ഏകതാ നഗർ പരിസരത്ത് ചെറുതും വലുതുമായ ധാരാളം റെസ്റ്റോറന്റുകളും ഹോട്ടലുകളും ഉണ്ട്. അതിലൊരു ഹോട്ടലിലെ താമസക്കാർക്ക് വേണ്ടി അവർ ഒരുക്കിയിരിക്കുന്നത് ബുഫേ ബ്രേക്ക് ഫാസ്റ്റ് ആണ്. രാവിലെ ഞാൻ അതിലേക്ക് ഇടിച്ചു കയറി. റൂം നമ്പർ ചോദിച്ചപ്പോൾ, പുറത്ത് നിന്നാണ് വരുന്നതെന്ന് പറഞ്ഞു. വെളിയിൽ നിന്നുള്ളവർക്ക് 250 രൂപയാണ് ഈടാക്കുന്നത്. മൂക്കുമുട്ടെ തിന്നാനും കുടിക്കാനും അതൊരു ചെറിയ തുകയായിട്ടാണ് എനിക്ക് തോന്നിയത്.
പ്രാതലിന് ശേഷം ചമ്പാനേർ കോട്ടയിലേക്ക് ആയിരുന്നു യാത്ര. ഏകതാ നഗറിൽ നിന്ന് രണ്ട് മണിക്കൂർ യാത്രയുണ്ട്. സ്ഥലം പറഞ്ഞാൽ നിങ്ങൾ എല്ലാവരും അറിയും. കഴിഞ്ഞ ദിവസം പോയ പാവഗഡ് മലയുടെ അടിവാരത്താണ് ചമ്പാനേർ കോട്ട. രണ്ട് കോട്ടയും ഒരേ ദിവസം തന്നെ കാണാമായിരുന്നില്ലേ എന്ന് ഇത് വായിക്കുന്ന ഒരാളെങ്കിലും സംശയിക്കുന്നുണ്ടാകും.
ബറോഡയിൽ നിന്ന് ഒരു മണിക്കൂർ സഞ്ചരിച്ച്, പാവഗഡിൻ്റെ 2500 പടികൾ കയറിയിറങ്ങിയ ശേഷം, മറ്റൊരു കോട്ട കൂടെ കാണാൻ ആവില്ല. മാത്രമല്ല അന്ന് ഭാഗിക്ക് ആരോഗ്യ പശ്നങ്ങളും ഉണ്ടായിരുന്നു. പെട്ടെന്ന് കണ്ട് തീർക്കാൻ പാകത്തിന് ചമ്പാനേർ ഒരു ചെറിയ കോട്ടയല്ല. അതിനകത്തുള്ള ജാമി മസ്ജിദ് കാണാൻ തന്നെ രണ്ട് മണിക്കൂർ എടുത്തു ഞാൻ.
കോട്ടയുടേത് എന്ന് പറയാൻ, റോഡിന് ഒരു വശത്ത് നീളത്തിൽ കാണുന്ന വലിയ കെട്ടും രണ്ട് കവാടവും മാത്രമാണ് ഉള്ളത്. ഒരു കവാടത്തിലൂടെ സംസ്ഥാന പാത കടന്ന് പോകുന്നു. മറ്റേ കവാടത്തിലൂടെ (ഈസ്റ്റ് കവാടം) അകത്ത് കടന്നാൽ, ഉള്ളിൽ ധർമ്മശാല എന്ന ഗ്രാമമാണ്. പുതിയ കെട്ടിടങ്ങളും വീടുകളും ഒക്കെയായി ഒന്നാന്തരം കയ്യേറ്റം നടന്നിട്ടുള്ള സ്ഥലം.
കോട്ടയുടെ ഒരു ഭാഗത്ത് ജാമി മസ്ജിദ് ആണ്. കണ്ടിരിക്കേണ്ട ഒരു ഗംഭീര പൈതൃക സ്മാരകമാണ് അത്. ലോക പൈതൃക സ്മാരകങ്ങളുടെ ഇടയിൽ ജാമി മസ്ജിദ് സ്ഥാനം പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമാന്യം ഭേദപ്പെട്ട നിലയിൽ സംരക്ഷിക്കുന്നുണ്ട്. അകത്ത് പ്രവേശിക്കാൻ, ₹35 ടിക്കറ്റ് എടുക്കണം.
* അവസാനത്തെ ഭിൽ രാജാവായിരുന്ന ചമ്പ ഭിൽ ആണ് ഈ കോട്ട ഉണ്ടാക്കിയത്.
* 1513 കാലഘട്ടത്തിലാണ് ജാമി മസ്ജിദ് ഉണ്ടാക്കിയത്. ഏകദേശം 25 വർഷം ഇതിന്റെ നിർമ്മാണം നടന്നു.
* മസ്ജിദിന്റെ നടുത്തളത്തിൽ ഉള്ള ഖബർ ആരുടേതാണെന്ന് അടയാളപ്പെടുത്തിയിട്ടില്ല.
ജാമി മസ്ജിദിന് അകത്ത് നടക്കുമ്പോൾ ഒരു തമിഴ് കുടുംബത്തെ പരിചയപ്പെട്ടു. അവരുടെ സംസാരത്തിൽ നിന്നാണ് തമിഴ് ആണെന്ന് മനസ്സിലാക്കിയത്. ഞാനവർക്ക് പടമെടുത്ത് കൊടുത്തു. വിശദമായി പരിചയപ്പെട്ടപ്പോഴാണ് അവർ പാലക്കാട്ടുകാരാണെന്ന് മനസ്സിലായത്. മൂർത്തി എന്നാണ് കുടുംബനാഥന്റെ പേര്. പിന്നെ ഞങ്ങൾ സംസാരം മലയാളത്തിലായി. വേരുകൾ കേരളത്തിലാണെങ്കിലും 30 വർഷങ്ങളായി അവർ ബറോഡയിൽ സ്ഥിരതാമസമാണ്. ഈ യാത്രയ്ക്കിടയിൽ ഞാൻ ഏറ്റവും സന്തോഷിച്ചിട്ടുള്ളത് മലയാളം പറയാൻ ആരെയെങ്കിലും കണ്ടുകിട്ടുമ്പോൾ ആണ്.
കോട്ടയിൽ നിന്ന് ഇറങ്ങി പാവടഗഡ മലയിലേക്ക് ഒരിക്കൽ കൂടെ ഞാൻ ഭാഗിയെ നയിച്ചു. ആദ്യ ദിവസം പോയപ്പോൾ അതിഭീകരമായ തിരക്ക് കാരണം ചില സ്ഥലങ്ങളിലേക്ക് എത്തിനോക്കാനോ ഭാഗിയെ പാർക്ക് ചെയ്യാനോ പറ്റിയിരുന്നില്ല. ഇന്ന് പാവഗഡിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല.
അത്തക്ക് ഗേറ്റ്, നാലാമത്തെ ഗേറ്റിലുള്ള സാത്ത് മൻസിൽ, ഭവമാൻ മോസ്ക്ക് എന്നീ സ്ഥലങ്ങൾ ഞാൻ സന്ദർശിച്ചു. പാവഗഡ് കോട്ടയുടെ പല തട്ടുകളും കവാടങ്ങളും ആരാധനാലയവും ആണ് ഇതെല്ലാം. ആ കോട്ടയുടെ വീഡിയോ ഉണ്ടാക്കുമ്പോൾ എനിക്ക് ഇതെല്ലാം ആവശ്യമുള്ളതാണ്. അതിൽ നിന്ന് ചില ചിത്രങ്ങൾ ഇവിടെയും പങ്കുവെക്കുന്നു.
ഇതോടെ, ബറോഡ എന്ന ഹബ്ബിലെ കാഴ്ചകളും വിശേഷങ്ങളും ഒക്കെ ഏറെക്കുറെ അവസാനിക്കുകയാണ്. നാളെ അഹമ്മദാബാദിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സമയാസമയത്ത് ഭക്ഷണവും സുഖനിദ്രയും റെസ്റ്റ് റൂമും ഒക്കെ തന്ന് ദിവ്യ എന്നെ വഷളാക്കിയിരിക്കുന്നു. നാളെ മുതൽ വീണ്ടും നിരത്തിലാണ് ജീവിതം. അതിന്റെ സുഖമൊന്ന് വേറെ തന്നെയാണ്.
ചമ്പാനേറിൽ നിന്ന് ബറോഡയിൽ തിരിച്ചെത്തിയശേഷം ദിവ്യയുടെ വീടിനടുത്തുള്ള ഓർബിറ്റ് മാളിൽ കയറി ഒന്ന് ചുറ്റിയടിച്ചു. 10 വർഷം കഴിയുമ്പോൾ രാജ്യത്ത് ചിലപ്പോൾ കോട്ടകളെക്കാൾ കൂടുതലായി ഉണ്ടാവുക മാളുകൾ ആയിരിക്കും. അതിൽ ചിലത് ഇന്ന് തന്നെ കണ്ടിരിക്കുന്നതിൽ തെറ്റില്ലല്ലോ?
ശുഭരാത്രി.