കേരളം

അടുത്തടുത്ത് ഇരിക്കാൻ പറ്റാത്ത ആൺ പെൺ മലയാളികൾ


333
1986 – 90 കാലയളവിൽ കണ്ണൂർ ഗവ: എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലം. തുടക്കത്തിൽ കോളേജിനുണ്ടായിരുന്നത് ഒരു ബസ്സ് മാത്രമാണ്. വീട്ടിൽ നിന്ന് വരുന്നവരുടേയും ലേഡീസ് ഹോസ്റ്റൽ മെൻസ് ഹോസ്റ്റൽ അന്തേവാസികളുടേയും, മൂന്ന് നേരത്തെ സഞ്ചാരം ഈ ഒരേയൊരു ബസ്സിലാണ്. ആദ്യത്തെ ബാച്ചിലെ 160 പേരിൽ പെൺകുട്ടികൾ 12 പേർ മാത്രം. ആയതുകൊണ്ട് തന്നെ ക്ലാസ്സിലും ബസ്സിലുമെല്ലാം ആൺപെൺ വ്യത്യാസമൊന്നും ഇല്ലാതെ എല്ലാവരും ഇടകലർന്നാണ് ഇരിക്കുന്നത്. അല്ലെങ്കിലും ഒരു പ്രൊഫഷണൽ കോളേജിലോ മറ്റേതെങ്കിലും കോളേജിലോ സഹപാഠികൾ ഇടകലർന്ന് ഇരിക്കുന്നതിൽ എന്താണ് പ്രശ്നം ?

പെൺകുട്ടികൾക്ക് സിനിമയ്ക്ക് പോകണമെന്ന ആവശ്യം ലേഡീസ് ഹോസ്റ്റൽ വാർഡനോട് പറയുമ്പോൾ, വാർഡൻ തന്നെ മെൻസ് ഹോസ്റ്റലിൽ വിളിച്ച് പെൺകുട്ടികൾക്ക് കൂട്ട് പോകാൻ ആൺകുട്ടികളോട് പറയുന്ന ഒരന്തരീക്ഷം ഉണ്ടായിരുന്ന കോളേജിലെ കാര്യമാണ് ഇപ്പറയുന്നത്. സിനിമയ്ക്ക് പോയാലും, ആണാണോ പെണ്ണാണോ എന്ന ചിന്തകളൊന്നും ഇല്ലാതെ കിട്ടുന്ന സീറ്റുകളിൽ എല്ലാവരുമങ്ങ് ഇരിക്കും.

ഇങ്ങനെ ബസ്സിലും സിനിമാ തീയറ്ററിലുമൊക്കെ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് ഇരിക്കുന്നത് തദ്ദേശവാസികൾക്ക് ചെറുതല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് അവരുടെ പ്രതികരണങ്ങളിൽ നിന്ന് ഞങ്ങൾക്കെല്ലാവർക്കും മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ലോക്കൽസിൻ്റെ കൂട്ടത്തിലുള്ള ഇതൊന്നും ഒരു വിഷയമായി കണക്കാക്കാത്ത, ഞങ്ങളുടെ സുഹൃത്തുക്കൾ, നാട്ടുകാരുടെ മനോഭാവം ഇതാണെന്ന് ഞങ്ങളോട് പങ്കുവെച്ചിട്ടുമുണ്ട്. ഞങ്ങളതൊന്നും കാര്യമാക്കാതെ അതേപടി തന്നെ പൊയ്ക്കൊണ്ടിരുന്നു.

ഇപ്പറഞ്ഞത് അത്രയും 38 വർഷം മുൻപ് നടന്ന കാര്യങ്ങൾ. അതിപ്പോൾ പറയാൻ കാരണം, തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗിൻ്റെ (CET) ബസ്സ് ഷെൽറ്ററിൽ ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരിക്കുന്നത് ഒഴിവാക്കാനായി നാട്ടുകാർ ഇടപെട്ട് നീളത്തിലുള്ള ബെഞ്ച് വെട്ടിമുറിച്ച് വെവ്വേറെയുള്ള 3 കസേരകളാക്കിയതിൻ്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നത് കാണാനിടയായതുകൊണ്ടാണ്.

നാട്ടുകാരുടെ ആ പ്രതികരണത്തിനും സദാചാരപ്രവർത്തിക്കും മുഖമടച്ചുള്ള മറുപടി കുട്ടികൾ നൽകിക്കഴിഞ്ഞു. അടുത്തടുത്ത് ഇരുന്നാലല്ലേ കുഴപ്പമുള്ളൂ. മടിയിൽ ഇരുന്നാൽ കുഴപ്പമില്ലല്ലോ എന്ന തലക്കെട്ടോടെ ആ 3 കസേരകളിൽ ആണും പെണ്ണുമടക്കം 7 കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും തോളിക്കൈയിട്ട് മടിയിൽക്കയറിയിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നുകഴിഞ്ഞു. (രണ്ട് ചിത്രങ്ങളും ഇതോടൊപ്പം കാണാം.) പിള്ളേർ വേറെ ലെവലാണെന്ന് ഇപ്പോഴെങ്കിലും സദാചാരവാദികൾക്ക് മനസ്സിലായിക്കാണുമെന്ന് കരുതുന്നു.

ഇനി ഇത്തരം സദാചാര പ്രവർത്തനങ്ങൾ നടത്തുന്ന പുംഗവന്മാർ ഒരാൾ പോലും കേരളത്തിന് വെളിയിൽ എന്താണ് നടക്കുന്നതെന്ന് അനുഭവിച്ചറിഞ്ഞിട്ടില്ലെങ്കിൽ, അക്കാര്യമൊന്ന് വിശദമാക്കിത്തരാം. കോളേജ് എന്ന മതിൽക്കെട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങളല്ല, പൊതുവിടങ്ങളിൽ നടക്കുന്ന കാര്യങ്ങൾ തന്നെ.

പൊതുയാത്രാ സംവിധാനങ്ങളിൽ (അതായത് ബസ്സ് അല്ലെങ്കിൽ തീവണ്ടി) ആണും പെണ്ണും അടുത്തടുത്ത് ഇരിക്കാത്ത ഒരു സ്ഥലമുണ്ടെങ്കിൽ, (ഇരിക്കുന്നുണ്ടെങ്കിൽത്തന്നെ ആശങ്കകളോടെ ഇരിക്കുന്ന) അത് കേരളം എന്ന സമ്പൂർണ്ണ സാക്ഷര സംസ്ഥാനം മാത്രമാണ്. പെണ്ണിന് റിസർവ്വ് ചെയ്ത സീറ്റിൽ ആണ് ഇരുന്നതിൻ്റെ പേരിൽ ബസ്സുകളിൽ ഒച്ചപ്പാടും ബഹളവും ഉണ്ടാകുന്ന ഏക സംസ്ഥാനം കേരളമാണ്. ആണും പെണ്ണും അടുത്തടുത്ത് ഇരിക്കുന്നതിന് പ്രശ്നമുള്ള രണ്ടാമതൊരു സ്ഥലം ലോകത്തെവിടെയെങ്കിലും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെങ്കിൽ, അത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ മാത്രമായിരിക്കും.

എന്നിട്ടോ ? അടുത്തടുത്ത് ഇരുന്നില്ലെങ്കിൽപ്പോലും തോണ്ടലും മുട്ടലും തട്ടലും മുതൽ ബസ്സ് യാത്രയ്ക്കിടയിൽ ഒരു സ്ത്രീയുടെ ശരീരത്തിൽ സ്ഖലിപ്പിച്ചതിൻ്റെ പേരിൽ വരെ പ്രമാദമായ കേസുണ്ടിവിടെ ?

ഇത്രയും വിദ്യാഭ്യാസം ഉണ്ടായിട്ടും കേരളത്തിൽ എന്തുകൊണ്ടിങ്ങനെ ? വിദ്യാഭ്യാസം കാര്യമായിട്ടില്ലാത്ത അയൽസംസ്ഥാനങ്ങളിൽപ്പോലും ഇല്ലാത്ത ഇത്തരം പ്രശ്നങ്ങൾ എന്തുകൊണ്ട് കേരളത്തിൽ മാത്രം ? വല്ല്യ വല്ല്യ ചിന്തകരും സാമൂഹ്യപ്രവർത്തകരും മനോരോഗചികിത്സകരും ഭരണകർത്താക്കളും അടക്കമുള്ളവർ കൂട്ടം കൂടിയിരുന്ന് ചിന്തിച്ച് ഉത്തരം കണ്ടുപിടിച്ച് ചികിത്സ നൽകേണ്ട കൊടിയ മാനസ്സിക വൈകല്യമാണിത്. ലൈംഗിക ദാരിദ്ര്യമാണെന്ന് അഭിപ്രായമുള്ളവരുണ്ടെങ്കിൽ എനിക്കതിനോടും വിയോജിപ്പില്ല.

38 വർഷം മുൻപ് ഞാൻ കോളേജിൽ പഠിക്കുമ്പോൾ കണ്ടനുഭവിച്ചതിൽ നിന്ന് സമൂഹം അൽപ്പം പോലും മുന്നോട്ട് പോയില്ലെന്ന് മാത്രമല്ല, നല്ലപോലെ പിന്നോട്ടടിക്കുകയും ചെയ്തിട്ടുണ്ടെന്നതിന് ഒരു സംശയവും വേണ്ട. അതുകൊണ്ട് ചികിത്സ അൽപ്പം പോലും വൈകാൻ പാടില്ല. പാഠ്യവിഷയമായിട്ട് തന്നെ ചികിത്സിക്കുകയും വേണം.

ഈ ബസ്സ് ഷെൽറ്ററിൻ്റെ പിന്നിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിങ്ങളുടെ കുട്ടികൾ ഇതൊക്കെ കണ്ട് വഴിപിഴച്ച് പോകുകയോ പ്രേമക്കുടുക്കുകളിൽ ചെന്ന് പെടുകയോ ചെയ്യുമെന്ന് കരുതിയാണ് ഇത്തരം ഊളത്തരങ്ങൾ ചെയ്യുന്നതെങ്കിൽ ഒരു കാര്യം മനസ്സിലാക്കി വെക്കുക. പ്രകൃതി മനുഷ്യനെ കോൺഫിഗർ ചെയ്തിരിക്കുന്നത് പ്രകാരം, ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും ആകർഷണവും പ്രേമവും കാമവുമൊക്കെ തോന്നിത്തുടങ്ങുന്ന പ്രായം തന്നെയാണിത്. അപ്പറഞ്ഞതൊക്കെ അവരൊന്നും പൊതുനിരത്തിൽ പരസ്യമായി പ്രകടിപ്പിക്കുന്ന സ്ഥായിയായ അവസ്ഥ ഏതായാലും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. (നാളെ ഉണ്ടായെന്ന് വരാം) ആയതിനാൽ നിങ്ങൾ എത്രയൊക്കെ നിയന്ത്രണങ്ങളും നിഷ്ക്കർഷകളും നടപ്പിലാക്കിയാലും അതെല്ലാം മറികടന്ന് പ്രേമവും കാമവും ഒളിച്ചോട്ടവുമൊക്കെ അവർ നടപ്പിലാക്കുക തന്നെ ചെയ്യും. അതിനുള്ള സാങ്കേതിക സാമഗ്രികൾ ഇന്നവരുടെ
കൈവശമുണ്ട്.

ആയതിനാൽ, അധികം ബലം പിടുത്തത്തിന് പോകാൻ നിൽക്കരുത്. അതിന് പകരം, സഹജീവികളെന്ന നിലയ്ക്ക്, മാന്യമായും സഭ്യമായും എത്തരത്തിൽ പെരുമാറണമെന്ന് നിങ്ങളുടെ കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക. യു. കെ. ജി. കുട്ടികളെപ്പോലും ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നതൊക്കെ എന്താണെന്ന് പഠിപ്പിക്കുന്നതിൽ നമ്മൾ നല്ലൊരുപങ്ക് വിജയിച്ച് കഴിഞ്ഞിരിക്കുന്നു. അങ്ങനെയുള്ള കാലഘട്ടത്തിൽ കോളേജിൽ പഠിക്കുന്ന ആൺകുട്ടിയും പെൺകുട്ടിയും അടുത്തടുത്ത് ഇരിക്കുന്നുണ്ടെങ്കിൽ, അവൻ മാന്യനാണെന്നും എന്ത് സഹായത്തിനും അവനുണ്ടാകുമെന്നും അവൾക്കുറപ്പുള്ളതുകൊണ്ടാണ്. അവളെ സഹോദരിയെപ്പോലെ അവൻ കാണുന്നതുകൊണ്ടാണ്. അതല്ല അവർ പ്രേമലോലുപരായി ഇരിക്കുകയാണെങ്കിൽ, അതും ഈ രാജ്യത്ത് ഒരു കുറ്റമല്ല.

കുഴപ്പം നിങ്ങൾ സദാചാരവാദികളായ സമൂഹത്തിൻ്റേത് മാത്രമാണ്. തിരുത്തിയാൽ നിങ്ങൾക്ക് കൊള്ളാം. അല്ലെങ്കിൽ സ്വന്തം കുട്ടികളുടെ മുന്നിൽ ഇളിഭ്യരായും വിലയില്ലാത്തവരുമായി മാറും. മഴ വന്നാൽപ്പോലും നിങ്ങളിലൊരാൾക്ക് ആ ബസ്സ് ഷെൽറ്ററിൽക്കയറി കുട്ടികൾക്കൊപ്പം ചേർന്ന് നിൽക്കാൻ പറ്റിയെന്ന് വരില്ല. അത്ര തന്നെ.