ഭാംഗിന്റെ വെണ്ണിലാവ്


പുതുവര്‍ഷപ്പുലരിക്ക്‌ ഇനി ദിവസങ്ങള്‍ മാത്രം.
2006 ഡിസംബര്‍ 31ന്‌ ഉണ്ടായ ഒരു അനുഭവത്തിന്റെ ഓര്‍മ്മകള്‍ തികട്ടി തികട്ടി വരുന്നു. ഇനിയൊരിക്കലും ജീവിതത്തില്‍ ഉണ്ടാകരുതേ എന്ന്‌ ആത്മാര്‍ഥമായും ആഗ്രഹിക്കുന്ന ഒരു വല്ലാത്ത അനുഭവമായിരുന്നു അത് .

വിഷയത്തിലേക്ക്‌ കടക്കാം. കഥാനായകന്റെ പേരാണ്‌ ഭാംഗ്‌.

ആറാം തമ്പുരാന്‍ എന്ന സിനിമയിലെ ഹരിമുരളീരവം ഗാനം കേട്ടിട്ടില്ലാത്ത മലയാളിയുണ്ടാവില്ല. ആ സിനിമയിലെ നായകകഥാപാത്രമായ ജഗന്നാഥന്‍, സംഗീതം പഠിക്കാന്‍ വേണ്ടി ഉസ്താദു്‌ ബാദുഷാ ഖാനെന്ന പഴയ ‘സിംഹത്തിന്റെ’ മടയില്‍ ചെന്നപ്പോള്‍ കാണുന്നത്‌, ഉള്ളില്‍ ഭാംഗിന്റെ വെണ്ണിലാവുമായി ഇരിക്കുന്ന ഉസ്താദിനെയാ‌ണ്. ഗുരുവിന്റെ ഖബറില്‍ ഒരുപിടി പച്ചമണ്ണ്‌ വാരിയിട്ട്‌ പ്രയാണം തുടരുന്നതുവരെ ജഗന്നാഥന്റെ സിരകളിലും സംഗീതവും ഭാംഗും തന്നെയായിരുന്നു.

ഡോണ്‍ സിനിമയില്‍ അമിതാഭ്‌ ബച്ച‍ന്റെ കഥാപാത്രം (ഇപ്പോള്‍ ഷാരുഖ്‌ ഖാനും) ” ഖയിക്കേ പാന്‌ ബനാറസ്‌ വാല” എന്ന പാട്ട്‌ പാടുന്നത്‌ ഭാംഗടിച്ചിട്ടാണ്‌.

വടക്കേ ഇന്ത്യയില്‍ പല ശിവക്ഷേത്രങ്ങളിലേയും പ്രസാദമാണത്രെ ഭാംഗ്‌. ഭഗവാന്‍ ശിവന്റെ ഇഷ്ടപാനീയമായിരുന്നിരിക്കണം ഇത്‌. കൈലാസേശ്വരന്‍ തന്റെ ശരീരമാസകലം ചുടലച്ചാരവും വാരിയിട്ട്‌, കഴുത്തില്‍ പാമ്പിനേയും ചുറ്റി, താണ്ഡവനൃത്തമാടിയിരുന്നത്‌ ഭാംഗടിച്ചിട്ടുതന്നെയായിരിക്കണം.

ഏറ്റവും അവസാനമായി ഭാംഗിനെപ്പറ്റി കാണുന്നത്‌ Travel & Living ചാനലില്‍ ആന്റണി ബോര്‍ഡന്‍ അവതരിപ്പിക്കുന്ന No Reservations എന്ന പരിപാടിയിലൂടെയാണ്‌. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെത്തുന്ന ആന്റണി, ഗോള്‍ഡന്‍ ഫോര്‍ട്ടിന്റെ കവാടത്തിനു വെളിയിലുള്ള “ഗവണ്‍മെന്റ് അംകീകൃത ഭാംഗ്‌ കേന്ദ്രം” എന്നു ബോര്‍ഡുവച്ചിട്ടുള്ള കടയില്‍ നിന്നും ഭാംഗ്‌ വാങ്ങിക്കുടിക്കുന്നു. വീണ്ടും യാത്ര തുടരുന്നു. ഈ ട്രാവല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അങ്ങിനെയാണ്‌. എന്തുകിട്ടിയാലും തിന്നും, എന്തുകിട്ടിയാലും കുടിക്കും. തിന്നും കുടിച്ചും, യാത്ര ചെയ്ത്‌, കാഴ്ചകള്‍ ക‌ണ്ട് അങ്ങിനെ നടക്കാം. എന്നിട്ടതിനൊക്കെ ശംബളവും വാങ്ങാം. ഭാഗ്യവാന്മാര്‍. പലപ്പോഴും അസൂയ തോന്നിപ്പോയിട്ടുണ്ട്‌.

ആന്റണി ഭാംഗടിച്ച കട ഞാനൊരിക്കല്‍ കണ്ടിട്ടുണ്ട്‌. ചാനലിലെ പരിപാടി കണ്ടപ്പോള്‍ ഞാനൊന്നു തീരുമാനിച്ചു. അടുത്ത പ്രാവശ്യം ജയ്‌സാല്‍മീര്‍ പോകുമ്പോള്‍ ഭാംഗൊന്ന്‌ പരീക്ഷിച്ചിട്ടുതന്നെ ബാക്കി കാര്യം ആ അവസരം ഒത്തുവന്നത്‌ 2006 ഡിസംബര്‍ 31നാണ്‌. എണ്ണപ്പാടത്തെ ജോലിക്കായി, രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ കുറച്ചുദിവസമായി തമ്പടിച്ചിട്ടുണ്ടായിരുന്നു. 31ന്‌ കാര്യമായ ജോലിയൊന്നും ഇല്ലായിരുന്നതുകൊണ്ട്‌ ഒന്ന്‌ കറങ്ങിയിട്ടിവരാന്‍ പദ്ധതിയിട്ടു. കൂടെ സഹപ്രവര്‍ത്തകരായ ഈജിപ്റ്റുകാരന്‍ മെഹര്‍, രാജസ്ഥാന്‍കാരായ ധര്‍മ്മാരാം, രാംലാല്‍ എന്നിവരുമുണ്ട്‌. രാജസ്ഥാനികള്‍ സ്ഥിരമായി കഴിക്കുന്ന സാധനമാണ്‌ ഭാംഗ്‌. അതുകൊണ്ടുതന്നെ ധര്‍മ്മാരാമിനും, രാംലാലിനും ഇതിലൊരു പുതുമയുമില്ല.

കോട്ടയിലൊക്കെ കറങ്ങിനടന്ന്‌ സമയം കളഞ്ഞ് പുറത്തുവന്നതിനുശേഷം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ച്ചെന്ന്‌ ഭാംഗിന്‌ ഓര്‍ഡര്‍ കൊടുത്തു. പാലില്‍ക്കലക്കിയ ഭാംഗ്‌ അവിടെനിന്നുതന്നെ കുടിക്കാം. അല്ലെങ്കില്‍ പച്ചനിറത്തിലുള്ള ഗുളിക രൂപത്തില്‍ പൊതിഞ്ഞുവാങ്ങാം. പിന്നീട്‌ വെള്ളത്തിലോ, പാലിലോ കലക്കി കുടിച്ചാല്‍ മതി. രണ്ടാമത്തെ ഓപ്‌ഷന്‍ സ്വീകരിച്ചു. നെല്ലിക്കയോളം വലുപ്പത്തിലുള്ള ഭാംഗിന്റെ രണ്ട്‌ പച്ച ഗുളിക പൊതിഞ്ഞുവാങ്ങി.

വൈകുന്നേരമായപ്പോളേക്കും ബാര്‍മര്‍ ജില്ലയിലെ കോസ്‌ലു ഗ്രാമത്തിലെ ഞങ്ങളുടെ ക്യാമ്പില്‍ തിരിച്ചെത്തി. അവിടെ പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. ഞാന്‍ മുറിയിലേക്കുപോയി. ഒന്ന്‌ കുളിച്ച്‌ കുപ്പായമൊക്കെ മാറ്റിയതിനുശേഷം ആഘോഷങ്ങളില്‍ പങ്കുചേരാം. അതിനിടയ്ക്ക്‌ എപ്പോഴെങ്കിലും ഭാംഗ്‌ കുടിയ്ക്കാനുള്ള സമയവും കണ്ടെത്തണം.

കുളി കഴിഞ്ഞ്‌ വന്നപ്പോള്‍ ധര്‍മ്മാരാമിനേയും, രാംലാലിനേയും അന്വേഷിച്ചു. അവസാനമായി ഒന്നുകൂടെ ചോദിച്ചുനോക്കാം. പഹയന്മാരേ ഇത്‌ സേവിക്കുന്നതുകോണ്ട്‌ കുഴപ്പമൊന്നുമുണ്ടാകില്ലല്ലോ?? പക്ഷെ, ക്യാമ്പ് മുഴുവനും പരതിയിട്ടും രാജസ്ഥാനികളെ രണ്ടിനേയും കണ്ടില്ല. എന്തായാലും വരുന്നിടത്തുവച്ചു കാണാം. ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ഭാംഗിന്റെ ഒരു ഗുളിക നന്നായി കലക്കി. പച്ച നിറത്തിലുള്ള ഭാംഗ്‌ പാനീയം റെഡി. പാലില്‍ ഗുളിക കലക്കുമ്പോള്‍ മാത്രമേ വെളുത്ത നിറം കിട്ടുകയുള്ളായിരിക്കും. കാല്‍ഭാഗത്തോളം കുടിച്ചുനോക്കി. വലിയ കുഴപ്പമൊന്നും തോന്നിയില്ല. എന്തായാലും ശരി, അരമണിക്കൂര്‍ കാത്തതിനുശേഷമേ ബാക്കി കഴിക്കുന്നുള്ളൂ എന്ന്‌ തീരുമാനിച്ചു.

40 മിനിറ്റോളം കഴിഞ്ഞു. ഒരു കുഴപ്പവും തോന്നുന്നില്ല.
ചുമ്മാ ഒരോരോ പറ്റിപ്പ്‌ സാധനങ്ങള്‍!! മനുഷ്യന്റെ സമയം മെനക്കെടുത്താന്‍.
ബാക്കിയുള്ളതുകൂടെ വേഗം വലിച്ചുകുടിച്ച്‌, ക്യാമ്പ്‌ ഫയറിനടുത്തേക്കു നീങ്ങി. ക്യാമ്പ്‌ ബോസ്സ്‌ നാഗരാജനും, കൂട്ടരും, മ്യൂസിക്കല്‍ ചെയറിനുള്ള വട്ടം കൂട്ടുകയാണ്‌.

പരിപാടികള്‍ തുടങ്ങുന്നതിനുമുന്‍പ്‌ ബാഗ്ലൂര്‌ വിളിച്ച്‌ മുഴങ്ങോടിക്കാരി ഭാര്യയും മകളും എപ്പടിയാണ്‌ പുതുവര്‍ഷപ്പിറവി ആഘോഷിക്കാന്‍ പോകുന്നതെന്ന്‌ അറിയണമെന്നുതോന്നി. ഡിസംബറായതുകൊണ്ടാകണം രാത്രികാലങ്ങളില്‍ ചെറിയ തണുപ്പുണ്ടായിരുന്നതുകൊണ്ട്‌, ഫോണ്‍ ചെയ്യുമ്പോള്‍ ക്യാമ്പ്‌ ഫയറിനുചുറ്റും നടന്നു.

ഫോണ്‍ ചെയ്തുകഴിഞ്ഞ്‌ ക്യാമ്പു്‌ ഫയറില്‍ നിന്നും ദൂരേയ്ക്ക്‌ തിരിഞ്ഞുനടക്കാന്‍ തുടങ്ങിയപ്പോളാണ്‌ ഞാനത്‌ മനസ്സിലാക്കിയത്‌. എനിക്കെന്തോ സംഭവിച്ചിരിക്കുന്നു!! ഞാന്‍ തൊട്ടുമുന്‍പ്‌ നിന്നിരുന്നതെവിടെയാണ്‌? ഞാനെങ്ങിനെ ഇവിടെ എത്തിപ്പെട്ടു?? എന്താണിവിടെ നടക്കുന്നത്‌??? ആകെക്കൂടെ ഒരു സ്ഥലജലവിഭ്രാന്തി.

ശംഭോ മഹാദേവ…. അങ്ങയുടെ പ്രസാദം തലയ്ക്കു പിടിമുറുക്കിക്കഴിഞ്ഞോ? സംഭവം ശരിയാണ്‌. ഭാംഗെന്ന ഭയങ്കരന്‍ മസ്തിഷ്ക്കപ്രക്ഷാളനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ആദ്യം ഒരു ചെറിയ രസം തോന്നിയെങ്കിലും, കൂടുതല്‍ സമയം കഴിയുന്തോറും, തലച്ചോറിനകത്തെ പിടി മുറുകിക്കൊണ്ടിരിക്കുകയാണ്‌. ചുറ്റും കാണുന്നതെല്ലാം സ്ലോ മോഷനിലാണോ എന്നു സംശയം. അല്ല അതിനു വേഗതകൂടിക്കൂടിവരുന്നു. കാലുകള്‍ ഭൂമിയില്‍ തൊടുന്നില്ലെന്ന്‌ തോന്നുന്നു. വായുവിലൂടെ തെന്നിതെന്നിയാണ്‌ സഞ്ചാരം .

വേഗം തന്നെ മുറിയിലേക്കുനടന്നു. 30 സെക്കന്റ് നടന്നാല്‍ എത്തുന്ന മുറിയിലെത്താന്‍, 2 സെക്കന്റുപോലും എടുത്തില്ലെന്നു തോന്നി. മുറിയില്‍ചെന്നപാടെ ധര്‍മ്മാരാമിന്റെ മൊബൈല്‍ ഫോണിലേക്ക്‌ വിളിച്ചു.

“ധര്‍മ്മാ, എവിടെയാണ്‌ നീ? പെട്ടെന്നു്‌ മുറിയിലേക്ക്‌ വരൂ, ഒരു ചെറിയ പ്രശ്നമുണ്ട്‌ ”
പറഞ്ഞുതീരുന്നതിനുമുന്‍പേ ധര്‍മ്മാരാം മുറിയില്‍ നില്‍ക്കുന്ന പോലെ.
“എന്തുപറ്റി മനോജ് ??”

“ചതിച്ചു ധര്‍മ്മാ. നീയല്ലേ പറഞ്ഞത്‌ ഭാംഗ്‌ ഭഗവാന്‍ ശിവന്റെ പ്രസാദമാണെന്നും മറ്റും. എന്നിട്ടിപ്പോ? ഇതുകണ്ടില്ലേ ? എനിക്ക്‌ പത്ത്‌ തല വന്നിരിക്കുന്നപോലെ. ”

തലച്ചോറിനകത്തെ എല്ലാ കോശങ്ങളും യുദ്ധകാല അടിസ്ഥാനത്തില്‍ പണിയെടുക്കുന്നു. ചിന്താശക്തി നൂറുമടങ്ങായിരിക്കുന്നു. അത്രയ്ക്കുതന്നെ വര്‍ദ്ധിച്ചിരിക്കുന്നു തലയുടെ ഭാരവും . എതെങ്കിലും ഒരു വസ്തുവിലേക്കുനോക്കിയാല്‍ , അതിനോടനുബന്ധപ്പെട്ട സകലവസ്തുക്കളും ചിന്താമണ്‌ഠലത്തിലൂടെ റോക്കറ്റുവേഗതയില്‍ കടന്നുപോകുന്നു. ഉദാഹരണത്തിനു മുറിയില്‍ മേശപ്പുറത്തു ഗ്ളാസ്സിലിരിക്കുന്ന വെള്ളത്തിലേക്കു നോക്കിയപ്പോള്‍ ,….അതാ ചുറ്റിനും വെള്ളം, പുഴ, അരുവി, നദി, കായല്‍ , കടല്‍ , കടലിന്റെ അടിത്തട്ട്, മുങ്ങിക്കപ്പല്‍ , വഞ്ചി, ബോട്ട്, കപ്പല്‍ , ടൈറ്റാനിക്ക് , അതു മുങ്ങിക്കൊണ്ടിരിക്കുകയാണ്‌………… ഓ വയ്യ.

ദൃഷ്ടി മറ്റൊരിടത്തേയ്ക്കു തിരിക്കുന്നതുവരെ അതങ്ങിനെ തുടര്‍ന്നുപോകുന്നു. ദൃഷ്ടി മാറിയാല്‍ അടുത്ത കാഴ്ചകളുടേയും ചിന്തകളുടേയും ഘോഷയാത്രയായി. ഒരാളെപ്പറ്റി ചിന്തിക്കാന്‍ പോയാല്‍ ആ പേരിന്റെ ആദ്യാക്ഷരത്തില്‍ത്തുടങ്ങുന്ന ജനിച്ചിട്ടിതുവരെ പരിചയമുള്ള സകല പേരുകളും സ്ഥലങ്ങളും, വാക്കുകളും മനസ്സില്‍ തെളിഞ്ഞു വരുന്നു. എം .മുകുന്ദനും , കുഞ്ഞബ്ദുള്ളയും , മറ്റും വര്‍ണ്ണിച്ചിട്ടുള്ള ഉന്മാദത്തിന്റെ മായാലോകത്തിതാ ഞാനും എത്തിപെട്ടിരിക്കുകയാണ്‌ . ഇവിടന്നൊരു മടക്കയാത്രയില്ലേ? ഉണ്ടെങ്കില്‍ എപ്പോള്‍ ? ഒന്നും ചിന്തിക്കാന്‍ വയ്യ. ആയിരം കുതിരകളെ പൂട്ടിയ രഥത്തിന്റെ വേഗത്തില്‍ ചിന്തകള്‍ കാടുകയറുകയാണ്‌. എനിക്കിതില്‍നിന്നു പുറത്തുവരാന്‍ ഒരു മാര്‍ഗ്ഗവുമില്ലേ ?

അപ്പോഴേക്കും മെഹറും , രാംലാലും സ്ഥലത്തെത്തുന്നു. എനിക്കാണെങ്കില്‍ തലയുടെ പുറകില്‍ കഴുത്തിനുമുകളിലായി ഒരു ടണ്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസഹ്യത. തലയുടെ പുറകില്‍ തടകിക്കൊണ്ടു ‘ഇധര്‍ ലഗാ, ഇധര്‍ ലഗാ’ എന്നു ഹിന്ദിയില്‍ ഞാന്‍ പറയുന്നുമുണ്ട് . മെഹര്‍ പതുക്കെ തല തടകിത്തരാന്‍ തുടങ്ങി.

ഇയാളെന്തിനാണെന്റെ തല തടകുന്നത് ?, അടിച്ചുവീഴ്ത്തിയാലോ എന്ന് ഉന്മാദാവസ്ഥയും , സ്നേഹത്തോടെ ചെയ്യുന്നതല്ലേ, അയാളെ ഉപദ്രവിക്കരുത് എന്നു ഉപബോധമനസ്സും വടംവലി നടത്തിക്കൊണ്ടിരുന്നു.

ഇതിനിടയില്‍ ആരോ കുറച്ച്‌ ഭക്ഷണം കൊണ്ടുവന്നു തന്നു. പക്ഷെ കഴിക്കാന്‍ പറ്റുന്നില്ല. ജനിച്ചിട്ടിതുവരെ കഴിച്ചിട്ടുള്ള ഭക്ഷണം മുഴുവന്‍ മുന്‍പില്‍ കൊണ്ടുവന്നു വെച്ചിരിക്കുന്നതുപോലെ. എന്തൊരു കഷ്ടമാണിത് ? ഇതിനെയാണോ ഭാംഗിന്റെ വെണ്ണിലാവെന്ന് ജഗന്നാഥന്‍ വിശേഷിപ്പിച്ചത് ?!

അതിനിടയില്‍ ധര്‍മ്മാരാം വെളിയിലേക്കു പോയി. ഭാംഗിന്റെ ഉന്മാദത്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ ഭൂങ്കട എന്ന പ്രത്യേകതരം ഒരു കുരു രാജസ്ഥാനികള്‍ കഴിക്കാറുണ്ടത്രെ !!

“ഭാംഗ് മാങ്കേ ഭൂങ്കട, ദാരൂ മാങ്കേ ജൂത്ത് ” എന്നൊരു ചൊല്ലുതന്നെ രാജസ്ഥാനിലുണ്ട്.(ഭാംഗടിച്ചവര്‍ക്ക് ഭൂങ്കടയും, കള്ളടിച്ചവര്‍ക്ക് ചെരിപ്പും. ചെരിപ്പെന്നുവച്ചാല്‍, ചെരിപ്പുകൊണ്ടുള്ള അടി തന്നെ) രാത്രി 9 മണി കഴിഞ്ഞതുകൊണ്ട് ഒറ്റമൂലിക്കുരു കിട്ടാതെ ധര്‍മ്മ മടങ്ങിവന്നു.

ഞാനിതാ കാടുകയറിയ ചിന്തകളുമായി, അതിന്റെ ഊരാക്കുടുക്കില്‍ നിന്നും രക്ഷപ്പെടാനാവാതെ കട്ടിലില്‍ കിടക്കുകയാണ്‌. കുഴപ്പമില്ല, രാവിലെയാകുമ്പോളേക്കും എല്ലാം ശരിയാകുമെന്നാണ്‌, ധര്‍മ്മയും, രാംലാലും പറയുന്നത്‌.ചിലര്‍ക്ക്‌ ഇങ്ങിനെയുണ്ടാകാറുണ്ടത്രെ?! ചിലപ്പോള്‍ കുറെ ദിവസം തന്നെ കഴിയും ഇതില്‍നിന്നു പുറത്തുവരാന്‍. അപൂര്‍വ്വം ചിലര്‍ ഈയവസ്ഥയില്‍നിന്നും പുറത്തുവരാനാകാതെ,സ്ഥിരമായി അവിടെത്തന്നെ കുടുങ്ങിപ്പോയിട്ടുമുണ്ട്‌. മറ്റു ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യം മണിക്കൂറുകളോളം തുടര്‍ന്നുകൊണ്ടിരിക്കും. ചിരിക്കാന്‍ തുടങ്ങിയാല്‍ ചിരി തന്നെ. കരഞ്ഞുപോയാല്‍ കരച്ചിലുതന്നെ. ഒരിക്കല്‍ ഭാംഗടിച്ച്‌ വണ്ടിയോടിച്ച ധര്‍മ്മാരാം, എത്തേണ്ടസ്ഥലം കഴിഞ്ഞിട്ടും, വീണ്ടും നൂറിലധികം കിലോമീറ്റര്‍ വണ്ടി ഓടിച്ചുകൊണ്ടേയിരുന്നു. പെട്രോള്‍ തീര്‍ന്നപ്പോള്‍ വഴിയിലെവിടെയോ കിടന്നുറങ്ങി. മണിക്കൂറുകളോളം.

ഇവിടെ ഞാനിതാ ചിന്തകളുടെ ആവര്‍ത്തനലോകത്തിലാണ്‌, അതിന്റെ ചുഴിയില്‍പ്പെട്ടിട്ടാണ്‌ കൈകാലിട്ടടിക്കുന്നത്‌. കൈലാസനാഥാ അങ്ങേയ്ക്കുമാത്രമേ ഈ ചക്രവ്യൂഹത്തിനുവെളിയില്‍ എന്നെ കൊണ്ടുവരാനാകൂ. രക്ഷിക്കണേ…

ഉറങ്ങിപ്പോയതെപ്പോളാണെന്നറിയില്ല. രാത്രിയിലെപ്പോഴോ വെള്ളം കുടിക്കാന്‍ എഴുന്നേറ്റു. ഇപ്പോള്‍ ചെറിയൊരാശ്വാസം തോന്നുന്നുണ്ട്‌. വെണ്ണിലാവ്‌ അസ്തമിക്കാറായെന്ന്‌ തോന്നുന്നു. സൂര്യോദയം അടുത്തെത്തിയിരിക്കുന്നപോലെ. രാവിലെ കുറച്ച്‌ വൈകിയാണെഴുന്നേറ്റതെങ്കിലും,അപ്പോഴേക്കും ഭാംഗിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും പൂര്‍ണ്ണമായും പുറത്തുവന്നിരുന്നു. ഒരു പുനര്‍ജന്മംപോലെ.

2007 ജനുവരി 1. പുതുവര്‍ഷം പിറന്നിരിക്കുന്നു.ബ്രേക്ക്‍‌ഫാസ്റ്റ്‌ കഴിക്കാന്‍പോകുംമുന്‍പു‌തന്നെ, പുത്തന്‍വര്‍ഷത്തേക്കുള്ള റെസലൂഷന്‍ തീരുമാനിച്ചുറച്ചുകഴിഞ്ഞിരുന്നു.

ഈ പുതുവര്‍ഷത്തേക്കുമാത്രമല്ല. എല്ലാ പുതുവര്‍ഷത്തേക്കും വേണ്ടിയുള്ള റെസലൂഷന്‍ തന്നെ.

ഇനിയുള്ള ജീവിതത്തിലൊരിക്കലും അറിഞ്ഞോ അറിയാതെയോ, പരീക്ഷണത്തിനുവേണ്ടിയോ, എക്സ്പീരിയന്‍സിനുവേണ്ടിയോ, ഇതൊന്നുമല്ലാത്ത മറ്റൊരു കാരണംകൊണ്ടോ, ഭാംഗെന്നല്ല, ഇമ്മാതിരിയുള്ള ഒരു പ്രസാദവും, സേവിക്കുന്ന പ്രശ്നംതന്നെയില്ല.

കൈലാസേശ്വരാ അങ്ങ് ക്ഷമിക്കണം.

Comments

comments

34 thoughts on “ ഭാംഗിന്റെ വെണ്ണിലാവ്

  1. എഴുത്ത് നല്ല എഫക്ടീവ് ആയിട്ടുണ്ട്..

    ഇനിയുള്ള ജീവിതത്തിലൊരിക്കലും അറിഞ്ഞോ അറിയാതെയോ, പരീക്ഷണത്തിനുവേണ്ടിയോ, എക്സ്പീരിയന്‍സിനുവേണ്ടിയോ, ഇതൊന്നുമല്ലാത്ത മറ്റൊരു കാരണംകൊണ്ടോ, ഭാംഗെന്നല്ല, ഇമ്മാതിരിയുള്ള ഒരു പ്രസാദവും, സേവിക്കുന്ന പ്രശ്നംതന്നെയില്ല.

    ഈ പ്രതിജ്ഞ തുടര്‍ന്നും നിറവേറ്റാന്‍ സാധിക്കട്ടെ..ക്രിസ്തുമസ് നവവത്സര ആശംസകള്‍…

  2. നല്ല എഴുത്ത് മാഷേ…
    ചുമ്മാതല്ല വണ്‍മാന്‍ ഷോ എന്ന ചിത്രത്തില്‍ കൊച്ചിന്‍ ഹനീഫ പറയുന്നത് ജനുവരി 1 ആണ് ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിവസം എന്ന്.
    ക്രിസ്തുമസ് നവവത്സരാശംസകള്‍.!

  3. ആ പൂതി ഏതായാലും തീര്‍ന്നില്ലേ സന്തോഷം…..
    യെ ദില്‍ നഹി മാങ്കേകാ മോര്‍…
    എഴുത്ത് നന്നായി

  4. നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍ ഇവിടെ ചുമ്മാ എഴുത് മാഷേ,, വിലയേറിയതെന്നല്ല, വളരെ വളരെ വിലയേറിയതാണ്, സൂക്ഷിച്ച് വെച്ചോണം.
    വായിച്ചപ്പൊ ഞാനും ഭാംഗ് അടിച്ചത് പോലെ തോന്നി,
    എഴുത്ത് നല്ല ഭംഗിയാവുന്നുണ്ട്,
    ക്രിസ്മസ്സ് നവവത്സരാശംസകള്‍:)

  5. നിരക്ഷരാ,
    ഭാംഗിന്‍റെ ഭ്രാന്ത് ഒരു പ്രാവശ്യം അറിഞ്ഞിട്ടുള്ളവര്‍ക്ക് (രസിച്ചവര്‍ക്കല്ല)ഈ പോസ്റ്റ് , പഴയ ഓര്‍മ്മകളേ ഒരു ചെറിയ ഉള്‍ക്കിടിലത്തോടെ വിളിച്ചുണര്‍ത്തും.
    കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ഹോളി ദിവസം. കൂട്ടുകാരിലാരോ ഒരു ഭാംഗിന്‍റെ ബര്‍ഫി സമ്മാനമായി നല്‍കി. ഒരു കഷണം കഴിച്ചു. ഒരു കുഴപ്പവുമില്ലായിരുന്നു. പിരിയുമ്പോള്‍ ഒരു ചെറു കഷണം കൂടി കഴിച്ചു കൊണ്ട് തന്നെ ബൈക്ക് സ്റ്റാര്‍ടു ചെയ്തു. എങ്ങനെ വീട്ടിലെത്തിയെന്നതും മറ്റും വിസ്താരഭയത്താല്‍‍ എഴുതുന്നില്ല. വീട്ടിലെത്തിയ ഉടനെ കട്ടിലില്‍ കിടന്നതും വിവാഹം കഴിഞ്ഞു് രണ്ടുമാസം പ്രായമായ ഭാര്യയോട് പറഞ്ഞതും ഓര്‍ക്കുന്നു. “ഞാനൊരല്പം ഭാംഗ് കഴിച്ചു. തന്നെത്താന്‍ മാറിക്കോളും.പേടിക്കരുത്.“ ഭാംഗെന്തെന്നറിയാതെ, അടുത്ത വീട്ടിലെ ചെച്ചിയെ വിളിച്ച് ശൂശ്രൂഷയും തൈരു കുടിപ്പിച്ചതും ഒക്കെ. പിന്നിതുവരെ. ഖൈക്കേ…പാനു ബനാറസുവാലാ….നഹി, നഹി.
    ക്രിസ്തുമസ്സ് നവവത്സരാശംസകള്‍.:)

  6. മൂര്‍ത്തി – പ്രതിജ്ഞ ഞാന്‍ നിറവേറ്റും .

    ജിഹേഷ് – എഴുത്തിഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം .

    വാല്‍മീകി – വണ്‍മാന്‍ ഷോ സിനിമയിലെ ആ രംഗം ഓര്‍ക്കുന്നില്ല. ഒന്നുകൂടെ കാണണം .

    പ്രിയ ഉണ്ണികൃഷ്ണന്‍ – പല എഴുത്തുകാരും , പാട്ടുകാരുമൊക്കെ ഈ വക സാധനങ്ങള്‍ ഉപയോഗിക്കുന്നുണ്ട് . വയനാട്ടിലെ ഒരു രാഷ്ടീയക്കാരന്‍ , ഗുരുവായൂരുള്ള ഒരു എഴുത്തുകാരന്‌ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതായി എനിക്കറിയാം . കഞ്ചാവടിക്കാത്തതുകൊണ്ട് ഇപ്പോള്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല എന്നാണദ്ദേഹം പറയുന്നത് .

    കുഞ്ഞായീ – രാജസ്ഥാനിലൊക്കെ പോകുന്നതല്ലെ?! തിന്നുന്നതും , കുടിക്കുന്നതുമൊക്കെ ശ്രദ്ധിക്കണം . ധര്‍മ്മാരാമിനേയും , രാംലാലിനേയും കാണുമ്പോള്‍ ചോദിച്ചുനോക്കിയാല്‍ , ഈ പോസ്റ്റിന്റെ ബാക്കി അവര്‍ പറഞ്ഞുതരും . അവരിപ്പോള്‍ എന്നെ കാണുമ്പോള്‍
    “മനോജ് ഭായ് , കിധര്‍ ലഗാ ? ” എന്നാണ്‌ കളിയാക്കി ചോദിക്കുന്നത്‌.

    ബാജി ഓടംവേലി – ക്രിസ്തുമസ് ആശംസകള്‍

    സാജന്‍ – നന്ദി, ക്രിസ്തുമസ് ആശംസകള്‍

    വേണു – ഹോ സമാധാനമായി. എന്റെ അന്നത്തെ അവസ്ഥ വേണുവിന്‌ കൃത്യമായി മനസ്സിലായിക്കാണുമെന്ന് എനിക്കുറപ്പാണ്‌.

    എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ആശംസകള്‍

  7. നിരക്ഷരന്‍..
    ഭാംഗും അതിന്‍റെ ആഫ്റ്റെര്‍ എഫ്ഫെക്ത്സും വളരെ നന്നായിരിക്കുന്നു….
    നിങ്ങളുടെ റിസലൂഷന്‍ തുടരട്ടെ..
    നവവത്സരാശംസകളോടെ
    സസ്നേഹം
    ഗോപന്‍

  8. ഭാംഗിന്റെ മസ്തിഷ്ക്കപ്രക്ഷാളനം ശ്വാസം പിടിച്ചിരുന്നു വായിച്ചൂ..അവതരണശൈലി നന്നായിട്ടുണ്ട്..:)
    ക്രിസ്തുമസ് നവവത്സര ആശംസകള്‍…

    ഓ.ടോ
    വേണുമാഷെ, യൂ ടൂ ;)

  9. നിരക്ഷരന്‍‌ ചേട്ടാ…
    അങ്ങനെയും ഒരു എക്സ്പീരിയന്‍‌സ് അല്ലേ?

    “ഇയാളെന്തിനാണെന്റെ തല തടകുന്നത് ?, അടിച്ചുവീഴ്ത്തിയാലോ എന്ന് ഉന്മാദാവസ്ഥയും , സ്നേഹത്തോടെ ചെയ്യുന്നതല്ലേ, അയാളെ ഉപദ്രവിക്കരുത് എന്നു ഉപബോധമനസ്സും വടംവലി നടത്തിക്കൊണ്ടിരുന്നു.”

    ഹ ഹ. ചിരിച്ചു പോയി. ആ പാവത്തിനെ അടിയ്ക്കാതിരുന്നതു നന്നായി.

  10. ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭംഗടിച്ച പോലൊരു പ്രതീതി. അത്രയ്ക്ക് സുന്ദരമായി എഴുതിയിരിക്കുന്നു.

    പിന്നെ ദാ ഇതില്ലേ ഈ ട്രാവല്‍ പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ അങ്ങിനെയാണു്‌. എന്തുകിട്ടിയാലും തിന്നും, എന്തുകിട്ടിയാലും കുടിക്കും. തിന്നും കുടിച്ചും, യാത്ര ചെയ്തു്‌, കാഴ്ചകള്‍ ക‌ണ്ട് അങ്ങിനെ നടക്കാം. എന്നിട്ടതിനൊക്കെ ശംബളവും വാങ്ങാം. ഭാഗ്യവാന്മാര്‍. പലപ്പോഴും അസൂയ തോന്നിപ്പോയിട്ടുണ്ടു്‌. അങ്ങനെ അസൂയപ്പെടാറുള്ള മറ്റൊരാള്‍ കൂടി. എനിക്ക് വളരെ ഇഷ്ടമുള്ള ചാനലാണ് ട്രാവല്‍ ആന്റ് ലിവിംഗ്. പല പരിപാടികളും കാണാമ്പോ ഞാന്‍ വിചാരിക്കാറുണ്ടായിരുന്നു. ദൈവമേ നിനക്ക് എന്നെ ഇതിന്റെ ഒരു അവതാരകയാക്കി കൂടേയെന്ന്. അങ്ങനെ ചുറ്റി നടക്കാനുള്ള കൊതി കൊണ്ടാ.

    പക്ഷേ ഇപ്പോ ഞങ്ങള്‍ക്ക് ആ ചാനല്‍ ശരിക്കും കിട്ടണില്ല :(

  11. ഗോപന്‍ :-)

    ഗുപ്തന്‍ :-)

    മയൂര :-)ഇനി ശ്വാസം വിട്ടോളൂ.

    ഷാരു :-)

    ശ്രീ :-)ഞാന്‍ കുറേ നിയന്ത്രിച്ചതുകൊണ്ട് അടി നടന്നില്ല.

    ദീപു :-)അപ്പറഞ്ഞത് ശരി തന്നെ. വെറും 12 രൂഭാ മാത്രം ഭാംഗിന്റെ ഒരു ഗുളികയ്ക്ക്.

    ജാബി :-)എന്താ ഒന്നടിച്ചു നോക്കുന്നോ ?

    ആഷ:-)ഞാന്‍ ഒരു ചിന്ന ട്രാവല്‍ & ലിവിങ്ങ് പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട്. ആദ്യം കേരളമാകെ. പിന്നെ ഇന്ത്യ മുഴുവനും . കേരളം 3 മാസം കൊണ്ടും, ഇന്ത്യ ഒരു വര്‍ഷം കൊണ്ടും കറങ്ങിത്തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത് . അതിനെ കാസറ്റ് ഞാന്‍ അയച്ചുതരാം . പോരേ ?
    ആന്റണി ബോര്‍ഡന്റെ അത്രയ്ക്ക് വരില്ല എന്നാലും.

    എന്നാലും ചാ‍നല് കിട്ടാത്തത് കഷ്ടമായിപ്പോയി.

    ഭാംഗടിച്ച എല്ലാവര്‍ക്കും നന്ദീട്ടോ.:-)

  12. really due to curiosity i just read it from the beginning and then i skipped the middle part and then i scrolled to the last to know atlast what was ur condition.

  13. നിരക്ഷരന്‍,

    പ്രയാസിയുടെ തംബാക് പോസ്റ്റിലിട്ട ലിങ്ക് വഴി എത്തി. വളരെ നല്ല വിവരണം.

    ഡല്‍ഹിയില്‍ പഠിച്ച സമയത്തു ഹോസ്റ്റലില്‍ എല്ലാ ഹോളിക്കും ഭാംഗ് പാലിലും പക്കവടയിലും (നാട്ടിലെ പക്കാവട അല്ല) വിതരണം ചെയ്യും (നോര്‍ത്തില്‍ ഇതു കുറ്റം അല്ല). ഭാംഗ് കുടിച്ചിട്ട് ഹോളിക്ക് നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ എല്ലാം കൂടി ഒരു വലിയ മൈതാനിയില്‍ ഒത്തു കൂടും. പാട്ട്, ഡാന്‍സ്, പ്രസംഗം എന്നുവേണ്ട എല്ലാം ഉണ്ടാകും. ഒരിക്കലും സ്റ്റേജില്‍ കയറാത്തവര്‍ അന്ന് മാത്രം വലിയ ഫോമില്‍ ആകും. ഭാംഗ് കുടിക്കാതെ പലപ്രാവശ്യം ഈ കലാ പരിപാടികള്‍ ആസ്വദിച്ചിട്ടുണ്ടെങ്കിലും ഒരു പ്രാവശ്യം ഒരു ഗ്ലാസ് പാല് കുടിച്ചു….ഹെന്റമ്മോ. ഇത്രയും പ്രയാസം വന്നില്ലെങ്കിലും ഏകദേശം ഇതുപോലെ. സ്റ്റേജ് വളരെ അടുത്തുകാണും, പിന്നെ ദൂരെ, കുറച്ചു നേരം മരത്തിന്റ്റെ തണലില്‍ നില്ക്കും, പിന്നെ അറിയാതെ വെയിലത്തേക്ക് മാറും …..മു‌ന്നു നാല് മണിക്കു‌ര്‍ ഇതുപോലെ തരികിട….ചില പാര്‍ട്ടികളെ മരത്തില്‍ കെട്ടിയിടണം, അല്ലെങ്കില്‍ പറന്ന് പോകും എന്നാണ് അവരുടെ വിശ്വാസം……

  14. സിന്ധൂ – അത് ചെയ്യരുതായിരുന്നു. സസ്പെന്‍സ് പോയില്ലേ ? :)

    ജോഷീ – ചുമ്മാ എഴുത്. പക്ഷെ ഭാങ്ക് അടിച്ചിട്ട് എഴുതണ്ട. പിടിച്ചാല്‍ കിട്ടില്ല :)

    ബബ്‌ലൂ – മകനേ…ഇതുപോലെയുള്ള പരീക്ഷണങ്ങള്‍ അറിഞ്ഞുകൊണ്ട് ചെയ്യാന്‍ ഇനി ഞാനില്ല.

    പ്രയാസി – നല്ല ഭംഗി തന്നെ. ഒന്ന് അടിച്ച് നോക്ക്. അപ്പോളറിയാം.

    ശ്രീവല്ലഭന്‍ – അപ്പോള്‍ ഈ ബൂലോകത്ത് വേണുജീം, വല്ലഭന്‍‌ജീം, ഞാനും മാത്രമേ ഈ ഭാങ്ക് അടിച്ച മഹാന്മാരായി നിലവിലുള്ളോ ?

    മൊയ്‌ലു – നന്ദി :)

    പച്ചാളം – എന്തിനാ മാഷേ ചുമ്മാ ഓരോന്ന്… അടിച്ചാല്‍ പുകിലായിപ്പോകുമെന്നത് മൂന്നരത്തരം. കിട്ടണമെങ്കില്‍ വടക്കേ ഇന്ത്യയില്‍ എവിടെയെങ്കിലും തന്നെ പോകണം.
    സീ.ഡി. ഞാന്‍ കുറിയറില്‍ അയച്ചേക്കാം. ആദ്യം യാത്ര പോയി വരട്ടെ. :) :)

    ഇക്കാസോ – ആ പറഞ്ഞത് ന്യായം. ഹോ എന്താ ഒരു പ്രാസം. സമ്മതിച്ചിരിക്കുന്നു മാഷേ … :) :)

    ഭാങ്ക് അടിക്കാന്‍ വൈകിയാണെകിലും ഈ വഴി വന്നവര്‍ക്കെല്ലാം വളരെ വളരെ നന്ദി.

  15. ആ ഭംഗടിച്ച ഭാഗത്തുന്നങ്ങോട്ടു വായിച്ചപ്പോ ഞാനും ഭംഗടിച്ച പോലൊരു പ്രതീതി. അത്രയ്ക്ക് സുന്ദരമായി എഴുതിയിരിക്കുന്നു.

  16. അപ്പൊ ഇതൊക്കെയാണീ ഉന്മാദാവസ്ഥ എന്നു പറയുന്നതല്ലേ? വിവരണത്തിലൂടെ ആ ഉന്മാദാവസ്ഥ ശരിക്കും അനുഭവിപ്പിച്ചു

  17. ഈ ബ്ലോഗിൽ ഒരു ദിവസം മുഴുവൻ തപസ്സിരുന്നാലും നഷ്ടമില്ല… എനിക്കു ഈ ബ്ലോഗ് വായിച്ച് മതിവരുന്നില്ല, എത്ര പോസ്റ്റുകളാണ്… തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും അൽപ്പസമയം കിട്ടുന്ന ഒഴിവിലാണ് വന്നു വായിക്കുന്നത്.. സ്വന്തമായി കമ്പ്യൂട്ടർ പോലുമില്ലാത്ത…കാഴ്ചക്കാരൻ..

  18. My Dear the same experience i had while i was at Kolkata on Holi festival day in 2007. I had 7 glassess of milk with Bhang from morning 9 to 12 and after that i felt that iam going to die. I told my friends that if i die please take my body to kerala.The same feelings you had, I also had, The only thing saved me is that I have vomited a lot. My friends gave me lot of Imli (Puli) water and Lemon jiuce, I was admitted to Hospital, where I was for 3 hrs.

  19. ഉണർന്നത് ജനുവരി ഒന്നിന് രാവിലേതന്നെ അല്ലേ ? ഉറപ്പാണല്ലോ?

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>