ചൂതാട്ടക്കാരൻ നിരക്ഷരൻ


22
ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ യാത്രയുടെ ഭാഗമായി രാജ്ഭവൻ അടക്കമുള്ള 14 ഗോവൻ കോട്ടകളും കണ്ടു. ഇനി ഗോവയിൽ കാണേണ്ടതും കാണണമെന്ന് ആഗ്രഹിച്ചതിൻ്റേയും പട്ടികയെടുത്ത് പരിശോധിക്കാം. എന്തൊക്കെ ബാക്കി നിൽക്കുന്നു?

1. അഡ്വഞ്ചർ സ്പോർട്ട്സ് എല്ലാം ഗോവയിൽ ഞാൻ നടത്തിയിട്ടുണ്ട്. മഴക്കാലമായതുകൊണ്ട് അതിൽ പലതും ഇപ്പോൾ നടക്കുന്നില്ല. ആയതിനാൽ അതെല്ലാം കണ്ടു, അനുഭവിച്ചു എന്ന് കണക്കാക്കാം.

2. ഗോവൻ ആട്ടവും പാട്ടും ഒക്കെ മുന്നേ കണ്ടിട്ടുണ്ട്.

3. കശൂമ്മാങ്ങ ഗ്രാമവാസികൾ കാലുകൊണ്ട് ചവിട്ടിക്കുഴച്ച് നീരെടുത്ത് ഫെനി ഉണ്ടാക്കുന്ന കലാപരിപാടി കാണണമെന്നുണ്ടായിരുന്നു. കശൂമ്മാങ്ങയുടെ സീസൺ കഴിഞ്ഞതുകൊണ്ട് ആ പരിപാടി കാണാനായില്ല. അതിന് മാത്രമായി ഇനിയും വരാമല്ലോ

4. പിന്നൊന്ന് ബാക്കിയുള്ളത്, ചൂതാട്ടമാണ്. ചൂതാട്ട കേന്ദ്രങ്ങളിലേക്ക് ഇതുവരെ പോയിട്ടില്ല. അതുകൂടെ ആയാലേ ഗോവയിലെ കാര്യങ്ങൾ 80% എങ്കിലും ആസ്വദിച്ചു എന്ന് പറയാനാവൂ.

ചൂതാട്ടം അഥവാ കാസിനോകൾ!!

ഒരു ധൈര്യക്കുറവ് തീർച്ചയായും ഉണ്ട്. അതിന് പലകാരണങ്ങളും ഉണ്ട്. മയക്കുമരുന്ന്, വ്യഭിചാരം, കള്ളപ്പണം എന്നിങ്ങനെ എല്ലാത്തരം മാഫിയകളും വന്ന് മറിയുന്ന ഇടമാണ്. ഒഴുകുന്നത് നല്ലൊരു പങ്കും കള്ളപ്പണം തന്നെ. ഇത്തരം ഇടങ്ങളിലെ രീതികളും ഉടായിപ്പുകളും ഒരു പിടിയുമില്ല. അങ്ങനെയങ്ങനെ പലപല കാരണങ്ങൾ.

കുറച്ച് ദിവസം മുൻപ് രാത്രി ഞാനിരുന്നിരുന്ന കൃഷ്ണ പഞ്ചാബി ധാബയിൽ ഒരു കൂട്ടം ചെറുപ്പക്കാർ വന്ന് കയറി. അതിൽ രണ്ട് പേരുടെ 15,000 രൂപ വീതം പറ്റിക്കപ്പെട്ടു എന്ന് സങ്കടം പറയുന്നത് കേട്ടു. പെൺവാണിഭത്തിന് പോയിട്ട് സംഭവിച്ചതാണ്. ഡാൻസ് ബാറുകൾ അഥവാ ക്ലബ്ബുകൾ ധാരാളമുണ്ട് ഗോവയിൽ. അതിനകത്തെ ജീവനക്കാരി തന്നെയായ ഏതെങ്കിലും പെൺകുട്ടികളെ ചൂണ്ടിക്കാട്ടി പണം വാങ്ങും അവർ. പെൺകുട്ടികൾ കസ്റ്റമറുടെ ചിലവിൽ മദ്യപിക്കുകയും ചെയ്യും. നിറമില്ലാത്ത മദ്യമായിരിക്കും മിക്കവാറും പെൺകുട്ടികൾ കഴിക്കുക. സത്യത്തിൽ അത് പച്ചവെള്ളമായിരിക്കും. ക്ലബ്ബിന് പുറത്ത് കടന്ന് പെൺകുട്ടികളെ കാത്ത് നിൽക്കുന്ന ‘കസ്റ്റമർ‘ ശരിക്കും ഇളിഭ്യനാകും. അവർ പുറത്തേക്ക് വരില്ല. അകത്ത് ചെന്ന് കാര്യം തിരക്കാമെന്ന് വെച്ചാൽ, വീണ്ടും അകത്ത് കടക്കാൻ ബൗൺസർമാർ സമ്മതിക്കില്ല. കഴുത്തിന് പിടിച്ച് പുറത്താക്കും.

ധാബയിൽ വന്ന് കരയുന്ന ചെറുക്കന്മാർക്ക് അതാണ് സംഭവിച്ചത്. ഇത്തരത്തിൽ പല കേസുകളും പാതിരാ കഴിഞ്ഞും തുറന്നിരിക്കുന്ന ധാബയിൽ വന്നാണ് സങ്കടം പറഞ്ഞ് തീർക്കുക. പോയത് അനാശ്യാസ ഇടപാടുകൾക്കായതുകൊണ്ട് പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലാൻ പറ്റില്ല. അല്ലെങ്കിലും ഇതൊക്കെ പൊലീസ് അറിഞ്ഞും ആശീർവ്വദിച്ചും പങ്കുപറ്റിയും നടക്കുന്ന വ്യവസായമല്ലേ? അതേപ്പറ്റി പരാതി പറയാതെ ബാക്കിയുള്ള മാനവുമായി കസ്റ്റമർ സ്ഥലം വിടും. അതാണ് സംഭവിച്ച് പോരുന്നത്.

ഡാൻസ് ബാറുകൾ അഥവാ ക്ലബ്ബുകൾ എന്ന് പറയുന്ന ഇടങ്ങളിൽ അബുദാബിയിലും മുംബൈയിലുമൊക്കെ ഞാൻ പോയിട്ടുണ്ട്. ചെകിടടക്കുന്ന സംഗീതവും അതിനനുസരിച്ചും അല്ലാതെയും നൃത്തമെന്ന പേരിൽ ശരീരം ചലിപ്പിക്കുന്ന മേക്കപ്പ് വാരിപ്പൂശിയ പെൺകുട്ടികൾ. കറൻസി നോട്ടുകൾ അവരുടെ തലവഴി ചൊരിയുന്ന കസ്റ്റമേർസ്. ചിലയിടങ്ങളിൽ പണത്തിന് പകരം മാലയിടരാണ്. മാല നല്ല തുക നൽകി അവിടന്ന് തന്നെ വാങ്ങാം. പെൺവാണിഭവും അതിനിടയിൽ സുലഭമായി നടക്കും. ഭക്ഷണമോ മദ്യമോ കഴിച്ച് പാട്ടും ഡാൻസും കണ്ട് പോകണമെന്നുള്ളവർക്ക് അതുമാകാം. അത് വേറേ കാസിനോ വേറെ.

എന്തായാലും മേൽപ്പടി പ്രശ്നങ്ങളൊക്കെ ഉള്ള ഒരിടത്തേക്കാണ് പോകുന്നതെന്ന ചിന്തയും ഭയവും നല്ല തോതിൽത്തന്നെ ഉണ്ട്. പക്ഷേ, ഇന്ത്യയിലോ വിദേശത്തോ ഒരു കാസിനോ പോലും കാണാതെ ചത്തൊടുങ്ങാൻ ഞാൻ തയ്യാറല്ല താനും.

ഏറ്റവും കടുത്ത കടമ്പയെന്ന് കരുതിയിരുന്ന രാജ്ഭവനിൽ കയറാനും ഗവർണ്ണറെ കാണാനും സാധിച്ചതുകൊണ്ട്, ഇനി ബാക്കിയുള്ളത് കാസിനോ സന്ദർശനം മാത്രം. ഈ രാത്രി അത് നടത്തിയിരിക്കും. രാത്രിയിലാണ് കാസിനോകൾക്ക് ജീവൻ വെക്കുക. അതങ്ങ് പുലരുവോളം നീളും.

കരയിൽ മാത്രമല്ല, മണ്ടോവിപ്പുഴയുടെ നടുക്ക് വെള്ളത്തിൽ വലിയ ബോട്ടുകളിൽപ്പോലും കാസിനോകൾ നടക്കുന്നുണ്ട്. ഇടപെടാൻ പോകുന്നത് മാഫിയയുമായിട്ടാണ്. അതേതായാലും വെള്ളത്തിന് നടുവിൽ വേണ്ട. അതുറപ്പിച്ചു.

കൃഷ്ണ ധാബയിലെ മാനേജറോട് ഞാൻ കാര്യങ്ങൾ തിരക്കി. അയാൾക്ക് പരിചയമുള്ള ആരെങ്കിലും കാസിനോകളിൽ ഉണ്ടെങ്കിൽ എനിക്കൊരു ധൈര്യമായല്ലോ. കൃഷ്ണയുടെ സുഹൃത്ത് ഒരാൾ കാസിനോയിൽ ജോലി ചെയ്യുന്നുണ്ട്. പക്ഷേ അയാളിപ്പോൾ അവധിയിൽ നാട്ടിലാണ്. ഞാൻ ഒറ്റയ്ക്ക് പോയി അനുഭവിച്ചേ തീരൂ.

കണ്ടോലിമിലുള്ള Daltin Gold കാസിനോയിലേക്ക് പോകാൻ തീരുമാനിച്ചു. ഹോട്ടലും കാസിനോയും എല്ലാം ചേർന്ന സാമാന്യം വലിയ സമുച്ചയമാണത്. അകത്ത് ധാരാളം പാർക്കിങ്ങും ഉണ്ട്. ഇരുട്ടിൽ എവിടെയോ വാഹനം പാർക്ക് ചെയ്ത് വന്നപ്പോളേക്കും അതുവരെ ഉണ്ടായിരുന്ന ധൈര്യത്തിനും ചോർച്ച സംഭവിച്ചത് മറച്ചുപിടിച്ച് ഞാനകത്തേക്ക് കടന്നു.

ധാബ മാനേജർ കൃഷ്ണ പറഞ്ഞുതന്ന പണത്തിൻ്റെ ചില കണക്കുകൾ മാത്രമാണ് കൂട്ടിനുള്ളത്. 3000 രൂപയ്ക്ക് പ്രവേശന ടിക്കറ്റ് എടുത്താൽ, 2000 രൂപയ്ക്ക് ഭക്ഷണവും മദ്യവുമൊക്കെ അതിനകത്ത് കിട്ടും. 1000 രൂപയ്ക്ക് കളി തുടങ്ങുകയും ആവാം. പിന്നീട് പണം പോയാലും കിട്ടിയാലും അനുഭവിക്കുക തന്നെ.

ഞാൻ കൗണ്ടറിലെ യുവതിയുമായി സംസാരിച്ചു. 1000, 2000, 3000 എന്നിങ്ങനെ മൂന്ന് നിരക്കുകൾ ഉണ്ട്. 3000 കൊടുത്താൽ അൺലിമിറ്റഡ് മദ്യം കഴിക്കാം. ഭക്ഷണം മൂന്ന് കാറ്റഗറിയിലും സൗജന്യമാണ്. 2000 കൊടുത്താൽ, കളിക്കാത്ത സമയത്ത് 2 ഡ്രിങ്ക് ഫ്രീ. കളിക്കുമ്പോൾ എത്ര വേണമെങ്കിലും മദ്യം സൗജന്യമാണ്. ഇത്രയുമൊക്കെ മദ്യം സൗജന്യമായി കുടിച്ചിട്ട് സ്വബോധമില്ലാതെ എന്ത് ചൂതാട്ടമാണ് മനുഷ്യർ നടത്തുന്നതെന്ന ചോദ്യത്തിനെ അപ്പോൾത്തന്നെ ഉത്തരം വന്ന് മൂടി. സ്വബോധമില്ലാത്ത പരിപാടി തന്നെയാണ് ഹേ ചൂതാട്ടം. ബോധമില്ലാത്ത ആ പരിപാടിയിലേക്ക് 2000 രൂപ ഞാനും മുടക്കി. മദ്യപിക്കാത്ത നിലയ്ക്ക് ഈ ടിക്കറ്റ് എനിക്ക് നഷ്ടമാണ്. പക്ഷേ മറ്റ് സൗകര്യങ്ങൾ എല്ലാം നോക്കിയപ്പോൾ അങ്ങനൊരു ടിക്കറ്റ് തന്നെ ഞാനെടുത്തു. കൈയിൽ ആശുപത്രിക്കാലത്ത് ഇടുന്ന ടാഗ് പോലുള്ള പച്ച നിറത്തിലെ ഒന്ന് ചുറ്റിക്കെട്ടിത്തന്നു, കൗണ്ടറിലെ ജീവനക്കാരി. അതില്ലാതെ ഒരാൾ അകത്ത് കറങ്ങി നടന്നാൽ ബൗൺസർമാർ പൊക്കുമെന്നത് മൂന്നരത്തരം. അതിൻ്റെ പശ കൃത്യമല്ലേ എന്ന് ഞാൻ ഉറപ്പ് വരുത്തി.

അകത്ത് കടന്നപ്പോൾ, മുച്ചീട്ട് മുതൽ റൂലറ്റ് (Roulette) വരെയുള്ള സകല ചൂതാട്ടങ്ങളും സജ്ജമാണ്. 30ൽ അധികം ജീവനക്കാർ ആ ഹാളിൽ മാത്രം ജോലി ചെയ്യുന്നുണ്ട്. റസ്റ്റോറൻ്റും എൻ്റർടെയിന്മെൻ്റ് ഭാഗവും ചേർത്ത് 50ൽ മേൽ ജീവനക്കാർ ഉണ്ട്. കോട്ടും സൂട്ടും ധരിച്ചവർ മുതൽ സഫാരി സ്യൂട്ട് ധരിച്ച ബൗൺസർമാരും ക്ലീനിങ്ങ് ജീവനക്കാരും അറ്റൻ്റർമാരും കളി നിയന്ത്രിക്കുന്നവരും ക്യാഷ് കൗണ്ടർ മാനേജ് ചെയ്യുന്നവരും ബാർ കൗണ്ടർ നിയന്ത്രിക്കുന്നവരുമൊക്കെ അക്കൂട്ടത്തിൽ പെടും. അകത്ത് ഫോട്ടോ പിടുത്തം നിഷിദ്ധം.

ഞാൻ ഒരീച്ച പോലും ഇല്ലാത്ത ഒരു റൂലറ്റ് മേശയിലേക്ക് നടന്നു. അതിനടുത്തായി ഒരു അറ്റൻ്റർ നിൽക്കുന്നുണ്ട്. അയാൾക്ക് എൻ്റെ രണ്ട് ഡ്രിങ്കിനുള്ള കൂപ്പൺ നൽകി കാര്യങ്ങൾ മനസ്സിലാക്കാനാണ് എൻ്റെ പരിപാടി. പക്ഷേ കൂപ്പൺ അയാൾ വാങ്ങിയില്ല. അതവർക്ക് നിഷിദ്ധമാണ്. അയാളുടെ പണി പോകും. എന്തായാലും അയാൾ കാര്യങ്ങൾ പറഞ്ഞ് തന്നു. റൂലറ്റ് കളിക്കേണ്ടത് എങ്ങനാണെന്ന് അത്യാവശ്യം പഠിപ്പിച്ച് തന്നു.

“സാർ അൽപ്പം ടെൻഷനിലാണ്. അതിൻ്റെ ആവശ്യമൊന്നുമില്ല. പണം ചിലപ്പോൾ പോയെന്നിരിക്കും. പക്ഷേ, അറിഞ്ഞ് കളിച്ചാൽ പണമുണ്ടാക്കുകയും ചെയ്യാം. ടെൻഷൻ മാറാൻ നല്ലത്, ആദ്യം ഭക്ഷണം കഴിക്കുക എന്നതാണ്. സാർ കഴിച്ചിട്ട് വരൂ. അപ്പോഴേക്കും ഇവിടെ ഒന്നുകൂടെ സജീവമാകും.“… കുറഞ്ഞ സമയം കൊണ്ട് അയാൾ എന്നെ അടിമുടി മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.

ഞാൻ റെസ്റ്റൊറൻ്റിലേക്ക് കടന്നു. അത് ആ ഹോട്ടലിൻ്റേയും റസ്റ്റോറൻ്റ് ആണ്. അവിടെ താമസിക്കുന്ന കുട്ടികൾ അടക്കമുള്ള കുടുംബങ്ങളും അവിടെ വന്നിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. അതെനിക്ക് അൽപ്പം ആശ്വാസം നൽകി. മൂന്ന് കോഴ്സ് ബുഫേ സാമാന്യം നന്നായിത്തന്നെ കഴിച്ചു. കൊടുത്ത കാശ് മുതലാക്കാനല്ല, ഈ ഗോവ സന്ദർശനത്തിൽ ഇതെൻ്റെ അവസാന അത്താഴം കൂടെയാണ്.

എത്രനേരം ധൈര്യമില്ലാതെ റസ്റ്റോറൻ്റിൽത്തന്നെ ഇരിക്കും. ഇനി ചൂതാടുക തന്നെ. പൊതുവെ ഗൗരവം മുറ്റിയ മോന്തയുള്ള ഞാൻ അൽപ്പം കൂടെ ഗൗരവം ഫിറ്റ് ചെയ്ത് വീണ്ടും കാസിനോയിലേക്ക് കടന്നു.

കള്ളപ്പണക്കാർ ക്യാഷ് കൊണ്ടുവന്ന് മറിക്കുന്ന ഇടത്ത് 1000 രൂപയുടെ ടോക്കൺ വാങ്ങാൻ എനിക്ക് ATM കാർഡ് ഉപയോഗിക്കേണ്ടി വന്നു. കാസിനോകളിൽ പോകുന്നവരുടെ കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ എടുക്കുന്നുണ്ടെങ്കിൽ അതിലേക്കിതാ ഞാനും. എൻ്റെ റൂലറ്റ് മെഷീൻ ടോക്കൺ എടുക്കില്ല. പക്ഷേ, അതിൽ കറൻസി നിക്ഷേപിക്കാം. ടോക്കണിന് പകരം ക്യാഷ് കൗണ്ടറിൽ നിന്ന് കറൻസി വാങ്ങി ഞാനത് മെഷീനിൽ നിക്ഷേപിച്ചു.

ചൂതാട്ടം ആരംഭിക്കുകയായി. അപ്പുറത്ത് നിന്ന് എൻ്റെ വെയ്റ്റർ ഒളികണ്ണിട്ട് നോക്കുന്നത് കാര്യമാക്കിയില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ പറഞ്ഞ് തരേണ്ടത് അയാൾ തന്നെ ആണല്ലോ. നോക്കിക്കോട്ടെ.

കളി പുരോഗമിച്ചു. Place your bets എന്ന് മെഷീൻ പ്രലോഭിപ്പിച്ചുകൊണ്ടേയിരിക്കും. 42 സെക്കറ്റിനുള്ളിൽ ബെറ്റ് ബെക്കാം. അല്ലെങ്കിൽ കളി നോക്കിയിരിക്കാം. ഒരു ബെറ്റിന് മിനിമം 50 രൂപ ചിലവാക്കിയാലും മതി. ഞാൻ വെക്കുന്ന ബെറ്റൊന്നും ഏൽക്കുന്നില്ല. വേറെ നമ്പറുകൾക്കാണ് പണം അടിക്കുന്നത്. ഒന്നോ രണ്ടോ നാലോ എട്ടോ നമ്പറുകൾ തിരഞ്ഞെടുക്കാം. ഞാൻ നാല് നമ്പറുകൾ ഒറ്റയടിക്ക് എടുത്തുള്ള ശ്രമങ്ങളാണ് ആദ്യം നടത്തിയത്. പക്ഷേ സംഗതി ഏൽക്കുന്നില്ല. പണം പൊയ്ക്കൊണ്ടേയിരുന്നു. 1000 രൂപ ക്രെഡിറ്റ് എന്നത് 400 രൂപയായി കുറഞ്ഞു.

ഇതൊരു അനുഭവത്തിന് വേണ്ടി മാത്രമുള്ള ചൂതാട്ടമാണ്. 1000 രൂപ എപ്പോൾ തീരുന്നോ അപ്പോൾ സ്ഥലം കാലിയാക്കുക, അതല്ലെങ്കിൽ മുടക്കിയ 3000 രൂപയ്ക്ക് മുകളിൽ ഒരു രൂപ അധികം എപ്പോൾ കിട്ടുന്നോ അപ്പോൾ സ്ഥലം വിടുക, എന്നതായിരുന്നു അതിനകത്തേക്ക് കടക്കുന്നതിന് മുന്നേയുള്ള തീരുമാനം.

ബെറ്റ് വെക്കുന്നത് ഒറ്റ നമ്പറിനാകുകയും അതിന് അടിക്കുകയും ചെയ്താൽ 1800 രൂപ കിട്ടും. രണ്ട് നമ്പറിന് ബെറ്റ് വെച്ചശേഷം അടിച്ചാൽ 900 രൂപയേ കിട്ടൂ. നാല് നമ്പറിൽ ബെറ്റ് വെച്ചിട്ടുണ്ടെങ്കിൽ അതിനടിച്ചാൽ 450 രൂപയേ കിട്ടൂ.

പൊടുന്നനെ ഞാൻ വാതുവെച്ച നാല് നമ്പറുകളിൽ ഒന്നിന് അടിച്ചു. 450 രൂപ കിട്ടി. ബാക്കിയുള്ളതും ചേർത്ത് 900 രൂപ ഇപ്പോൾ ക്രെഡിറ്റിൽ ഉണ്ട്.

ഞാനപ്പോഴേക്കും അൽപ്പസ്വൽപ്പം റൂലറ്റ് ചൂതാട്ട വിജയ സാദ്ധ്യതകൾ പഠിച്ചുതുടങ്ങിയിരുന്നു. അതിനെന്നെ കൂടുതൽ സഹായിച്ചത് പെരുന്തച്ചനാണ്. അതെ നമ്മുടെ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ തന്നെ. ഇപ്പറയുന്നത് അതിശയോക്തി ആണെന്ന് കരുതരുത്. വിശദമാക്കാം.

പെരുന്തച്ചൻ തൻ്റെ സഹോദരനായ അഗ്നിഹോത്രിയെ കാണാൻ ചെന്ന് തറവാട്ടിൽ കാത്തിരിക്കുന്ന ഒരു രംഗത്തിൻ്റെ വർണ്ണനയുണ്ട് ഐതിഹ്യമാലയിൽ.

ശ്രാദ്ധം ഊട്ടേണ്ട ദിവസങ്ങളിൽ മാത്രമേ പന്തിരുകുലം സഹോദരങ്ങൾ തറവാടിന് അകത്ത് കടക്കൂ. അല്ലെങ്കിൽ പുറത്ത് കാത്ത് നിൽക്കും. പെരുന്തച്ചൻ കുറേ നേരമായി അഗ്നിഹോത്രിയെ കാത്തിരുന്നു. അഗ്നിഹോത്രി അകത്ത് പൂജയിലാണ്. ആദ്യം ചോദിച്ചപ്പോൾ ഭൃത്യർ പറഞ്ഞു സഹസ്രാവൃത്തിയിലാണെന്ന്. പിന്നെപ്പറഞ്ഞു ആദിത്യനമസ്ക്കാരത്തിലാണെന്ന്. പിന്നെ ഗണപതിഹോമം, തുടർന്ന് വിഷ്ണുപൂജ, സാലഗ്രാമപുഷ്പ്പാഞ്ജലി, ശിവപൂജ എന്നിങ്ങനെ പൂജകളും പ്രാർത്ഥനകളും നീണ്ടുകൊണ്ടിരുന്നു. പെരുന്തച്ചന് ക്ഷമ നശിച്ചു. ഓരോ പൂജകളുടെ പേരു പറയുമ്പോളും, പെരുന്തച്ചൻ തറവാട്ട് മുറ്റത്ത് ഓരോ ചെറിയ കുഴി കുഴിച്ച് പോന്നു. അവസാനം അഗ്നിഹോത്രി വെളിയിൽ വന്നപ്പോൾ മുറ്റത്ത് നിറയെ കുഴികൾ!!

‘ഇതെന്താ ഇത്രയും കുഴികൾ കുഴിക്കാൻ’ എന്ന അഗ്നിഹോത്രിയുടെ ചോദ്യത്തിന് പെരുന്തച്ചൻ്റെ മറുപടി ഇപ്രകാരമായിരുന്നു. ‘താങ്കൾ ഓരോ പൂജ ചെയ്യുമ്പോഴും ഞാൻ ഓരോ കുഴികൾ വീതം കുഴിക്കുകയായിരുന്നു. പക്ഷേ ഒന്നിൽ നിന്നും വെള്ളം കിട്ടിയില്ല. പല കുഴികൾക്ക് പകരം ഒറ്റക്കുഴി ആയിരുന്നെങ്കിൽ ഇതിനകം വെള്ളം കാണുമായിരുന്നു.‘

ചെറിയ ആക്ഷേപത്തിലൂടെ വലിയ കാര്യമാണ് അനുജനായ പെരുന്തച്ചൻ പറഞ്ഞതെന്ന് അഗ്നിഗോത്രിക്ക് മനസ്സിലായി. അതിന് തക്ക മറുപടി കൊടുക്കുകയും ചെയ്തു.

അല്ലാ….. നമ്മളെന്താണ്, എങ്ങിനെയാണ് കാസിനോയിലെ റൂലറ്റ് ടേബിളിൽ നിന്ന് അഗ്നിഹോത്രിയുടെ ഇല്ലത്തിൻ്റെ മുറ്റത്തെ കുറേ കുഴികൾക്ക് മുന്നിൽ എത്തിപ്പെട്ടത് ? നമുക്ക് റൂലറ്റ് ടേബിളിലേക്ക് തിരിച്ച് പോകാം.

പല നമ്പറുകളിൽ പന്തയം മാറ്റി മാറ്റി വെച്ചുകൊണ്ടിരുന്നാൽ വെള്ളം….. ക്ഷമിക്കണം, വിജയം കാണില്ലെന്ന് എനിക്ക് പിടികിട്ടി. തുടർന്നങ്ങോട്ട് എത്രയോ കളികൾ 5 എന്ന നമ്പറിൽ മാത്രം ഞാൻ ബെറ്റ് വെച്ചു. അപ്പോഴേക്കും എൻ്റെ ക്രെഡിറ്റ് മിച്ചം 350 രൂപയായി ചുരുങ്ങിയിരുന്നു.

പെട്ടെന്ന് 5 ൽ ബെറ്റ് അടിച്ചു. എനിക്ക് 1800 രൂപ കിട്ടി. മിച്ചമുള്ളതും ചേർത്ത്, ഇപ്പോൾ ക്രെഡിറ്റ് ബാലൻസ് 2150 രൂപ.

ഒന്നുകിൽ 1000 പോകണം അല്ലെങ്കിൽ 3000 കിട്ടണം എന്നാണല്ലോ എൻ്റെ ലക്ഷ്യം. ഞാൻ ചൂതാട്ടം തുടരാൻ തീരുമാനിച്ചു. ഏത് സാഹചര്യത്തിലായാലും, കളി തുടരാൻ നമ്മൾ തീരുമാനിക്കുന്നയിടത്താണ്, ചൂതാട്ടക്കമ്പനിയുടെ വിജയം. എനിക്ക് പക്ഷേ, അതിർവരമ്പ് ഞാൻ നിശ്ചയിച്ചിട്ടുള്ള കാര്യം ചൂതാട്ടക്കമ്പനിക്ക് അറിയില്ലല്ലോ? ഞാൻ കളി തുടർന്നു. റൂലറ്റ് മെഷീൻ എന്നെ നോക്കി നിഗൂഢം ഒന്ന് ചിരിച്ചു.‘ നീ പെട്ട് മോനേ നിരക്ഷരാ‘ എന്ന ആ ചിരി.

ഇനി 5 ൽ ബെറ്റ് വെച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാം. ആ കുഴിയിൽ വെള്ളം കണ്ടുകഴിഞ്ഞു. ഞാൻ 8 ലേക്ക് ബെറ്റ് മാറ്റിപ്പിടിച്ചു.

ആദ്യത്തെ ബെറ്റിൽത്തന്നെ 8ൽ ബെറ്റ് വിജയിച്ചു. കുഴിയിൽ വെള്ളം കണ്ടിരിക്കുന്നു. എനിക്ക് വീണ്ടും 1800 രൂപ കിട്ടി.

ഇപ്പോൾ മൊത്തം എനിക്ക് ചിലവായത് 3000 രൂപ.
എനിക്ക് പണമായി കിട്ടിയത് 3950 രൂപ.
തീറ്റയായി കിട്ടിയത് 3 കോഴ്സ് ഭക്ഷണം, കളിക്കുന്നതിനിടയിൽ രണ്ട് കട്ടൻ, ഒരു ജ്യൂസ്. ലാഭം ചൂതാട്ടക്കാരൻ നിരക്ഷരന് തന്നെ. കമ്പനി തോറ്റിരിക്കുന്നു. ഞാൻ സീറ്റിൽ നിന്ന് ചാടിയെഴുന്നേറ്റു. പണമെടുക്കാനുള്ള ബട്ടണിൽ ആഞ്ഞമർത്തി. ടിക്കറ്റിൽ 3950 രൂപ എന്ന് പ്രിൻ്റ് അടിച്ച് പുറത്തേക്ക് വന്നു. അത് ക്യാഷ് കൗണ്ടറിൽ കൊടുത്ത് പണമാക്കി.

ക്യാഷ് കൗണ്ടറിൽ അവർ പണമെണ്ണുന്ന രീതി പോലും ഒരു കാസിനോയ്ക്ക് യോജിച്ച കണക്കാണ്. മെഷീനിൽ എന്നുണ്ണതിന് പുറമേ മേശപ്പുറത്ത് നിരത്തിയിട്ട് ഒരു മാറ്റം കളിയുണ്ട്. അത് അപകടമാണെന്ന് എനിക്ക് തോന്നി. നോട്ട് ഇരട്ടിപ്പുകാരുടെ ഒരു സ്ഥിരം പറ്റിക്കൽ പരിപാടി ഇങ്ങനെയാണ്. നോട്ട് ആദ്യം നമുക്ക് മുന്നിൽ വെച്ച് എണ്ണിക്കാണിക്കും. എന്നിട്ടത് പൊതിഞ്ഞ് തരാമെന്ന് പറയും. ആ പൊതിയലിനിടയ്ക്ക് അവരുടെ മാന്ത്രിക വിരലുകൾ ചലിക്കും. മറ്റെന്തോ ആയിരിക്കും പൊതിയുന്നത്. ആഹ്ളാദത്തിര തല്ലുന്നതിന് ഇടയ്ക്ക്, ഇരട്ടി നോട്ട് വാങ്ങാൻ പോയവൻ്റെ കണ്ണിൽ ആ മറിമായം പെടില്ല. വീട്ടിൽ വന്ന് പൊതി അഴിക്കുമ്പോൾ നോട്ടുകൾക്ക് പകരം കടലാസ്സ് കെട്ടുകൾ ആയിരിക്കും!

അമ്മാതിരി പറ്റിപ്പ് ഒന്നും സംഭവിക്കാതിരിക്കാൻ എൻ്റെ കണ്ണുകൾ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവൻ്റെ കൈകളിലും വിരലുകളിലും മാത്രം തറച്ചുനിന്നു. കൈയിൽ കിട്ടിയ ശേഷം ഞാനാ കറൻസികൾ വീണ്ടും എണ്ണി നോക്കി. ഇനി എത്രയും പെട്ടെന്ന് പുറത്ത് കടക്കണം.

മദ്യത്തിൻ്റെ കൂപ്പണുകൾ ആർക്കും വേണ്ടാതെ ഇപ്പോഴും കൈയിലുണ്ട്. അടുത്ത ടേബിളിൽ ഇരിക്കുന്ന രണ്ടുപേർക്ക് ഞാനത് ഓഫർ ചെയ്തു. പക്ഷേ, അതിന് മുന്നേ അവരുടെ കൈയിലെ ബാൻഡുകൾ നോക്കാതിരുന്നത് എന്നിലെ ചൂതാട്ടക്കാരൻ്റെ പരാജയം. അവർ രണ്ട് പേരും 3000 രൂപയുടെ അൺലിമിറ്റഡ് കൂപ്പൺ ആണെടുത്തിരിക്കുന്നത്. ഇവനാരെടാ ഞങ്ങൾക്ക് ഡ്രിങ്ക് ഓഫർ ചെയ്യാനെന്ന മട്ടിലൊന്നും അവർ നോക്കിയില്ലെങ്കിലും ഞാൻ ശരിക്കും ഇളിഭ്യനായി. ഇനിയവിടെ നിൽക്കുന്ന പ്രശ്നമില്ല. മദ്യത്തിൻ്റെ കൂപ്പൺ ഒരു സോവനീറായി കൈയിൽ ഇരിക്കട്ടെ. ഞാൻ എൻ്റർടെയിന്മെൻ്റ് ഭാഗത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നീങ്ങി.

എൻ്റർറ്റെയിന്മെൻ്റ് ഹാളിൽ, ഹിന്ദി ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന സാരിയണിഞ്ഞ സുന്ദരിമാർ. കൂടാതെ ആണും പെണ്ണുമായി രണ്ട് ഗായകർ. സൗജന്യ മദ്യത്തിനുള്ള കൗണ്ടർ. ആദ്യം ഞാൻ പറഞ്ഞ ഡാൻസ് ബാറിലെ അതേ രംഗങ്ങൾ. രണ്ട് പാട്ടും രണ്ട് നൃത്തവും കണ്ട് ഒരു ജ്യൂസ് നുണഞ്ഞ് കുറച്ചുനേരം അവിടെയുമിരുന്നു. ഇത്രയുമായപ്പോഴേക്കും ആദ്യമുണ്ടായിരുന്ന ഭയമൊക്കെ എന്നെവിട്ട് പോയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് അവസാന രാത്രിയിലേക്ക് വേണ്ടി ചൂതാട്ടം മാറ്റിവെച്ചത്. ആ ഭയം എപ്പോഴും ഉണ്ടാകണം. അത് വിട്ട് മാറിയാൽ നാളെയും ചൂതാടണമെന്ന് തോന്നിയേക്കാം. പ്രത്യേകിച്ച് ചൂതാടി വിജയിച്ച ഒരാൾക്ക്.

രാത്രി പന്ത്രണ്ട് മണിക്ക് തിരിച്ച് ധാബയിൽ എത്തി. കൃഷ്ണ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ചൂതാട്ട വിശേഷങ്ങൾ അറിയാൻ. ഞാൻ ആ കറൻസികൾ അവന് കൈമാറി. ഞാനാ ധാബയിൽ പോകുകയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുള്ള ദിവസങ്ങളിൽ എനിക്ക് ഭക്ഷണം വിളമ്പിയ, എൻ്റെ വണ്ടിയിൽ വെള്ളം നിറച്ച് തന്ന, എൻ്റെ ഇൻവെർട്ടർ ബാറ്ററി ചാർച്ച് ചെയ്ത് തന്ന, കൃഷ്ണ അടക്കമുള്ള എല്ലാവർക്കുമായി ആ പണം പകുത്ത് നൽകി.

എനിക്കെന്തോ ആ കറൻസികൾ കൈയിൽ വെക്കാൻ തോന്നിയില്ല. ഏതൊക്കെയോ നിർഭാഗ്യവാന്മാർക്ക് നഷ്ടപ്പെട്ട പണമാണത്. അത് ചിലപ്പോൾ കള്ളനോട്ടുകൾ ആകാനും മതി. അങ്ങനേയും പറ്റിക്കാമല്ലോ ചൂതാട്ട മാഫിയകൾക്ക്. സൂക്ഷിക്കണമെന്ന് പറഞ്ഞ് തന്നെയാണ് ഞാനത് അവർക്ക് കൊടുത്തത്. ഒറ്റനോട്ടത്തിൽ കള്ളത്തരമൊന്നും തോന്നിയില്ല. മാത്രമല്ല, അങ്ങനെ കള്ളനോട്ടുകൾ നൽകി ചൂതാട്ട കേന്ദ്രങ്ങൾ നടത്തിപ്പോകാൻ ആർക്കും പറ്റുമെന്ന് തോന്നുന്നില്ല.

വാഹനം ഒന്ന് അടക്കിയൊതുക്കി കഴിയുമ്പോഴേക്കും കേരളത്തിലേക്ക് മടക്കയാത്ര പുറപ്പെടാനുള്ള സമയമാകും. എന്തിന് കേരളത്തിലേക്ക് മടങ്ങുന്നു. എത്രനാളാണ് ബ്രേക്ക്. എന്തൊക്കെയാണ് ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷൻ്റെ അടുത്ത പരിപാടികൾ. അടുത്തത് ഏത് സംസ്ഥാനമാണ് എന്നതൊക്കെ ഗോവൻ എക്സ്പെഡീഷൻ്റെ ബാലൻസ് ഷീറ്റിനൊപ്പം പറയാം. ശുഭരാത്രി.

വാൽക്കഷണം:- ചൂതാട്ട കേന്ദ്രങ്ങൾ എങ്ങനെ ഗോവയിൽ നിയമപരമായി, മറ്റേതൊക്കെ സംസ്ഥാനങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ ഉണ്ട്. ഗോവയിൽ നിയമപരമായി നടക്കുന്ന ചൂതാട്ടം കേരളത്തിൽ എന്തുകൊണ്ട് നടക്കുന്നില്ല എന്നൊക്കെയുള്ള പല ചോദ്യങ്ങളുണ്ട്. അത് മനസ്സിലാക്കാനുള്ള ശ്രമങ്ങൾ തുടരും. അറിവുള്ളവർക്ക് പറഞ്ഞ് തരുകയും ആവാം. കേരളത്തിൽ കാസിനോകൾ വരാതിരിക്കട്ടെ എന്ന് തന്നെ ആഗ്രഹിക്കുകയും ചെയ്യുന്നു.

#greatindianexpedition
#gie_by_niraksharan
#boleroxl_motor_home
#fortsofgoa
#fortsofindia

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>