ചിത്തോർഗഡ് കോട്ടയുടെ രണ്ടാം ദിവസത്തെ വിവരണത്തിൽ ഞാനൊരു സാരിയെപ്പറ്റി പറഞ്ഞിരുന്നു. അത് താഴെ കാണുന്ന പ്രകാരമാണ്.
“സീതാഫലിൻ്റെ മരത്തിന്റെ തണ്ടിൽ നിന്ന് നൂലുണ്ടാക്കി അത് വെച്ച് സാരി നിർമ്മിക്കുന്ന ഭിൽ ആദിവാസികൾ കോട്ടയുടെ പരിസരത്തുണ്ട്. കോട്ടയ്ക്കകത്ത് അല്ലാതെ ഇന്ത്യയിൽ മറ്റെങ്ങും ഈ സാരി കിട്ടില്ലെന്നാണ് അവർ അവകാശപ്പെടുന്നത്. സാരിയുടെ നിറം പോലും ജൈവികമായാണ് നൽകുന്നത്.”
ഇനി അൽപ്പം കൂടി വിവരണം തരാം. ഈ സാരി കഴുകിയാൽ റോസാപ്പൂവിൻ്റെ സുഗന്ധം വരും. സാരിയിൽ പച്ചവെള്ളം ഒഴിച്ച് അവരത് എനിക്ക് കാണിച്ച്, മണപ്പിച്ച് തന്നു. നാലോ അഞ്ചോ അലക്ക് കഴിയുന്നത് വരെ ഈ സുഗന്ധം നിലനിൽക്കും. കഴുകാത്ത സമയത്ത് അഥവാ ഷോറൂമിൽ വെറുതെ ഇരിക്കുന്ന സമയത്ത് സാരിക്ക് സാധാരണ തുണിയുടെ മണം മാത്രമാണ്. സാരിയിൽ കാണുന്ന ഡിസൈൻ, പ്രിന്റ് ആണ് നെയ്ത്ത് അല്ല. റാണി പത്മിനി സാരി എന്നും അവരിതിനെ വിളിക്കുന്നു.
സീതാഫൽ കമ്പുകൾ കെട്ടുകളാക്കി പായൽ മൂടിയ തടാകങ്ങളിലെ വെള്ളത്തിനടിയിൽ ഇട്ടാണ് നാരുകളാക്കുന്ന പ്രക്രിയയ്ക്ക് അതിനെ പാകപ്പെടുത്തുന്നത്. ആ തടാകങ്ങളിലെ പ്രത്യേക ബാക്ടീരിയ ഈ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്നു എന്നവർ പറഞ്ഞതിന്റെ ശാസ്ത്രീയ ആധികാരികത എനിക്കുറപ്പില്ല.
കേരളത്തിൽ നിന്ന് ഒരു സ്ത്രീ അവരുടെ കുടുംബത്തിലെ കല്ല്യാണത്തിന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകാനായി 15 സാരികൾ ഒരുമിച്ച് വാങ്ങിയെന്ന് കടക്കാരൻ പറയുന്നു.
ഇതെല്ലാം ഇപ്പോൾ പറയാൻ കാരണമുണ്ട്. സാധാരണ നിലയ്ക്ക്, യാത്രയ്ക്കിടയിൽ ഞാൻ കഴുത്തിൽ കെട്ടുന്ന ഷാളിൻ്റേയും കൈയിൽ ധരിക്കുന്ന മോതിരത്തിൻ്റേയും കണക്കെടുപ്പ് നടത്തുന്ന സ്ത്രീരത്നങ്ങൾ ആരും ഈ സാരിയെപ്പറ്റി കൂടുതൽ ഒന്നും ഇതുവരെ ചോദിച്ചില്ല.
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്…
1. എന്നെ വായിക്കുന്ന, എന്റെ സ്ത്രീ സുഹൃത്തുക്കൾക്ക് സാരിയിലൊന്നും വലിയ കമ്പമില്ല.
2. ഞാനെഴുതുന്നത് വായിക്കാതെ തന്നെ വായിച്ചു എന്ന പ്രതീതി എന്നിൽ ഉളവാക്കുകയാണ് അവർ ചെയ്യുന്നത്.
3. ഇനി അഥവാ ആരെങ്കിലും ഇത്തരം ഒരു പ്രത്യേക സാരിയെപ്പറ്റി വായിച്ചിട്ടും, ‘അതിനെന്ത് വിലയുണ്ട് ‘ എന്ന് പോലും ചോദിക്കുന്നില്ലെങ്കിൽ, എനിക്കവരെ ശരിക്കും മനസ്സിലായിട്ടില്ല.
പോകുന്ന സ്ഥലങ്ങളിലെ ഭക്ഷണം, വേഷവിധാനങ്ങൾ, ആചാരങ്ങൾ, കലകൾ, എന്നിവ ഒക്കെയും പറ്റുന്ന മുറയ്ക്ക് അവിടവിടെ ആയോ തരംതിരിച്ച് കൂട്ടത്തോടെയോ എഴുതണമെന്ന് കരുതിയിരുന്നതാണ്. ഇത് അത്തരത്തിൽ ഒരു കുറിപ്പായി കണ്ടാൽ മതി.
എന്തായാലും ഞാനിപ്പോൾ ചിറ്റോർഗഡിൽ നിന്നും നൂറ് കണക്കിന് കിലോമീറ്റർ ദൂരെ എത്തിക്കഴിഞ്ഞു. ഇനിയിപ്പോൾ ആ സാരി ആർക്കെങ്കിലും വേണമെന്നുണ്ടെങ്കിലും നടക്കുമെന്ന് തോന്നുന്നില്ല.
വാൽക്കഷണം:- ആ സാരിയിൽ വെള്ളം തളിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഷൂട്ട് ചെയ്യാൻ ആ കടക്കാരൻ സമ്മതിച്ചതുമില്ല.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#motorhomelife
#boleroxlmotorhome
#sariesofrajasthan