നിയമവും ഓൺലൈൻ ഇടങ്ങളുടെ ഉടമകളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ഒരു പത്രസ്ഥാപനമെന്ന നിലയ്ക്ക് മാതൃഭൂമിക്ക് അറിയില്ലെങ്കിൽ, 25 വർഷമെങ്കിലും മാതൃഭൂമി പിന്നോട്ടടിക്കുക തന്നെയാണ് ചെയ്തിട്ടുള്ളത്.

മാതൃഭൂമിയുടെ തലപ്പത്തിരിക്കുന്ന, ഭാഷയേയും മലയാളത്തേയും സ്നേഹിക്കുന്ന ബഹുമാനപ്പെട്ടവർ ഇതൊന്നും അറിഞ്ഞിട്ട് പോലും ഉണ്ടാകില്ലെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. എതിരെ വരുന്നവർ പറയുന്നത് എന്താണെന്ന് പോലും ശ്രവിക്കാതെ, ഔദ്യോഗിക നടപടിക്രമങ്ങളുടെ ഭാഗമായുണ്ടായ നീക്കങ്ങളുടെ പേരിലാണ് എൻ്റെ കേസുകൾ തള്ളാൻ മാതൃഭൂമി ഹർജി നൽകിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

പക്ഷെ ഇതിങ്ങനെ തുടർന്ന് മുന്നോട്ട് പോയി അവസാനം മാതൃഭൂമിയുടെ തലപ്പത്തിരിക്കുന്നവർ കാര്യങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്ന ഒരു സമയം വരും. അപ്പോഴേക്കും പക്ഷേ മാനക്കേടിൽ നിന്ന് രക്ഷപ്പെടാനാകാത്തവണ്ണം മാതൃഭൂമി പെട്ടുപോയിട്ടുണ്ടാകും. എൻ്റെ ഭാര്യയുടേയും മകളുടേയും പേരുകൾ പത്തിലധികം ഇടത്ത് അതേപടി പകർത്തിവെച്ചുള്ള കോപ്പിയടി ആയതുകൊണ്ട് വിജയത്തിൽക്കുറഞ്ഞ ഒന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അത്തരത്തിൽ വിജയത്തിലേക്കുള്ള അവസാനപടി കയറാൻ നിൽക്കുന്ന സമയത്ത് ഒരു തരത്തിലുള്ള ഒത്തുതീർപ്പുകൾക്കും ഞാൻ തയ്യാറായെന്നും വരില്ല. അല്ലെങ്കിലും തോൽക്കുമെന്ന് ഉറപ്പാകുമ്പോൾ ഒത്തുതീർപ്പിന് പോകുന്നതിലെന്ത് കാര്യം? ജയം ഉറപ്പാക്കിയവനെന്തിന് ഒത്തുതീർപ്പ്?

പറഞ്ഞില്ല, അറിഞ്ഞില്ല, അറിയിച്ചില്ല, എന്നൊക്കെ പിന്നീട് പരാതി വരാതിരിക്കാൻ വേണ്ടി മാത്രം കുറിച്ചിടുന്ന വരികളാണ്. വലിയ പ്രതീക്ഷയൊന്നും വെച്ച് പുലർത്തുന്നുമില്ല. ‘നാളേക്കായി ചിന്തിച്ച നൂറ്റാണ്ട്‘ എന്ന ഗംഭീര വാക്കുകൾ കണ്ടപ്പോൾ, അടുത്ത നൂറ്റാണ്ടിലേക്ക് കടക്കുമ്പോൾ അവശ്യം നടത്തേണ്ട ചില തിരുത്തുകൾ സൂചിപ്പിക്കണമെന്ന് തോന്നി. അത് ചെയ്യുന്നു. അത്രേയുള്ളൂ. വരും നൂറ്റാണ്ടുകളിൽ ഭാഷയ്ക്കും നാടിനും വേണ്ടിയുള്ള തേരോട്ടം ഗംഭീരമാകട്ടെ. അതിനിടയ്ക്ക് ചില പുഴുക്കൾ തേരിൻ്റെ ചക്രത്തിനടിയിൽപ്പെട്ട് ചതഞ്ഞരയുന്നത് കാര്യമാക്കണമെന്നില്ല. പക്ഷേ ഇടയ്ക്കെപ്പോഴെങ്കിലും തക്ഷകൻ-പരീക്ഷിത്ത്, ദാവീദ്-ഗോലിയാത്ത് കഥകളും കൂടെ ഓർക്കുന്നത് നല്ലതാണ്.

വാൽക്കഷണം:- എത്രയൊക്കെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഇന്നും ആദ്യം തുറന്ന് വായിക്കുന്നത് മാതൃഭൂമിയുടെ ഓൺലൈൻ പത്രമാണ്. എല്ലാ പത്രങ്ങളും നിരന്നിരിക്കുന്ന തട്ടിൽ നിന്ന് ആദ്യം കൈയിലെടുക്കുന്നതും മാതൃഭൂമി പത്രം തന്നെ. ആയൊരു അടുപ്പത്തിൻ്റെ പേരിൽ പറയുന്നതായി കണ്ടാലും മതി. ഒരു തെറ്റ് പറ്റിയിട്ടുണ്ട്. അത് അവിടുള്ളവർക്ക് ബോദ്ധ്യമായിട്ടുമുണ്ട്. ആ തെറ്റ് തിരുത്തി മാതൃക കാണിക്കണമെന്ന് മാത്രമേ പറയുന്നുള്ളൂ.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>