ഇന്നലെ രാജ്പിപ്ളയിൽ കറങ്ങി നടക്കുമ്പോൾ ഭാഗിയുടെ അടിഭാഗത്ത് നിന്ന് ആസാധാരണമായ ഒരു ശബ്ദം കേട്ടിരുന്നു. പിന്നീട് വേഗത കുറച്ചാണ് ബറോഡയിലേക്ക് മടങ്ങിയത്. മടക്കയാത്രയിൽ ഉടനീളം ഈ ശബ്ദം കേട്ടുകൊണ്ടിരുന്നു. കാര്യമായ എന്തോ പ്രശ്നമാണ്. അത് പരിഹരിക്കാതെ, തുടർന്നുള്ള യാത്രകൾ ശുഭകരമാകില്ല.
രാവിലെ ദിവ്യ തയ്യാറാക്കിയ പ്രാതൽ കഴിച്ച് ഖുശി മോട്ടോഴ്സിലേക്ക് തിരിച്ചു. രണ്ട് ദിവസം മുൻപ് അവരാണ് ഭാഗിയുടെ പൊട്ടിയ റിയർ വ്യൂ മിറർ മാറ്റിത്തന്നത്.
ഖുഷി മോട്ടോഴ്സ് ബറോഡയിലെ നല്ല പേരുള്ള വർക്ക്ഷോപ്പ് ആണ്. അതുകൊണ്ട് തന്നെ കുറച്ചധികനേരം കാത്തു നിൽക്കേണ്ടി വന്നു. ഭാഗിയെ റാമ്പിൽ കയറ്റി പരിശോധിച്ചപ്പോൾ, പുറകിൽ ഇടതുവശത്തെ ലീഫുകളിൽ ഒന്ന് ഒടിഞ്ഞതായി കാണാനായി. അത് മാറ്റണമെങ്കിൽ സമയമെടുക്കും, അത്യാവശ്യം നല്ല പണച്ചിലവും ഉണ്ട്. പക്ഷേ, അത് ശരിയാക്കാതെ മുന്നോട്ട് പോകാനും ആവില്ല.
ഭാഗിയെ വർക്ക് ഷോപ്പിൽ ഏൽപ്പിച്ച്, ലാപ്ടോപ്പിന്റെ ചെറിയ പ്രശ്നങ്ങൾ തീർക്കാനാൻ ഏതെങ്കിലും സർവീസ് സെന്ററിലേക്ക് പോകാനായിരുന്നു പരിപാടി. വർക്ക്ഷോപ്പ് ഉടമ ഒരു ജീവനക്കാരനെ ഏർപ്പാട് ചെയ്ത്, സ്കൂട്ടറിൽ എന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. കേരളത്തിൽ നിന്ന് പുറപ്പെട്ട്, 110 ദിവസമായി വാഹനമോടിച്ച് നടക്കുന്ന ഒരാൾക്കുള്ള പ്രത്യേക പരിഗണന ആയിരുന്നു അത്.
ലാപ്ടോപ്പ് പെട്ടെന്ന് തന്നെ ശരിയാക്കി കിട്ടി. ഞാൻ നഗരത്തിലെ തെരുവുകളിലൂടെ വെറുതെ കുറേ നേരം നടന്നു.
ഇരുചക്ര വാഹനങ്ങളിൽ ‘കൈറ്റ് ഗാർഡ് ‘ പിടിപ്പിച്ച് തുടങ്ങിയിട്ടുണ്ട് ബറോഡയിൽ. കൈറ്റ് ഗാർഡ് എന്നത് ഞാൻ ഇട്ടിരിക്കുന്ന പേരാണ്. മറ്റെന്തെങ്കിലും പേർ ഉണ്ടോ എന്ന് അറിയില്ല.
ജനുവരി ആകുന്നതോടെ ഗുജറാത്തിൽ പലയിടത്തും പട്ടം പറത്തൽ ആരംഭിക്കും. പലയിടങ്ങളിൽ മത്സരവും ഉണ്ട്. പൊട്ടി വീഴുന്ന പട്ടങ്ങളുടെ ചരടുകൾ, റോഡിൽ കുറുകേ കിടക്കുന്നുണ്ടാകും. അത് ഇരുചക്ര വാഹനക്കാരുടെ കഴുത്തിൽ കുരുങ്ങി മരണം വരെ സംഭവിച്ചിട്ടുണ്ട്, മുൻകാലങ്ങളിൽ. ആ പ്രശ്നത്തിൽ നിന്നും രക്ഷനേടാനാണ് കൈറ്റ് ഗാർഡ് ഉപയോഗിക്കുന്നത്. അത് ഇരുചക്രവാഹനങ്ങളുടെ ഹാൻഡിലിൽ പിടിപ്പിച്ചാൽ ചരട് കുടുങ്ങുന്നത് ആ ഗാർഡിൽ ആയിരിക്കും.
വൈകിട്ട് ആറ് മണിയോടെ ഭാഗിയുടെ പ്രശ്നങ്ങൾ പരിഹരിച്ച് തിരികെ കിട്ടി. ₹8300 ആ വകയിൽ ചിലവായി.
ദിവ്യ പുതുവത്സര ആഘോഷങ്ങളുടെ തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. കെട്ടിടത്തിന്റെ ടെറസിലാണ് ആഘോഷം.
ഞാൻ 2024 ന്റെ ചില കണക്കെടുപ്പുകൾ നടത്തി നോക്കി. ഇത്രയധികം യാത്ര ചെയ്ത മറ്റൊരു വർഷം ജീവിതത്തിൽ ഇല്ല. ഗോവയിലും കർണാടകയിലും രാജസ്ഥാനിലും ഹരിയാനയിലും ഗുജറാത്തിലും ഒക്കെയായി 180 ദിവസമാണ് ഈ വർഷം യാത്ര ചെയ്തത്. സംഘാംഗങ്ങൾക്കൊപ്പം നോർത്ത് ഈസ്റ്റിലും, മഹാരാഷ്ട്രയിലും വേറെയും യാത്ര ചെയ്തു. എന്ന് വെച്ചാൽ വർഷത്തിന്റെ പകുതിയും യാത്ര തന്നെയായിരുന്നു.
കുറഞ്ഞത് അടുത്ത 4 വർഷമെങ്കിലും ഇതേപോലെ യാത്ര ചെയ്യാനുള്ള ആരോഗ്യവും മനസ്സും അഷ്ടവസുക്കൾ എന്നിൽ അവശേഷിപ്പിക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്.
അഷ്ടവസുക്കൾ എന്ന് ആദ്യമായി വായിക്കുന്നത് എം.ടി.യിലൂടെയാണ്. ഹിന്ദു പുരാണ പ്രകാരം പല നിർവ്വചനങ്ങളുണ്ട് അഷ്ടവസുക്കൾക്ക്. കശ്യപ മഹർഷിക്ക് അദിതിയിൽ ഉണ്ടായ എട്ട് പുത്രന്മാരാണ് വസുക്കൾ എന്നാണ് ഒരു ഭാഷ്യം.
കാറ്റ്, മഴ, മഞ്ഞ്, വെയിൽ, ജലം, മണ്ണ്, മരം, മല…. എന്നിങ്ങനെ പ്രത്യക്ഷത്തിലുള്ള എട്ട് കാര്യങ്ങളാണ് അഷ്ടദിക്ക് പാലകർ എന്നാണ് എൻ്റെ ഭാഷ്യം. ഒരു സഞ്ചാരിയെ ബാധിക്കുന്ന ഘടകങ്ങളാണ് ഇവയെല്ലാം.
എല്ലാവർക്കും പുതുവത്സര ആശംസകൾ! 2025 ഏവർക്കും ഐശ്വര്യപൂർണ്ണവും ഗുണകരവും ആയി ഭവിക്കട്ടെ.
ശുഭരാത്രി.