വാ
ഇന്ന് രാവിലെ 13 ഡിഗ്രിയായിരുന്നു താപമാനം. സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ അപ്പോൾ തണുപ്പ് തുടങ്ങുകയായി. രാവിലെ തണുപ്പ് കൂടുന്നു. വണ്ടിയിൽ കിടക്കുന്നതുകൊണ്ട് എനിക്ക് ആ തണുപ്പ് ഏറെക്കുറെ മുഴുവനും കിട്ടുന്നുണ്ട്. ഈ തണുപ്പ് ആസ്വദിക്കാൻ വേണ്ടി കൂടെയാണല്ലോ തണുപ്പ് കാലത്ത് തന്നെ ഇങ്ങോട്ട് വന്നത്.
കാല കോട്ടയും കെസ്റോളി കോട്ടയും ആൽവാർ നഗരത്തിൽ നിന്ന്, യഥാക്രമം 9 കിലോമീറ്ററും 14 കിലോമീറ്ററും ദൂരത്തിലാണ്. അതുകൊണ്ടുതന്നെ ഇന്ന് ഈ രണ്ട് കോട്ടകളും സന്ദർശിക്കുക എന്നതായിരുന്നു പദ്ധതി.
പക്ഷേ, ഞാൻ കാല കോട്ട ചതിച്ചു. മല മുകളിലാണ് കോട്ട. ഗ്രാമത്തിലെ വീടുകളുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിച്ച് വേണം മലയുടെ അടിവാരത്ത് എത്താൻ. അവിടന്ന് മലകയറാൻ തുടങ്ങുന്ന ആദ്യഭാഗത്ത് ഗ്രാമവാസികളുടെ മല വിസർജ്ജന കേന്ദ്രമാണ്. ‘ഗോൾഡ് മൈനു’കളിൽ ചവിട്ടാതെ ഒരു വിധത്തിന് ആ ഭാഗം കടന്നു. വീണ്ടും മുകളിലേക്ക് കൃത്യമായ വഴികൾ ഒന്നുമില്ല. മുള്ളുള്ള മരത്തിന്റെ തൈകൾ വളർന്ന് കാടായി നിൽക്കുകയാണ്. രണ്ട് ചെറുപ്പക്കാർ അതിലേക്ക് കയറി പോകുന്നത് കണ്ടു. അവർ കോട്ടയിലേക്കാകും എന്ന് കരുതി അവരുടെ പിന്നാലെ കൂടി. പക്ഷേ അവന്മാർ വീട്ടിൽ നിന്ന് ഒളിച്ച് സിഗരറ്റ് വലിക്കാൻ വന്നതാണ്.
” കുറച്ചു മാറി കാട് കുറഞ്ഞ ഒരു വഴിയുണ്ട്. അതിലൂടെ പോയാൽ ചിലപ്പോൾ മല കയറാൻ പറ്റും”എന്ന് അവർ പറഞ്ഞു.
അതനുസരിച്ച് ഞാൻ കുറച്ചു ദൂരം കൂടെ മുന്നോട്ടുപോയി. കൃത്യമായ വഴിയൊന്നുമില്ല. കാടും മുൾച്ചെടികളും കൂടിക്കൂടിവന്നു. കയറ്റം കുത്തനെ മുകളിലേക്ക്. ചവിട്ടിന്നിടത്ത് കല്ലുകൾ തെന്നുന്നു. സുരക്ഷിതമായ കയറ്റം അല്ല.
താഴെ നിന്ന് കോട്ടയുടെ ഒരു ചിത്രം എടുത്ത്, കാല കോട്ടയിലേക്കുള്ള സഞ്ചാരം ഞാൻ അവസാനിപ്പിച്ചു.
അടുത്തത് കെസ്റോളി കോട്ടയാണ്. ദേശീയപാതയിലൂടെ സഞ്ചരിച്ച് അവസാനത്തെ നാല് കിലോമീറ്റർ ഗ്രാമത്തിലേക്ക് തിരിഞ്ഞ് നേരെ ചെന്നത് കോട്ടയിലേക്ക്. ദൂരെ നിന്ന് തന്നെ അല്പം ഉയരത്തിൽ കോട്ട കാണാം.
കോട്ടയുടെ കവാടം തുറന്നാണ് കിടക്കുന്നത്. ഞാൻ ഭാഗിയെ നേരെ അതിനകത്തേക്ക് ഓടിച്ചു കയറ്റി. അതിനകം എനിക്കൊരു കാര്യം മനസ്സിലായി. അതൊരു ഹെറിറ്റേജ് ഹോട്ടലാണ്. അകത്തേക്ക് പ്രവേശനം കിട്ടണമെന്നില്ല. മുൻപുള്ള പല അനുഭവങ്ങളും അങ്ങനെയാണ്.
ഞാൻ കവാടത്തിൽ നിന്നിരുന്ന ജീവനക്കാരനോട് കാര്യം പറഞ്ഞു. അയാൾ അകത്തേക്ക് ഫോൺ ചെയ്യാൻ പോയി. തീരെ പ്രതീക്ഷയില്ലാതെയാണ് കാത്തുനിന്നത്. പക്ഷേ, ഞാൻ പ്രതീക്ഷിച്ചത് പോലെയല്ല സംഭവിച്ചത്. പ്രവേശനം അനുവദിച്ചിരിക്കുന്നു.
കോട്ടയിലേക്ക് കടന്നതും അവിടെ വെച്ചിരിക്കുന്ന ഒരു പോസ്റ്റർ ഞാൻ ശ്രദ്ധിച്ചു. അതിങ്ങനെ ആയിരുന്നു.
Our philosophy:- Everyone brings their share of joy and laughter to a ‘Neemrana non-hotel Hotel’. Those who bring their happiness, always carry away a lot more as it multiplies through their own positivism. Those who bring their stress are advised to leave it outside the entrance. We are here to replace this baggage with many a pleasant surprise.
ഇത്രയുമൊക്കെ തത്വശാസ്ത്രം പറയുന്നവർ, എനിക്ക് സന്ദർശനം അനുവദിച്ചല്ലേ തീരൂ. എന്നെ സന്തോഷവാനാക്കി മടക്കി അയച്ചല്ലേ പറ്റൂ. അവർ അപ്രകാരം തന്നെ ചെയ്തു. കാലണ പ്രവേശന ഫീസ് വാങ്ങിയില്ല എന്നു മാത്രമല്ല, രാംനരേശ് എന്ന ജീവനക്കാരൻ, എന്നെ കോട്ട മുഴുവൻ കൊണ്ടുനടന്ന് കാണിച്ചു തന്നു. കിടപ്പ് മുറികളും തുറന്ന് കാണിച്ചു തന്നു.
നീന്തൽ കുളം, ജിംനേഷ്യം, ടേബിൾ ടെന്നീസ് റൂം, കോൺഫറൻസ് മുറി, രണ്ട് റസ്റ്റോറൻ്റുകൾ, പൊതു ദർബാർ, ബാർ എന്നിങ്ങനെ ഒരുവിധം എല്ലാ സൗകര്യങ്ങളും ഈ പൈതൃക ഹോട്ടലിൽ ഉണ്ട്.
* പതിനാലാം നൂറ്റാണ്ടിൽ ഉണ്ടാക്കിയതാണ് കോട്ട. ആരുണ്ടാക്കി എന്ന് കൃത്യമായ ധാരണയില്ല.
* പഴയ കോട്ടയുടെ ഭാഗത്തിനോട് ചേർന്ന് പുതിയ മുറികളും നീന്തൽകുളവും പഴയ രീതിയിൽ തന്നെ ഉണ്ടാക്കിയിട്ടുണ്ട്.
* റണാവത്ത് താക്കൂർ ഭവാനി സിംഗിന്റെ കാലമായിരുന്നു (1882-1934) കോട്ടയുടെ സുവർണ്ണകാലം.
* നീംറാണ എന്നാണ് കോട്ടയ്ക്കുള്ളിലെ ഹെറിറ്റേജ് ഹോട്ടലിന്റെ പേര്.
* 1995ൽ കോട്ട പുതുക്കി പണിയാൻ ആരംഭിക്കുകയും 1998 മുതൽ സന്ദർശകർക്കായി തുറന്ന് കൊടുക്കുകയും ചെയ്തു.
* കോട്ടയിൽ നിന്ന് നോക്കിയാൽ 360 ഡിഗ്രി ഗ്രാമത്തിന്റെ കാഴ്ചകളാണ്. കൃഷിയിടങ്ങളാണ് ചുറ്റിനും. കോട്ടക്ക് സ്വന്തമായി അടുക്കള കൃഷി വേറെയും ഉണ്ട്.
* വിംഗ് കമാൻഡർ മംഗൾ സിംഗ് ആണ് നിലവിൽ കോട്ടയുടേയും പൈതൃക ഹോട്ടലിന്റേയും ഉടമ.
സമയം ഒന്നര മണി ആയിരിക്കുന്നു. രാവിലെ പതിവുപോലെ, ഭാഗിയുടെ അടുക്കളയിൽ നിന്ന് ഒരു നൂഡിൽസ് കഴിച്ച് ഇറങ്ങിയതാണ്. ഉച്ചഭക്ഷണത്തിന് വേറൊരു സ്ഥലം എന്തിന് അന്വേഷിച്ച് നടക്കണം? ഞാൻ കോട്ടയിലെ റസ്റ്റോറന്റിന്റെ മെനു നോക്കി. നിരക്ക് പ്രകാരം നാല് നക്ഷത്രം എണ്ണാൻ പറ്റുന്നുണ്ട്.
” തെരുവിൽ നിന്ന് 10 രൂപയുടെ കച്ചോരി മാത്രം കിട്ടുന്ന അവസ്ഥ വന്നപ്പോൾ അത് കഴിച്ച് മുന്നോട്ട് പോയില്ലേ? പിന്നെന്താണ് ബില്ല് വരുമ്പോൾ നക്ഷത്രമെണ്ണുന്ന ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കിട്ടുമ്പോൾ അത് കഴിച്ചാൽ?”….. അന്തരംഗം ചില സമയങ്ങളിൽ കൃത്യമായ മാർഗ്ഗനിർദേശം നൽകും.
ഉച്ചഭക്ഷണം കഴിച്ചെന്ന് മാത്രമല്ല, ഒരുപാട് സമയം അവിടെ വിശ്രമിക്കുകയും ചെയ്തു.
കല്യാണങ്ങൾക്ക് വേണ്ടി ഹോട്ടൽ അടച്ച് ബുക്ക് ചെയ്ത് ഒരു ടീം അവിടെ അതിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. നീന്തൽ കുളത്തിൽ വിദേശികൾ നീന്തിത്തുടിക്കുന്നു.
രാജസ്ഥാനിൽ, ഉൾപ്രദേശങ്ങളിലുള്ള ഇത്തരം പല ഹോട്ടലുകളും വിദേശികളുടെ ആധിക്യം ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. അവർ ഓൺലൈനിൽ ബുക്ക് ചെയ്താണ് ഇങ്ങോട്ട് എത്തുന്നത്. അവർക്കിത് വലിയ സൗകര്യങ്ങൾ ആണ്; ചെറിയ തുകയും ആണ്.
പെട്ടെന്ന് തന്നെ നഗരത്തിൽ തിരിച്ചെത്തി. ലക്ഷ്യം ഒന്നുമില്ലാതെ നഗരത്തിലെ വഴികളിലൂടെ ഭാഗിക്കൊപ്പം കറങ്ങി.
നാളെ കൻക്ക് വാടി, അജബ്ഗഡ് എന്നീ രണ്ട് കോട്ടകൾ കാണണമെന്നാണ് കരുതുന്നത്. രണ്ടും അല്പം ദൂരെയാണ്. നാളയെ ഓർത്ത് ബേജാറാകേണ്ടതില്ല. ഇന്നത്തെ അത്താഴത്തിന് നവരത്ന റസ്റ്റോറന്റിൽ എന്ത് കിട്ടുമെന്ന് നോക്കട്ടെ.
ശുഭരാത്രി.