ബാംഗ്ലൂരിലെ പണിമുടക്ക്


11

രാവിലെ 06:30ന് കെ.ആർ.പുരം (ബാംഗ്ലൂർ) സ്റ്റേഷനിൽ തീവണ്ടിയിറങ്ങി. അവിടന്ന് സർക്കാർ ബസ്സ് കയറി(₹10) ബൈപ്പനഹള്ളി മെട്രോ സ്റ്റേഷനിലെത്തി. മെട്രോയിൽ ഇന്ദിരാനഗർ വരെ യാത്ര ചെയ്തു. അവിടന്ന് ഓട്ടോ (₹70) പിടിച്ച് വീട്ടിലെത്തി.

ബാംഗ്ലൂരിൽ പൊതുവാഹനങ്ങൾ, സ്വകാര്യവാഹനങ്ങൾ, മെട്രോ, ഓട്ടോ, ടാക്സി എന്നിങ്ങനെ എല്ലാ ഗതാഗത സൗകര്യങ്ങളും പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. ട്രാഫിക് ബ്ലോക്കും പതിവുപടിയുണ്ട്. സ്കൂളുകൾക്കും ബാങ്കുകൾക്കും അവധി പ്രഖ്യാപിച്ചിട്ടില്ല.

ഇതിനിടയിൽ കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആരെങ്കിലും പണിമുടക്കുന്നുണ്ടെങ്കിൽ അവർക്ക് അഭിവാദ്യങ്ങൾ. പണിമുടക്കിനെ രാജ്യത്തെവിടെയെങ്കിലും ഹർത്താലാക്കി മാറ്റുന്നുണ്ടെങ്കിൽ അതിനോട് ഒരുതരത്തിലും യോജിപ്പില്ല. പ്രതിഷേധമോ സമരമോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ, അടച്ചുപൂട്ടി വീട്ടിൽ ഇരിക്കുകയല്ല വേണ്ടത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ശബ്ദമുയർത്തിയത് പോലെ, അനുകൂലികൾ ഓരോരുത്തരും റോഡിലിറങ്ങി പ്രതിഷേധിക്കണം, ശബ്ദമുയർത്തണം.

കണക്ക് സംബന്ധിയായ അറിയിപ്പ്:- എവിടെയെങ്കിലും നിർബന്ധിച്ച് കടകൾ അടപ്പിക്കുകയോ വാഹനങ്ങൾ തടയുകയോ അക്രമം അഴിച്ചുവിടുകയോ ചെയ്യുന്നുണ്ടെങ്കിൽ, ഈ പണിമുടക്കിനെ (കഴിഞ്ഞവർഷം ചെയ്തതുപോലെ) ഹർത്താലിന്റെ വിക്കിപ്പീഡിയ കണക്കിലേക്ക് ചേർക്കുന്നതാണ്.

ബന്ദും ഹർത്താലും പണിമുടക്കും തമ്മിലുള്ള വ്യത്യാസം അറിയാത്തവർക്ക് വേണ്ടി.

പണിമുടക്ക്:- ഏതെങ്കിലും ഒരു വിഷയത്തിൽ തങ്ങളുടെ എതിർപ്പ് അറിയിക്കാൻ തങ്ങളുടെ ജോലിയിൽ നിന്ന് സ്വമേധയാ വിട്ടുനിന്ന് പ്രതിഷേധം അറിയിക്കുന്ന സമരരീതി.

ഹർത്താൽ:- തങ്ങളുടെ അഭിപ്രായം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ബലം പ്രയോഗിച്ചും ഭീഷണിപ്പെടുത്തിയും അക്രമം അഴിച്ചു വിട്ടും നടത്തുന്ന ഗുണ്ടായിസം. ഹർത്താൽ എന്ന ആശയം ആദ്യമായി നടപ്പിലാക്കിയ ഗാന്ധിജിയാകട്ടെ സമാധാനപരമായ ഒരു സമരമുറയായാണ് ഇതിനെ ആവിഷ്കരിച്ചത്.

ബന്ദ്:- ഹർത്താലിന്റെ പഴയ പേര്. കോടതി ബന്ദ് നിരോധിച്ചപ്പോൾ, ഹർത്താൽ എന്ന പേരിൽ നടപ്പിലാക്കാൻ തുടങ്ങി.

വാൽക്കഷണം:- ഇന്നലെ രാത്രി തീവണ്ടിയിൽ ഉറക്കെ ഫോണിൽ സംസാരിച്ചിരുന്ന ഒരു മനുഷ്യൻ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞത് ‘നാളെ ഹർത്താലാണ്, നാളെ ഹർത്താലാണ് ‘ എന്നാണ്. അൽപ്പം മുൻപ് ജയ്ഹിന്ദ് ചാനലിലെ റിപ്പോർട്ടർ പറഞ്ഞതും ഹർത്താൽ എന്നാണ്. ഇങ്ങനെയൊക്കെയാണ് ഒരു പണിമുടക്കിനെ സമ്പൂർണ്ണ സാക്ഷര പ്രബുദ്ധ മലയാളി ഹർത്താലാക്കി മാറ്റുന്നത്.

#Say_NO_to_Harthal

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>