ഇന്നലെ ചമ്പാനേരിൽ നിന്ന് മടങ്ങുമ്പോൾ ഭാഗിയുടെ കീഴിൽ നിന്ന് വീണ്ടും ശബ്ദങ്ങൾ വരാൻ തുടങ്ങിയിരുന്നു. അങ്ങനെയൊരു അവസ്ഥയിൽ അഹമ്മദാബാദിലേക്ക് പോകുന്നത് ശരിയാകില്ല. ഇന്ന് രാവിലെ ഭാഗിയുമായി ഞാൻ വീണ്ടും ഖുശി മോട്ടോഴ്സിൽ എത്തി.
കഴിഞ്ഞ ദിവസം ഒടിഞ്ഞ ലീഫ് മാറ്റിവെച്ചപ്പോൾ അവർ അതൊന്നും നേരെ ചൊവ്വേ പിടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. 80 കിലോമീറ്റർ ഓടിയപ്പോഴേക്കും അതെല്ലാം ആടിയിളകാൻ തുടങ്ങി. അങ്ങനെയാണ് ശബ്ദ കോലാഹലം ഉണ്ടായത്. ഇന്ന് അവരത് വീണ്ടും പിടിപ്പിച്ച് തന്നിട്ടുണ്ട്. നാളെ എന്താകുമെന്ന് കണ്ടറിയണം. എന്തായാലും ഇന്നത്തെ അഹമ്മദാബാദ് യാത്ര ഇക്കാരണത്താൽ മുടങ്ങി.
ഉച്ചക്ക് ഹരിയേട്ടൻ ദിവ്യയുടെ വീട്ടിൽ എത്തി. ഞങ്ങൾ ഡാക്കോർ എന്ന സ്ഥലത്തുള്ള പുരാതന ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകാൻ പദ്ധതിയിട്ടിരുന്നു. പോകുന്ന വഴിയുടെ ഇരുവശത്തും പുകയില തോട്ടങ്ങൾ ആണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പുകയില ഉൽപ്പാദിപ്പിക്കുന്ന ഗുജറാത്തിലെ ആനന്ദ് ജില്ലയാണ് ഒരു വശത്ത്.
അത്യാവശ്യം തിരക്കുള്ള ശ്രീകൃഷ്ണ ക്ഷേത്രമാണ് ഡാക്കോറിലേത്. അതിന് പോന്ന വഴി വാണിഭവും തകർക്കുന്നു. ക്ഷേത്ര നടയിൽ പടമെടുക്കാൻ അനുവദിക്കുന്നില്ല. കവാടത്തിന്റെ ഇരുവശത്തും ഉയർന്ന് നിൽക്കുന്ന വിളക്കുകൾ തെളിയിക്കാനുള്ള സ്തംഭമാണ് ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത. ഗർഭഗൃഹത്തിന്റെ മകുടത്തിന്റെ മച്ച് ഗംഭീരമാണ്. പ്രസാദമായി കിട്ടുന്നത് മധുരമുള്ള പ്രത്യേകതരം ലഡു ആണ്.
ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഒരു പപ്പട ഫാക്ടറി ഞങ്ങൾ നോട്ടമിട്ട് വെച്ചിരുന്നു. മടക്കവഴിയിൽ അവിടെ കയറി. നിർഭാഗ്യവശാൽ ഇന്നത്തെ ജോലി അവസാനിപ്പിച്ച് ജീവനക്കാർ എല്ലാവരും പോയ്ക്കഴിഞ്ഞിരുന്നു. എന്നാലും അകത്ത് കയറി യന്ത്രസാമഗ്രികൾ കാണാൻ ഉടമസ്ഥൻ അനുവദിച്ചു. ഒരു ദിവസം 1500 കിലോഗ്രാം പപ്പടം വരെ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയാണ് പ്രമുഖ്പ്രീത്. പ്രധാനമായും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും ഓസ്ട്രേലിയിലേക്കും മറ്റും ഇവിടന്ന് പപ്പടം കയറ്റുമതി ചെയ്യുന്നു. ഫാക്ടറിയുടെ തൊട്ടുമുന്നിലുള്ള ഷോറൂമിൽ പപ്പടങ്ങൾ വാങ്ങാനും കിട്ടും.
പച്ചമുളക്, റാഗി, വെളുത്തുള്ളി, എന്നിവയിൽ നിന്നെല്ലാം ഇവിടെ പപ്പടം ഉണ്ടാക്കുന്നു. അത്തരം പപ്പടങ്ങൾ കേരളത്തിലും ഉണ്ടാകുമായിരിക്കാം. പക്ഷേ, ഞാൻ കണ്ടിട്ടില്ല.
സത്യത്തിൽ രാവിലെ പ്രാതലിനൊപ്പം ദിവ്യ എനിക്ക് തന്ന മധുരമുള്ള മാതിയ എന്ന പപ്പടമാണ്, ഫാക്ടറിയിൽ കയറി അത് ഉണ്ടാക്കുന്നത് കാണണമെന്ന് എന്നിൽ ആഗ്രഹമുണർത്തിയത്.
ഭാഗിയിൽ ഭാരം വർദ്ധിച്ചോ എന്നെനിക്കൊരു സംശയമുണ്ട്. നാളെ ഏതെങ്കിലും ഒരു റോഡ് ട്രാൻസ്പോർട്ട് കമ്പനി കണ്ടുപിടിച്ച് അത്യാവശ്യമില്ലാത്ത സാധനങ്ങൾ നാട്ടിലേക്ക് പാഴ്സൽ ചെയ്യണം. പിന്നെ നേരെ അഹമ്മദാബാദിലേക്ക്. അവിടെ പ്രസാദ് സാർ കാത്തിരിക്കുന്നുണ്ട്. 2024 ജനുവരിയിൽ അഹമ്മദാബാദ് വഴി ജയ്സാൽമീറിലേക്ക് കടന്ന് പോയപ്പോൾ എനിക്കുള്ള താമസ സൗകര്യം പള്ളിക്കാരുടെ സ്ക്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച് തന്നത് പ്രസാദ് സാറാണ്. ഇപ്രാവശ്യവും ആ തലവേദന പ്രസാദ് സാറിന് തന്നെ ഉള്ളതാണ്.
ശുഭരാത്രി.