ചരിത്രമെഴുതിയ 2019 വേൾഡ് കപ്പ് ക്രിക്കറ്റ് ഫൈനൽ


Untitled

ന്തൊരു ഗംഭീര ലോകകപ്പ് ക്രിക്കറ്റ് ഫൈനലായിരുന്നു അത്. ഇഞ്ചോടിച്ചുള്ള പൊരുതൽ. ഓരോ പന്തിലും മാറിമറിഞ്ഞ വിജയ പരാജയ സാദ്ധ്യതകൾ. ആദ്യമായി ഒരു ലോകകപ്പ് ഫൈനൽ ടൈ ആകുന്നു. സൂപ്പർ ഓവറും ടൈ ആകുന്നു. നേടിയ ബൌണ്ടറികളുടെ കണക്കിനെ അടിസ്ഥാനമാക്കി ക്രിക്കറ്റ് കണ്ടുപിടിച്ച ഇംഗ്ലീഷുകാർ ചരിത്രത്തിലാദ്യമായി ലോകകപ്പിൽ മുത്തമിടുന്നു.

ന്യൂസിലന്റ് തോറ്റത് കണക്കുകളുടെ ബലത്തിൽ മാത്രമാണ്. വിജയികളെപ്പോലെ തലയുയർത്തിത്തന്നെ നിങ്ങൾക്ക് മടങ്ങാം. വിജയികളെയെന്ന പോലെ സ്വരാജ്യം നിങ്ങളെ വരവേൽക്കും.

ഇംഗ്ലണ്ടിന് അഭിനന്ദനങ്ങൾ !!
ന്യൂസിലന്റിന് അത്രയ്ക്കും തന്നെ അഭിനന്ദനങ്ങൾ !!

അതിവിരളമായി മാത്രം ക്രിക്കറ്റിൽ സംഭവിക്കാവുന്ന സംഭവങ്ങൾ കാണാനും മനസ്സിലാക്കാനും ആസ്വദിക്കാനുമായി എന്നതാണ് നേരിട്ടും ടീവിയിലൂടെയുമൊക്കെ മത്സരം കണ്ട ഓരോ ക്രിക്കറ്റ് പ്രേമികൾക്കും സന്തോഷത്തിന് വക നൽകുന്നത്. ഒരു പക്ഷേ ഒരു മനുഷ്യായുസ്സിൽ ഇത്തരമൊരു ഫൈനൽ ഇനി കാണാൻ പറ്റണമെന്നില്ല. ഈ കളിയുടെ അവസാന ഓവറുകളെങ്കിലും കണ്ടവർ ഭാഗ്യവാന്മാർ. കാണാത്തവർക്ക് വലിയ നഷ്ടം. റീ പ്ലേ എങ്കിലും കാണൂ. ഇതിലും നാടകീയതകൾ നിറഞ്ഞ ഫൈനൽ ഓവറുകളും സൂപ്പർ ഓവറും ഫൈനൽ തന്നെയും എപ്പോഴും സംഭവിക്കണമെന്നില്ല.

ഇന്ത്യയ്ക്കുമുണ്ട് അഭിമാനിക്കാൻ വക. ഇന്ത്യ തോറ്റത് ഫൈനലിൽ കളിച്ച ഈ രണ്ട് ഗംഭീര ടീമുകളോട് മാത്രമാണെന്നുള്ളതാണ് അത്.

ഇന്ത്യയാണ് ഇങ്ങനെയൊരു സന്ദർഭത്തിലും സമ്മർദ്ദത്തിലും പെട്ടിരുന്നതെങ്കിൽ ഇങ്ങനെയൊരു ഫിനിഷ് കാണാൻ പറ്റുമോ എന്ന് സംശയമുണ്ട്. 125 കോടി ജനങ്ങളെ ഇത്രയ്ക്ക് സമ്മർദ്ദത്തിലാക്കി ഹൃദയാഘാതം നൽകാൻ ഇന്ത്യൻ കളിക്കാർ നിൽക്കില്ലായിരുന്നു. ഇന്ത്യൻ കളിക്കാരെ മോശക്കാരാക്കിയാണ് ഇത് പറയുന്നതെന്ന് ധരിക്കരുത്. 2003 വേൾഡ് കപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റപ്പോൾ ഹിന്ദി പത്രങ്ങളിൽ ഒന്നിൽ വന്ന ഒരു ‘കണ്ടുപിടുത്ത‘ത്തെ ആസ്പദമാക്കിയാണ് അങ്ങനെ പറഞ്ഞത്.

ഹിന്ദിയിൽ ഇന്ത്യയെന്നും ഓസ്ട്രേലിയ എന്നും ഉച്ചരിക്കുമ്പോൾ യഥാക്രമം ‘ദിയ‘ എന്നും ‘ലിയ‘ എന്നുമാണ് ആ വാക്കുകൾ അവസാനിക്കുന്നത്. ഇൻ‌ദിയ, ഓസ്ട്രേലിയ !! ദിയ = കൊടുക്കുക, ലിയ = എടുക്കുക. അങ്ങനെയാണ് ഹിന്ദി അർത്ഥങ്ങൾ. തോറ്റതൊന്നുമല്ല, ഇന്ത്യ കപ്പ് ഓസ്ട്രേലിയയ്ക്ക് കൊടുത്തതാണ് എന്നായിരുന്നു ഹിന്ദിക്കാരുടെ കണ്ടുപിടുത്തം. അങ്ങനെ കൊടുത്ത് മാത്രം ശീലമുള്ളതുകൊണ്ടാണ് ഇന്ത്യയെപ്പറ്റി മേൽ‌പ്പറഞ്ഞ രീതിയിൽ അൽ‌പ്പം തമാശ കലർത്തി പരാമർശിച്ചത്.

വാൽക്കഷണം:- ജയത്തിലും തോൽ‌വിയിലുമൊക്കെ വലുത് സ്പോർട്ട്സ്മാൻ സ്പിരിറ്റാണ്. ആര് ജയിച്ചാലും ആര് തോറ്റാലും സ്പോർട്ട്സ് നിലനിൽക്കണം. സ്പോർട്ട്സ്മാൻ സ്പിരിട്ട് നിലനിൽക്കണം. വംശീയതയും വർഗ്ഗീയതും തീവ്രവാദവും ഒത്തുകളിയും സ്പോർട്ട്സിന് മുകളിൽ കടക്കാൻ ഒരിക്കലും ഇടയാകരുത്. നല്ല കളികൾ കാണാൻ ഓരോ സ്പോർട്ട്സ് പ്രേമികൾക്കും അവസരമുണ്ടാകണം. ലോകം മുഴുക്കെ സമാധാനം നിലനിൽക്കണം. അത്രേയുള്ളൂ.
—————————————————–
ചിത്രത്തിന് കടപ്പാട്-ഗൂഗിൾ. ഇംഗ്ലണ്ട് കപ്പുമായി നിൽക്കുന്ന ചിത്രത്തേക്കാൾ ഈ ചിത്രമാണ് കൂടുതൽ യോജിക്കുക.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>