Yearly Archives: 2021

ആപത്ത് വിളിച്ച് വരുത്തുന്ന ലോഹം


33
ന്ന് മാതൃഭൂമിയിൽ വന്ന ഒരു പത്രവാർത്തയെ ആധാരമാക്കിയാണ് ഈ കുറിപ്പ്. കള്ളന്മാർ ധാരാളമുള്ള നാട് തന്നെയാണിത്. അവർ തക്കം പാർത്തിരുന്ന് അവസരം മുതലെടുത്ത് മോഷണം നടത്തുക തന്നെ ചെയ്യും. അത് പ്രതിരോധിക്കേണ്ടത് നമ്മൾ തന്നെയാണ്.

ജീവിതകാലത്തെ മുഴുവൻ സമ്പാദ്യമാണെന്ന് പറയുന്ന 35 പവൻ സ്വർണ്ണവുമായി തീവണ്ടിയിൽ ദൂരയാത്ര ചെയ്യുമ്പോൾ, അതിനി ബന്ധുവിൻ്റെ കല്യാണത്തിനായാലും കൊള്ളാം ഇപ്പറഞ്ഞ സ്വർണ്ണപ്പണ്ടങ്ങൾ പണയം വെക്കാനോ വിറ്റ് പണമാക്കാനോ ആയാലും കൊള്ളാം, വേണ്ടത്ര ശ്രദ്ധയുണ്ടായില്ല എന്ന് തന്നെ കണക്കാക്കേണ്ടിയിരിക്കുന്നു.

യു.കെ.യിലെ പീറ്റർബറോയിൽ ജീവിക്കുന്ന കാലത്ത് ഒരനുഭവമുണ്ടായിട്ടുണ്ട്. ഒരു സുഹൃത്തിൻ്റെ മാതാപിതാക്കൾ നാട്ടിൽ നിന്ന് സന്ദർശനവിസയിൽ വന്നു. സ്ഥലങ്ങൾ കാണാനും ചുറ്റിയടിക്കാനും മറ്റും പോകുമ്പോൾ, കല്യാണങ്ങൾക്കും മറ്റും പോകുന്നത് പോലെ പട്ടുസാരി ചുറ്റി ധാരാളം സ്വർണ്ണവും അണിഞ്ഞാണ് സുഹൃത്തിൻ്റെ അമ്മ നടന്നിരുന്നത്. യു. കെ. പോലുള്ള രാജ്യത്തുമുണ്ട് നല്ല ബെസ്റ്റ് കള്ളന്മാർ! അവരുടെ കണ്ണിൽപ്പെട്ടു. ഒരു ദിവസം ലോക്കൽ സൂപ്പർ മാർക്കറ്റിലോ മറ്റോ സ്വർണ്ണമണിയാതെ പോയി മടങ്ങിവന്നപ്പോൾ ഭവനഭേദനം നടന്നിരിക്കുന്നു. സ്വർണ്ണം മുഴുവൻ പോയി. രണ്ട് ദിവസത്തിന് ശേഷം ഒരു മോഷണസംഘത്തെ പിടികൂടിയെങ്കിലും അവരാണോ ഈ മോഷണം നടത്തിയതെന്ന് ഉറപ്പാക്കാനായില്ല. (അന്നാണാദ്യമായും അവസാനമായും ഒരു കേസുമായി ബന്ധപ്പെട്ട് അന്നാട്ടിലെ പൊലീസ് സ്റ്റേഷനിൽ കയറിയത്.) ചുരുക്കുപ്പറഞ്ഞാൽ പോയത് പോയ വഴിക്ക് പോയി.

മലയാളിക്ക് സ്വർണ്ണത്തിനോടുള്ള കമ്പം എത്ര ശ്രമിച്ചാലും മാറ്റിയെടുക്കാനാവില്ല എന്നത് വലിയൊരു ന്യൂനത തന്നെയാണ്. ഈ മോഷണക്കേസിലെ വാദികൾ, ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയത് ഒരു ഫിക്സഡ് ഡെപ്പോസിറ്റായോ പുരയിടമായോ സൂക്ഷിച്ചിരുന്നെങ്കിൽ കുറേക്കൂടെ മെച്ചമാകുമായിരുന്നില്ലേ ? സ്വർണ്ണം നഷ്ടപ്പെട്ടവരോട് സഹതാപം ഇല്ലെന്നല്ല. അതിൻ്റെ മറുവശം പറഞ്ഞെന്ന് മാത്രം. ജീവൻ കിട്ടിയത് ഭാഗ്യമെന്ന് തൽക്കാലം ആശ്വസിക്കുക. ഒരു കമ്മൽ മോഷ്ടിക്കാൻ ചെവി അറുത്തെടുക്കുന്ന കള്ളന്മാരും ഉണ്ടെന്ന് മനസ്സിലാക്കുക.

ഈ സ്വർണ്ണപ്രേമത്തിന് ഒരന്ത്യമില്ലേ ? തീവണ്ടിയിലും മറ്റും യാത്ര ചെയ്യുമ്പോൾ ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ സ്വർണ്ണം പോലും ഇടാതിരുന്നുകൂടെ ? കല്ലും മുത്തും മരക്കഷണങ്ങളും ശംഖുമൊക്കെ പിടിപ്പിച്ച ആഭരണങ്ങൾ ചുരുങ്ങിയ വിലയ്ക്ക് ധാരാളം കിട്ടുമല്ലോ. അണിയുന്നവരുടെ സൗന്ദര്യം പൊലിപ്പിക്കാൻ അത് പോരാന്നുണ്ടോ ?

വാൽക്കഷണം:- പോക്കറ്റടിച്ച് പണം മുഴുവൻ പോയാലും, ഏതൊരു പരിചയമില്ലാത്ത സ്ഥലത്ത് ചെന്നും പിടിച്ച് നിൽക്കാനായി 8 ഗ്രാമിൻ്റെ ഒരു മോതിരം കൈയിൽ ഇടുന്ന പതിവുണ്ട്. (വിവാഹമോതിരം തന്നെ.) സ്വർണ്ണത്തിൻ്റെ ഇന്നത്തെ വില വെച്ച് ഏതെങ്കിലുമൊരു തീവണ്ടിയാത്രയ്ക്കിടയിൽ വിരൽ നഷ്ട്ടപ്പെടാനുള്ള സാദ്ധ്യതയാണ് കൂടെ കൊണ്ടുനടക്കുന്നത്.