ഓൺലൈൻ വഴി പരിചയപ്പെടുകയും പിന്നീട് നേരിൽ കാണുകയും സൌഹൃദം അരക്കിട്ടുറപ്പിക്കുകയുമൊക്കെ ചെയ്ത ഒരു വ്യക്തി നിങ്ങളോട് കുറച്ച് (കൂടുതലോ) പണം കടം ചോദിക്കുന്നു എന്നിരിക്കട്ടെ.
ഉടനെ ചിന്തിക്കേണ്ട ചില കാര്യങ്ങൾ……..
അയാൾക്ക് അച്ഛനും അമ്മയും ഇല്ലേ ? സഹോദരങ്ങളില്ലേ ? ബന്ധുക്കൾ ഇല്ലേ ? ഭാര്യവീട്ടുകാർ ഇല്ലേ ? ചെറുപ്പം മുതൽക്കുള്ള മറ്റ് സുഹൃത്തുക്കളില്ലേ ? സഹപാഠികൾ ഇല്ലേ ? ജനിച്ചത് മുതൽ പരിചയമുള്ള നാട്ടുകാർ ഇല്ലേ ? ഇത്രയും പേരോട് പണം ചോദിച്ചിട്ട് കിട്ടാതെയാണെങ്കിലല്ലേ ഈയടുത്ത് (അത് ചിലപ്പോൾ നാലോ അഞ്ചോ പത്തോ വർഷങ്ങളാകാം, എന്നാലും മേൽപ്പറഞ്ഞ ആൾക്കാരുടെ അത്രയും കാലത്തെ പരിചയവും അടുപ്പവും ആകുന്നില്ല.) മാത്രം ഓൺലൈനിലൂടെ പരിചയപ്പെട്ട നിങ്ങളോട് പണം കടം ചോദിക്കേണ്ടതുള്ളൂ.
ഇനി അവരോടെല്ലാം പണം ചോദിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ആ ബുദ്ധിമുട്ട്, അല്ലെങ്കിൽ അതിനേക്കാൾ ബുദ്ധിമുട്ട് നിങ്ങളോടുമുണ്ടാകണം. കാരണം മുകളിൽ ബ്രാക്കറ്റിൽ പറഞ്ഞത് തന്നെ.
അവരോടെല്ലാം ചോദിക്കുകയും അവരെല്ലാം കടം കൊടുക്കുകയും ചെയ്തതുകൊണ്ട് വീണ്ടും അവരോട് ചോദിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് (അത് തിരികെ കൊടുക്കാത്തതുകൊണ്ടും) നിങ്ങളെ സമീപിക്കുന്നതെങ്കിൽ, അതിൽ നിന്ന് മനസ്സിലാക്കേണ്ടത് ഈ സുഹൃത്തിന് വരവിനേക്കൾ കവിഞ്ഞ ഒരുപാട് ചിലവുകൾ ഉണ്ടെന്നാണ്. അത് അയാളുടെ ധൂർത്ത് ആകണമെന്നില്ല, ബുദ്ധിമുട്ടോ ഗതികേടോ ആകാം. അതെന്തായാലും അയാൾ കടം വാങ്ങുന്ന പണം തിരികെ കിട്ടാനുള്ള സാദ്ധ്യത കുറവാണെന്ന് വേണം മനസ്സിലാക്കാൻ. ഇത്രയും പേർക്ക് കടക്കാരനായ ഒരാൾ നിങ്ങളുടെ പണം എപ്പോൾ, എങ്ങനെ തിരികെ തരുമെന്നാണ് ?!
നിങ്ങളും ബുദ്ധിമുട്ടുകളൊക്കെ ഉള്ള ആൾ തന്നെയാണ്. തൽക്കാലം ഒന്ന് സഹായിക്കുന്നു എന്നേയുള്ളൂ. പക്ഷേ പറഞ്ഞ സമയത്ത് തിരികെ കിട്ടാതെ പോയാൽ അത് നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിച്ചെന്ന് വരും. മാത്രമല്ല കടം വാങ്ങിയത് ഒരു രൂപ ആയാലും ഒരു ലക്ഷം രൂപ ആയാലും, തിരികെ കിട്ടാതെ വരുമ്പോൾ പറ്റിക്കപ്പെട്ടു എന്ന തോന്നലാണ് ഓരോരുത്തർക്കും ഉണ്ടാകുന്നത്. അത്രയും പണം വെറുതെ കൊടുക്കാൻ മനസ്സുള്ള ആളായിരിക്കാം നിങ്ങൾ. പക്ഷെ, അതിന്റെ നൂറിലൊന്ന് പോലും പറ്റിച്ച് കൊണ്ടുപോകുന്നത് നിങ്ങൾക്ക് സ്വീകാര്യമായിരിക്കില്ല.
ഇങ്ങനെയൊക്കെ ആണെങ്കിൽ പിന്നെന്തിന് മേൽപ്പറഞ്ഞതുപോലുള്ള ഒരു സുഹൃത്തിന് പണം കടം കൊടുക്കണം? ഇക്കാര്യങ്ങളൊക്കെ അദ്ദേഹത്തോട് തുറന്ന് സംസാരിച്ചുകൂടെ ? അതിന്റെ പേരിൽ ആ സൌഹൃദം നഷ്ടപ്പെടുകയാണെങ്കിൽ അതെന്തിന് പിടിച്ചുനിർത്തണം ?
പണം കടം കൊടുത്തുള്ള സൌഹൃദവും അതിന്റെ പേരിലുള്ള സ്നേഹവും വേണ്ടെന്ന് വെക്കാനാവില്ലേ ? പണത്തിന്റെ പേരിൽ ആ സ്നേഹവും, കൊടുത്ത പണവും, നഷ്ടമാകുന്നതിലും ഭേദമല്ലേ സ്നേഹം മാത്രം നഷ്ടമാകുന്നത് ?
ഇത്രയും പറഞ്ഞതുകൊണ്ട്, ഓൺലൈൻ-ഓഫ്‌ലൈൻ സുഹൃത്തുക്കൾക്ക് ആർക്കും പണം കടം കൊടുക്കാത്ത മനുഷ്യപ്പറ്റില്ലാത്ത ഒരുവനാണ് ഞാനെന്ന് തെറ്റിദ്ധരിക്കരുത്. മേൽപ്പറഞ്ഞ എല്ലാ തിയറികളും കാറ്റിൽപ്പറത്തിക്കൊണ്ട് ഞാനും കടം കൊടുത്തിട്ടുണ്ട്. ചിലത് തിരികെ കിട്ടിയിട്ടുണ്ട്. ചിലത് കിട്ടിയിട്ടില്ല. കിട്ടാത്തത് ഞാൻ ഉപേക്ഷിച്ചു. വെറുതെ ഉപേക്ഷിച്ചതല്ല. നല്ല ചില പാഠങ്ങൾ സൌജന്യമായി പഠിക്കാനാവില്ല. കനത്ത ഫീസ് കൊടുത്ത് പഠിക്കേണ്ട കോഴ്സുകളും ധാരാളമുണ്ട്. അങ്ങനെ ഒരു കോഴ്‌സിന് എനിക്ക് ചിലവായ ഒരു വലിയ ഫീസ് ഇനത്തിലാണ്, തിരികെ കിട്ടാത്ത കടങ്ങൾ വകയിരുത്തിയിട്ടുള്ളത്.
അതുകൊണ്ടെന്തുണ്ടായി ? ഞാനാ കോഴ്സുമായി ബന്ധപ്പെട്ട പരീക്ഷകൾ എല്ലാം A+ ൽ പാസ്സായി (ഫ്ലക്സ് വെച്ചിട്ടില്ല). ഞാൻ പാസ്സായോ ഇല്ലയോ എന്ന് സംശയമുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതേയുള്ളൂ.
വാൽക്കഷണം:- ചിലർക്ക് കാശ് പോയി എന്നറിഞ്ഞപ്പോൾ പറയണമെന്ന് തോന്നി. ഇനീം ആരെങ്കിലും എന്നോട് കടം ചോദിച്ചാൽ ഈ പോസ്റ്റിന്റെ ലിങ്ക് മാത്രം കൊടുത്താൽ മതിയല്ലോ ? കാണാൻ ഒരു ലുക്കില്ല എന്നേയുള്ളൂ. ഭയങ്കര പുത്തിയാ
അപ്ഡേറ്റ് (22.09.2021) :- ആവശ്യക്കാരന് ഔചിത്യമില്ല എന്നൊരു ചൊല്ലുണ്ടല്ലോ മലയാളത്തിൽ? ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ നിരത്തിയിട്ടും ഇതിൻ്റെ ലിങ്ക് കൊടുത്തിട്ടും കടം ചോദിക്കുന്ന ഓൺലൈൻ സുഹൃത്തുക്കൾ പിന്നോട്ടില്ല. അവർക്ക് അവരുടെ ആവശ്യത്തേക്കാൾ വലുതല്ലല്ലോ എൻ്റെ നിലപാട്. നിരക്ഷരൻ്റെ പോസ്റ്റൊക്കെ കണ്ടിട്ടുണ്ട്, നിലപാട് കൃത്യമായി അറിയാം എന്നാലും ചോദിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ കടം ചോദിക്കുന്നത്. ഞാൻ കടും പിടുത്തും ഉപേക്ഷിച്ച് അൽപ്പം ഇളവ് നൽകി നോക്കി. നിലപാടെല്ലാം മാറ്റിവെച്ച് ഒരു ഓൺലൈൻ സുഹൃത്തിനെ കടം കൊടുത്ത് സഹായിച്ചു. അടുത്ത മാസം ശമ്പളം കിട്ടിയാൽ മടക്കിത്തരാം എന്നു പറഞ്ഞ് വെറും 15 ദിവസത്തേക്ക് കൊടുത്ത കടം 6 മാസമായിട്ടും തിരികെ കിട്ടിയിട്ടില്ല.
ഗുണപാഠം:- നമ്മൾ ഒരു പാഠം പണം കൊടുത്ത് പഠിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല. ആ പാഠത്തിൻ്റെ പോസ്റ്റ് ഗ്രാജുവേഷൻ പാഠങ്ങൾ കൂടെ പഠിക്കാനുണ്ടെങ്കിൽ അതും പഠിക്കണമല്ലോ?! ഇപ്പറഞ്ഞ പണം ആ മാസ്റ്റർ ഡിഗ്രിയുടെ ഫീസായി കണക്കാക്കുകയും തുടർപഠനമോ റിസർച്ചോ ഈ വിഷയത്തിൽ ചെയ്യാൻ ആഗ്രഹമില്ലെന്നുമുള്ള കടുത്ത തീരുമാനം എടുത്തിരിക്കുന്നതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
Quite a mix of wit & wisdom.
You ask credit.
I no give-you go mad
I give credit. I ask back credit
You no give- I go mad
Better you go mad